Pages

Sunday, January 04, 2015

ഔട്ട് ഓഫ് കോർപറേഷൻ ഏരിയ...

“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂംതിങ്കളാണ് ഭാര്യ....
ദുഖ:ത്തിൻ മുള്ളുകൾ പൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ....”

അവറാൻ കോയ മാസ്റ്റർ എന്നും കേൾക്കുന്നതും എന്നും മൂളുന്നതുമായ ഒരു ഗാനമായതിനാൽ മാസ്റ്ററുടെ ഭാര്യ കുഞ്ഞാത്തുമ്മാത്തയുടെ ധാരണ അത് തന്നെപ്പറ്റി മാസ്റ്റർ രചിച്ച ഗാനമാണെന്നായിരുന്നു. അയൽക്കൂട്ടത്തിൽ കുഞ്ഞാത്തുമ്മ താത്ത ഈ കാര്യം അഭിമാനത്തോടെ പറയാറുമുണ്ടായിരുന്നു. മറ്റാർക്കും ഈ ഗാനത്തിന്റെ ചരിത്രവും പൌരധർമ്മവും അറിയാത്തതിനാൽ കുഞ്ഞാത്തുമ്മാത്തയുടെ അവകാശവാദം ആരും എതിർത്തതുമില്ല. കുഞ്ഞാത്തുമ്മാത്തയുടെ മേൽ പറഞ്ഞ തെറ്റിദ്ധാരണയും അയൽക്കൂട്ടത്തിൽ ഇത് കാരണം ലഭിക്കുന്ന പ്രത്യേക പരിഗണനയും, അവറാൻ മാസ്റ്ററോടുള്ള താത്തയുടെ മുഹബ്ബത്ത് ദിനം‌പ്രതി വർദ്ധിപ്പിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവറാൻ കോയ മാസ്റ്റർക്ക് ഔദ്യോഗികാവശ്യാർത്ഥം പെട്ടെന്ന് ഡൽഹിയിലേക്ക് പോകേണ്ടതായി വന്നു.പെട്ടെന്നുള്ള അറിയിപ്പായതിനാൽ വിമാനത്തിലായിരുന്നു യാത്ര. അന്നേ ദിവസം തന്നെ നടക്കുന്ന മാസ്റ്ററുടെ സഹോദരിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ്  കല്യാണ വീട്ടിൽ നിന്നും മറ്റു ബന്ധുക്കളുടെ മുന്നിൽ വച്ച് മാസ്റ്റർ, കുഞ്ഞാത്തുമ്മാത്തയോട് യാത്ര ചോദിച്ചിറങ്ങിയത്.

“വിമാനം കയറുന്നതിന് മുമ്പ് വിളിക്കണേ..” മലേഷ്യൻ വിമാനവും ഇന്തോനേഷ്യൻ വിമാനവും കടലിനടിയിലേക്ക് പറന്ന കഥ വായിച്ച കുഞ്ഞാത്തുമ്മാത്ത അവറാൻ മാസ്റ്ററോട് പറഞ്ഞു.

“ങാ...” എന്ന് മൂളി അവറാൻ മാസ്റ്റർ പടി ഇറങ്ങുന്നത് കുഞ്ഞാത്തുമ്മാത്ത അല്പ നേരം നോക്കി നിന്നു.ശേഷം വീണ്ടും കല്യാണത്തിരക്കിലേക്ക് തിരിഞ്ഞു.വരനും പാർട്ടിയും വധുവിന്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞാത്തുമ്മാത്തക്ക് പെട്ടെന്ന് അവറാൻ മാസ്റ്ററെ ഓർമ്മ വന്നത്.

”എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ....!“ പെട്ടെന്ന് തലയിൽ കൈ വച്ച് കുഞ്ഞാത്തുമ്മാത്ത ഉച്ചത്തിൽ പറഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.

“എന്താ എന്തുപറ്റി ??” നിമിഷ നേരം കൊണ്ട് വരനേയും വധുവിനേയും വിട്ട് എല്ലാവരുടേയും ശ്രദ്ധ കുഞ്ഞാത്തുമ്മാത്തയിലേക്കായി.

