Pages

Friday, December 10, 2010

സുകൃതത്തിന്റെ പ്രതിഫലങ്ങള്‍

വിവിധ കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംസ്ഥാനഭവനനിര്‍മാണബോര്‍ഡിന്റെ ഏതോ ഒരു പദ്ധതിപ്രകാരം (ഫിനിഷിംഗ് സ്റ്റേജില്‍ അവര്‍ 25000 രൂപ അനുവദിക്കും എന്ന് പറയപെടുന്നതിനാല്‍) വീട് നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.ഈ പദ്ധതിയുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ സ്ഥലം കൌണ്‍സിലര്‍ കൂടിയായ ശ്രീമതി സത്യഭാമ ചേച്ചിയെ കണ്ട് സംസാരിച്ചതിന്റെ അന്ന് ഉച്ചക്ക് ശേഷമാണ് ഞാന്‍ തലയാട്ടേക്ക് പോയത്.

കോഴിക്കോട് ജില്ലയിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് തലയാട്‌.കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലെ ഒരു സ്ഥലം.ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് നടക്കുന്നത് അവിടെയാണ്.ക്യാമ്പിന് മുമ്പ് സ്ഥലം കാണുക എന്ന പ്രോഗ്രാം ഓഫീസറുടെ ചുമതല നിര്‍വ്വഹിക്കാനാണ് ജീവിതത്തിലാദ്യമായി ഞാന്‍ തലയാട് സന്ദര്‍ശിച്ചത്.എന്റെ കൂടെ എന്റെ അഞ്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

കോഴിക്കോട് ജില്ല പ്ലാസ്റ്റിക് വേസ്റ്റ് മുക്തമാക്കുന്ന മാപ് (മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്) എന്ന പദ്ധതിയാണ് ഇത്തവണ എന്‍.എസ്.എസ് ക്യാമ്പ് വഴി നടപ്പാക്കുന്നത്.അതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്താല്‍ മൂടി കിടക്കുന്ന പൂനൂര്‍ പുഴ വൃത്തിയാക്കുക , തലയാട് പ്രദേശത്തെ പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മാര്‍ജ്ജനവും ബോധവല്‍ക്കരണവും നടത്തുക എന്നിവയാണ് എന്റെ ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍.

ചെയ്യാനുള്ള കര്‍മ്മത്തിന്റെ ഏകദേശവ്യാപ്തി മനസ്സിലാക്കി നാട്ടുകാരുടെ സ്നേഹത്തോടെയുള്ള ചായസല്‍ക്കാരവും കഴിഞ്ഞ് തലയാട് നിന്ന് മടങ്ങുമ്പോള്‍ സമയം വൈകിട്ട് ഏഴര ആയിരുന്നു.തിരിച്ച് കോഴിക്കോട്ടേക്ക് പോയാല്‍ അവസാന ബസ്സ് ലഭിക്കാത്ത അവസ്ഥയായതിനാല്‍ ഞാന്‍ താ‍മരശ്ശേരിയിലേക്ക് കയറി.അവിടെ നിന്നുള്ള അവസാന ബസ്സും പോയതിനാല്‍ കുന്ദമംഗലത്തെത്തി മുക്കത്തേക്ക് കയറി.പക്ഷേ മുക്കത്ത് നിന്നുള്ള അവസാനബസ്സ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.

കുറേ അധികം പേര്‍ അവസാന ബസ്സ് മിസ് ആയി അവിടേ നില്‍ക്കുന്നുണ്ടായിരുന്നു.കുറേ സമയമായി അവര്‍ അവിടെ വല്ല വാഹനവും കിട്ടിയെങ്കില്‍ എന്ന് കരുതി നില്‍ക്കുന്നു എന്ന് അവരുടെ മുഖങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഇത്തരം അവസരങ്ങളില്‍ ഞാന്‍ സ്ഥിരം ചെയ്യുന്നപോലെ അനിയനെ വിളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു ബൈക്ക്കാരന്‍ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ചോദിച്ചു:

“അരീക്കോട്ടേക്കാണോ?”

