Pages

Sunday, June 17, 2012

ലോകപിതൃദിനവും ഒരു യാദൃശ്ചികതയും

മാസത്തിലൊരിക്കലെങ്കിലും പിതാവിന്റെ ഖബറിടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് എന്റെ പതിവാണ്.ഇസ്ലാമിക ആചാരപ്രകാരം മരിച്ചുപോയ ഒരാള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതും ഇത് തന്നെ.

ജീവിച്ചിരിക്കുന്ന കാലത്ത് ഞങ്ങളെ സ്നേഹിക്കുന്ന പോലെ എന്റെ പിതാവ് ചെടികളേയും വൃക്ഷങ്ങളേയും സ്നേഹിച്ചിരുന്നു.’ഇന്നലേയും ഈ അതിര്‍വരമ്പില്‍ ചെടിക്കമ്പുകള്‍ കുത്തുന്നത് ഞാന്‍ കണ്ടിരുന്നു’- ബാപ്പ മരിച്ച് പിറ്റേ ദിവസം ഞങ്ങളുടെ അയല്‍‌വാസി ആമിനത്താത്തയുടെ ദു:ഖം നിറഞ്ഞ മൊഴി.അതുകൊണ്ട് തന്നെ ഇന്ന് ബാപ്പയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഞാന്‍ പോകുമ്പോള്‍ ബാപ്പ തന്നെ എന്റെ വീട്ടുമുറ്റത്ത് കുത്തിയ ചെമ്പരത്തിയില്‍ നിന്നും രണ്ട് കമ്പ് പൊട്ടിച്ചാണ് ഞാന്‍ പോയത്.ഖബറിന് അടയാളമായി ബാപ്പ സ്നേഹിച്ചിരുന്ന ചെടികള്‍ തന്നെ ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഇത് ചെയ്തത്.എന്റെ ചെയ്തിയില്‍ എന്റെ സ്നേഹനിധിയായ പിതാവ് സന്തോഷിക്കുന്നുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങിയതിനാല്‍ പള്ളിക്കാട്ടില്‍ പുല്ലുകളും മറ്റും പെട്ടെന്ന് വളാരാന്‍ സാധ്യത കൂടിയതിനാല്‍ പിതാവിന്റെ ഖബറിടത്തിന് ചുറ്റുമുള്ള കളകള്‍ പറിച്ച് കളായാനും ഞാന്‍ മറന്നില്ല.പരിസര ശുചീകരണ പാഠം ബാപ്പയുടെ നാലു മക്കളില്‍ എനിക്കായിരുന്നു ബാപ്പയില്‍ നിന്നും കൂടുതല്‍ കിട്ടിയിരുന്നത് എന്നതും ഇതിന് ഒരു കാരണമായിട്ടുണ്ടാകാം.എന്റെ ഔദ്യോഗിക തിരക്കിനിടയില്‍ അടുത്തമാസത്തില്‍ എപ്പോഴാണ് ‘സിയാറത്ത്’‘ (ഖബറിടം സന്ദര്‍ശിക്കല്‍) ഒത്തുവരിക എന്ന് പറായാന്‍ സാധിക്കാത്തതിനാലാണ് ഇന്ന് തന്നെ ഈ ക്ലീനിംഗ് പരിപാടി നിര്‍വ്വഹിച്ചത്.

ഇതെല്ലാം കഴിഞ്ഞ് ഇന്ന് തന്നെ ബാപ്പയുടെ മരിച്ചുപോയ വലിയ ജ്യേഷ്ടന്റെ പേരക്കുട്ടിയുടെ നിക്കാഹിലും ഞാന്‍ പങ്കെടുത്തു.തിരിച്ച് വൈകിട്ട് അരീക്കോട്ടെത്തിയപ്പോഴാണ് മൂന്ന് മക്കളും പോകുമ്പോള്‍ പറഞ്ഞേല്‍പ്പിച്ച സംഗതികള്‍ ഓര്‍മ്മ വന്നത്.മൂത്തവള്‍ക്ക് വേണ്ടത് ഒരു പാക്കറ്റ് ബഡ്സ്.രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്ക്.മൂന്നാമത്തവളുടെ (രണ്ട് വയസ്സുകാരി) ലിസ്റ്റ് അല്പം നീളമേറിയത് - ബലൂണ്‍,ബിസ്ക്കറ്റ്,മിഠായി,മുട്ട (ഇതില്‍ ആദ്യത്തെതൊഴികെ ബാക്കി മൂന്നും എന്നുമുള്ള ഡിമാണ്ട് ആണ്.മിഠായി ഞാന്‍ വാങ്ങി കൊടുക്കാറുമില്ല).

