കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ 2012 ലെ സപ്തദിന ക്യാമ്പ് എലത്തുരിനടുത്ത് നടുത്തുരുത്തിയിൽ ആയിരുന്നു. സാധാരണ ക്യാമ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിഭിന്നമായി ഒരു രക്തദാന ക്യാമ്പ് കൂടി ഞങ്ങൾ പ്രധാന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്തായിരുന്നു അതിന്റെ പിന്നിലെ പ്രചോദനം എന്ന് ഇന്ന് ഓർമ്മയില്ല.
കോളേജിൽ നടക്കുന്ന രക്തദാന ക്യാമ്പ് പോലെ പെൺകുട്ടികളടക്കം നിരവധി പേർ രക്തം ദാനം ചെയ്തു. കോളേജിൽ എല്ലാ കുട്ടികളും ഉണ്ടാകുമ്പോൾ ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാരും ആ നാട്ടിലെ ഏതാനും ആൾക്കാരും മാത്രമായി എന്ന് മാത്രം. രക്തം ദാനം ചെയ്യുന്നവരുടെ അടുത്ത് ചെന്ന് കുശലം ചോദിക്കുന്നത് ക്യാമ്പുകളിൽ ഞാൻ ചെയ്തിരുന്ന ഒരു വേറിട്ട വഴിയായിരുന്നു. ആദ്യമായിട്ട് രക്തം ദാനം ചെയ്യുന്നവർക്ക് ഒരു മനോബലം അതിലൂടെ ലഭിക്കും. ഞാൻ അല്ലെങ്കിൽ അതിന് വേണ്ടി നിയോഗിക്കപ്പെട്ട മറ്റു വളണ്ടിയർമാർ അത് ഭംഗിയായി നിർവ്വഹിക്കും.ഇത് കാരണം ബെഡിൽ കിടക്കുന്ന സമയത്തിന്റെ ദൈർഘ്യം ദാതാവ് പലപ്പോഴും അറിയാറേ ഇല്ല.
പഠനത്തിലും സാമൂഹ്യ സേവനത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന നോർത്ത് പറവൂർ സ്വദേശി ലക്ഷ്മിയും ആ ക്യാമ്പിൽ വളണ്ടിയർ ആയി പങ്കെടുത്തിരുന്നു .അങ്ങനെ അന്ന് ഞാൻ രക്തം ദാനം ചെയ്തു കൊണ്ടിരുന്ന ലക്ഷ്മിയുടെ അടുത്തെത്തി വെറുതെ ചോദിച്ചു.
"എത്ര തവണ രക്തം ദാനം ചെയ്തിട്ടുണ്ട് ?"
"ആദ്യമായിട്ടാ സാർ " അഭിമാനത്തോടെയുള്ള മറുപടി.
"വീട്ടിൽ വിവരം അറിയിച്ചിരുന്നോ ?"
"ഇല്ല സാർ ..."
"ങേ... ഇത്രയും വലിയൊരു സുകൃതം ജീവിതത്തിൽ ആദ്യമായി ചെയ്യുമ്പോൾ വീട്ടുകാരോട് അല്ലേ ആദ്യം പറയേണ്ടത് ?"
"അതെ സാർ ...പക്ഷെ വീട്ടിൽ അറിയിച്ചാൽ സമ്മതം കിട്ടില്ല ... ദാനം ചെയ്ത ശേഷം അറിയിച്ചാൽ മുടക്കം പറയില്ലല്ലോ..."
മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതാണ്. രക്തം ദാനം ചെയ്യാൻ താല്പര്യമുണ്ടെങ്കിലും വീട്ടുകാർ സമ്മതം നൽകാത്തതിനാൽ ദാനം ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ സ്ത്രീകളിലെ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരെ ബോധവൽക്കരണം നടത്തുന്ന പരിപാടി കൂടി ഉണ്ടാകണം. ഏറ്റവും കൂടുതൽ രക്തത്തിന്റെ ആവശ്യം വരുന്നതും സ്ത്രീകൾക്ക് തന്നെ ആയതിനാൽ ഇത് ഏറെ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .
3 comments:
അതിനാൽ സ്ത്രീകളിലെ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരെ ബോധവൽക്കരണം നടത്തുന്ന പരിപാടി കൂടി ഉണ്ടാകണം.
രക്തദാനം മഹാദാനം എന്ന് ഏവരും മനസ്സിലാക്കിയേ പറ്റൂ
Muraliyetta...Thanks
Post a Comment
നന്ദി....വീണ്ടും വരിക