“അതേ...”

“എങ്കില്‍ കയറിക്കോളൂ...”

ഞാന്‍ അതില്‍ കയറി.യാത്രക്കിടയില്‍ അദ്ദേഹം എന്നെപറ്റിയും ഞാന്‍ അദ്ദേഹത്തെപറ്റിയും ചോദിച്ച് മനസ്സിലാക്കി.ബൈജു എന്നായിരുന്നു ആ മാന്യസുഹൃത്തിന്റെ പേര്.ഞാന്‍ പറഞ്ഞതനുസരിച്ചുള്ള എന്റെ വീടിന്റെ ലൊക്കേഷന്‍ അടുത്തപ്പോള്‍ അദ്ദേഹം ബൈക്ക് വേഗത കുറച്ചു.കൃത്യം ഞങ്ങളുടെ കോളനിയുടെ മുമ്പില്‍ എന്നെ ഇറക്കി.ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും മറുപടി ഇതായിരുന്നു.

“കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം.ഞാന്‍ പിന്നീട് വരാം...”

ഇനിയും അദ്ദേഹത്തെ കണ്ടുമുട്ടുമോ എന്ന് അറിയാത്തതിനാല്‍ ബൈക്കിന്റെ ചുവന്ന ലൈറ്റ് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

വാല്‍: നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും.

18 comments:

Areekkodan | അരീക്കോടന്‍ said...

ഇനിയും അദ്ദേഹത്തെ കണ്ടുമുട്ടുമോ എന്ന് അറിയാത്തതിനാല്‍ ബൈക്കിന്റെ ചുവന്ന ലൈറ്റ് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

ആളവന്‍താന്‍ said...

"നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കു"

ദേ ഇതിപ്പോ ബ്ലോഗിലും വന്നില്ലേ... അയാള്‍ ഇപ്പൊ പ്രശസ്തനായില്ലേ. അതന്നെ.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല മനുഷ്യര്‍, നല്ല പ്രവൃത്തികള്‍.
ആശംസകള്‍

jayanEvoor said...

നല്ല കുറിപ്പ്.

നല്ലതു ചെയ്യുവാൻ ത്രാണിയുണ്ടാകട്ടേ, എല്ലാവ്ര്ക്കും!

Jazmikkutty said...

വിതച്ചത് കൊയ്യും...അങ്ങനെയുമില്ലേ മാഷേ...നല്ല വിവരണം..നന്മകള്‍ നേരുന്നു..മാഷിനും,ബൈജുവിനും...

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മാന്യമിത്രത്തെ ശരിക്കൊന്നു പരിചയപ്പെടുത്തായിരുന്നു....കേട്ടൊ ഭായ്

Typist | എഴുത്തുകാരി said...

തീർച്ചയായും. അതിനു് അടുത്ത ജന്മം വരെ കാത്തിരിക്കയൊന്നും വേണ്ടാ, സുകൃതമായാലും, അതിന്റെ വിപരീതമാ‍യാലും.

പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളതാണിതു്, ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു കോണിൽ നിന്നു സഹായം ലഭിക്കുമ്പോൾ.

SIVANANDG said...

നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും

വിശദമായ് പരിചയപ്പെടുത്താമായിരുന്നു,ഇനിയും തീര്‍ച്ചയായും കണ്ട്യ്മുട്ടുമെന്ന് പ്രത്യാശിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ആളവന്‍‌താന്‍...അതെന്നെ.പക്ഷേ ആടറിയുന്നോ അങ്ങാടി വാണിഭം?

