Pages

Saturday, April 10, 2010

അശ്രദ്ധയുണ്ടാക്കുന്ന കഷ്ടപ്പാടുകള്‍.

ചെറിയ ഒരു അശ്രദ്ധമൂലം സംഭവിച്ച വലിയൊരു പ്രശ്നത്തിന് ഇന്നലെ അറുതിയായി.എന്റെ പുതിയ വീടിന് ഇന്നലെ വീട്ടുനമ്പര്‍ ലഭിച്ചു.ഇനി ഇത്രയും വൈകാനുണ്ടായ കാരണങ്ങള്‍ കൂടി.


എന്റെ സമയ‌ക്കുറവ് കാരണം ,  കോണ്‍‌ട്രാക്ടറും ,എന്റെ ക്ലാസ്‌മേറ്റും ,ബന്ധുവും ,പഞ്ചായത്ത് ഓഫീസില്‍ നല്ല പിടിപാടുമുള്ള ഒരാളെ, പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട അനുവാദങ്ങള്‍ക്കും മറ്റുമായി,തറ കെട്ടിയ ഉടനെ തന്നെ ഞാന്‍ ഏല്പിച്ചു.പണിയുടെ വിവിധ ഘട്ടങ്ങളില്‍ പുള്ളിയെ ഞാന്‍ വിവരമറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പുള്ളിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം വാതിലും ഘടിപ്പിച്ച് കം‌പ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന്  നമ്പര്‍ രണ്ടാഴ്ച കൊണ്ട് കിട്ടും എന്ന് ആ വ്യക്തി അറിയിച്ചു.മൂന്നാഴ്ച കഴിഞ്ഞ് ഞാന്‍ വിളിച്ചപ്പോള്‍ മറ്റെന്തോ കാരണം പറഞ്ഞു.അങ്ങനെ ഇന്നു കിട്ടും നാളെ കിട്ടും എന്ന നിലയില്‍ ഡിസമ്പര്‍ അവസാന ആഴ്ച വിളിച്ചപ്പോഴാണ് കൃസ്തുമസ് പ്രമാണിച്ച് സെക്ഷനില്‍ ആളില്ല എന്ന കാരണം പറഞ്ഞത്.

പിന്നെ ഫെബ്രുവരിയും അതിന് മുമ്പ് ജനുവരിയും കഴിഞ്ഞു.മാര്‍ച്ചില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ മാര്‍ച്ചിന്റെ തിരക്കാണ് എന്ന മറുപടി.അവസാനം അവനോട് ഞാന്‍ നന്നായി ദ്വേഷ്യപ്പെട്ടു .ഇതുവരെ വായനക്കാര്‍ എന്റെ തണുപ്പന്‍ പ്രതികരണത്തില്‍ അന്തം വിട്ടിരിക്കുകയായിരിക്കും.പക്ഷേ മേല്‍ പറഞ്ഞ മൂന്ന് ബന്ധങ്ങള്‍ കാരണം എനിക്ക് ഒന്നും പറയാന്‍ നിര്‍വ്വാഹവുമില്ലായിരുന്നു.ഒപ്പം സ്വതവേ മറ്റുള്ളവരോട്‌ ചൂടാകാനുള്ള മടിയും.

അപ്പോള്‍ ഇത്രയും താമസം വരാനുള്ള കാരണം? യഥാര്‍ത്ഥത്തില്‍ എന്റെ വീടിന്റെ ഒരു രേഖയും ഈ ജനുവരി വരെ ,പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നില്ല .അനുവാദമില്ലാതെ പണി ആരംഭിച്ച് മുഴുമിച്ചതിനാല്‍ ആദ്യം റഗുലരൈസേഷന്‍ നടത്തേണ്ടതുണ്ട്.അതിന് പഞ്ചായത്ത് സെക്രട്ടറി തന്നെ സ്ഥലം സന്ദര്‍ശിക്കണം എന്ന് തോന്നുന്നു.അതു കഴിഞ്ഞ് ഓവര്‍സീയറുടെ വക സന്ദര്‍ശനം.കൈക്കൂലി വാങ്ങാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം ആയിരുന്നെങ്കിലും ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് ഒന്നും സംഭവിച്ചില്ല.


അതിനാല്‍ വീടുപണി ആരംഭിക്കുന്ന ബൂലോകത്തെ എല്ലാവരും പ്ലാന്‍ ആദ്യമേ പഞ്ചായത്തില്‍/ മുനിസിപ്പാലിറ്റിയില്‍ നിന്ന് അംഗീകരിപ്പിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രം പണി ആരംഭിക്കുക.

