Pages

Saturday, May 14, 2022

കാലിക്കറ്റ് യൂനി: സിറ്റി ബൊട്ടാനിക്കൽ ഗാർഡൻ

 1987 ൽ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്ന ശേഷമാണ് ജീവശാസ്ത്രം രണ്ടായി വിഭജിച്ചിട്ടുണ്ട് എന്ന്  ഞാൻ തിരിച്ചറിഞ്ഞത്. ജന്തുശാസ്ത്രം എന്ന സുവോളജി ക്ലാസ് എടുത്തിരുന്നത് എന്റെ നാട്ടുകാരനായ ബഷീർ സാറായിരുന്നു. അന്ന് അദ്ദേഹം പഠിപ്പിച്ച പല കാര്യങ്ങളും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുമുണ്ട്. എന്നാൽ ബോട്ടണി എന്ന സസ്യശാസ്ത്രത്തിൽ പഠിച്ച ടെറിഡോഫൈറ്റ്സ് , ജിംനോ സ്പേംസ് തുടങ്ങി ഗമണ്ടൻ പദങ്ങൾ അന്നേ എന്റെ മണ്ടൻ തലയിലേക്ക് കയറിയിരുന്നില്ല. ബോട്ടണി പഠിപ്പിക്കാൻ പ്രീഡിഗ്രിയുടെ അവസാന കാലത്ത് വന്ന "മൂർഖൻ " ടീച്ചറുടെ പേര് മാത്രം ഇന്നും ഓർമ്മയുണ്ട് - കദീജത്തുൽ കോബ്ര !

സെക്കന്റ് ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടാതെ പോയ അനേകായിരങ്ങളിൽ ഒരാളായി ഞാനും ,അടുത്ത അത്താണിയായ ബി.എസ്.സി ക്ക് ചേർന്നു. മെയിൻ സബ്ജക്ട് ആയി തെരഞ്ഞെടുത്തത് ഫിസിക്സ് ആയതിനാൽ മേൽ പറഞ്ഞ പദങ്ങൾ വിസ്മൃതിയുടെ ആഴക്കിണറിൽ പതിച്ചു. ഫിസിക്സ് പഠനത്തിനിടയിൽ ഊട്ടിയിലെ ബൊട്ടാനിക്കൽ ഗാർഡനും മറ്റും കാണാൻ ഒരു പഠന യാത്ര പോയിരുന്നു. ഫിസിക്‌സ് പഠിതാവ് ബൊട്ടാനിക്കൽ ഗാർഡനിൽ പോയി എന്ത് പഠിക്കാനാണ് എന്ന് ചോദിച്ചാൽ ഇന്ന് എനിക്ക് ഒരു പാട് ഉത്തരമുണ്ട് - പക്ഷെ, അന്ന് പോയത് അതിനൊന്നും അല്ലായിരുന്നു എന്നതാണ് സത്യം.

കാലം പിന്നെയും കൊഴിഞ്ഞു പോയി.എന്റെ പഠനകാലം കഴിഞ്ഞ് ഞാൻ ജോലിയിൽ കയറിയ ശേഷമാണ് കോഴിക്കോട് ഒളവണ്ണയിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ നിലവിൽ വന്നത്. പല തവണ മനസ്സിൽ കരുതിയെങ്കിലും ഇന്നും അതൊന്ന് സന്ദർശിക്കാൻ സാധിച്ചിട്ടില്ല. ഊട്ടി ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യം പോലെ ഒന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും  ബോട്ടണിയിൽ പണ്ട് പഠിച്ച റോസാ സൈനൻസിസും ഒറൈസ സറ്റൈവയും ഒക്കെ ഇന്നും അത് പോലെ തന്നെ സുഖമായിരിക്കുന്നോ എന്നെങ്കിലും അറിയാമല്ലോ?

