Pages

Monday, October 17, 2016

താമരശ്ശേരി ചുരം

             ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മൈസൂരിലേക്ക് എന്റെ ആദ്യത്തെ സംസ്ഥാനാന്തര വിനോദയാത്ര നടന്നത്.ഇന്നത്തെ ലൈന്‍ ബസ്സിന്റെ അത്രപോലും മോടി ഇല്ലാത്ത “സായി ട്രാവത്സ്” എന്ന ബസ്സില്‍ കൂളിംഗ് ഗ്ലാസ് വച്ച തടിയനായ ഒരു ഡ്രൈവറും അന്ന് ടൂറിന് കൂടെ പോന്ന ടീച്ചറെ ഉന്നം വച്ച് (എന്ന് എനിക്ക് തോന്നിയ) അദ്ദേഹം ബസ്സില്‍ തുറന്ന് വിട്ട “ആ....ദേവീ, ശ്രീദേവീ....” എന്ന ഗാനവും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

               അന്ന് അടിവാരത്തെത്തിയപ്പോള്‍ ബസില്‍ നിന്നും അദ്ധ്യാപകരിലാരോ ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.”വയനാട് ചുരം കയറാന്‍ തുടങ്ങുകയാണ്. ശരിക്കും ശ്രദ്ധിച്ച് കാഴ്ചകള്‍ കാണണം.ചുരത്തില്‍ %# ഹെയര്‍പിന്‍ വളവുകള്‍ (അന്ന് എത്ര എണ്ണമാണ് പറഞ്ഞിരുന്നത് എന്നെനിക്കോര്‍മ്മയില്ല) ഉണ്ട്”.

“സേര്‍....ചൊരം ന്ന് പറഞ്ഞാലെത്താ...?” ആരോ ചോദിച്ചു.

“മലയുടെ മുകളിലേക്ക് വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡ്...ചുരത്തിന്റെ മുകളിലെത്തി താഴോട്ട് നോക്കിയാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം...”

“ങേ!! അപ്പം തായത്ത്ക്ക് ബ്‌ഗൂലെ (അപ്പോള്‍ താഴേക്ക് വീഴില്ലേ?).“ കുട്ടികളായ ഞങ്ങള്‍ ഉത്‌കണ്ഠാകുലരായി.

“ഇല്ല...ചുരത്തിന്റെ ഏറ്റവും മുകളിലെത്തിയാലുള്ള സ്ഥലമാണ് ലക്കിടി...കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം...അവിടെ ഒരു മരത്തില്‍ കെട്ടിയ ചങ്ങല കാണാം...”

“ങേ!മരത്ത്‌നെ ചെങ്ങലെ കെട്ടേ?” ഞങ്ങള്‍ അത്ഭുതപ്പെട്ടു.

“അല്ല...മരത്തില്‍ ചങ്ങല കെട്ടിയത്...അതിന്റെ പിന്നി‍ല്‍ ഒരു കഥയുണ്ട്...മിണ്ടാതിരുന്നാല്‍ കഥ കേള്‍ക്കാം...”

“കേക്കട്ടെ സേര്‍...” എല്ലാവരും കഥക്കായി കാതോര്‍ത്തു.

“വയനാട് എന്നാല്‍ പണ്ട് മുഴുവന്‍ കാടായിരുന്നു. നിരവധി വന്യജീവികള്‍ വസിച്ചിരുന്ന സ്ഥലം, പിന്നെ കുറെ ആദിവാസികളും....അങ്ങനെ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ഒരു ആദിവാസിയുടെ (കരിന്തണ്ടന്‍ എന്നാണ് ഇയാളുടെ പേര് എന്ന് ഇപ്പോള്‍ അറിയുന്നു) സഹായത്തോടെ കാട് നിറഞ്ഞ ഈ മല കയറാന്‍ തുടങ്ങി.അത്യന്തം അപകടകരമായ ആ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി അവര്‍ മലയുടെ മുകള്‍ ഭാഗത്തെത്തി. വയനാട്ടിലേക്കുള്ള വഴി കണ്ടെത്തിയത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ആ പാവം ആദിവാസിയെ കൊലപ്പെടുത്തി...”

“അയ്യോ...!ന്നട്ട്...”