നമ്പര്‍ കിട്ടിയ ഉടന്‍ തന്നെ ഞാന്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷയും നല്‍കി.ഒരു മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനായതിനാല്‍ അവിടെ ഒരു നൂലാമാലയും ഇല്ലാതെ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാം ശരിയായി.ഇനി രണ്ട് ദിവസത്തിനകം കണക്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

19 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ വീടുപണി ആരംഭിക്കുന്ന ബൂലോകത്തെ എല്ലാവരും പ്ലാന്‍ ആദ്യമേ പഞ്ചായത്തില്‍/ മുനിസിപ്പാലിറ്റിയില്‍ നിന്ന് അംഗീകരിപ്പിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രം പണി ആരംഭിക്കുക.

Sulthan | സുൽത്താൻ said...

മാഷെ,

വീടിന്‌ കട്ടില വെച്ചെങ്കിൽ, ഞാൻ ആ വഴി വരാം.

അപ്പോ എപ്പോ ബൂലോക കുടിയിരിക്കൽ?.

ആശംസകൾ

ഒരു നുറുങ്ങ് said...

“കൈക്കൂലി വാങ്ങാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം ആയിരുന്നെങ്കിലും ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് ഒന്നും സംഭവിച്ചില്ല.” വിവര സാങ്കേതിക വിദ്യ പകര്‍ന്ന് തരുന്ന നല്ല പോസ്റ്റ്...നന്ദി,മാഷെ...ഒരു സംശയം പിന്നേം ബാക്കിയാവുന്നു, നാട്ടിലെല്ലാര്‍ക്കും സര്‍കാര്‍ ഉദ്യോഗമെങ്കില്‍...എങ്കില്‍ പിന്നെ ഈ കൈക്കൂലി ബൌണ്ട്രിക്ക് പുറത്തോ,പരിധിക്കു പുറത്തോ...?

ramanika said...

മാഷിന്റെ അനുഭവം ബാക്കിയുള്ളവര്‍ ഒരു വാണിംഗ് ആയി സ്വീകരിക്കട്ടെ
പുതിയവീടിനു എല്ലാ ആശംസകളും

കൂതറHashimܓ said...

തന്റെ സമയ‌ക്കുറവ് കാരണം എന്ന തുടക്കതോടെ താന്‍ ചെയ്യേണ്ട കാര്യം ഒരു കൂട്ടുകാരനെ ഏല്‍പ്പിച്ചു എന്നാണല്ലോ മാഷ് പറഞ്ഞ് വന്നത്, കൂട്ടുകാരന് ആ കാര്യം ചെയ്യാന്‍ സമയം ഉണ്ടോ എന്ന കാര്യം ഏല്പിക്കുന്നതിന്‍ മുമ്പ് മാഷ് അയാളോട് ചോദിച്ചോ..??(ചോദിച്ചാല്‍ തന്നെ കൂട്ടുകാരനും മാഷ് പറഞ്ഞ വരികള്‍ ബാധകമല്ലേ..പക്ഷേ മേല്‍ പറഞ്ഞ മൂന്ന് ബന്ധങ്ങള്‍ കാരണം എനിക്ക് ഒന്നും പറയാന്‍ നിര്‍വ്വാഹവുമില്ലായിരുന്നു) എന്താ സുഖം മറ്റൊരാളോട് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയാന്‍...
എന്നിട്ട് അവസാനം ഇതൊക്കെ ചെയ്തത് മാഷ് തന്നെ അല്ലേ ..!! അപ്പോ എവിടുന്നാ സമയം കിട്ടിയെ..?? മാനത്ത്ന്ന് വന്നോ സമയം...??

ഷൈജൻ കാക്കര said...

നുറുങ്ങിന്റെ കമന്റിന്‌ സല്യുട്ട്‌!

പ്ലാൻ അംഗികരിച്ചിരുന്നില്ലെങ്ങിൽ മണല്‌ എങ്ങനെ സംഘടിപ്പിച്ചു? അല്ല, അതും സർക്കാർ ജോലിക്കാരനായാൽ?

കാര്‍ന്നോര് said...

അരീക്കോടന്‍ മാഷ് നീട്ടിയൊന്നു തുപ്പിയാല്‍ ഇലക്ട്രിസിറ്റി ആപ്പീസിന്റെ മുറ്റത്താ വീഴുക, അപ്പൊപ്പിന്നെ മുന്‍ ഉദ്യോഗസ്ഥനായാല്‍ പറയുകയും വേണ്ടല്ലോ... ഏതായാലും ഒരുത്തന്റെ നാലുറുപ്പിക നഷ്ടമാക്കി. വീടു വയ്ക്കാന്‍ തുടങ്ങുന്നവര്‍ പോസ്റ്റിലെ കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ നല്ലത്.

