Pages

Monday, October 09, 2017

പുരവഞ്ചിയിലൊരു സഞ്ചാരം

  ഭാഗം 1 :    ടൌൺ റ്റു ടൌൺ ട്രെയിൻ !            

                     പുരവഞ്ചിയിൽ കയറിയതും എവിടെ പോയി ഇരിക്കണം എന്ന് ഞങ്ങൾക്ക് കൺഫ്യൂഷനായി. ബോട്ട് ഡ്രൈവറുടെ തൊട്ടു പിന്നിൽ, ഇരിക്കാനുള്ള സോഫയുണ്ട്. വെള്ളത്തിലേക്ക് കണ്ണും നട്ടിരിക്കാൻ സൈഡിൽ ചാരുപടിയുണ്ട്. കോണി കയറി മുകളിൽ ചെന്നാൽ ചെറിയ ഒരു ബാൽക്കെണിയുണ്ട്. കിടക്കണമെങ്കിൽ രണ്ട് ബെഡ്‌റൂമുകളുമുണ്ട്.  കരിമീനിന്റെ ഒരു കഷ്ണമെങ്കിലും കിട്ടുമോ എന്നറിയാൻ ഹന്ന അടുക്കളയിലും എത്തി നോക്കി.

                  പുരവഞ്ചി സഞ്ചാരം ആരംഭിച്ചതും, കരിമീൻ കിട്ടാത്ത കലിപ്പ് ഹന്ന ബാൽക്കണിയിൽ കയറി പാടിത്തീർക്കാൻ തുടങ്ങി. ഞാൻ പുന്നമടക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനും. കൊണ്ടോട്ടിയിലേക്കുള്ള ബസ് പോകുന്നത് പോലെ, വഞ്ചി ഉരുട്ടുന്നത് കണ്ടപ്പോൾ സ്റ്റിയറിംഗ് ഒന്ന് ഏറ്റെടുത്താലോ എന്ന് തോന്നി. ഡ്രൈവറെ മാറ്റി ഞാൻ വളയം, അല്ല മരച്ചക്രം കയ്യിലേന്തി. റോട്ടിൽ കാർ ഓടിക്കുന്ന പോലെ അത്ര എളുപ്പമല്ല തോട്ടിൽ ബോട്ട് ഓടിക്കാൻ എന്ന് പെട്ടെന്ന് മനസ്സിലായി. ആക്സിലെറേറ്റർ കാണാത്തതിനാൽ സ്പീഡ് കൂട്ടാനും വയ്യ.
              കായലിൽ വെയിലിന്റെ ചൂട് കൂടി വന്നു. സൂര്യ കിരണങ്ങൾ ഏറ്റുവാങ്ങി എന്റെ കഷണ്ടി പതിവിലും നന്നായി തിളങ്ങി. എങ്കിലും ബാൽക്കെണിയിൽ കയറി അങ്ങകലെ വേമ്പനാട്ട് കായലിലൂടെ നീങ്ങുന്ന ബോട്ടുകളെ നോക്കി വെള്ളമിറക്കി - കാരണം ഞങ്ങളുടെ യാത്ര 2 മണിക്കൂർ മാത്രമല്ലേയുള്ളൂ. ഇത് ഈ സ്പീഡിൽ പോയി വേമ്പനാട്ട് കായൽ തൊട്ടാൽ ബോട്ട്കൂലി അടച്ച് എന്റെ ട്രൌസർ കീറും എന്നുറപ്പ്.
                     ഈ വെള്ളത്തിലൂടെ ഇങ്ങനെ മണിക്കൂറുകളോളം ചുറ്റി അങ്ങകലെ എവിടെയോ നങ്കൂരമിട്ട് രാത്രി മുഴുവൻ ബോട്ടിൽ തന്നെ കഴിയുന്നതരം ഒരു ടൂറിസം ഇപ്പോള്‍ നിലവിലുണ്ട്.അങ്ങനെയൊന്നില്‍ കയറിയ എന്റെ ഭാര്യയുടെ ഒരു ബന്ധുവും കുടുംബവും ബോട്ട് നിര്‍ത്തിയ സ്ഥലത്ത് നിന്ന് കരയിലെത്തി ആലപ്പുഴ ടൌണിലൊക്കെ കറങ്ങി രാത്രി തിരിച്ച് ബോട്ടില്‍ തന്നെയെത്തിയത്രെ!ഈ താമസത്തില്‍ കൊതുക്‌ കടി അപാരമായിരിക്കും എന്ന് ചിലർ പറയുന്നു.കീശയുടെ ചോർച്ചയും ഭീകരമായിരിക്കും എന്നുറപ്പ്. അനുഭവിക്കാത്തതിനാൽ നൊ കമന്റ്‌സ്. രണ്ട് ഫാമിലിക്കുള്ള സെറ്റ് അപ് മിക്കവാറും എല്ലാ പുരവഞ്ചികളിലും ഉണ്ട്. കൂടുതൽ ഫാമിലികള്‍ ഉണ്ടാകുമ്പോൾ എന്ത് ചെയ്യും ആവോ?
                രണ്ട് മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾക്ക് മതിയായി. അപ്പോൾ ദിവസം മുഴുവൻ ഇതിൽ തങ്ങാന്‍ തീരുമാനിച്ചവര്‍  ചെയ്ത പാപം എന്താണാവോ? വള്ളം തിരിച്ച് കരയിലേക്ക് തന്നെ വിട‍ാന്‍ തുടങ്ങി.


