Pages

Friday, May 25, 2018

മേഘക്കടലും താണ്ടി....

            ഡെല്‍ഹി എയര്‍പോര്‍ട്ടിന്റെ പുറത്ത് കൂടി ഉലാത്തുമ്പോള്‍ ചില ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയാലോ എന്ന് തോന്നി. പക്ഷെ ഉള്ളില്‍ ഒരു ചെറിയ ഭയം തോന്നിയതിനാല്‍ പാത്തും പതുങ്ങിയും ഒരു വിമാനം ടേക് ഓഫിന് വേണ്ടി പോകുന്നതും ഒരു ഹെലികോപ്റ്റര്‍ പറക്കുന്നതും മാത്രം വീഡിയോ എടുത്തു. ഇനി ആ ഭയത്തിന്റെ കാരണം കൂടി പറയാം.

             2007ല്‍ ഞാന്‍ ഹൈദരബാദിലേക്ക് ഒരു ഫാമിലി ടൂര്‍ പോയിരുന്നു. യാത്രയുടെ ഫോട്ടോകളും ചെറിയ വീഡിയൊ ക്ലിപ്പുകളും മ്യൂസിക്കല്‍ ആല്‍ബം രൂപത്തിലാക്കുന്നത് അന്ന് എന്റെ ഒരു ഹോബിയായിരുന്നു. ഹൈദരാബാദ് റെയില്‍‌വെ സ്റ്റേഷനും പരിസരവും വീഡിയോയില്‍ പകര്‍ത്താനായി ഒരു ദിവസം രാവിലെ ഒറ്റക്ക് ഞാന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.

            സ്റ്റേഷനിലെത്തി പുറത്ത് നിന്നും  ഞാന്‍ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രവേശന കവാടത്തില്‍ ഒരാള്‍ എന്നെത്തന്നെ തുറിച്ച് ശ്രദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം മെല്ലെ അവിടെ നിന്നും ഇറങ്ങി വന്ന് എന്റെ അടുത്തെത്തി ഒരു ചോദ്യം...

“ഹൂ ആര്‍ യൂ ? വാട്ട് ആര്‍ യൂ ഡൂയിംഗ്?“ പെട്ടെന്നുള്ള ചോദ്യത്തില്‍ ഞാന്‍ ഒന്ന് പതറി.

“ഞാന്‍ ഇതിന്റെ ഒരു ....” ഇംഗ്ലീഷ് ചോദ്യത്തിന് എന്റെ ഉത്തരം മലയാളത്തിലായിപ്പോയി.

“ഓ...എന്തിന് വേണ്ടിയാ ഈ വീഡിയോ പിടിക്കുന്നത് ? മക്കാ മസ്ജിദ് സ്ഫോടനത്തിന് ശേഷം സംശയാസ്പദമായി ഫോട്ടോയും വീഡിയോയും എടുക്കുന്നവരെ ശ്രദ്ധിക്കണം എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്...”

“ങേ!” ഞാന്‍ ഞെട്ടി. ഹൈദരബാദില്‍ സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്യുന്ന കായംകുളത്ത്‌കാരനായ അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് അന്ന് ആ പരിപാടി വേഗം നിര്‍ത്തി ഞാന്‍ റൂമിലെത്തി. അങ്ങനെ എന്തെങ്കിലും ഡെല്‍ഹിയിലും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

              പ്രവേശന കവാടത്തില്‍ ടിക്കറ്റും ആധാര്‍ കാര്‍ഡും കാണിച്ച് ഞാന്‍ അകത്ത് കയറി. തിരിച്ചു പോരുന്നതും ഇന്‍ഡിഗോയില്‍ ആയതിനാല്‍ ഞാന്‍ അവരുടെ ചെക്ക് ഇന്‍ പോയിന്റിലേക്ക് നീങ്ങി. നാലഞ്ച് കൌണ്ടര്‍ ഉണ്ടെങ്കിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. അപ്പോഴാണ് അവിടെയും ഒരു സെല്‍ഫ് ചെക്ക് ഇന്‍ മെഷീന്‍ ആളൊഴിഞ്ഞ് കിടക്കുന്നത് കണ്ടത്. ഞാന്‍ അങ്ങോട്ട് നീങ്ങി എന്റെ പി.എന്‍.ആര്‍ നമ്പര്‍ (അത് തന്നെയല്ലേ പറയുക?) എന്റര്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം രണ്ട് ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് ചെയ്ത് പുറത്തേക്ക് വന്നു.