Akbar said...

സര്‍ക്കാര്‍ കാര്യം മുറ പോലെ.

പട്ടേപ്പാടം റാംജി said...

അറിയിപ്പായി കാണാവുന്ന അനുഭവം നന്നായി മാഷെ.

Areekkodan | അരീക്കോടന്‍ said...

സുല്‍ത്താന്‍...അതേ, കുടിയിരിക്കല്‍ ഒരു ബൂലോക മീറ്റ് ആക്കാന്‍ ഉദ്ദേശിക്കുന്നു.അറിയിക്കാം.പിന്നെ കട്ടില എല്ലാം പണ്ടേ വച്ചു.

ഹാറൂന്‍‌ക്കാ...എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കണമെന്നില്ല,പൊതുജനം കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചാല്‍ തന്നെ അത് സ്വിച്ച് ഓഫ് ചെയ്തിരിക്കും.

രമണിക ചേട്ടാ...നന്ദി

കൂതറ ഹാഷിം...ആ വ്യക്തി ഇത്തരം സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന ആളാണ്.വെറുതെ അല്ല.ഞാന്‍ രൂപ മൂവ്വായിരം എണ്ണിക്കോടുത്തിട്ടുണ്ട്. അതില്‍ 2400 രൂപ ചെലവായതിന്റെ റസീപ്റ്റ് കിട്ടിബോധിച്ചിട്ടുണ്ട്.പിന്നെ ഇപ്പോ സമയം മാനത്തില്‍ നിന്ന് വന്നതല്ല, സമ്മര്‍ വെക്കേഷന്‍.

Areekkodan | അരീക്കോടന്‍ said...

കാക്കരേ...ഇത് വല്ലാത്ത ചോദ്യം തന്നെ. അരീക്കോട്ടുകാരന് മണല്‍ കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാ ഇവിടെ മണല്‍ കിട്ടുക?

കാര്‍ന്നോരേ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അപ്പോ എന്റെ വീടിനെപ്പറ്റി നല്ല അറിവുള്ള ആളാണല്ലോ?എവിടെയാണെന്ന് പ്രൊഫൈലില്‍ നിന്ന് മനസ്സിലാവുന്നില്ല.

അക്ബര്‍...മുറം പോലെ എന്ന് തിരുത്തുക. അതായത് തിരിച്ചു വച്ചാല്‍ ഒന്നിനും കൊള്ളാത്തത്.

റാംജീ...നന്ദി.

ഹംസ said...

.കൈക്കൂലി വാങ്ങാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം ആയിരുന്നെങ്കിലും ഞാനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് ഒന്നും സംഭവിച്ചില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനെ നിയമം ഉള്ളൂ കൊടുക്കാന്‍ നിയമം ഇല്ല.!

വീകെ said...

സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണ്ടല്ലേ....!!
ഭാഗ്യവാൻ....!!
ജനിക്കുന്നെങ്കിൽ ഇങ്ങനെ ജനിക്കണം...!!!!

ആശംസകൾ...

Anonymous said...

മാഷെ,

അനുഭവം എല്ലാവരോടും പങ്കുവെച്ചത് നന്നായി. രണ്ടു വര്‍ഷം മുന്‍പ് ഞാനും വീടിന്റെ പ്ലാനുമായി പഞ്ചായത്ത് കേറി ഇറങ്ങിയതാ.ഒന്നും പറയണ്ട അവസാനം അംഗീകാരം കിട്ടി ഒരു നയാപൈസ പോലും കൈകൂലി കൊടുക്കാതെ തന്നെ.ഇതിനു സമയം ഒരു പ്രധാന ഘടകം ആണുട്ടോ,എന്റെ ലീവ് അതിനു വേണ്ടി തീര്‍ന്നു എന്ന് പറയാം.

ഷാജി ഖത്തര്‍.

ശ്രീ said...

നല്ലൊരു പാഠം തന്നെ, മാഷേ

ഷെരീഫ് കൊട്ടാരക്കര said...

