മൂന്ന് വര്‍ഷം മുമ്പാണ് ,അപ്രതീക്ഷിതമായ
ഒരു വിളിയുടെ അടിസ്ഥാനത്തില്‍ എന്റെ കോളേജിനടുത്ത് തന്നെയുള്ള ആ സ്ഥാപനവും തേടി ഞാന്‍
പുറപ്പെട്ടത്. പറഞ്ഞ് തന്നതില്‍ കണ്ഫ്യൂഷന് ഇല്ലായിരുന്നു , ബട്ട് മനസ്സിലാക്കിയതില്‍
തെറ്റ് പറ്റിയതിനാല്‍ സ്പോട്ടിലെത്താന്‍ അല്പം വൈകി.എന്നെയും കാത്ത് എന്റെ ആതിഥേയന്
പൂമുഖപ്പടിയില്‍ പുഞ്ചിരിച്ച് നില്ക്കുന്നുണ്ടായിരുന്നു.
‘അസ്സലാമുഅലൈക്കും യാ അരീക്കോടന്‍‘ എന്ന് വാ തുറന്ന് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖം അത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.കൈ
നീട്ടി സ്വീകരിച്ച് എന്റെ ആതിഥേയന് ചില കുടുസ്സു വഴികളിലൂടെ എന്നെ ആ കെട്ടിടത്തിനുള്ളിലേക്ക്
നയിച്ചു.മരപ്പലകകള്‍ കൊണ്ട് തീര്‍ത്ത ആ ഇടവഴികളും ഗോവണികളും എന്നെ പഴയ ഒരു വായനാനുഭവത്തിലേക്കാണ് എത്തിച്ചത് – ഷെര്‍ലോക് ഹോംസിന്റെ ഓഫീസായിരുന്ന ലണ്ടനിലെ 221B ബേക്കര്‍ സ്ട്രീറ്റീലേക്ക്.
“അല്പ നേരം ഇവിടെ ഇരിക്കൂ....”
ഒരു പാത്രത്തില്‍ നിന്നും വറുത്ത കായ (ചിപ്സ്) തിന്നുകൊണ്ടിരിക്കുന്ന ഒരാളുടെ അടുത്ത്
എന്നെ ഇരുത്തി എന്റെ ആതിഥേയന് ഏതോ മുറിയുടെ ഇരുട്ടിലേക്ക് മറഞ്ഞു.
‘പുതിയ ഒരു പാത്രത്തില്‍
ചിപ്സും ആവി പറക്കുന്ന ചായയും’ പ്രതീക്ഷിച്ച് ഞാന്‍ അവിടെ ഇരുന്നു.എന്റെ ‘സഹഇരിയന്’
ചിപ്സിന്റെ രുചിയില്‍ മാത്രം കേന്ദ്രീകരിച്ച് ഇരുന്നതിനാല്‍ അരീക്കോടന്‍ എന്ന മഹാസംഭവത്തെപറ്റി
അയാള്‍ക്ക് ഒരു വിവരവും കിട്ടിയില്ല.! അയാളെന്ന
മഹാസംഭവത്തെപറ്റി അരീക്കോടനും ഒരു ചുക്കും
പിടി കിട്ടിയില്ല.!
“വരൂ നമുക്ക് അല്പം ടച്ചിംഗ്സ്
നടത്താം....” ഏകദേശം പത്ത് മിനുറ്റ് കഴിഞ്ഞ് എന്റെ ആതിഥേയന് തിരിച്ചെത്തിക്കൊണ്ട്
പറഞ്ഞു .ടെലിവിഷന്‍ ഷോകളും സീരിയലുകളും കാണാത്തതിനാല്‍ ചിപ്സും ചായക്കുമുള്ള പുതിയ
പേരാണ് ടച്ചിംഗ്സ് എന്ന ധാരണയില്‍ ഞാന്‍ അദ്ദേഹം നയിച്ച വഴിയേ നടന്നു.
“അതാ....അങ്ങോട്ട് കയറിക്കോളൂ....ഞാനിതാ
വന്നു....” ഒറ്റക്കസേരയുള്ള ബാര്‍ബര്‍ഷോപ്പ് പോലെയുള്ള ഒരു കുടുസ്സ് മുറി കാണിച്ച്
തന്ന് ആതിഥേയന് വീണ്ടും സ്കൂട്ടായി ! തിന്നുന്നത് അപരനായിരുന്നെങ്കിലും ചിപ്സിന്റെ
ഗന്ധമെങ്കിലും ആസ്വദിക്കാന്‍ കിട്ടിയിരുന്ന സ്ഥലത്ത് നിന്നും , നേരെ ചൊവ്വെ ശ്വാസം
വിടാന്‍ പോലും പറ്റാത്ത ഒരു റൂമില്‍ “ടച്ചിംഗ്സ്”
പ്രതീക്ഷിച്ച് ഞാന്‍ ഇരുന്നു.തടികൊണ്ട് തീര്‍ത്ത ഇടനാഴിയിലെ കാലൊച്ചകള്‍ക്കൊടുവില്‍
, മുടി നീട്ടിവളര്‍ത്തിയ ഒരു ബുജിയും മുഷിഞ്ഞ ഒരു ബാഗുമായി അസിസ്റ്റന്റും ആ കുടുസ്സ്
മുറിയിലേക്ക് കയറി – മൂന്ന് പേര് അകത്തിരുന്നാല്‍ നടക്കാന്‍ പോകുന്ന വാഗണ്‍ ട്രാജഡി
മുന്‍കൂട്ടി കണ്ട് ഞാന്‍ വാതില്‍ തുറന്നിടാന്‍ പറഞ്ഞു.