“അങ്ങനെ ഈ  ഉദ്യോഗസ്ഥന്‍ താഴെ തിരിച്ചെത്തി തന്റെ മികവ് തെളിയിക്കാന്‍ കുതിരപ്പട്ടാളവുമായി വീണ്ടും മലകയറി.പക്ഷെ പല വണ്ടികളും മുകളിലെത്തുന്നതിന് മുമ്പെ കൊല്ലിയിലേക്കും മറ്റും മറിഞ്ഞു.പിന്നീട് മറ്റു വാഹനങ്ങള്‍ക്കും ഇങ്ങനെ അപകടം സംഭവിച്ചു കൊണ്ടിരുന്നു...”

“കുട്ടിച്ചാത്തന്‍ ആയിരിക്കും....” ഞങ്ങള്‍ പറഞ്ഞു.

“അതെ....അന്ന് പട്ടാളക്കാരന്‍ കൊന്ന ആദിവാസിയുടെ പ്രേതം ആയിരുന്നു ഈ പ്രവര്‍ത്തികള്‍ ചെയ്തിരുന്നത് എന്ന് എല്ലാവരും വിശ്വസിച്ചു...”

“അയ്യോ പ്രേതമോ....??” ഞങ്ങള്‍ ഞെട്ടി.

“ആ പ്രേതത്തെ ബന്ധനസ്ഥനാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു. അങ്ങനെ പ്രേതത്തെ മരത്തില്‍ ആവാഹിച്ച് ചങ്ങല ഇട്ട് ബന്ധനസ്ഥനാക്കി...അതാണ് ചങ്ങല മരം..”

“ഹാവൂ....സമാധാനായി....”

              ചുരം കയറാന്‍ തുടങ്ങിയതോടെ അന്നത്തെ ആ ടൂറിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ ഒരു ബ്ലാക്ക് & വൈറ്റ് ചിത്രമായി ഓടാന്‍ തുടങ്ങി. മരങ്ങള്‍ ഇട തൂര്‍ന്ന് നില്‍ക്കുന്ന ചുരം റോഡിലൂടെ അധികമൊന്നും പ്രയാസം കൂടാതെ വാഹനത്തിരക്കിലും പെടാതെ ഒന്‍പത് ഹെയര്‍പിന്‍ വളവുകളും താണ്ടി ഞങ്ങള്‍ മുകളിലെത്തി. വഴിയില്‍ ചെറിയ ചെറിയ ജലപധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നീരൊഴുക്ക് കുറവായത് കാരണം അവയൊന്നും ആകര്‍ഷകമായിരുന്നില്ല.

              ആറാം ക്ലാസ്സിലെ ടൂറില്‍ വ്യൂ പോയിന്റില്‍ ഇറങ്ങിയിരുന്നോ ഇല്ലേ എന്നൊന്നും എനിക്കോര്‍മ്മയില്ല.പക്ഷേ അന്നത്തെ വ്യൂ പോയിന്റും ഇന്നത്തെ വ്യൂ പോയിന്റും അജഗജാന്തരമുണ്ട്. വയനാട്ടില്‍ മുമ്പ് ജോലി ചെയ്ത സമയത്ത് പലതവണ ഈ വ്യൂ പോയിന്റ്റില്‍ ഇറങ്ങി കാഴ്ചകള്‍ ആസ്വദിച്ചിരുന്നു. അന്ന് ജനിച്ചിട്ടില്ലാത്ത മൂന്നാമത്തെ മകള്‍ ലൂനമോള്‍ക്കും ഇപ്പോള്‍ ഞങ്ങളുടെ കൂടെ താമസിക്കുന്ന ഭാര്യാസഹോദരി പുത്രി അംനക്കും ആ കാഴ്ചകള്‍ ആസ്വദിക്കാനായി ഞങ്ങള്‍ പുറത്തിറങ്ങി.

              കാഴ്ചകള്‍ കണ്ട് വേലിക്കെട്ടിനരികെ നില്‍ക്കവെ ഒരു കുരങ്ങന്‍ ഒരു കൂസലും കൂടാതെ അരികിലൂടെ നടന്നുപോയി.കുട്ടികള്‍ എല്ലാവരും പേടിച്ച് വഴിമാറി.അപ്പോഴാണ് ലുഅ മോള്‍ അപൂര്‍വ്വമായ ആ മനോഹര ദൃശ്യം ചൂണ്ടിക്കാണിച്ചത് - ചാറല്‍ മഴയും വെയിലും സംഗമിക്കുന്നിടത്ത് മരങ്ങള്‍ പിന്നാമ്പുറ ചിത്രങ്ങളായി മനോഹരമായ ഒരു മഴവില്ല്! ഭാഗ്യവശാല്‍ അത് കൃത്യമായിത്തന്നെ ലുലു മോള്‍ ക്യാമറയില്‍ പകര്‍ത്തി. തുഷാരഗിരിയിലെ മഴവില്‍ ചാട്ടത്തില്‍ കാണാത്തത് ഇവിടെ ദര്‍ശിച്ചു.