കുട്ടികളുടെ ആവശ്യം കൂടി പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ഫാന്‍സി കടയില്‍ കയറി.മൂത്തവള്‍ക്ക് ഒരു പാക്കറ്റ് ബഡ്സ്ന് പകരം ഒരു ബോക്സ്  ബഡ്സ് വാങ്ങി. രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്കിന്റെ സ്ഥാനത്ത് അഞ്ചെണ്ണം വാങ്ങി.മൂന്നാമത്തവള്‍ക്ക് ഒരു ബലൂണിന് പകരം അഞ്ചെണ്ണവും പിന്നെ അവള്‍ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു പാവക്കുട്ടിയും വാങ്ങി.വീട്ടിലെത്തി എല്ലാവര്‍ക്കും സന്തോഷത്തോടെ എല്ലാം കൈമാറി.

ഇനി തറവാട്ടില്‍ പോയി ഉമ്മയെ കണ്ട് നിക്കാഹ് വിവരങ്ങള്‍ പറയുകയും ഒന്ന് മെയില്‍ ചെക്ക് ചെയ്യുകയും ചെയ്യാം എന്ന് കരുതി.മെയില്‍ ബോക്സ് തുറന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.ആദ്യത്തെ മെയില്‍ തന്നെ “ഇന്ന് ലോക പിതൃദിനം”!!!- ഇത് ശരിയോ തെറ്റോ എന്നെനിക്കറിയില്ല.എങ്കിലും ഒരു പിതാവിന് മരണാനന്തരം നല്‍കേണ്ട സ്നേഹവായ്പും മക്കള്‍ക്ക് ഒരു പിതാവ് നല്‍കേണ്ട സ്നേഹവും പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും ഈ ദിനത്തില്‍ ഞാന്‍ അറിയാതെ യാദൃശ്ചികമായി നിര്‍വ്വഹിച്ചു എന്നത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി ഞാന്‍ കരുതുന്നു.

ഒരു യാത്രയുടെ വേവലാതികള്‍ - 2

 യാത്രയുടെ തുടക്കം ഇവിടെ

യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ “ഒന്ന് വേഗം ഒന്ന് വേഗം” എന്ന് എന്റെ മനസ്സ് വേവലാതിപ്പെട്ടു.ബസ്സിന്റെ വേഗതയില്‍ എന്റെ മനസ്സും ആവലാതിപ്പെട്ടു.എല്ലാം സഹിച്ച് വാച്ചിലേക്ക് നോക്കാതെ അലവലാദി ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.ബസ്സ് മലപ്പുറത്തെത്തിയപ്പോള്‍ എന്റെ മുറിഞ്ഞ് പോയ നെടുവീര്‍പ്പിന്റെ ബാക്കിയില്‍ പകുതി കൂടി പുറത്തേക്ക് വന്നു.കാരണം സമയം 8.45പി.എം

8.50ന് അടുത്ത ബസ് കിട്ടിയാല്‍ 30-35 മിനുട്ട് കൊണ്ട് അങ്ങാടിപ്പുറത്ത് എത്തുമെങ്കില്‍ 9.29നോ 9.25നോ എത്തും എന്ന് എന്റെ അപാരമായ മനസ്സ് കണക്ക് കൂട്ടി പറഞ്ഞു തന്നു.ട്രെയിന്‍ രണ്ട് മിനുട്ടെങ്കിലും ലേറ്റ് ആയാല്‍....എന്റെ പ്രതീക്ഷകള്‍ ഇന്ത്യന്‍ റെയില്‍‌വെയുടെ സമയനിഷ്ഠക്ക് മുകളില്‍ ഡിസ്കോ കളിക്കാന്‍ തുടങ്ങി.

