Pages

Thursday, May 05, 2022

ഒരു യാത്രയയപ്പ്

സർക്കാർ സർവീസിലെ എന്റെ ആദ്യ സങ്കേതം മൃഗസംരക്ഷണ വകുപ്പ് ആയിരുന്നു. 1995 ൽ പ്രസ്തുത വകുപ്പിൽ പി.എസ്.സി വഴി നിയമനം കിട്ടി  ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ (സർവീസിലെ ആദ്യ ദിനാനുഭവം ഈ ചുവപ്പിൽ ക്ലിക്ക് ചെയ്‌താൽ വായിക്കാം) ആയി ജോലിക്ക് കയറുമ്പോൾ അന്നത്തെ ബാച്ചിലെ ബേബി ആയിരുന്നു ഞാൻ.സർവീസിലിരിക്കെയുള്ള പരിശീലനം കാരണം അന്ന് മലപ്പുറം ജില്ലയിൽ നിയമിക്കപ്പെട്ട എല്ലാ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുമായി പരിചയപ്പെടാൻ സാധിച്ചു.കഷ്ടിച്ച് രണ്ട് വർഷം മാത്രമേ ഞാൻ ആ വകുപ്പിൽ തുടർന്നുള്ളൂ, കാഷ്യർ ആയി KSEB യിൽ ജോലി ലഭിച്ചതോടെ അവിടെ നിന്നും റിലീവ് ചെയ്തു.

അന്ന് കൂടെയുണ്ടായിരുന്ന പലരും തുടർന്നുള്ള പല വർഷങ്ങളിലായി റിട്ടയർ ചെയ്തു.2022 ൽ നിരവധി പേർ റിട്ടയർ ചെയ്യുന്നതിനാൽ അന്നത്തെ ബാച്ചിൻറെ ഒരു ഒത്തുകൂടലും യാത്രയയപ്പ് യോഗവും കൂടി നടത്താൻ തീരുമാനമായി. സാധാരണ യാത്രയയപ്പ് യോഗങ്ങൾ പോലെ നാല് ചുമരുകൾക്കിടയിൽ കൂടുന്നതിന് പകരം ഒരു ദിവസത്തെ ഒരു യാത്രാ പരിപാടിയായി അത് വ്യത്യസ്തമാക്കാനും ധാരണയായി.വകുപ്പിൽ നിന്ന് ആദ്യം വിട്ടുപോയവനാണെകിലും എല്ലാ പരിപാടിക്കും ക്ഷണം കിട്ടാറുള്ളതിനാൽ ഞാനും കുടുംബ സമേതം അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ കടലുണ്ടിക്കടുത്ത് താമസക്കാരനായ അഷ്‌റഫിന്റെ വീട്ടിൽ രാവിലെ ഒമ്പത് മണിക്ക് ഒത്തുകൂടിയ ശേഷം കടലുണ്ടിയിലെയും പരിസരത്തെയും കാഴ്ച്ചകൾ ആസ്വദിക്കാം എന്നതായിരുന്നു പരിപാടി.പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു പഴയ സഹപ്രവർത്തകരുടെ പ്രതികരണം.അന്നേ വയസ്സന്മാരായിരുന്ന ഏതാനും ചിലർ ഒഴികെ ബഹുഭൂരിപക്ഷം പേരും ഈ സംഗമത്തിനെത്തി.

മുമ്പ് ഒരു തവണ ഫാമിലി പിക്ക്നിക്കിനായി കടലുണ്ടിയിൽ എത്തിയിരുന്നെങ്കിലും കാഴ്ചകളുടെ പറുദീസയാണ് കടലുണ്ടി ഒരുക്കി വച്ചിരിക്കുന്നത് എന്ന് ഈ യാത്രയിലാണ് എനിക്ക് മനസ്സിലായത്.അല്ലെങ്കിലും നാട്ടുകാരനായ ഒരാൾ കൂടെ ഉണ്ടാകുമ്പോഴേ ഒരു സ്ഥലത്തിന്റെ  മുഴുവൻ കാഴ്ചകളും ഒപ്പിയെടുക്കാൻ സാധ്യമാകൂ. അഷ്റഫും സമീപ പഞ്ചായത്തുകളിലെ സഹപ്രവർത്തകരും ആ കാര്യം ഭംഗിയായി നിറവേറ്റി. കുടുംബ സമേതം പങ്കെടുത്തത് ഞാൻ മാത്രമായിരുന്നു.എന്റെ കുടുംബത്തിനും ഈ യാത്ര ഏറെ ഹൃദ്യമായി.

കടലുണ്ടി അഴിമുഖം, ചാലിയം ജങ്കാർ യാത്ര, പുളിമൂട്, ലൈറ്റ് ഹൌസ്, കണ്ടൽ കാട്, പക്ഷി സങ്കേതം  തുടങ്ങിയവ കാണാനായിരുന്നു പ്ലാൻ.ഇടക്ക് ഉച്ച ഭക്ഷണം കഴിക്കാൻ അഷ്‌റഫിന്റെ വീട്ടിൽ തന്നെ തിരിച്ചെത്തുകയും വേണമായിരുന്നു.എല്ലാം വളരെ മനോഹരമായി തന്നെ നടത്താൻ സാധിച്ചു.

ഇനി ആ കാഴ്ചകളിലൂടെ ഒരു യാത്ര ....

3 comments:

Areekkodan | അരീക്കോടന്‍ said...

ഒരു യാത്രയയപ്പ് യാത്ര

Dhruvakanth s said...

യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കുന്നു...

Areekkodan | അരീക്കോടന്‍ said...

Dhruvakanth...നിരവധി യാത്രകൾ എഴുതാനുണ്ട്, വരും .

Post a Comment

നന്ദി....വീണ്ടും വരിക