ചെറുവാടി...ആശംസകള്‍ക്ക് നന്ദി

ജയന്‍ സാര്‍...നന്ദി

ജസ്മിക്കുട്ടി...അതെ, വിതച്ചതേ കൊയ്യൂ

മുരളിച്ചേട്ടാ...ബൈക്ക് അപാരസ്പീഡിലായിരുന്നു.അതിനാല്‍ അധികം സംസാരിക്കാന്‍ പറ്റിയില്ല.ആള്‍ മുക്കത്ത് ബിസിനസ് നടത്തുന്ന തിരുവമ്പാടിക്കാരന്‍ ആണ്.അമ്മ വീട് മഞ്ചേരി കാരക്കുന്ന് 32-ല്‍.അമ്മയുടെ ചേച്ചി ആശുപത്രിയില്‍ ആയതിനാല്‍ അവരുടേ അടുത്തേക്ക് പോകുകയായിരുന്നു ആ രാത്രിയില്‍.

എഴുത്തുകാരി ചേച്ചീ...അതേ,ഈ ജന്മത്തില്‍ എന്ന പോലെ അടുത്ത ജന്മത്തിലും അത് ലഭിക്കും.

ശിവാനന്ദ്ജി...അല്പം കൂടി മേലില്‍ പറഞ്ഞിട്ടുണ്ട്.

TPShukooR said...

വിതച്ചതേ കൊയ്യൂ... അതായത് വിതച്ചത് കൊയ്തിരിക്കും.

Sabu Kottotty said...

അദ്ദേഹത്തിന് ആളുമാറിയതാ.. അല്ലാതെ......

എന്‍.പി മുനീര്‍ said...

പരോപകാരം ചെയ്യാന്‍ മാലോകര്‍ മടിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നന്മ നിറഞ്ഞവരും നമ്മുടെ ഇടയിലുണ്ടെന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്ന
ഇത്തരം അനുഭവങ്ങള്‍ നമ്മളെയും നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച.

MT Manaf said...

>>ഇനിയും അദ്ദേഹത്തെ കണ്ടുമുട്ടുമോ എന്ന് അറിയാത്തതിനാല്‍ ബൈക്കിന്റെ ചുവന്ന ലൈറ്റ് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു<<.
ഈ വരി വല്ലാതെ സംസാരിക്കുന്നു!

Unknown said...

ചെയ്തതിന്റെ പ്രതിഫലം ഭൂമിയില്‍ തന്നെ കാത്തു വെച്ചിട്ടുണ്ട്, നല്ലതായാലും അല്ലെങ്കിലും.

രചന നന്നായിട്ടുണ്ട്

OAB/ഒഎബി said...

ഇപ്പഴത്തെ കാലത്ത് ഒരാള്‍ വിളിച്ചെന്ന്‍ കരുതി, രണ്ട്‌ വട്ടം ആലോചിക്കാതെ മണ്ടിച്ചെന്ന്‍ കേറാന്‍ പറ്റുമോ ...

നല്ല കുറിപ്പ്.

Areekkodan | അരീക്കോടന്‍ said...

ഷുക്കൂര്‍....അത് തന്നെ

കൊട്ടോട്ടീ...അപ്പോള്‍ ഇത് സ്ഥിരം പറ്റാറുണ്ടല്ലേ?

മുനീര്‍...തീര്‍ച്ചയായും , നന്മയുടെ കൈതിരി അണഞ്ഞ്ട്ടില്ല.

മനാഫ്...അല്ലാതെ എന്തു ചെയ്യാന്‍?

നിശാസുരഭി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായത്തിനും നന്ദി.

ഒ.എ.ബി...എന്റെ നല്ലപാതിയും അത് തന്നെ ചോദിച്ചു.
ഓ.ടോ:തിരിച്ച് ഗള്‍ഫില്‍ എത്തിയോ?

Akbar said...

നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും.

എനിക്ക് പറയാനുള്ളതൊക്കെ പലരും പറഞ്ഞു കഴിഞ്ഞു. നല്ല കുറിപ്പ് കേട്ടോ. സല്‍ക്കര്‍മ്മങ്ങള്‍ ഒരിക്കലും ഒരു നഷ്ടമാവില്ല.

Areekkodan | അരീക്കോടന്‍ said...

അക്‍ബര്‍...എന്തിനും പ്രതിഫലം തരും ദൈവം തമ്പുരാന്‍.

Post a Comment

നന്ദി....വീണ്ടും വരിക