ഒരിക്കലും എന്നെ വഴിയാധാരമാക്കാത്ത ദൈവം ‘എയ്ഞ്ചല്‍’ എന്ന ബസിനെ തന്നെ കൃത്യം 8.50ന് എന്റെ മുമ്പിലെത്തിച്ചു.ബസിന്റെ വരവും ആള്‍ക്കാരുടെ തിരക്കും കണ്ടപ്പോള്‍ അതിന് മലപ്പുറത്ത് സ്റ്റോപ്പില്ല എന്ന് തോന്നിപ്പോയി.തിക്കിത്തിരക്കി ഞാനും അകത്ത് കയറി ഒരു സീറ്റില്‍ ഇരുന്നിട്ടും ‘ടിംടിം’ മുഴങ്ങുന്നില്ല!അപ്പോഴാണ് പിന്നിലെ ഡോറിന് അടുത്തുണ്ടായിരുന്ന തടിമാടന്‍ പുറത്തിറങ്ങി ഭരതനാട്യം കളിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.അതുവഴി പോകുന്ന ആള്‍ക്കാരെ നിയന്ത്രിക്കുകയായിരുന്നു അദ്ദേഹം.

“പഢോ....” ആ തടിമാടന്‍ വീണൊ എന്ന് എനിക്ക് സംശയം.അല്ല , ബസ്സിന് മുകളില്‍ നിന്നും എന്തോ താഴേക്കിട്ടതാണ്.പിന്നീട് ആ ശബ്ദങ്ങള്‍ പത്തോ പതിനഞ്ചോ തവണ ഞാന്‍ കേട്ടു.എന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ വീണ്ടും കാര്‍മേഘം ഉരുണ്ട് കൂടാന്‍ തുടങ്ങി.വേവലാതി പൂണ്ട മനസ്സില്‍ നിന്നും ആവലാതികള്‍ ഉണ്ടാകാതിരിക്കാന്‍ അലവലാദിയായ ഞാന്‍ വാച്ചിലേക്ക് നോക്കാ‍തെ കണ്ണിനെ നിയന്ത്രിച്ച് പിടിച്ചു.

ബസ്സിനെ ഞെരിച്ചമര്‍ത്തിയിരുന്ന മുതുകിലെ ഭാരം മുഴുവന്‍ ഇറക്കിയപ്പോള്‍  ബസ്സ് ഒന്ന് ഊര നിവര്‍ത്തിയതേ ഉള്ളൂ.അപ്പോഴേക്കും ആ തടിമാടന്‍ പിന്നില്‍ ചാടിക്കയറി ബസ്സിന്റെ ഊര വളച്ചു.ബസ് കിതച്ചോടാന്‍ തുടങ്ങിയപ്പോള്‍ ‘രാജ്യറാണി’യെപ്പറ്റി കണ്ടക്ടറോട്‌ ചോദിക്കണോ വേണ്ടേ എന്ന് ഒരു ‘എക്കാചക്ക’(കണ്‍ഫ്യൂഷന്റെ പുതിയ മലയാളം) ഉണ്ടായി.വാച്ചില്‍ നോക്കാതെ വേവലാതിയെ അകറ്റി നിര്‍ത്തിയ ഞാന്‍ ഈ ചോദ്യത്തിലൂടെ പൂര്‍ണ്ണമായും വേവലാതിപ്പെടണോ എന്ന സംശയം ഉയര്‍ന്നതിനാല്‍ മിണ്ടാതെ ഇരുന്നു.

യാത്രയില്‍ പല ചിത്രങ്ങളും എന്റെ മനസ്സിലൂടേ പാഞ്ഞു.തിരുവല്ലയില്‍ വന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടയില്‍ വീണ് മരണമടഞ്ഞ വിദ്യാര്‍ത്ഥി, ‘ ഉപ്പച്ചീ’ എന്ന് വിളിച്ച് എന്നെ സ്വീകരിക്കുന്ന എന്റെ രണ്ട് വയസ്സുകാരി മകള്‍ ലൂന, വാതില്‍ വരെ വന്ന് എന്നെ യാത്രയാക്കിയ എന്റെ സഹധര്‍മ്മിണി...എല്ലാവരേയും ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ ഒരു തീരുമാനവും ഉറച്ചു - വണ്ടി നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അതിലേക്ക് കയറണ്ട.180 രൂപ പോയാലും വേണ്ടില്ല , എന്നെ പ്രതീക്ഷയോടെ കാത്തി നില്‍ക്കുന്നവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചു ചെല്ലുന്നതാണ് അതിനെക്കാള്‍ വലുത് എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് അങ്ങാടിപ്പുറത്ത് എത്തിയപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി - എതിരെ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നറിയാന്‍.ട്രെയിന്‍ എത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റ് അടച്ചിട്ടുണ്ടാകും.അപ്പോള്‍ പിന്നെ എതിരെ വാഹനങ്ങള്‍ വരില്ല.അപ്പോള്‍ ഇറങ്ങി ഓടണം, റെയില്‌വേ സ്റ്റേഷനിലേക്ക്.