                  വെള്ളിയാഴ്ച ആയതിനാല്‍ കരയിലെത്തിയ ഉടനെ  ഞങ്ങള്‍ ആണുങ്ങളായവര്‍ പള്ളിയിലേക്ക് തിരിച്ചു. ജുമുഅ കഴിഞ്ഞപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. അവാര്‍ഡ് ദാനം നിശ്ചയിച്ചത് അഞ്ച് മണിക്കായതിനാല്‍ ഭക്ഷണം കഴിക്കാതെ പുറപ്പെട്ടാല്‍ പോലും പാറ്റൂരില്‍ എത്താന്‍ പറ്റാത്ത അവസ്ഥ. ദൈവം സഹായിച്ച് ആലപ്പുഴ നിന്നും ഒരു നല്ല ടാക്സിക്കാരനെ കിട്ടി. ഹന്നയുടെ കരിമീന്‍ മോഹങ്ങള്‍ എറിഞ്ഞുടച്ച്, ഞങ്ങള്‍ ആറു പേരും കൂടി ആ അംബാസഡറില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പുറപ്പെട്ടു.

(അവസാനിച്ചു...)

ശേഷം ഉണ്ടായ അനുഭവം.

7 comments:

Areekkodan | അരീക്കോടന്‍ said...

ഡ്രൈവറെ മാറ്റി ഞാൻ വളയം, അല്ല മരച്ചക്രം കയ്യിലേന്തി. റോട്ടിൽ കാർ ഓടിക്കുന്ന പോലെ അത്ര എളുപ്പമല്ല തോട്ടിൽ ബോട്ട് ഓടിക്കാൻ എന്ന് പെട്ടെന്ന് മനസ്സിലായി.

Basheer Vellarakad said...

ഇന്ന് ഒരു ഉൾ വിളി തോന്നു ബ്ലോഗ് സന്ദർശിച്ചു ..ആദ്യം കണ്ണിൽ തടഞ്ഞതും വായിച്ചതും ഈ യാത്ര വിവരണം .... നന്നായി..

Areekkodan | അരീക്കോടന്‍ said...

ബഷീർ ഭായ്...കുറെ കാലത്തിന് ശേഷം ഇവിടെ കണ്ടതിൽ സന്തോഷം.

Mubi said...

ഹന്നക്ക് കരിമീന്‍ കിട്ടിയില്ലേ? അത് കഷ്ടായിട്ടോ

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ, കഷ്ടായി.വനിതാ ആശാഭംഗം വരുത്തിയതിന് കേസൊന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു.

Cv Thankappan said...

കഷ്ടായി.പാവംഹന്നയേക്കൊണ്ട് കരിമീന്‍പ്പാട്ടും പാടിപ്പിച്ചു!
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അയില പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്...അങ്ങ് ചെന്നൈ മറീനാ ബീച്ചില്‍

Post a Comment

നന്ദി....വീണ്ടും വരിക