             ലക്കിടി കടന്ന് ചങ്ങല മരത്തിന്റെ അടുത്തെത്തി.അംനക്ക് അതിന്റെ കഥ പറഞ്ഞ് കൊടുത്ത ശേഷം ഞങ്ങള്‍ അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് നീങ്ങി.

Friday, October 14, 2016

വൃദ്ധസദനം

മഴ മാറി സൂര്യന്റെ പൊന്‍‌കിരണങ്ങള്‍ മുറ്റത്ത് പതിച്ചു കൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്‍ മെല്ലെ വീടിന് പുറത്തേക്കിറങ്ങി. മുറ്റത്തെ മാവിഞ്ചോട്ടില്‍ പഴുത്ത ഇലകള്‍ കുറെ വീണു കിടക്കുന്നുണ്ട്.അവക്കിടയിലൂടെ ഉണ്ണിക്കുട്ടന്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടിയിട്ട മണ്‍കൂനയുടെ അടുത്തെത്തി.

“ഉണ്ണീ...മഴ മാറിയപ്പോഴേക്കും തുടങ്ങിയോ നിന്റെ മണ്ണില്‍കളി?” 
മണ്‍കൂനയിലേക്ക് നോക്കി നില്‍ക്കുന്ന ഉണ്ണിയെക്കണ്ട് അമ്മ ചോദിച്ചു.

‘ഹോ...ഈ ഭൂമിയിലെ മണ്ണ് ഉണ്ണികള്‍ക്കും കൂടി കളിക്കാനുളതാണെന്ന് എന്നാണാവോ അമ്മ പഠിക്കുക’  ഉണ്ണിക്കുട്ടന്‍ ആത്മഗതം ചെയ്തു.

“ആഹാ...അഞ്ചാം ക്ലാസിലെത്തിയിട്ടും മണ്ണിലാണോ ഉണ്ണീ ഇപ്പോഴും കളി?” അച്ഛനും ചോദ്യവുമായി പ്രത്യക്ഷപ്പെട്ടു.

“അച്ഛാ...ഞാന്‍ ഒരു വീടിന്റെ മാതൃക ഉണ്ടാക്കുകയാ...”

“ങാ...ഈ പ്രായത്തിൽ അത്തരം കളികൾ നല്ലതാ....ആകട്ടെ,ആര്‍ക്കാ ഈ വീട്?”

“അത്...ഞാന്‍ വലുതായി പഠിത്തവും കല്യാണവുമൊക്കെ കഴിഞ്ഞ് ഒരു ഉണ്ണി ജനിച്ച ശേഷം ഉണ്ടാക്കാന്‍ പോകുന്ന വീടിന്റെ മാതൃക....”

“ങേ! അതിന് ഇനി എത്ര കാലം കഴിയണം ഉണ്ണീ... ?”

“ഇല്ല...കാലം വേഗം കറങ്ങിത്തീരും അച്ഛാ...”

“സമ്മതിച്ചു...നിനക്ക് ഈ വീട് ഉണ്ടാകുമല്ലോ...പിന്നെ ആ വീട് എന്തിനാ?”

“അത് എന്റെ അച്ഛനു വേണ്ടി തന്നെ...”

“അന്നേക്ക് ഞാന്‍ മൂത്ത് നരച്ച് പോവില്ലേ ഉണ്ണീ...”

“അതെ... പക്ഷേ, ഞാനുണ്ടാക്കുന്ന വീട്ടില്‍ മൂത്ത് നരച്ച കുറെ ആൾക്കാർ കൂടി ഉണ്ടാകും!!”

“ങേ!”

“മാത്രമല്ല എല്ലാവിധ സൌകര്യങ്ങളും ആ വീട്ടിലുണ്ടാകും...”

“എന്തിനാ ഉണ്ണീ ഇതൊക്കെ ചെയ്യുന്നത്?”