പ്രതീക്ഷയോടെ ഞാന്‍ ബസ്സിന്റെ വാതിലിനടുത്തേക്ക് നീങ്ങി.കൃത്യം 9.15ന് ബസ്സ് എന്നെ ഗേറ്റ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു!ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു, അല്ല ഓടി- കണ്‍ മുന്നില്‍ വച്ച് ട്രെയിന്‍ മിസ് ആയ ഒരു അനുഭവം മുമ്പുള്ളതിനാല്‍. ധാരാളം പേര്‍ രാജ്യറാണി എക്സ്പ്രെസ്സിനെ പ്രതീക്ഷിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ എല്ലാ വേവലാതിയും അസ്തമിച്ചു.അപ്പോഴും ഒരു അലവലാദിയായി ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

(തുടരും...)

Saturday, June 16, 2012

ഒരു യാത്രയുടെ വേവലാതികള്‍

ഏതോ ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ വച്ചാണ് ആവലാതികളും വേവലാതികളും തമ്മിലുള്ള വ്യത്യാസത്തെപറ്റി  ആദ്യമായി ഞാന്‍ കേട്ടത്.അന്ന് വരെ ഇത് രണ്ടും ഒന്നാണെന്നും ഒന്നും ഒന്നും രണ്ടാണെന്നും ധരിച്ച ഒരു അലവലാദി ആയിരുന്നു ഞാന്‍.രണ്ട് ദിവസം മുമ്പ് ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ പുറപ്പെട്ട യാത്ര 40 മിനുറ്റ് പിന്നിട്ടപ്പോഴാണ് എന്റെ  വേവലാതികള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“ 21.23ന് അങ്ങാടിപ്പുറം വിടും എന്ന് ടിക്കറ്റില്‍ എഴുതിയത് രാത്രി 9.23-ന് തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ കയ്യിലും കാലിലും ഉള്ള വിരലുകള്‍ മുഴുവന്‍ ഉപയോഗിച്ച് കണക്കു കൂട്ടി.ഒന്ന് കൂടി ഉറപ്പുവരുത്താന്‍ “കേരളത്തിലൂടെ  ഓടുന്ന വണ്ടികള്‍” എന്ന കിതാബും മറിച്ച് നോക്കി.എന്നിട്ടും സമ്മതം മൂളാത്ത എന്റെ മനസ്സിനെ സമാധാനിപ്പിക്കാന്‍ “രാജ്യറാണി“ ചൂളാം വിളി തുടങ്ങിയ ദിവസം പത്രത്തില്‍ നിന്നും ഞാന്‍ വെട്ടി എടുത്ത് വച്ച ടൈംടേബിളും നോക്കി.

അരീക്കോട് നിന്നും 7.30ന് പുറപ്പെട്ടാല്‍ തന്നെ അങ്ങാടിപ്പുറത്ത് 9.23 ന് പാട്ടും പാടി, ഡാന്‍സും കളിച്ച് എത്താം എന്നായിരുന്നു എന്റെ മാത്‌‌സ് കൂട്ടല്‍. ബഹുമാനപ്പെട്ട  എം.പി ശ്രീ സച്ചിന്‍ ടെണ്ടുല്‍കര്‍ ക്രിക്കറ്റില്‍ കാട്ടിയ പോലെ , കണക്കില്‍ ഇഷ്ടം പോലെ പൂജ്യങ്ങളും ഇടക്കിടെ സെഞ്ച്വറികളും അടിച്ച എന്റെ കണക്ക് എത്ര പിഴച്ചാലും ഒരു അരമണിക്കൂര്‍ ഗ്യാപ് ഉണ്ടാകും എന്നായിരുന്നു എന്റെ വിശ്വാസം (വിശ്വാസം , അതല്ലേ എല്ലാം).