            തൊട്ട് മുമ്പ് ചെക്ക് ചെയ്ത ആളുടെ കൂടി ബോര്‍ഡിംഗ് പാസ് കൂടി എനിക്ക് തന്ന മെഷീനിനെ ഞാന്‍ കൈ കൂപ്പി ആദരിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ നിന്ന സ്റ്റാഫ് അവ എടുത്ത് നോക്കി എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു....
“യൂ ഹാവ് റ്റു ചെക്ക് ഔട്ട് അറ്റ് ഹൈദരബാദ് ആന്റ് റ്റു അണ്ടര്‍ ഗൊ സെക്യൂരിറ്റി ചെക്ക് ഇന്‍ എഗൈന്‍ ദേര്‍...ദാറ്റ് ഇസ് വൈ റ്റു ബോര്‍ഡിംഗ് പാസ്സെസ്...”

അപ്പോഴാണ് ആ ഫ്ലൈറ്റ് ഹൈദരാബാദ് വരെയുള്ളൂ എന്നും അവിടെ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റില്‍ മാറിക്കയറണം എന്നും ഞാന്‍ മനസ്സിലാക്കിയത് ! ഇങ്ങോട്ട് പോന്നപ്പോള്‍ ചെയ്ത എല്ലാ ഫോര്‍മാലിറ്റികളും  മുഴുവനാക്കി ഞാന്‍ അകത്തെ കാഴ്ചകള്‍ കണ്ട് നടന്നു. മുമ്പ് വന്നപ്പോള്‍ ഒരു കാപ്പിക്ക് 90 രൂപ വാങ്ങിയ കടയുടമ ഇപ്പോഴും അവിടെയുണ്ട്. ഉച്ച സമയം ആയതിനാല്‍ ആമാശയം അലാറം മുഴക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ മുന്നിലെ കടയില്‍ കണ്ട “കോമ്പോ ഓഫറിലൂടെ” (!!) മസാലദോശയും വടയും കോഫിയും വാങ്ങി അന്നത്തെ നഷ്ടം നികത്തി.
               അല്പ സമയത്തിനകം തന്നെ ഞാന്‍ വിമാനത്തിനകത്തെത്തി. ഇത്തവണ വിന്റൊ സീറ്റ് ലഭിക്കാത്തതിനാല്‍ പുറം കാഴ്ചകള്‍ കാണാന്‍ സാധിക്കുമായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പ സമയം കഴിഞ്ഞ് ഒരു അറിയിപ്പ് വന്നു.....

“Due to bad weather captain informs that there is a possibility for turbulance...All are requested to tighten their seat belts..."

              വിമാനയാത്രയില്‍ ഇത് സാധാരണമാണെങ്കിലും അപൂര്‍വ്വമായി യാത്ര ചെയ്യുന്ന എന്നെപ്പോലെയുള്ളവരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പായാന്‍ അത് മതി. പുറത്തേക്ക് നോക്കിയപ്പോള്‍ മേഘക്കടലിന് മുകളില്‍ തുഴഞ്ഞ് നീങ്ങുന്ന പ്രതീതി. ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട് വിന്റൊ സീറ്റിലിരുന്ന സ്ത്രീ എനിക്കായി അത് എന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് തന്നു.
                 പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ വിമാനം സുന്ദരമായി ഹൈദരബാദില്‍ ലാന്റ് ചെയ്തു. എല്ലാവരും പുറത്തേക്ക് പോകുന്ന വഴിയിലൂടെ ഞാനും നടന്നു. പെട്ടെന്ന്, പണ്ട് കെമിസ്ട്രിയില്‍ പഠിച്ച  ഉഭയദിശാ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന പോലെ രണ്ട് ദിശയിലേക്കുമുള്ള ഒരു ആരൊ മാര്‍ക്ക് എന്റെ ശ്രദ്ധയില്‍ പെട്ടു. ചിലര്‍ അങ്ങോട്ട് നീങ്ങുന്നതും കണ്ടു. ഞാനും ആ വഴി നീങ്ങി സെക്യൂരിറ്റി ചെക്ക് ഇന്‍ പോയിന്റിലെത്തി. പരിശോധനകള്‍ കഴിഞ്ഞ് വീണ്ടും ‘അകത്തായി’.അതാണ് ട്രാന്‍സിറ്റ് എന്ന് പറയുന്ന പരിപാടി.

