ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ്
,എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ
(അതേ, തോണി അപകടത്തിൽ എട്ട് കുട്ടികൾ നഷ്ടപ്പെട്ട അതേ സ്കൂൾ തന്നെ) സ്ഥിതി ചെയ്യുന്ന
ഊർങ്ങാട്ടിരി പഞ്ചായത്തിലെ തച്ചണ്ണയിൽ എത്തിയത്.എൻ.എസ്.എസ് ന്റെ ഒരു അനൌദ്യോഗിക പരിപാടിയിൽ
പങ്കെടുക്കുന്നതിനായി കുട്ടിക്കാട്ടൂർ എ.ഡബ്ലിയു.എച് എഞ്ചിനീയറിംഗ് കോളേജിൽ എത്തേണ്ടതിനാൽ
ഭക്ഷണം കഴിച്ച് അല്പസമയത്തിനകം തന്നെ ഞാൻ വിടവാങ്ങി.
തിരിച്ച് പോരാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ
ഒരു ഗുഡ്സ് ഓട്ടോ ഞാൻ നിൽക്കുന്ന സ്ഥലത്തെ ഗ്യാപിൽ ഒതുക്കി നിർത്തി.പുറത്തിറങ്ങി വന്ന
കണ്ണട വച്ച ഡ്രൈവർ എന്റെ നേരെ കൈ നീട്ടി പറഞ്ഞു – “അസ്സലാമുഅലൈക്കും...ആബിദേ”
ഞാൻ പകച്ചു നിൽക്കുന്നതിനിടെ
അടുത്ത ചോദ്യവും എത്തി – “അറിയോ?”
അതോടെ എന്റെ സ്ഥലകാലബോധം
തിരിച്ചു കിട്ടി.ഇത് എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളിൽ ഒരാളാകാനാണ് സാധ്യത എന്നതിനാലും
കല്യാണം നടക്കുന്നത് തച്ചണ്ണ ആയതിനാലും ഞാൻ ഒരു ഊഹം നടത്തി – “ശൈഖ്..???”
“അതെ...ശൈഖ് മുജീബ്
റഹ്മാൻ”
എട്ടാം ക്ലാസ്സിൽ ഞാൻ
ചേരുമ്പോൾ എന്റെ ക്ലാസ്സിൽ തച്ചണ്ണയിൽ നിന്ന് ഉണ്ടായിരുന്ന ത്രിമൂർത്തികളായിരുന്നു -
ശൈഖ് മുജീബ് റഹ്മാൻ, അൻവർ സാദത്ത്,ഷാജഹാൻ
എന്നിവർ. പേര് സൂചിപ്പിക്കും പോലെ അത്ര വലിയകൊമ്പന്മാർ ആയിരുന്നില്ല ഈ മൂവ്വർസംഘം.ഇതിൽ
അൻവറിനെ പലപ്പോഴും അരീക്കോട് വച്ച് കാണാറുണ്ടായിരുന്നതിനാൽ ആഗതൻ മുജീബോ ഷാജഹാനോ എന്നതിലേ
സംശയം തോന്നിയുള്ളൂ.ആഗതന്റെ ഇരുനിറം പണ്ടത്തെ മുജീബിന്റേയും എന്റേയും ട്രേഡ്മാർക്ക്
ആയിരുന്നതിനാലും ഷാജഹാൻ അന്നേ വെളുത്ത് തടിച്ച പ്രകൃതക്കാരനായതിനാലും പിന്നെ ആളെ ഉറപ്പിക്കാൻ
എനിക്ക് സമയം പാഴാക്കേണ്ടി വന്നില്ല.
സംസാരത്തിനിടക്ക് ഞാൻ
ഷാജഹാനെപ്പറ്റി വെറുതേ ഒന്ന് തിരക്കി.ഉടൻ ഷൈഖിന്റെ മുഖം വാടി.അവൻ മെല്ലെ പറഞ്ഞു. –
“ഷാജഹാൻ മരിച്ചു!!!“
“ങേ!!എവിടെ വച്ച്?”
“അവൻ ഗൾഫിലായിരുന്നു...അവ്ടെ
വച്ച് തന്നെ ഹൃദയസ്തംഭനം ഉണ്ടായി..”
“കുറെ ആയോ ?”
“ഒരു അഞ്ചാറ് വർഷം കഴിഞ്ഞിരിക്കും....”
എനിക്കത് വിശ്വസിക്കാൻ
കഴിഞ്ഞില്ല.ക്ലാസ്സ് ലീഡറായിരുന്ന ഷാജഹാന്റെ ശബ്ദം ഇപ്പോഴും എന്റെ മനസ്സിൽ അലയടിക്കുന്നു.വർഷങ്ങൾക്ക്
ശേഷം ഒരു പഴയ സുഹൃത്തിനെ കിട്ടിയപ്പോൾ മറ്റൊരു സുഹൃത്തിന്റെ വിയോഗവാർത്ത എന്നെ ഏറെ
ദു:ഖിതനാക്കി.ഈ ലോകത്ത് ആരും നശ്വരല്ല എന്നതിനാൽ വിധിയുടെ ക്രൂരതകൾ അംഗീകരിച്ച് ഞാൻ നാട്ടിലേക്ക്
തിരിച്ച് കയറി.
2 comments:
എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.ക്ലാസ്സ് ലീഡറായിരുന്ന ഷാജഹാന്റെ ശബ്ദം ഇപ്പോഴും എന്റെ മനസ്സിൽ അലയടിക്കുന്നു.
സമയരഥങ്ങളില്‍ നമ്മള്‍
Post a Comment
നന്ദി....വീണ്ടും വരിക