Pages

Monday, June 08, 2015

മുപ്പത്തിയേഴാം വയസ്സിൽ ഫുൾ എ+ !!

കാലം മാറി , കഥ മാറി.പൊതുപരീക്ഷയിൽ റാങ്ക് വാങ്ങിയിരുന്ന കാലം പോയി അങ്ങാടിയിൽ നിന്നും ടാങ്ക് വാങ്ങുന്ന കാലം നിലവിൽ വന്നു.റാങ്ക് വാങ്ങുന്നവനെ കാണാൻ ആർക്കും റങ്ക് ഇല്ലാതായി.പത്രങ്ങളുടെ മുൻപേജിൽ പോസ്റ്റ്കാർഡ് വലിപ്പത്തിൽ ഫോട്ടോ വന്നിരുന്നത്, ഉൾപേജിൽ സ്റ്റാമ്പ് സൈസ് ആയി മാറി.അഞ്ചോ ആറോ പേരുടെ മാത്രം ഫോട്ടോ കാണേണ്ടി  വന്നിരുന്ന പൊതുജനത്തിന് , അരപ്പേജിൽ കുത്തിനിറച്ച പടങ്ങളിൽ നിന്ന് സ്വന്തം മക്കളുടെ ഫോട്ടോ പോലും കണ്ടെത്താൻ പ്രയാസപ്പെടുന്ന കാലം എത്തി.കവലകളിലും മരക്കൊമ്പുകളിലും എല്ലാം ഫുൾ എ+ മുഖങ്ങൾ ഗൗരവം വിടാതെ നിറഞ്ഞു നിന്നു.വിജയശതമാനം എവറസ്റ്റിന്റെ അത്രയും ഉയരത്തിൽ എത്തിയെങ്കിലും ഓഹരി വിപണി പോലെ ചാഞ്ചാടിക്കൊണ്ടിരുന്നു(ഭാഗ്യം കൊണ്ട് ജയിച്ചെന്ന് കേട്ട് പായസം വച്ചവർക്ക് കലം മറിക്കേണ്ടിയും വന്നില്ല, കുടിച്ചവർക്ക് അത് ചർദ്ദിക്കേണ്ടിയും വന്നില്ല!).

അങ്ങനെയിരിക്കെയാണ് മുപ്പത്തിയേഴിന്റെ മൊഞ്ചിൽ നിൽക്കുന്ന ലുബ്നത്താത്തയുടെ മോൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ+ ലഭിക്കുന്നത്.ഫുൾ എ+ കിട്ടിയത് മോൾക്കാണെങ്കിലും കുടുംബത്തിൽ താരമായത് മോളുടെ ഉമ്മ ലുബ്നത്താത്ത തന്നെ.അഭിനന്ദനപ്രവാഹത്തിൽ ലുബ്നത്താത്ത പൊങ്ങുതടി കണക്കെ ഒഴുകിനടന്നു.നാട്ടിലെ സാംസ്കാരിക സംഘടനകൾ മൽസരിച്ച് ഫുൾ എ+ കാരെ ആദരിക്കാൻ തുടങ്ങി.ഒരു വേള ഒരു സ്ഥലത്ത് ഉമ്മയും മറ്റൊരു സ്ഥലത്ത് മോളും പോകേണ്ടി വരുമോ എന്ന് പോലും ആശങ്കപ്പെട്ടു.നാട്ടിലെ മെമെന്റോ നിർമ്മാതാക്കൾക്ക് ചാകരക്കാലമായി.

അത്തരം ഒരു സ്വീകരണ ചടങ്ങിൽ അങ്ങനെ ലുബ്നത്താത്തയും മകളും പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഫുൾ എ+ നേടിയ കുട്ടികളുടെ പേരുകൾ അനൗൺസർ വായിച്ചു കൊണ്ടിരുന്നു.

"ലുബ്ന കെ.പി" അനൗൺസറുടെ പെട്ടെന്ന് വായിച്ചപ്പോൾ ലുബ്നത്താത്ത ഒന്ന് ഞെട്ടി.

"ലുബ്ന കെ.പി" അനൗൺസര് ഒന്ന് കൂടി തറപ്പിച്ച് വായിച്ചു !

