അവധിക്കാലം ആരംഭിച്ചു.ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികള്‍ പ്രത്യേകിച്ച് ഒരു പ്ലാന്‍ ഒന്നും ഇല്ലാതെ അവ ആസ്വദിക്കാന്‍ തുടങ്ങി.നാട് മുഴുവന്‍ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ വിവിധ തന്ത്രങ്ങളിലൂടെ കുട്ടികളെ ചാക്കിട്ട് പിടുത്തം തുടങ്ങിയിട്ട് ഏകദേശം ഒരു മാസമായി. കമ്പ്യൂട്ടര്‍ പഠനത്തിനുള്ള ഈ ചുരുങ്ങിയ സമയം ഒഴികെ ബാക്കി സമയം നമ്മുടെ മക്കള്‍, കുഞ്ഞനിയന്മാര് , കുഞ്ഞനിയത്തിമാര്, സഹോദരങ്ങള്‍ അല്ലെങ്കില്‍ സഹോദരികള്‍ എങ്ങനെ ചെലവഴിക്കണം എന്ന് ചെറിയ ഒരു നിര്‍ദ്ദേശം നല്കാന് നമുക്ക് സാധിച്ചെങ്കില്‍ , ഭാവിയില്‍ അവര്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് ആദരണീയരാകുമ്പോള് ഒരു പക്ഷേ നമ്മുടെ പേരും ഓര്‍മ്മിക്കപ്പെട്ടേക്കാം.ഇനി അങ്ങിനെ ഇല്ല എങ്കിലും ഒരല്പ സമയം നീക്കി വയ്ക്കാന്‍ ഉപദേശിക്കുക.എന്തിന്?എങ്ങനെ?
തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കേണ്ടത് തന്നെ.അതു കൊണ്ട് ദിവസവും ചുരുങ്ങിയത് ഒരു അര മണിക്കൂര്‍ മാത്രം ഞാന്‍ പറയുന്ന ഈ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതി.
മാര്‍ച്ച് ഒന്നു മുതല്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ “ദ ഹിന്ദു” എന്ന ഇംഗ്ലീഷ് ദിനപത്രം വെറും 175 രൂപക്ക് നാല് മാസം പത്രം ഇടുന്ന ഒരു പദ്ധതി ആവിഷ്കരിച്ചു.ഞാന്‍ അതില്‍ പങ്കാളിയായി.ഇന്ന് അവധി ദിനത്തിലെ ആദ്യ ദിനം ഞാന്‍ അതിന്റെ യങ് വേള്‍ഡ് എന്ന ചൊവ്വാഴ്ച സപ്പ്ലിമെന്റിലെ ഒരു ഐറ്റം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ എന്റെ മൂത്തമകളോട് ആവശ്യപ്പെട്ടു. ഒപ്പം അതുപോലെ ഒന്ന് ഉണ്ടാക്കാനും.വളരെ ആവേശപൂര്‍വ്വം അവളത് സ്വീകരിച്ചു, നിമിഷങ്ങള്‍ക്കകം രണ്ടും റെഡി!!!അല്പ സ്വല്പം തിരുത്തലുകള്‍ ഞാന്‍ സൂചിപ്പിക്കുമ്പോഴേക്കും അവള് തന്നെ അത് തിരുത്തിപ്പറഞ്ഞു.എന്റെ മകളെപ്പോലെ അവളുടെ കൂട്ടുകാരികളും ഇങ്ങനെ ഒരു അര മണിക്കൂര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു.തീര്‍ച്ചയായും ഇത് വായിക്കുന്ന നിങ്ങളുടെ ആര്‍ക്കെങ്കിലും ഇത് ഉപയോഗപ്പെടും.
ഇതു കണ്ടു നിന്ന എന്റെ ഒന്നാം ക്ലാസ്സുകാരിക്കും വേണം എന്തെങ്കിലും ആക്ടിവിറ്റി.അതില്‍ തന്നെയുള്ള ചില വേഡ് ഗെയിമുകളും കളറിങ്ങും അവള്‍ക്കും നല്കി.ബാക്കി നാളെ മതി എന്ന് പറഞ്ഞിട്ടും രണ്ട് പേര്‍ക്കും മതിയാകുന്നില്ല!!