“മാസ്റ്റർ ഡെൽഹിക്ക് ന്ന് പറഞ്ഞ് ഇന്ന് രാവിലെ ഈ പന്തലീന്ന് എറങ്ങ്യേതാ....“

“എന്നിട്ടെന്താ മൂപ്പര് എത്തീലെ?”

“ബീമാനം കേറും മുമ്പ് വിളിക്കണം ന്ന് ഞാൻ പറഞ്ഞീനി...ആ വിളിം കിട്ടീല...ഇപ്പോ മണി നാലായി...ഇതുവരെ മൂപ്പര് ബിള്ച്ചില്ല....യൌടെപ്പോയാലും എടക്കെടക്ക് ന്നെ വിളിക്കുന്നതാ...ങ്ഹും...ങ്ഹും...ബീമാനത്തിൽ കയറ്ണത് ആദ്യാ....ങ്ഹും...ങ്ഹും ” കുഞ്ഞാത്തുമ്മാത്ത നിന്ന് തേങ്ങാൻ തുടങ്ങി.

“അതിപ്പോ വിമാനത്തീ ആദ്യം കയറുന്നതിന്റെ സന്തോഷത്തില് മറന്നു പോയതാകും താത്തേ...ങളൊന്ന് സബൂറാകി....” കേട്ടു നിന്ന ആരോ പറഞ്ഞു. അവറാൻ മാസ്റ്ററെ കാണാതായ വിവരം കല്യാണപന്തലിലാകെ പെട്ടെന്ന് തന്നെ വൈറലായി.

“രാവിലെത്തന്നെ ഇവടെ വന്നീനി...പുതുക്കം വരാൻ നിക്കാൻ സമയമില്ലാന്നും പറഞ്ഞ് എറങ്യേതാ...അതിപ്പോ ഇങ്ങന്യാകും ന്ന് ആരേലും വിചാരിച്ചോ...?” കുഞ്ഞാത്തുമ്മാത്തയുടെ മുഖത്ത് നോക്കി ഒരാൾ മുറിവിൽ മുളക് പുരട്ടി.

“ബാറുകളൊക്കെ പൂട്ടിത്തൊറന്നേ പിന്നെ വിമാനങ്ങളൊക്കെ മൂക്കും കുത്ത്യാ പറക്ക്‌ണത്....” വേറൊരുത്തിയുടെ ചീരാപറങ്കി പ്രയോഗം.

“അല്ലേലും മാസ്റ്റർ എറങ്ങുമ്പോഴേ വലതുകാൽ വയ്ക്കാത്തത് ഞാൻ ശ്രദ്ധിച്ചിരുന്നു...” മൂന്നാമതൊരു വലതൻ കൂടി എരിതീയിൽ എണ്ണയൊഴിച്ചു.

“നമ്മുടെ ദാമോദരൻ മാസ്റ്ററുടെ അളിയന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവിന്റെ അമ്മാവൻ ഡെൽഹിയിലുണ്ട്......” ആരോ ഒന്ന് പ്രതീക്ഷ നൽകുന്ന മറുപടി നൽകി.

“എങ്കിൽ നമ്പെറെടുക്ക്..നമുക്കൊന്ന് വിളിച്ച് നോക്കാം...” മറ്റാരോ പറഞ്ഞു.

“അതിപ്പോ....അവറാൻ കോയ മാസ്റ്ററെ കാണാതാകും ന്ന് മുൻധാരണ ഇല്ലാത്തതിനാൽ നമ്പർ എടുത്തില്ല...” പറഞ്ഞ ആൾ തടിയൂരി.

“ഡെൽഹി പോലീസിൽ ഒന്ന് അറിയിക്കുന്നത് നല്ലതാ...എല്ലാ കോഴകളും കണ്ടുപിടിക്കുന്ന അവർക്ക് നമ്മളെ അവറാൻ കോഴ മാസ്റ്ററേയും കണ്ടെത്താൻ പറ്റിയേക്കും...” വീണ്ടും നിർദ്ദേശം വന്നു.

“ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാ..” എൻ‌ട്രൻസ് പരീക്ഷ എഴുതിയ ആരോ അഭിപ്രായപ്പെട്ടു.

“ടി.വിയിൽ ഒരു ഫ്ലാഷ് ന്യൂസും ഞാൻ നൽകാം....” ഒരാൾ ആ കൃത്യം തന്നെ ഏറ്റെടുത്തു.