“മുത്തച്ഛനെപ്പോലെ വയസ്സുകാലത്ത് എൻ്റെ അച്ഛനും നരകിക്കാതിരിക്കാന്‍...”

“ഓ ...ഗുഡ് .....വരാൻ പോകുന്ന കുറെ ആൾക്കാർ ആരൊക്കെയാ...?”

“ആ വീടിന്റെ പേരാണ് വൃദ്ധസദനം...ഒരു കമ്പനി തരാന്‍, അച്ഛനെപ്പോലെ വയസ്സായ കുറെ ആള്‍ക്കാര്‍ കൂടി അവിടെ വേണ്ടേ ...ഇല്ലെങ്കില്‍ മുത്തച്ഛനെപ്പോലെ ഏതോ വൃദ്ധസദനത്തില്‍ ആരോരുമില്ലാതെ അച്ഛനും....?”


“ഉണ്ണീ!!!” (പ്ധിം)

തുഷാരഗിരി

                   തുഷാരഗിരിയില്‍ ഇത്തവണത്തേതടക്കം  എത്ര തവണ പോയി എന്ന് ഇപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷനാണ്.കഴിഞ്ഞ തവണ പോയത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ത്രിദിന ക്യാമ്പിന്റെ ഭാഗമായിട്ടുള്ള ട്രക്കിംഗിനായിരുന്നു.അന്ന് ഭാര്യയും മക്കളും കൂടി ക്യാമ്പില്‍ എന്റെ കൂടെ ഉണ്ടായിരുന്നതിനാല്‍ എനിക്കതൊരു ഫാമിലി ടൂറ് കൂടിയായിരുന്നു.

                ഇക്കഴിഞ്ഞ എട്ടാം തീയതി വയനാട്ടിലേക്ക് കുടുംബ സമേതം യാത്ര പോകുമ്പോഴാണ് തുഷാരഗിരിയില്‍ വീണ്ടും എത്തിയത്. ഇത്തവണ മണാശ്ശേരി കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് വയനാട് യാത്ര അതു വഴിയാക്കിയത്.

            അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിലെത്തി വലത്തോട്ട് തിരിഞ്ഞ് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവമ്പാടി എന്ന മലയോര ഗ്രാമത്തിലെത്തും. അവിടെ നിന്നും ഏകദേശം 10 കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ കോടഞ്ചേരിയിലും. വീണ്ടും 10 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ എത്താന്‍. കൃത്യമായി പറഞ്ഞാല്‍ എന്റെ വീട്ടില്‍ നിന്നും 42 കിലോമീറ്റര്‍ ദൂരമേ തുഷാരഗിരിയിളെക്കുള്ളൂ എന്ന് ഈ യാത്രയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. തുഷാരം പൂക്കുന്ന മലകളാണ് തുഷാരഗിരി എന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല.

            തുഷാരഗിരിയില്‍ പ്രധാനമായും നാല് വെള്ളച്ചാട്ടങ്ങളുണ്ട്. ഈരാറ്റുമുക്ക് , മഴവില്‍ വെള്ളച്ചാട്ടം,തുമ്പിതുള്ളും പാറ , തേന്‍പാറ എന്നിവയാണവ.ഇതില്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേ പലരും എത്താറുള്ളൂ.ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ഇട്ട് അകത്തേക്കുള്ള വഴി ഭംഗിയാക്കിയിട്ടുണ്ട്. അങ്ങോട്ട് പോകുന്ന വഴിയില്‍ തന്നെ കൊച്ചുകുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഒരു നീരൊഴുക്ക് പ്രകൃതി ഒരുക്കിയിട്ടുണ്ട്.

                 ഇവിടെ നിന്ന് കൈകുമ്പിളില്‍ അല്പം വെള്ളമെടുത്ത് ഒന്ന് മുഖം കഴുകാന്‍ ആരും കൊതിച്ചുപോകും.കാട്ടിനകത്തു നിന്നും ഊര്‍ന്നിറങ്ങി വരുന്ന ആ ജലധാര നല്‍കുന്ന തണുപ്പ് ഏതൊരാളെയും ഉന്മേഷവാനാക്കും. ഇതും കഴിഞ്ഞ് മുന്നിലെ ചെറിയൊരു തൂക്കുപാലം കടന്നാല്‍ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം ദൃഷ്ടിപഥത്തില്‍ പതിയും. വെള്ളം കുറവാണെങ്കിലും പ്രകൃതി ഒരുക്കിയ കാഴ്ചവിരുന്നിന് സൌന്ദര്യം ഒട്ടും കുറവായിരുന്നില്ല.കളിക്കാനും കുളിക്കാനും അനുയോജ്യമാണെങ്കിലും കാട്ടിനകത്ത് മഴ പെയ്താല്‍ നീരൊഴുക്ക് അപകടകരമാകും.


                ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്നതിന് പകരം ഇടത്തേക്കുള്ള വഴിയിലൂടെ അല്പം മുന്നോട്ട് പോയാല്‍ “ഹോളോ ട്രീ” എന്നറിയപ്പെടുന്ന താന്നി മുത്തശ്ശിയെ കാണാം.മൂന്നോ നാലോ പേര്‍ക്ക് അകത്തേക്ക്   കയറാന്‍ സാധിക്കുന്ന രൂപത്തില്‍ ആ മുത്തശ്ശി എല്ലാവരെയും സ്വീകരിക്കുന്നു. ഏറ്റവും മുകളിലെ ദ്വാരത്തിലൂടെ സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ച അപൂര്‍വ്വങ്ങളിലൊന്നാണ്. 320 വര്‍ഷത്തോളം പഴക്കം മതിക്കുന്ന മുത്തശ്ശിയെ എല്ലാ വര്‍ഷവും ആദരിക്കാറുണ്ട് എന്ന് ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലി പറഞ്ഞു. വെള്ളച്ചാട്ടം ചാലിപ്പുഴയായി താന്നി മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒഴുകി ചാലിയാറിലെത്തുന്നു.


                 ഈരാറ്റുമുക്കില്‍ നിന്ന് 400 മീറ്ററോളം കയറിയാല്‍ മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്  എത്തും. വെള്ളച്ചാട്ടത്തില്‍ മഴവില്ല് വിരിയുന്ന അപൂര്‍വ്വ സുന്ദര ദൃശ്യമാണ് ഈ പേരിന് കാരണം. ഇത്തവണ ഞാന്‍ അങ്ങോട്ട് കയറിയില്ല.കഴിഞ്ഞ തവണ അവിടെ എത്തിയെങ്കിലും വെള്ളം കുറവായത് കാരണം മഴവില്ല് വിരിഞ്ഞില്ല.

             മഴവില്‍ ചാട്ടത്തില്‍ നിന്നും വീണ്ടും 500 മീറ്റര്‍ കയറിയാല്‍ ‘തുമ്പിതുള്ളും പാറ‘ യില്‍ എത്തും.തുമ്പികളും പൂമ്പാറ്റകളും തുള്ളിക്കളിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഈ പേര് വന്നത്. ഇന്ന് മനുഷ്യര്‍ മുഴുവന്‍ അവരുടെ തുള്ളല്‍ സ്ഥാനത്ത് എത്തുന്നതിനാല്‍ പേര് ബാക്കിയാക്കി അവരെല്ലാം പോയി. 

              തുമ്പിതുള്ളും പാറയില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി കാട്ടിനകത്ത് കൂടെ അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ തേന്‍‌പാറയിലെത്താം. 4 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ആ ഒറ്റപ്പാറയിലേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല. ആരൊക്കെയോ പോയി അവിടെ ടെന്റ് കെട്ടി താമസിച്ച കഥ കേട്ടിട്ടുണ്ട്. അതിന് വനം വകുപ്പ് സമ്മതിക്കുമോ എന്നറിയില്ല.  അവിടെ  നിന്നുള്ള കാഴ്ച  അതിമനോഹമാണെന്ന് പറയുന്നു. നിന്ന് നോക്കിയാല്‍ തലകറങ്ങുന്നതുപോലെ തോന്നുമെന്നതിനാല്‍ പാറയില്‍  കിടന്നാണ്  താഴ്വരക്കാഴ്‌ച്ച ആസ്വദിക്കാറ് പോലും! ബാച്ചി ടീമിന്റെ കൂടെയേ അത് നടക്കൂ എന്നതിനാല്‍ ഇത്തവണയും അങ്ങോട്ട് കയറിയില്ല. 