മൂത്തവള്‍ക്ക് നാളെ നല്‍കിയത് മറ്റൊരു ആക്റ്റിവിറ്റിയാണ്.മലയാള ദിനപത്രത്തിലെ ഏതെങ്കിലും ഒരു ചെറിയ വാര്‍ത്ത ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുക.ആക്റ്റിവിറ്റി കൊടുത്താല്‍ അത് അന്ന് തന്നെ പരിശോധിക്കാന്‍ മറക്കരുത്.
ഇനി എല്ലാവരും ഇത്തരം സംഗതികളില്‍ തല്പരര് ആയിരിക്കില്ല.അവര്‍ക്കും ഇതാ ചില പ്രവര്‍ത്തനങ്ങള്‍.
1) വീട്ടില്‍ ഉപയോഗിക്കുന്ന പുരാവസ്തുക്കളുടെ (മെതിയടി,കിണ്ടി,പായ...) തുടങ്ങിയവയെക്കുറിച്ച് ഓരോ ലഘു കുറിപ്പ് തയ്യാറാക്കുക .ഫോട്ടോ എടുക്കാന്‍ സൌകര്യപ്പെട്ടാല്‍ വളരെ നല്ലത്.
2) നിങ്ങളുടെ കുടുംബത്തിന്റെ വേര് കണ്ടെത്തുക.അത് ഒരു മരമായി ചിത്രീകരിച്ച് വിവിധ അംഗങ്ങളെ സന്ദര്‍ശിച്ച് കൊമ്പും ചില്ലകളും വരച്ചു ചേര്‍ക്കുക.
3) വീടും പരിസരവും ഓരോരോ ഭാഗമായി വൃത്തിയാക്കുക
4) സൈക്ലിങ്ങും നീന്തലും പഠിക്കുക
5) മലയാളത്തിലോ ഇംഗ്ലീഷിലോ എന്നും ഓരോ പദങ്ങള്‍ തിരഞ്ഞെടുത്ത് വാക്യത്തില്‍ പ്രയോഗിക്കുക.
ഇനിയും പലതും പറയാനുണ്ട്.പോസ്റ്റ് നീളം കൂടുന്നതിനാല്‍ ഇത് ഇവിടെ നിര്‍ത്തട്ടെ.ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.ഇതിലേതെങ്കിലും ഒന്ന് ചെയ്യാന്‍ ഏതൊരു കുട്ടിയും താല്പര്യപ്പെടും എന്ന് തീര്‍ച്ച.ഇനി ഒന്നിലും താല്പര്യമില്ലാത്ത കുട്ടിയാണെങ്കില്‍ അവനെ/അവളെ ഫ്രീയാക്കുക,ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്.
13 comments:
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.ഇതിലേതെങ്കിലും ഒന്ന് ചെയ്യാന്‍ ഏതൊരു കുട്ടിയും താല്പര്യപ്പെടും എന്ന് തീര്‍ച്ച.ഇനി ഒന്നിലും താല്പര്യമില്ലാത്ത കുട്ടിയാണെങ്കില്‍ അവനെ/അവളെ ഫ്രീയാക്കുക,ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്.
നല്ല വഴികള്‍..!!
തീര്‍ച്ചയായും അവധിക്കാലം ആഘോഷിക്കേണ്ടത് തന്നെ ,പക്ഷെ കൂട്ടത്തില്‍ അവരുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ സമയം ചിലവഴിക്കണം .
നല്ല ഒരു പോസ്റ്റ്
നല്ല പോസ്റ്റ് , നന്ദി.
ഷാജി ഖത്തര്‍.
കൊള്ളാം.
എന്തായാലും ഇവിടെ മോള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഷെഡ്യൂള്‍ ചെയ്തു കൊടുക്കണം എന്ന് ഉദ്ദേശിക്കുന്നില്ല, എന്നാലും നീന്തല്‍ പഠിപ്പിക്കല്‍ അജണ്ടയില്‍ ഉണ്ട്.
ഹാഷിം...നന്ദി
രാധിക നായര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി.
ഷാജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് താങ്കള്‍ക്കും സ്വാഗതം.നന്ദി.