“ങ്ഹും ങ്ഹും .... എന്റെ അവറാൻ കാക്കാനെ കാക്കണേ....ഞങ്ങളെ അവറാൻ കാക്കാനെ കാക്കണേ.... ” അഭിപ്രായങ്ങൾ തലങ്ങും വിലങ്ങും ഒഴുകുമ്പോൾ കല്യാണ വീടിന്റെ അടുക്കളഭാഗം കുഞ്ഞാത്തുമ്മാത്തയുടേയും അയൽക്കൂട്ടത്തിന്റേയും സംഘരാഗത്താൽ ശബ്ദമുഖരിതമായി.

“ഇത് കല്യാണവീടോ അതോ മരണവീടോ?” എന്ന് ആരോ ചോദിച്ചപ്പോഴാണ് പല പെണ്ണുങ്ങൾക്കും സ്ഥലകാലബോധം തിരിച്ചു കിട്ടിയത്. അവിടെ ഇരുന്ന് മോങ്ങിയിട്ടും തേങ്ങിയിട്ടും ഫലമില്ല എന്നതിനാൽ കുഞ്ഞാത്തുമ്മാത്തയും അയൽക്കൂട്ടവും അവിടെ നിന്നും മെല്ലെ സ്കൂട്ടായി.

*********************

“നെഞ്ചിനുള്ളിൽ നീയാണ്....കണ്ണിൻ മുന്നിൽ നീയാണ്...കണ്ണടച്ചാൽ നീയാണ് ഫാത്തിമാ.....” പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കുഞ്ഞാത്തുമ്മാത്തയുടെ ഫോൺ റിംഗ് ചെയ്തു.

“ഹലോ...” കുഞ്ഞാത്തുമ്മാത്ത ഫോൺ എടുത്തു.

“ആ....അസ്സലാമലൈക്കും...കുഞ്ഞാത്തോ ഇത് ഞാനാ....”

“യാ കുദാ.....ങ്ങള് ഇത്രേം നേരം യൌട്യേയ്നി മൻസാ....ങ്ങളെപറ്റി ഒരു ബീരോം ഇല്ലാഞ്ഞിട്ട് ഞമ്മളാകെ മുസീബത്തിലായിനി...കല്യാണപ്പൊരേല് ആകെ പാട്ടും കൂത്തും...”

“കല്യാണപ്പൊരേല് ഇപ്പോ പാട്ടും കൂത്തും തന്ന്യാ കുഞ്ഞാത്തോ ഫാഷൻ...”

“അതല്ല മൻസാ.....ങ്ങള് പോയ ബീമാനം കടലിൽ ബീണ് ങ്ങള് മയ്യത്തായീന്ന് പറഞ്ഞ് ഞമ്മളെ അയൽക്കൂട്ടത്തിന്റെ വക ...”

“ന്റെ പടച്ചോനേ....ആരാ അങ്ങനൊക്കെ പറഞ്ഞെ...?ഞാൻ ഇപ്പം തന്നെ ബിളിച്ചത് അതോണ്ടാ...ഇബടെ ഹോട്ടലിൽ ടി.വിം കണ്ട് ഇരിക്കുമ്പം ഒരു ന്യൂസ് അങ്ങനെ മിന്നിമറയ്‌ണ്....ഇന്നലെ ഡെൽഹിക്ക് പുറപ്പെട്ട അവറാൻ മാസ്റ്ററെ ദുരൂഹ സാഹ്ചര്യത്തിൽ കാണാതായി ന്ന്....ആരാ ഇതൊക്കെ പറഞ്ഞ്ണ്ടാക്ക്യേത്?”

“അത്...അത്....യൌടെ പോയാലും സ്ഥലത്ത് എത്ത്യാ ബിളിക്ക്‌ണ ങ്ങളെ ഫോൺബിളി ഇന്നലെ മോന്ത്യായിട്ടും ബെന്ന്‌ല...ആദ്യായിട്ട് ബീമാനത്ത് കേറ്ണ ങ്ങളെങ്ങാനും .....”