അങ്ങനെ ഇരിക്കെയാണ് പ്രീഡിഗ്രി മുതൽ പി ജി ഡിഗ്രി വരെയുള്ള എന്റെ സർവ്വ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കും കാരണഭൂതനായ കാലിക്കറ്റ് യൂനി :സിറ്റിയിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഉള്ളതായി അറിഞ്ഞത്. പൊതുവെ കാട് മൂടിക്കിടക്കുന്ന സ്ഥലം തന്നെ ഒരു ബൊട്ടാനിക്കൽ ഗാർഡൻ ആണ്. 1987 മുതൽ 1996 വരെ പത്ത് കൊല്ലം ആ യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത അഞ്ചോളം കോളേജുകളിൽ വിവിധ കോഴ്സുകൾ ചെയ്തിട്ടും ഈ ഗാർഡനെപ്പറ്റി ആരും എനിക്ക് പറഞ്ഞ് തന്നിരുന്നില്ല. തിരൂരങ്ങാടി കോളേജിൽ നിന്നും വെറും ഇരുപത് മിനുട്ട് കൊണ്ട് എത്താവുന്ന ഇവിടെക്ക് ഞങ്ങളെ കൊണ്ട് വന്ന് ബ്രയോഫൈറ്റ്സിനെയും ടെറിഡോഫൈറ്റ്സിനെയും ഒക്കെ നേരിട്ട് കാണിച്ച് തന്ന് പഠിപ്പിച്ചിരുന്നെങ്കിൽ പലരുടെയും തലവര തന്നെ മാറുമായിരുന്നു എന്ന് അത് സന്ദർശിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

1971 ൽ സ്ഥാപിച്ചതാണ് കാലിക്കറ്റ് യൂനി: സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ. യൂനി: സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഈ ഗാർഡൻ. പ്രവേശന ഫീസ് ഉണ്ടെന്നാണ് എന്റെ ഓർമ്മ.പ്രീഡിഗ്രി (ഇപ്പോൾ +2) ബോട്ടണി പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏകദേശം എല്ലാ തരം സസ്യങ്ങളെയും ഇവിടെ കാണാം. എല്ലാ മരങ്ങളും ലേബൽ ചെയ്ത് വച്ചതിനാൽ നാട്ടു പേരും ശാസ്ത്രീയ നാമവും മറ്റ് തറവാട് വിവരങ്ങളും എല്ലാം വായിച്ചറിയാം. കൂറ്റൻ മരങ്ങൾ വിരിക്കുന്ന തണലിലൂടെ ശുദ്ധമായ ഓക്സിജൻ ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റി ഒന്നൊന്നര മണിക്കൂർ സമയം നടന്നാൽ തന്നെ ഒരു പ്രത്യേക ഉന്മേഷം കിട്ടും. സസ്യശാസ്ത്ര കുതുകികൾക്ക് കണ്ണിനും കരളിനും കുളിരേകുന്ന ഒരിടം എന്നതിന് പുറമെ അവരുടെ കൂടെ വരുന്ന കുട്ടികൾക്ക് പലതരം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരിക്കലെങ്കിലും ഈ ബൊട്ടാണിക്കൽ ഗാർഡനിൽ കയറാതെ പോകുന്നത് നഷ്ടമായിരിക്കും എന്നാണ് എന്റെ അഭിപ്രായം.


3 comments:

Areekkodan | അരീക്കോടന്‍ said...

എന്നാൽ ബോട്ടണി എന്ന സസ്യശാസ്ത്രത്തിൽ പഠിച്ച ടെറിഡോഫൈറ്റ്സ് , ജിംനോ സ്പേംസ് തുടങ്ങി ഗമണ്ടൻ പദങ്ങൾ അന്നേ എന്റെ മണ്ടൻ തലയിലേക്ക് കയറിയിരുന്നില്ല.

Dhruvakanth s said...

അതിമനോഹരമായ അനുഭവങ്ങൾ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. യൂണിവേഴ്സിറ്റി യിൽ പലതരം ആവശ്യങ്ങളായി വരുമെങ്കിലും, ഗാർഡൻ പുറമേ നിന്നും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഒരുദിവസം സന്ദർശിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. താങ്കളുടെ രസകരങ്ങളായ അനുഭവങ്ങൾ കൊണ്ടും മനോഹരമായ വാക്കുകൾക്കൊണ്ടും തയ്യാറാക്കിയ ഓരോ രചനകൾ വായിക്കുമ്പോഴും മനസ്സിന് നല്ല തണുപ്പാണ് 👏👏👏👏👏ഇനിയും എഴുത്തുമായി വരുമെന്ന് വിശ്വസിക്കുന്നു. സ്നേഹത്തോടെ......
ധ്രുവകാന്ത് എസ്

Areekkodan | അരീക്കോടന്‍ said...

നല്ല വാക്കുകൾക്ക് നന്ദി. തീർച്ചയായും "കാശ്മീർ ഫയൽസു "മായി ഞാൻ ഉടൻ എത്തും.

Post a Comment

നന്ദി....വീണ്ടും വരിക