Pages

Wednesday, June 22, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...3

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

“ഞാന്‍ ഒരു മാജിക് കാണിച്ച് തരാം...” ശരീഫ് കയ്യിലെ ചെറിയ കുപ്പി കാണിച്ച് പറഞ്ഞു. കേട്ടവര്‍ എല്ലാം ശരീഫിന്റെ ചുറ്റും കൂടി. അവന്റെ കയ്യിലെ കുപ്പിയിലെ നീല വെള്ളം കൂടി കണ്ടപ്പോള്‍ അവന്‍ എന്തോ ചെയ്യാന്‍ പോകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടായി.

“പക്ഷേ....മാജിക് കാണണമെങ്കില്‍ ഒരു കോല്‍ തരണം...” ക്ലാസ്സില് പണമിടപാട് പറ്റാത്തതിനാലും അത്രയും ‘ധനികര്‍’ അല്ലാത്തതിനാലും ഞങ്ങളുടെ കറന്‍സിയുടെ പേര് കോല്‍ എന്നായിരുന്നു.സ്ലേറ്റ് പെന്‍സിലിന്റെ ഒരു കഷ്ണത്തിനാണ് കോല്‍ എന്ന് പറയുന്നത്. കഷ്ടിച്ച് കയ്യില്‍ പിടിച്ച് എഴുതാന്‍ പറ്റുന്നതായിരിക്കണം അതിന്റെ ഏറ്റവും മിനിമും വലിപ്പം എന്ന് മാത്രമേ നിബന്ധനയുള്ളൂ.എല്ലാവരുടെ കയ്യിലും ഒരു കഷ്ണം പെന്‍സിലേ ഉണ്ടാകൂ.അതില്‍ നിന്നും ഒന്ന് കൂടി പൊട്ടിച്ചാല്‍ പിന്നെ മലയാളം അദ്ധ്യാപകന്റെ വക ശകാരം കിട്ടും.അതിനാല്‍ ഈ നിബന്ധന അധികമാരും സ്വീകരിച്ചില്ല.

“ഇവന് മാജിക് സ്ത്രീയായി കാണാം...” എന്റെ നേരെ ചൂണ്ടി ശരീഫ് പറഞ്ഞപ്പോള്‍ ഈ സ്ത്രീ പ്രയോഗം എനിക്കും മനസ്സിലായില്ല.
“ഇജ്ജ് ഒന്നും തരണ്ടാ...കേട്ടെയ്ത്ത് പറ്യമ്പം ഇച്ചും കാണിച്ച് തന്നാ മതി...” ശരീഫ് മാജിക് കാണാനുള്ള ഔദാര്യത്തിന്റെ കാരണം മെല്ലെ എന്റെ ചെവിയില്‍ മന്ത്രിച്ചു.

“ജ്ജ് പോയി ഒരു ബെള്ളത്തണ്ട് കൊണ്ട് ബാ...ബെള്ളത്തണ്ട് കൊണ്ട് ബര്ണോനും മാജിക് സ്ത്രീയായി കാണാം...” ജാബിറിനോട് ശരീഫ് പ്രഖ്യാപ്പിച്ചു.

“ബെള്ളത്തണ്ട് ന്റെ കജ്ജ്‌ല്ണ്ട്....ഒരു കസ്ണത്തിന് ഒരു കോല്...” നാണി പറഞ്ഞു.

“ന്നാ അനക്കും മാജിക് സ്ത്രീ !!” നാണിക്കും ശരീഫ് സൌജന്യം അനുവദിച്ചു.നാണി കൊടുത്ത വെള്ളത്തണ്ട് കഷ്ണം ശരീഫ് മെല്ലെ കുപ്പിയിലേക്ക് ഇറക്കി വച്ചു.