കൃത്യം 8.05ന് എന്റെ ബസ് മഞ്ചേരിയില്‍ എത്തുമ്പോള്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ഒരു ബസ് , സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. എന്നെക്കൊണ്ട് കഴിയുന്ന ശബ്ദങ്ങളും കോപ്രായങ്ങളും ഒക്കെ കാട്ടി നോക്കിയെങ്കിലും ഡ്രൈവര്‍ മാത്രം അത് കണ്ടില്ല,കേട്ടില്ല .”പോനാല്‍ പോകട്ടും പോട” എന്ന് മനസ്സില്‍ പറഞ്ഞ് പെരിന്തല്‍മണ്ണ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഞാന്‍ നടന്നു.അവിടെ അഞ്ചോളം ബസ്സുകള്‍ കിടക്കുന്നത് കണ്ട എനിക്ക് സമാധാനമായി.അടുത്തെത്തി ഓരോന്നിന്റേയും ബോര്‍ഡ് വായിച്ചതോടെ എന്റെ ഉള്ളം ഒഞ്ചിയത്തെ കുഞ്ചിയമ്മയെപ്പോലെയായി.എല്ലാ ഉള്‍നാടുകളിലേക്കും ബസ്! തിരുവനന്തപുരത്തേക്കുള്ള “രാജ്യറാണി“യെ കെട്ടിപിടിക്കാന്‍ അങ്ങാടിപ്പുറത്തെത്താന്‍ നോ ബസ്!! എങ്കിലും പ്രതീക്ഷ കൈവിടാതെ തൊട്ടുമുന്നില്‍ കണ്ട കടക്കാരനോട് ഞാന്‍ ചോദിച്ചു.

“പെരിന്തല്‍മണ്ണയിലേക്ക് ഇനി എപ്പോഴാ ലാസ്റ്റ് ബസ് ?”

“എട്ടരക്ക്  എട്ടു മണിക്ക് പോയ പക്കീസ“ എന്നെ ഒന്ന് ആക്കി നോക്കി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ബി.എഡിന് പഠിക്കുന്ന കാലത്തേ ഈ ‘പക്കീസയെ’ കാണാറുള്ളതിനാല്‍ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.അതിന്റെ കാറ്റ് മുഴുവന്‍ പുറത്ത് വരുന്നതിന് മുമ്പേ കടക്കാരന്റെ ഉത്തരം എന്റെ ചെവിയില്‍ മുഴങ്ങി - “എട്ടു മണിക്ക് പോയ എട്ടരയുടെ പക്കീസ“

“യാ ഖുദാ !!പക്കീസ പോയി എന്ന് ”  ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം 8.15 ആയി. 9.23ന് ഉള്ള “രാജ്യറാണി“യെ പിടിക്കാന്‍ ഇനി മലപ്പുറം പോയി അവിടെ നിന്ന് പാലക്കാട് ബസ്സിന് കയറി അങ്ങാടിപ്പുറത്ത് എത്തണം.എന്ന് വച്ചാല്‍ പട്ടര് മൂക്കു പിടിച്ചപോലെ.ഉടന്‍ അങ്ങാടിപ്പുറം -മലപ്പുറം റൂട്ടില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന എന്റെ സുഹൃത്തും പി.എസ്.സിയിലെ ഉദ്യോഗസ്ഥനുമായ അങ്ങാടിപ്പുറത്ത്കാരന്‍  രജീഷിനെ ഞാന്‍ വിളിച്ചു.

“ഹലോ...എടാ... പക്കീസ നേരത്തെ വിട്ടു ...”

“ങേ! ആര് ? റഹ്മത്തുന്നീസയോ...?” ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന കുട്ടിയെ ഓര്‍മ്മിച്ച് അവന്‍ ചോദിച്ചു.

“ആരുമില്ല....നിന്റെ പുറത്ത് നിന്നും മറ്റവന്റെ പുറത്തേക്കുള്ള സമയം ഒന്ന് പറഞ്ഞ് തരൂ....”