“ഓ...അപ്പോ അനക്ക് ഫോൺ ചെയ്യാത്തതാണ് പ്രശ്നം....ബീമാനത്ത്‌ല് കയറ്‌ണ മുമ്പേ ഞാൻ അനക്ക് വിളിച്ചീനി...പക്ഷേ അന്നേരം ഇജ്ജ് ഔട്ട് ഓഫ് കോർപറേഷൻ ഏരിയ....ബീമാനം പൊന്തീട്ട് ഒന്നും കൂടി ബിളിച്ചപ്പം ഞമ്മൾ ഔട്ട് ഓഫ് കോർപറേഷൻ ഏരിയ....ഡെൽഹി എറങ്ങിയപ്പം രാത്രി 11 മണി....അപ്പോഴേക്കും ഞമ്മളെ ഫോൺ ഔട്ട് ഓഫ് ഓഡർ , ചാർജ്ജില്ല ന്ന്....റൂമിലെത്തി ചാർജ്ജ് ചെയ്ത് അന്നെ വിളിക്കാൻ നോക്കുമ്പം ഔട്ട് ഓഫ് ബാലൻസ്....! അങ്ങനെ ആകെ മൊത്തം ഔട്ട്....ഇപ്പം ഈ സർദാർജിന്റെ ഫോണ്ന്നാ ഈ കത്തി മുയ്‌വൻ...മൂപ്പര് ബെല്ലാത്തൊരു നോട്ടം നോക്ക്‌ണ്ണ്ട്...അതോണ്ട് കുഞ്ഞാത്തോ ഞാൻ ബെക്കാ...ഇഞ്ഞി പിന്നെ വിളിക്കാട്ടോ....”


ഗുണപാഠം: മൊബൈൽഫോണിനെ കാതടച്ച് വിശ്വസിക്കരുത്.

20 comments:

Areekkodan | അരീക്കോടന്‍ said...

2015ലെ ആദ്യപോസ്റ്റ് ഒരു ഗുണപാഠത്തോടെ സമർപ്പിക്കുന്നു...

പട്ടേപ്പാടം റാംജി said...

മൊബൈല്‍ ഇല്ലെങ്കില്‍ ചത്തത് പോലെയാ ഇപ്പൊ. ആകെ ഒരു മൂകത. സെക്കന്റുകള്‍ വൈകിയാല്‍ പരാതി.
സംഭവം ഉഷാറായി.

(c)hippy said...

ഈ ഡല്‍ഹീന്നു പറയുമ്പോ, അവാര്‍ഡ് വാങ്ങാനോ മറ്റോ ആണോ കോയ മാഷ് പോയെ.. മാഷേ :D

ente lokam said...

ഹോ മൊത്തം ഔട്ട്‌ ഓഫ് coverage അല്ലേ ??!!
പുതു വർഷത്തിൽ ഔട്ട്‌ ഓഫ് ഏരിയ കഥയിലൂടെ
'ഏരിയ കോഡ് (areacode)' സകല വാർത്താ ഏരിയയിലും
കൈ വെച്ചല്ലോ.പോസ്റ്റ്‌ കലക്കിട്ടോ..

പുതു വര്ഷ ആശംസകൾ

Areekkodan | അരീക്കോടന്‍ said...

റാംജി...ശരിയാ.ഈ കുന്ത്രാണ്ടം ഇല്ലാതെ ഒരു നിമിഷം നിൽക്കാൻ പറ്റാത്ത അവസ്ഥയിലെത്തി.വായനക്കും 2015ലെ ആദ്യ കമന്റിനും നന്ദി

ബിതുൻഷ....ആ കോയ വേറെ, ഈ കോയ വേറെ !!!!

എന്റെ ലോകം....ഞാൻ അറിയാതെ കൈവച്ച് പോയതാ...(ഇനിയും കൈ വയ്ക്കും എന്ന മുന്നറിയിപ്പ് കൂടി നൽകുന്നു)

sivanandg said...

മാഷേ പുതുവൽസരാശംസകൾ

ഇന്ന് ബീവീന്റെ മൊബീലും കൊണ്ടാ പോന്നത് ഓളെ ഔട്ട് ഓഫ് മൊബീലാക്കി.....

Cv Thankappan said...

