സാമൂഹ്യതിന്മകള് നിറഞ്ഞാടുന്ന
ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ പറയാതെ തന്നെ
എല്ലാവരും സമ്മതിക്കും. “ചെകുത്താന്മാര്” വാഴുന്ന കാമ്പസ്സുകളും ചെന്നായ്ക്കള്‍ മേയുന്ന
ഉത്സവപ്പറമ്പുകളും സമീപകാല കേരളത്തിന്റെ ചിത്രങ്ങളാണ്. ഇത്തരം സാമൂഹ്യതിന്മകള് മാധ്യമങ്ങള്‍
കൊണ്ടാടുമ്പോള്‍ തന്നെ നന്മയുടെ ചെറു കൈതിരികള് അങ്ങുമിങ്ങും തലനീട്ടുന്നുണ്ട് എന്നത്
കണ്ടില്ലെന്ന് നടിക്കാനാവില്ല.
ജനുവരി അഞ്ചാം തീയതി എന്‍.എസ്.എസ്
ന്റെ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായി ഞാന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.അതിരാവിലെ
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തി അവിടെ നിന്നും ജനശതാബ്ദിക്ക് കയറാനായിരുന്നു
എന്റെ പദ്ധതി.നേരം പുലരുന്നതിന് മുമ്പ് പ്ലാറ്റ്ഫോമിലെത്തിയ എനിക്ക് ഒരു ചായകുടിക്കാനാഗ്രഹം
ജനിച്ചു.തൊട്ടടുത്ത ചായവില്പനക്കാരന്റെ അടുത്ത് ഒരു ചായക്ക് ഓര്‍ഡര്‍ നല്കിയതും അഗതിയായ
ഒരു സ്ത്രീ അവിടെയെത്തി.അവരുടെ കയ്യിലെ ചില്ലറത്തുട്ടുകള്‍ പെറുക്കി കൂട്ടി ഒരു ചായക്ക്
അവരും ഓര്‍ഡര്‍ നല്കി.
ആ സ്ത്രീക്ക് ഒരു ചായ
വാങ്ങിക്കൊടുക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു അധിക ചെലവും ഇല്ലായിരുന്നു.അതിനാല്‍
തന്നെ എനിക്ക് കിട്ടിയ ചായ ഞാന്‍ അവര്‍ക്ക് നല്കി. കയ്യിലെ ചില്ലറത്തുട്ടുകള്‍ അവര്‍
കടക്കാരന് നേരെ നീട്ടിയപ്പോള്‍ ഞാന്‍ നല്‍കാമെന്ന് ആംഗ്യം കാണിച്ചു. ചുടുചായയുമായി
അവര്‍ എന്റെ കണ്മുന്നില് നിന്നും മറഞ്ഞു.ഞാന്‍ ചായക്കായി വീണ്ടും കൈ നീട്ടിയപ്പോള്‍
കടക്കാരന് ഒന്ന് നോക്കിയ ശേഷം ചായ തന്നു.രണ്ട് ചായയുടെ തുകയായി ഞാന്‍ 20 രൂപയും കൊടുത്തു.പക്ഷേ
ഒരു ചായയുടെ കാശ് അയാള്‍ സ്വീകരിച്ചില്ല.ഒരു പാവം സ്ത്രീക്ക് ചുടുചായ നല്‍കിക്കൊണ്ട്
അദ്ദേഹത്തിന്റെ ആ ദിവസം നന്മയില് പുലര്‍ന്നപ്പോള്‍ എന്റെ മനസ്സിലും സന്തോഷത്തിന്റെ
ഒരായിരം സൂര്യകിരണങ്ങള്‍ വിരിഞ്ഞു.
അതേ ദിവസം വൈകിട്ട് 5 മണി.സ്ഥലം തിരുവനന്തപുരത്ത് പാളയം പള്ളിയുടെ
സമീപം. ചായ കുടിക്കാനായി ഞാന്‍ തൊട്ടടുത്ത കടയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആ കാഴ്ച എന്റെ ശ്രദ്ധയില്‍
പെട്ടു – വളരെ മോഡേണ്‍ ആയി എന്നാല്‍ നല്ല രീതിയില്‍ വസ്ത്രധാരണം നടത്തിയ നാലഞ്ച് പെണ്‍കുട്ടികള്‍
റോഡ് മുറിച്ച് കടന്ന് വരുന്നുണ്ടായിരുന്നു.കൂട്ടത്തിലെ ജീന്‍സ് ധാരിയായ പെണ്‍കുട്ടി, കറുത്ത് മെലിഞ്ഞ ഒരു മധ്യവയസ്കന്റെ കൈ പിടിച്ചിട്ടുണ്ട്.അന്ധനായ അയാളെ തിരക്കേറിയ
ആ റോഡ് ക്രോസ് ചെയ്യിപ്പിക്കുകയാണ് തലസ്ഥാനത്തെ ഏതോ കോളേജില്‍ പഠിക്കുന്ന ഈ കുമാരികള്.
റോഡ് ക്രോസ് ചെയ്ത ശേഷവും അയാളെ അവര്‍ കൈവിട്ടില്ല.തൊട്ടടുത്ത ബസ്സ്റ്റോപ്പിലേക്കോ
മറ്റോ അവര്‍ നീങ്ങി.
കാരുണ്യത്തിന്റെ തെളിനീരുറവകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇപ്പോഴും
നിലനില്‍ക്കുന്നുണ്ട്.അവയെ പരിപോഷിപ്പിച്ചാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി
മാറും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.നമ്മുടെ മക്കളിലെങ്കിലും ഈ സഹാനുഭൂതി വളര്‍ത്താന്‍
നമുക്ക് പരിശ്രമിക്കാം.
5 comments:
അതേ ദിവസം വൈകിട്ട് 5 മണി.സ്ഥലം തിരുവനന്തപുരത്ത് പാളയം പള്ളിയുടെ സമീപം. ചായ കുടിക്കാനായി ഞാന്‍ തൊട്ടടുത്ത കടയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആ കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടു
ഇതൊക്കെയാണു നാം കാണാൻ ആഗ്രഹിക്കുന്നത്
ഇത്തരം നന്മകൾ എന്നും നിലനില്ക്കട്ടെ ....
നന്മയുള്ള വാര്‍ത്ത
നന്മയുടെ വിത്തുകള്‍ മുളച്ചുപൊന്തട്ടെ!
ആശംസകള്‍ മാഷെ
Post a Comment
നന്ദി....വീണ്ടും വരിക