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ലുബ്നത്താത്ത ഇരുന്നപ്പോൾ മെമെന്റോയിൽ സ്വന്തം ഫോട്ടോ കണ്ട മകൾ ചാടി എണീറ്റ് ചെന്ന് മെമെന്റോ സ്വീകരിച്ചു.മകളുടെ ഫോട്ടോക്ക് അടിയിൽ ഉമ്മയുടെ പേര് തെറ്റായി ചേർത്തതായിരുന്നു!!

പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരാളുടെ കമന്റ്  - " മുപ്പത്തിയേഴാം വയസ്സിൽ ഫുൾ എ+ വാങ്ങിയ ആൾ അതാ പോകുന്നു "

13 comments:

Areekkodan | അരീക്കോടന്‍ said...

വിജയശതമാനം എവറസ്റ്റിന്റെ അത്രയും ഉയരത്തിൽ എത്തിയെങ്കിലും ഓഹരി വിപണി പോലെ ചാഞ്ചാടിക്കൊണ്ടിരുന്നു

ajith said...

37-ല്‍ ഏ പ്ലസ് വാങ്ങാനും വേണം ഒരു ഭാഗ്യം

Joselet Joseph said...

അത് കലക്കി..
ആ പഴയ റാങ്കിന് തന്നെയായിരുന്നു റങ്ക്.

Sudheer Das said...

അമ്മയാരാ മോള്... അല്ലെ.

Bipin said...

താമസിച്ചു പോയ ഒരു എ പ്ലസ്.

സുധി അറയ്ക്കൽ said...

കവലകളിലും മരക്കൊമ്പുകളിലും എല്ലാം ഫുൾ എ+ മുഖങ്ങൾ ഗൗരവം വിടാതെ നിറഞ്ഞു നിന്നു
..ഹാ ഹാ .ചിരിപ്പിച്ചു..



വായിക്കാൻ അൽപം വൈകി.ഇനി കൃത്യമായ്‌ ഹാജർ വെച്ചോളാം സർ!!!!!

Cv Thankappan said...

ഏ പ്ലസ് കിട്ടാനുള്ള യോഗം ഉണ്ടായിരിക്കും.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ...ഭാഗ്യം പോരാ,യോഗം വേണം !

ജോസ്ലെറ്റ് ...അതെ,റാങ്ക് എന്നത് ഒരു സംഭവം തന്നെയായിരുന്നു

സുധീർദാസ്....ഓ അങ്ങനേയും ചോദിക്കാം അല്ലേ?

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ....ലേറ്റായാലും ലേറ്റസ്റ്റാ !

സുധീ....അത് തമാശയല്ല,ചിരിക്കുന്ന മുഖം ഉണ്ടോ എന്ന് ഒന്ന് ശ്രദ്ധിച്ചു നോക്കൂ

തങ്കപ്പൻ ചേട്ടാ...അതെ, യോഗം യോഗം എന്നാൽ മീറ്റിംഗ് മാത്രമല്ല എന്ന് ഇപ്പോൾ മനസ്സിലായി.

Akbar said...

മകൾക്ക് കിട്ടിയ എ+ ഉമ്മക്ക്‌ കൂടി അവകാശപ്പെട്ടതല്ലേ.. ഉമ്മയുടെ അല്ലെ മകൾ. :)

വിനോദ് കുട്ടത്ത് said...

സമ്മതിച്ചു...... കലക്കി കളറടിച്ചു....... മന്ത്രിക്കും വേണം എ+.......

Areekkodan | അരീക്കോടന്‍ said...

അക്ബർക്കാ....ഉമ്മ എസ്.എസ്.എൽ.സി പാസായിട്ടുള്ളതിനാൽ ഈ ‘മിസ്റ്റേക്ക്’ പ്രശ്ന്മായില്ല്ല.

വിനോദ്ജി....കിട്ടട്ടെ , എല്ലാവർക്കും എ+. എന്നിട്ട് കേരളം ഒരു ഫുൾ “എ” സംസ്ഥാനമായി മാറട്ടെ!!

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം ഉമ്മേടെ പേരല്ലെ
നാട്ടുകാരുടെ പേർ ചേർത്ത് കിട്ടിയവരുടെ കഥ ഒന്ന് ഓർത്ത് നോക്ക്

Post a Comment

നന്ദി....വീണ്ടും വരിക