“സര്...തുടങ്ങാം...”
ബുജി പറഞ്ഞു.
“എന്ത്?”
“ടച്ചിംഗ്സ് നടത്തേണ്ടത്
സാറിനല്ലേ..?”
“അതേ...എവിടെ സാധനം?”
“സാധനമോ?” ബുജി ഞെട്ടിപ്പോയി.
“സാര്‍ ....ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന പ്രേക്ഷകലക്ഷങ്ങളുടെ മുമ്പിലാണ് ഏതാനും ദിവസങ്ങള്‍ക്കകം
സാര്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്....” ബുജി പറഞ്ഞ് തുടങ്ങി.
“ഓഹോ...!”
“അപ്പോള്‍ സാറെ ഒന്ന്
മൊത്തം കുളിപ്പിച്ച് വൃത്തിയാക്കണം...”
“ങേ! ഞാനിന്ന് കുളിച്ചിട്ട്
തന്നെയാ വന്നത്....നീ പോയി ഒന്ന് കുളിച്ച് വരൂ (ആത്മഗതം)“
“അത് വെള്ളം കുളി , ഇത്
വര്ണ്ണക്കുളി....ഇനി അനങ്ങാതെ അവിടെ ഇരുന്നാല്‍ മതി...ഞങ്ങള്‍ പണി തുടങ്ങട്ടെ....”
നരച്ച ബാഗില്‍ നിന്നും പല ഡെപ്പികളും കുപ്പികളും പുറത്തേക്കെടുത്ത് വച്ച് അസിസ്റ്റന്റ്
ഒരു ബ്രെഷിലേക്ക് പകര്‍ന്ന് കൊടുത്തു.ബുജി അത് എന്റെ മീശയിലെ വെള്ളിരോമങ്ങളിലേക്കും
പകര്‍ത്തി.പൊതുവെത്തന്നെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുള്ള കഷണ്ടിയിലും എന്തോ സാധനം
തേച്ചതോടെ അത് പത്തരമാറ്റില്‍ തിളങ്ങി.പുതിയൊരു ബ്രഷില്‍ എന്തോ സാധനമെടുത്ത് ചുണ്ടിലും
പുരട്ടിയപ്പോള്‍ ഗതികെട്ട് ഞാന്‍ ചോദിച്ചു –
“ബായ്....ഇതെല്ലാം കഴുകിയാല്‍
പോകുന്നത് തന്നെയല്ലേ?”
“അതെന്താ , അങ്ങനെയൊരു
ചോദ്യം ?”
“ഞാന്‍ ഇപ്പോള്‍ കോളേജില്‍
നിന്നാണ് വരുന്നത്....തിരിച്ച് ചെല്ലുമ്പോള്‍ കുട്ടികള്‍ എന്നെ തിരിച്ചറിയാതെ പോകരുത്...വൈകിട്ട്
വീട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും ‘ഇതാരപ്പാ?’ എന്ന് ചോദിച്ചുപോയാല്‍....”
“അതൊന്നും സാര്‍ പേടിക്കേണ്ട....ഇനി
ധൈര്യമായി ക്യാമറയുടെ മുന്നില്‍ ഇരുന്നോളൂ...”
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുള്ള ഒരു റൂമിലേക്ക് എന്നെ ആക്കിത്തന്ന് അവര്‍ സ്ഥലം വിട്ടു.സെല്‍ഫി എന്ന് പേരിട്ട ശേഷം
ജീവിതത്തിലാദ്യമായി അന്ന് ഞാന്‍ ഒരു സെല്‍ഫി എടുത്തു – ഒരു വെടക്കന്‍ സെല്‍ഫി (ഈ വെടക്ക്
കോലത്തെ പിന്നെ എന്താ വിളിക്കാ...?)
പിന്നെ നടന്ന സംഭവങ്ങള്‍ നിങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ദര്‍ശന ടി.വിയിലൂടെ ദര്‍ശിച്ചതിനാല്‍ ഇനിയും വിവരിക്കുന്നില്ല.
4 comments:
മരപ്പലകകള്‍ കൊണ്ട് തീര്‍ത്ത ആ ഇടവഴികളും ഗോവണികളും എന്നെ പഴയ ഒരു വായനാനുഭവത്തിലേക്കാണ് എത്തിച്ചത് – ഷെര്‍ലോക് ഹോംസിന്റെ ഓഫീസായിരുന്ന ലണ്ടനിലെ 221B ബേക്കര്‍ സ്ട്രീറ്റീലേക്ക്.
വല്ലപ്പഴും ഒരു അലങ്കാരമൊക്കെ ആകാമെന്നേ
അജിത്തേട്ടാ....സന്ധ്യക്കെന്തിന് സിന്ധൂരം ?
ഹഹ ടെച്ചിംഗ്സേ :)
Post a Comment
നന്ദി....വീണ്ടും വരിക