“നിനക്കെന്താ വട്ടായോ?” രജീഷിന്റെ മറുചോദ്യം

“ഇപ്പോ ആയിട്ടില്ല...കുറച്ച് കഴിഞ്ഞാല്‍ ചിലപ്പോ ആകും...എനിക്ക് “രാജ്യറാണി“യെ പിടിക്കണം.മഞ്ചേരിയില്‍ നിന്നുള്ള ലാസ്റ്റ് ബസ് ഫാസ്റ്റ് ബസ് ആയി പോയി...ഇനി മലപ്പുറം വഴി നിന്റെ അങ്ങാടിപ്പുറത്ത് എത്തണം.അങ്ങാടിപ്പുറത്ത് നിന്ന് മലപ്പുറത്തേക്ക് എത്ര ദൂരമുണ്ട്?”

“ഓ...അങ്ങനെ...ഇപ്പോള്‍ 8.20 അല്ലേ ആയിട്ടുള്ളൂ....നീ പേടിക്കേണ്ട...8.30ന് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ഉണ്ട് ....”

“അപ്പോള്‍ വട്ട് നിനക്കാ....8.20ന് മഞ്ചേരിയില്‍ നില്‍ക്കുന്ന എനിക്ക് 8.30ന് മലപ്പുറത്ത് നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് പിടിക്കാന്‍ ഞാനെന്താ സൂപ്പര്‍മാനോ? പോരാത്തതിന് എനിക്ക് രാജ്യറാണിയില്‍ റിസര്‍വേഷനും ഉണ്ട്....”

“ഓ....എങ്കില്‍ അങ്ങാടിപ്പുറം  ടു മലപ്പുറം 30-35 മിനുട്ട് മാത്രമേയുള്ളൂ...”

“അപ്പോ മലപ്പുറം ടു അങ്ങാടിപ്പുറവും അത്ര തന്നെയല്ലേ കാണൂ...?”

“ആ....അത്ര തന്നെയേ കാണൂ....നിനക്ക് പാട്ടും പാടി എത്താം...”

‘നിന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെ ബസ് ബേയില്‍ നിന്നും നീങ്ങിത്തുടങ്ങിയ ആനവണ്ടിയില്‍(കെ.എസ്.ആര്‍.ടി.സി.ക്ക് മലപ്പുറത്തിന്റെ സ്വന്തം നാമകരണം) ഞാന്‍ ചാടിക്കയറി.

(തുടരും...)

Friday, June 15, 2012

ഒരു രക്തദാന ദിന ചിന്ത.

“ഓരോ രക്തദാതാവും ഒരു ഹീറോ ആണ്” എന്ന ആപ്തവാക്യവുമായി ഒരു ലോകരക്തദാ‍ന ദിനം കൂടി കടന്നുപോയി.സ്ഥിരമായി രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഒരു ഉത്തേജനം നല്‍കുന്നതും , ഇതിനെപറ്റി ഒരു ധാരണയും ഇല്ലാത്തവന് പ്രത്യേകിച്ച് ഒന്നും തോന്നിപ്പിക്കാതെയും ഈ ആപ്തവാക്യവും കാലത്തിന്റെ ചവറ്റു കൊട്ടയില്‍ വൈകാതെ എത്തും.

ടെറുമോ പെന്‍പോള്‍ കമ്പനി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ബ്ലഡ് മോട്ടിവേറ്റര്‍ അവാര്‍ഡ് ഇന്നലെ തിരുവനതപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് ഞാന്‍ സ്വീകരിച്ചു.സ്ഥാപനങള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ.ശശി തരൂര്‍ എം.പി യും , വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ ടെറുമോ  കമ്പനി പ്രതിനിധി കവാട്ടോ സമുറായി യും മോട്ടിവേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡ് ടെറുമോ പെന്‍പോള്‍ കമ്പനി എം.ഡി ശ്രീ.ബാലഗോപാലും വിതരണം ചെയ്തു.(ഫോട്ടോ കിട്ടിയാലുടന്‍ അപ്‌ലോഡ് ചെയ്യാം.)