കലിവരുന്ന സമയങ്ങളാാ......
ആ പരിധിയ്ക്ക് പുറത്ത്............
ആശംസകള്‍

Sabu Kottotty said...

ഈ കുന്ത്രാണ്ടം ഉണ്ടെങ്കിൽ കുഴപ്പമാ... ഇല്ലെങ്കിലോ അതിലേറെ കുഴപ്പമാ... എന്തായാലും മൊബൈലി കുത്തിയുള്ള 2015ന്റെ തുടക്കം ഉസാറായി..

viddiman said...

എല്ലാവർക്കും മൊബൈൽ ഫോൺ ആയതോടെ എല്ലാവരും വിളിപ്പുറത്തായി. അപ്പോഴും പ്രശ്നങ്ങൾ രണ്ട് : ആവശ്യത്തിനും അനാവശ്യത്തിനും വിളിക്കുക., ഔട്ട് ഓഫ് റേഞ്ച്/ചാർജ്ജ്/ബാലൻസ്..

രസകരമായി എഴുതി.

Saheela Nalakath said...

സരസമായി എഴുതിയത്
ചചിരിക്കാന്‍ വക നൽകി.
:-)

Mubi said...

സത്യം പറയാലോ ചില സമയത്ത് പ്രാന്ത് വരും... പോസ്റ്റ്‌ ഉഷാറായി മാഷേ

ബിലാത്തിപട്ടണം Muralee Mukundan said...

കാതടച്ച് മാത്രമല്ല ഭായ്, അതിൽ
കാണുന്നതിനെയെല്ലാം കണ്ണൂമടച്ചും വിശ്വസിക്കരുത്..!
നല്ല ഗുണപാഠം:

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി....ആ ടെസ്റ്റിംഗ് ഇടക്ക് നല്ലതാ...പിടി കിട്ട്യോ?

തങ്കപ്പൻ‌ജി.....ആ കലി അടക്കാൻ പറ്റിയാൽ രക്ഷപ്പെട്ടു.

കൊട്ടോട്ടീ...ഉണ്ടേലും ഇല്ലേലും കുഴപ്പം പിടിച്ച ഒരു സാധനം!!!

വിഢിമാൻ...നന്ദി

Areekkodan | അരീക്കോടന്‍ said...

സഹീല.....സന്ദർശനത്തിനും വായനക്കും നന്ദി

മുബി....അപ്പോ മൊബൈൽ പ്രാന്തും ഉണ്ടാക്കും(മൊബൈലിന്റെ പുതിയ ഉപയോഗം!)

ബ്ബിലാത്തിചേട്ടാ.....അത് രണ്ടാം ഗുണപാഠം

മാനവൻ മയ്യനാട് said...

വായിച്ചു , ആശംസകൾ

Sudheesh Arackal said...

“ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാ..” എൻ‌ട്രൻസ് പരീക്ഷ എഴുതിയ ആരോ അഭിപ്രായപ്പെട്ടുഽ//////////////
ഹൊ.സമ്മതിച്ചു.ഇതു അടിപൊളിയായി.

ജീവി കരിവെള്ളൂർ said...

കത്തയക്കണ കാലമായിരുന്നേല്‍ രക്ഷപ്പെട്ടേനെ ...:)

saifparoppady said...

മാഷിന്റെ പുതിയ പോസ്റ്റിനെ പറ്റി പറയാന്‍ ഞമ്മള് ഔട്ട് ഓഫ് വാക്കുകളായി പ്പോയി കോയാ..

Areekkodan | അരീക്കോടന്‍ said...

മാനവാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതത്തോടൊപ്പം നന്ദിയും !

സുധീഷ്....താങ്കൾക്കും മേല്പറഞ്ഞതാവർത്തിക്കുന്നു (മേൽ പരാമർശം മാറ്റാനിരുന്നതാണ്.ഇനി മാറ്റുന്നില്ല)

ജീവി....കത്തും ആളും ഒരുമിച്ച് തിരിച്ചെത്തും എന്ന് മാത്രം.

സൈഫൂ...അത് ഞമ്മള് പഠിപ്പിച്ച് തരാം കോയാ.

sathees makkoth said...

Really interesting Areekkodanji. Nice

Post a Comment

നന്ദി....വീണ്ടും വരിക