           മിനുട്ടിന് മിനുട്ടിന് വിമാനം ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യുന്നതും നോക്കി ഞാന്‍ ലോബിയിലിരുന്നു. ഒന്നര മണിക്കൂറ് ഇതിനിടക്ക് പോയത് അറിഞ്ഞതേ ഇല്ല. ബോര്‍ഡിംഗ് അറിയിപ്പ് വന്നതോടെ ഞാന്‍ അങ്ങോട്ട് നീങ്ങി. വീണ്ടും അടുത്ത ഇന്‍ഡിഗോയില്‍ സീറ്റുറപ്പിച്ചു. ഇത്തവണ വിന്റൊ സീറ്റ് തന്നെ ലഭിക്കുകയും ചെയ്തു. അല്പ സമയത്തിനകം തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു.. 
               സമയം സന്ധ്യയോട് അടുക്കുന്നതായി ഇടക്കെപ്പോഴോ പുറത്തേക്ക് നോക്കിയപ്പോള്‍ മനസ്സിലായി. മേഘക്കടലില്‍ സൂര്യന്‍ അസ്തമിക്കുന്ന അപൂര്‍വ്വ കാഴ്ച ഞാന്‍ ആസ്വദിച്ചു.
                 രാത്രി ഏഴരയോടെ വിമാനം കോഴിക്കോട് ലാന്റ് ചെയ്തു. നേരത്തെ കണ്ട രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ ഞാന്‍ വന്നിറങ്ങിയ വിമാനം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബേയിലൂടെ നേരെ ലോബിയിലേക്ക് നടന്നു പോകുന്ന യാത്രക്കാര്‍. ലോബിയിലും പുറത്തും ഒട്ടും തിരക്കും ഇല്ല. എന്റെ വീട്ടില്‍നിന്നും 16 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിമാനത്താവളത്തിന്റെ സ്ഥിതി ഇതാണെങ്കിലും അവിടെ വന്നിറങ്ങാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും തോന്നി. അങ്ങനെ ഈ ഡെല്‍ഹി യാത്രയും ശുഭ പര്യവസാനിയായി.

3 comments:

അരീക്കോടന്‍ said...

തൊട്ട് മുമ്പ് ചെക്ക് ചെയ്ത ആളുടെ കൂടി ബോര്‍ഡിംഗ് പാസ് കൂടി എനിക്ക് തന്ന മെഷീനിനെ ഞാന്‍ കൈ കൂപ്പി ആദരിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ നിന്ന സ്റ്റാഫ് അവ എടുത്ത് നോക്കി എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു....

shajitha said...

njangngaleppole vimanam akasathukoode maathram poyi kandavarkku valare interesting annu itharam anubavakkurippukal

Areekkodan | അരീക്കോടന്‍ said...

ഷാജിത...ഞാനും ആ ഗണത്തില്‍ പെട്ടവനായിരുന്നു.നാലഞ്ച് വര്‍ഷം മുമ്പ് മാത്രമാണ് കൂടുമാറിയത്.

OT: “കണ്ണുനീര്‍ത്തുള്ളി” വറ്റിപ്പോയോ ??

Post a Comment

നന്ദി....വീണ്ടും വരിക