കേരള ജനസംഖ്യയുടെ (33,387,677) അടുത്തെങ്ങും എത്താത്ത ആസ്ട്രേലിയയില്‍ (22,328,800 ) പതിനൊന്നര ലക്ഷം സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാര്‍ ഉണ്ടായിട്ടും അത്  എണ്ണത്തില്‍ കുറവാണോ എന്ന് അവര്‍ ആശങ്കപ്പെടുന്നു.അതേ സമയം സാക്ഷര കേരളത്തിലെ സന്നദ്ധ രക്തദാന വൊളണ്ടിയര്‍മാരുടെ എണ്ണം വെറും രണ്ടര ലക്ഷം മാത്രമാണ്. രക്തം നിര്‍മ്മിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞിട്ടും നമ്മുടെ അധികാരികള്‍ക്ക് ഇതില്‍ ഒരു ആശങ്കയും ഇല്ല!

ബൂലോകത്ത് നിസ വെള്ളൂരിന് വേണ്ടി നിരവധി പേര്‍ രക്തം ദാനം ചെയ്തിരുന്നു.അതേ പോലെ സന്നദ്ധരക്ത ദാനത്തെ പ്രോത്സാഹിപ്പിക്കാനും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ബൂലോകര്‍ സൌമനസ്യം കാണിച്ച് കേരളത്തിന് ഒരു പുതിയ മാതൃക തുറന്ന് കാണിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Sunday, June 10, 2012

‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ്

രക്തദാനം ജീവന്‍‌ദാനം എന്നാണ് ഞാന്‍ ഹൈസ്കൂള്‍ ക്ലാസ് മുതലേ പഠിച്ചതും പ്രാവര്‍ത്തികമാക്കുന്നതും ഉപദേശിക്കുന്നതും.ഇന്ന് എന്റെ കോളേജിലെ മിക്കവരേയും ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യേണ്ട ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ എന്‍.എസ്.എസ് , റെഡ് റിബ്ബണ്‍ ക്ലബ്ബ് ,ക്ലബ്ബ് 25 എന്നിവയിലൂടെ സാധിച്ചു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
  ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. എന്നാല്‍ ഇന്നത്തെ തലമുറക്ക് നിരവധി അവസരങ്ങള്‍ തുറന്ന് കിട്ടുന്നു.അതുകൊണ്ട് തന്നെ ഒരു ട്രിഗര്‍ അല്ലെങ്കില്‍ മോട്ടിവേറ്റര്‍ ആയി നില്‍ക്കേണ്ട ആവശ്യമേ ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ആവശ്യം വരുന്നുള്ളൂ‍.
     കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം ഒരു മോട്ടിവേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും സ്വയം രക്തം ദാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് ബ്ലഡ് ഡൊനേഷന്‍ മോട്ടിവേറ്റര്‍’ അവാര്‍ഡ് ലഭിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
       അവാര്‍ഡ് ദാനം ഈ വരുന്ന 14-ആം തീയതി (ലോക രക്തദാന ദിനം) തിരുവനന്തപുരം വൈലൊപ്പിള്ളീ സംസ്കൃതി ഭവനില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്നതാണ്.മൂന്നോ അതിലധികമോ തവണ രക്തന്ം ദാനം ചെയ്ത എന്റെ കോളേജിലെ 16 വിദ്യാര്‍ത്ഥികളെ അന്നേ ദിവസം ആദരിക്കുന്നു. എല്ലാവര്‍ക്കും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം.
         അവാര്‍ഡ് അറിയിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ.
Sub: Award for supporting voluntary blood donation
TERUMO PENPOL Limited in association with CII is planning to celebrate the   World Blood Donor Day as a major event on 14 June 2012.
The global theme for 2012 World Blood Donor Day is "Every Blood Donor is a Hero". It hopes that a new generation of idealistic and motivated voluntary unpaid blood donors will form a pool that provides the safest blood possible for use wherever and whenever it is needed to save life.
World Blood Donor Day focuses on the lifesaving gift of voluntary unpaid blood donors who donate blood purely for altruistic reasons. As part of World Blood Donor Day Ceremony TERUMO PENPOL is planning to reward   Institutions and Individuals, who have made remarkable contributions to voluntary blood donation, 
We are happy to inform you that you  had bagged the  Best Blood  Motivator Award.
The award ceremony will be held on, 14 June 2012 at Vylopilly Samskrithi Bhavan, Nanthencode, Trivandrum at 10.00 am.