അനില്‍ജീ...അപ്പോള്‍ ഇതുവഴി എന്നാ?
നല്ല വഴികൾ മാഷെ
നല്ല കാര്യം.
നീന്തല്‍ പഠിപ്പിക്കുന്നത് നല്ല ഒരു കാര്യമാണ്. പല പുതിയ കുട്ടികള്‍ക്കും അതിറിയില്ല, പ്രത്യകിച്ചും നഗരങ്ങളില്‍ വളരുന്നവര്‍ക്ക്.
അവധിക്കാലം തുടങ്ങിയിട്ട് വേണം സ്പെഷ്യൽ ട്യുഷന് വിടാൻ!!!
ആൺ പെൺ വിത്യസമില്ലാതെ കൂടുതൽ പേർ സൈക്ലിംഗ് പഠിക്കുന്നുണ്ട്, പക്ഷെ നീന്തൽ... എന്തോ നീന്തൽ അറിയുന്ന ആൺകുട്ടികളുടെ എണ്ണംപോലും കുറയുന്നു.
കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ മക്കൾ പറഞ്ഞു ”ഞങ്ങടെ വെക്കേഷന് അഛൻ വരുന്നുണ്ടൊ...? ഇല്ലെങ്കിൽ ഞങ്ങളെ അങ്ങോട്ടു കൊണ്ടു പോകുമോ....?!!
ഈ അമ്മ ഞങ്ങളെ എങ്ങും വിടൂല്ല...!! “
എന്തു പറയാൻ....?
രണ്ടിനും കഴിയില്ല മക്കളേന്നൊ...?
“അഛൻ കുറച്ചു സ്വീറ്റ്സും കളിപ്പാട്ടങ്ങളും വാങ്ങി കാർഗോയിൽ അയക്കാം ട്ടോ...!!?”
പിന്നിടൊന്നും പറയാൻ കഴിഞ്ഞില്ല....
ആശംസകൾ...മാഷെ.
"ഇനി ഒന്നിലും താല്പര്യമില്ലാത്ത കുട്ടിയാണെങ്കില്‍ അവനെ/അവളെ ഫ്രീയാക്കുക,ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്".
മാഷെ അവധിക്കാലം എന്ന് പറയുന്നത് കുട്ടികള്‍ക്ക് അവധി കൊടുക്കുക എന്നുള്ളതല്ലേ. ആ സമയത്തും അവര്‍ക്ക് അസൈന്മേന്റുകള് കൊടുക്കുന്നത് ശരിയാണോ. കൊടുക്കുന്നവര്‍ക്ക് അത് അര മണിക്കൂര്‍ ആണെങ്കിലും കുട്ടികള്‍ക്കത് ഒരു ദിവസത്തെ ടെന്‍ഷന്‍ ഉണ്ടാക്കും. അത് കൊണ്ട് അവധിക്കാലത്ത് കുട്ടികളെ ഫ്രീയാക്കുക എന്നതിനോട് മാത്രമേ ഞാന്‍ യോജിക്കുന്നുള്ളൂ.
പഠന ഭാരത്തില്‍ നിന്ന് അവധിക്കാലത്തു അവര്‍ക്ക് പൂര്‍ണമായും അവധി നല്‍കുക. (എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടത് എന്റെ അഭിപ്രായമായി ഇവിടെ പറഞ്ഞു എന്ന് മാത്രം)
അനൂപ് ...നന്ദി
തെച്ചിക്കോടന്...നീന്തല്‍ പഠിക്കുന്നത് ഒരാവശ്യമായി ആര്‍ക്കും തോന്നുന്നില്ല എന്നതാണ് സത്യം.
കാക്കര...മേല്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു.
വീ.കെ...പ്രവാസി ജീവിതം ശരിക്കും പ്രയാസി ജീവിതം തന്നെ.അഭിപ്രായം വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍.
അക്ബര്‍...തുറന്ന അഭിപ്രായത്തിന് നന്ദി.ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രവും!
നീന്തലുമായി മനൊരമ്മയുടെ മുഖപ്രസംഗം!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753987&articleType=Malayalam%20News&contentId=7052060&tabId=11&BV_ID=@@@
Post a Comment
നന്ദി....വീണ്ടും വരിക