മാഷേ! അനുഭവം കൊണ്ടു ഞാൻ പഠിച്ച പാഠം മാഷ്‌ ഇപ്പോൾ പഠിച്ചു.മാഷ്‌ വീടു പണി ആരംഭിക്കുന്ന ഏകദേശ സമയം എനിക്കു ഓർമ ഉണ്ടു. അതിനു ശേഷം സൈഫുവിനു വേണ്ടി(ഇളയ മകൻ)ഞാൻ വീടു പണി ആരംഭിച്ചു. ഇപ്പോൾ തേപ്പു നടക്കുന്നു.ഈ നിർമാണത്തിനു പഞ്ചായത്തിൽ നിന്നും അനുവാദത്തിനു എന്റെ കരാരുകാരൻ പോകാമെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. എല്ലാ തിരക്കും മാറ്റി വെച്ചു ഞാൻ പഞ്ചായത്ത്‌ ആഫീസ്സിൽ നേരിട്ടു പോയി.കടലാസ്സുകൾ വായു വേഗത്തിൽ ചലിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അനുവാദം ലഭിച്ചു.മുൻ അനുഭവമായിരുന്നു എന്റെ ഗുരു.ഏതൊരു കാര്യത്തിനും നാം നേരിട്ടു പോയി ചെയ്യുന്നതു പോലെ അത്മാർത്ഥത മറ്റൊരാൾ (അയാൾ എത്ര അടുത്ത സ്നേഹിതനായാലും ശരി) പോയാൽ ഉണ്ടാവില്ല. മറ്റൊരു കാര്യത്തിൽ മാഷ്‌ രക്ഷപെട്ടു. മാഷ്‌ പണി തുടങ്ങിയ കാലഘട്ടത്തിൽ ഡയറക്റ്റ്രേറ്റ്‌ ഓഫ്‌ പഞ്ചായത്തിൽ നിന്നും ഇറങ്ങിയ സർക്കുലർ പ്രകാരം രണ്ടാം ശനിയാഴ്ച്ച തുടങ്ങി ഒന്നിലധികം അവധികൾ വരുന്ന തീയതികളിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ വിജിലൻസ്‌ സ്ക്വാഡിനെ നിയമിച്ചിരുന്നു. അവർ ആരെങ്കിലും വന്നു കാച്ചു ചെയ്തിരുന്നെങ്കിൽ സംഗതി കുളമായേനെ.അനുവാദം കിട്ടിയിട്ടുണ്ടു എന്ന ധാരണയിലാണല്ലോ നാം വീടു പണിയുന്നതു. സ്നേഹിതനോടു ഏർപ്പാടു ചെയ്തിരുന്നു എന്നു പറഞ്ഞാലൊന്നും ഏമാന്മാരുടെ തലയിൽ കയറില്ല. അവർ കേസ്സു പിടിക്കാൻ വരുന്നവരല്ലേ. അതു കൊണ്ടു മാഷ്‌ ആ കുഴപ്പത്തിൽ നിന്നും രക്ഷപെട്ടു. മാഷിന്റേതു പോലുള്ള അനുഭവങ്ങൾ എല്ലാവർക്കും പാഠമായിരിക്കാൻ സഹായകരമാകട്ടെ.

ബഷീർ said...

സമയാസമയത്ത് നടത്തം തുടങ്ങിയാൽ തന്നെ കാര്യങ്ങൾ നടക്കാൻ വലിയ പ്രയാസമുള്ള സ്ഥാനത്ത് സമയത്ത് ചെയ്തില്ലെങ്കിൽ പിന്നെ കഷ്ടപ്പെട്ടത് തന്നെ..

ഓടോ:
മാഷേ, ഞാൻ സത്യമായിട്ടും താങ്കളുടെ വീടു പണിയുടെ പുരോഗതി അറിയണമെന്ന് വിചാരിച്ചു.

Areekkodan | അരീക്കോടന്‍ said...

ഹംസ...അത് ശരിയാണല്ലോ.

വീ.കെ...സര്‍ക്കാര്‍ ജീവനക്കാരനായി ജനിക്കാന്‍ രക്ഷയില്ല.വേണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരനായി മരിക്കാം!!!

ഷാജി...അതെ.പ്രവാസികളുടെ സമയം ഇങ്ങ്നേയും അപഹരിക്കപ്പെടുന്നു.കഷ്ടം

ശ്രീ...നന്ദി

ശരീഫ്‌ക്കാ...ഈ അനുഭവം ഇവിടെ പങ്കു വച്ചതിന് പ്രത്യേകം നന്ദി പറയുന്നു.ഇനി ബാക്കിയുള്ള സംഗതികള്‍ ഞാന്‍ നേരിട്ട് തന്നെ ചെയ്യാന്‍ തീരുമാനിച്ചു.

ബഷീര്‍...അതെന്നെ.വീടുപണി , ഇനി ഫ്ലോറിംഗ് , പെയ്ന്റിംഗ്,സ്റ്റെയര്‍കേസ് പണികള്‍ എന്നിവ കൂടി ബാക്കിയുണ്ട്.ഇന്‍ഷാ അല്ലാഹ് ഈ മേയില്‍ ചിലതെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

Ashly said...

thanks for the info !!

Post a Comment

നന്ദി....വീണ്ടും വരിക