(  അന്ന് ഫോട്ടോ എടുക്കാത്തതിനാല്‍ ഇപ്പോ ഗൂഗിളില്‍ നിന്ന് എടുത്ത് വയ്ക്കാനേ നിവൃത്തിയുള്ളൂ )

“ഞ്ഞ്....ഈ പിരീഡ് കയ്ഞ്ഞ്ട്ട് നോക്ക്യാ മതി....എല്ലാരും സീറ്റ്‌ക്ക് പൊയ്ക്കോളി....” ശരീഫ് അടുത്ത നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കുപ്പി അവന്റെ അടുത്തുള്ള ഒരു മൂലയിലേക്ക് വച്ചു.

“ഫൂ‍ൂ.... ഇതാപ്പം അന്റ്റ്റൊര് മാജിക്...മര്യാദിക്ക് എല്ലാര്‍ക്കും കാണിച്ചു കൊടുത്തോ...ആരും കോല് കൊടുക്കണ്ടാ...” അതുവരെ എവിടെയോ ആയിരുന്ന ശുഹൈബ് പെട്ടെന്ന് രംഗപ്രവേശം ചെയ്തു. ശരീഫ് പേടിച്ച് സമ്മതിച്ചെങ്കിലും പിരീഡ് കഴിഞ്ഞതോടെ ഞങ്ങള്‍ അത് മറന്നുപോയി.

പുറത്ത് മഴ ഇപ്പോഴും തിമര്‍ത്ത് പെയ്യുകയാണ്.തറയുടെ ഓരം പറ്റി കുറെ വെള്ളത്തണ്ടുകള്‍ മഴയില്‍ നൃത്തം ചെയ്യുന്നുണ്ട്.ഇപ്പോള്‍ ഒന്നാം ക്ലാസു മുതലേ എല്ലാവരുടെ കയ്യിലും നോട്ടുബുക്കാണ്.സ്ലേറ്റ് ഔട്ട് ഓഫ് ഫേഷനായി.സ്ലേറ്റില്‍ വെള്ളത്തണ്ട് പ്രയോഗിക്കുന്നത് കുട്ടികള്‍ക്ക് അറിയുകയുമില്ല.പെട്ടെന്ന് എന്റെ കണ്ണ് രണ്ട് വെള്ളത്തണ്ട് ചെടികള്‍ക്കിടയിലെ ആ തിളങ്ങുന്ന വസ്തുവില്‍ ഉടക്കി.

(തുടരും....)

8 comments:

Areekkodan | അരീക്കോടന്‍ said...

“ഇവന് മാജിക് സ്ത്രീയായി കാണാം...” എന്റെ നേരെ ചൂണ്ടി ശരീഫ് പറഞ്ഞപ്പോള്‍ ഈ സ്ത്രീ പ്രയോഗം എനിക്കും മനസ്സിലായില്ല.

keraladasanunni said...

സസ്യങ്ങള്‍ വേരിലൂടെ വെള്ളവും ഭക്ഷണവും ആഗിരണം ചെയ്യുന്നു എന്ന് തെളിയിക്കാന്‍ ബാലന്‍ മാഷ് ഈ പരീഷണം നടത്തിയത് ഓര്‍മ്മ വന്നു.

Areekkodan | അരീക്കോടന്‍ said...

പാലക്കാട്ടേട്ടാ...അതെ, അങ്ങനെ എന്തൊക്കെ പരീക്ഷണങ്ങള്‍

Cv Thankappan said...

മഷിത്തണ്ടുച്ചെടിയുടെ തണ്ടിലെ വെള്ളം പിഴിഞ്ഞുകളഞ്ഞ് ഒരു കളിയുണ്ട് മാഷെ...
ആശംസകള്‍

ajith said...

എന്തെല്ലാം പരീക്ഷണങ്ങൾ കഴിഞ്ഞാ ഇവിടെ വരെ ഒന്നെത്ത്യേത്!!

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ഒഴിവുദിവസത്തെ കളി ആണോ? അതൊന്ന് പങ്കുവയ്കൂ...

അജിത്തേട്ടാ...ഹ ഹ ഹാ

Muralee Mukundan , ബിലാത്തിപട്ടണം said...

കെമിക്കൽ മാജിക്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അന്നത് അറിയൂലല്ലോ.

Post a Comment

നന്ദി....വീണ്ടും വരിക