                 തേന്‍ പാറയും കഴിഞ്ഞ് മുകളിലേക്ക്  ട്രക്കിങ്ങിന് പോകാം. വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തും എന്ന് പറയുന്നു. ട്രക്കിങ്ങിനും  ക്യാമ്പിങ്ങിനും വനം വകുപ്പ് സൌകര്യമൊരുക്കുന്നുണ്ട്. മുന്‍‌കൂട്ടി വിവരം അറിയിക്കണം എന്ന് മാത്രം. ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ സഹായവും ലഭിക്കും. ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ  അഷ്‌റഫ് സാറെ ബന്ധപ്പെടാം എന്ന് അറിയിച്ചു (ഫോണ്‍:9747345408). ഡെസ്റ്റിനേഷന്‍ മാനേജര്‍ മാത്യു ഷെല്ലിയുമായി ബന്ധപ്പെട്ടാല്‍ താമസ സൌകര്യങ്ങളും  മറ്റും അറിയാം (9447278388). 

                  ക്യാമ്പിലെ ക്ഷണിക്കപ്പെട്ട അതിഥി എന്ന നിലക്ക് അഷ്രഫ് സാറും മാത്യു ഷെല്ലിയും എനിക്കും കുടുംബത്തിനും പ്രത്യേക പരിഗണന നല്‍കി. ഇനി വരുമ്പോഴും ടിക്കറ്റ് എടുക്കരുതെന്ന (!) ഉപദേശത്തോടെയും (30 രൂപയാണ് പ്രവേശന ഫീസ്)  വീണ്ടും കാണാമെന്ന ഉപചാര വാക്കോടെയും  ഞങ്ങള്‍ തുഷാരഗിരിയോട് വിടപറഞ്ഞു. അടിവാരത്തേക്ക് എത്താന്‍ ഇപ്പോള്‍ പുതിയൊരു പാലം ഉണ്ട്.മനോഹരമായ ആ കാഴ്ചയും ആസ്വദിച്ചു കൊണ്ട് ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി.

Wednesday, October 12, 2016

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’ - 2

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’

           ശനിയാഴ്ചയും ഞായറാഴ്ചയും കോളേജില്‍ എന്‍.എസ്.എസിന്റെ ഡ്യൂട്ടി ഉണ്ടായിരുന്നതിനാല്‍ തിങ്കളാഴ്ച ഞാന്‍ ലീവ് എടുത്തു.കറക്ട് അന്ന് ഒമ്പത് മണിയോടെ വീട്ടിലെ ഗ്യാസും കഴിഞ്ഞു.

“സിലിണ്ടര്‍ രണ്ടും കാലിയായാല്‍ ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്?” ഭാര്യ ചോദിച്ചു.

“ഞാനല്ല പറഞ്ഞത്, അസീസ്ക്കയാ പറഞ്ഞത്...”

“അസീസ്ക്കയോ...?അതാരാ?”

“ഗ്യാസ് ഏജന്‍സി ഉടമ”

“ ഏത് കാക്കയായാലും വേണ്ടില്ല... സിലിണ്ടര്‍ രണ്ടും കാലിയാ...ഗ്യാസ് എടവണ്ണപ്പാറ നിന്നും ഇന്ന് തന്നെ അരീക്കോട്ടേക്ക് മാറ്റാന്‍ നോക്കണം...”

“അതിന് കുറെ ഫോര്‍മാലിറ്റീസുണ്ട്...മാത്രമല്ല നമ്മുടേത് ഇന്‍ഡേനാ,അരീക്കോട്ടേത് എച്.പിയും...“

“ഇന്ത്യനായാലും മറ്റതായാലും ഗ്യാസ് ഇല്ലാതെ ഇനി ഭക്ഷണം ഇല്ല...”

“ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

     ഉടന്‍ ഞാന്‍ ഗ്യാസ് ഏജന്‍സി പാര്‍ട്ട്ണറെ വിളിച്ചു. കാലിയായ രണ്ട് സിലിണ്ടറും റെഗുലേറ്ററും എസ്.വി പേപ്പറും ഐ.ഡി കാര്‍ഡും കൊണ്ട് ഏജന്‍സി ഓഫീസില്‍ വന്നാല്‍ അരമണിക്കൂറിനകം ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് അദ്ദേഹം അറിയിച്ചു.നാട്ടിലെ ഏജന്‍സിയില്‍ ബന്ധപ്പെട്ട് അവിടെത്തെ 'സംഗതികള്‍' നമ്മള്‍ അറിഞ്ഞിരിക്കണം എന്നും പറഞ്ഞു.
ഇപ്പോള്‍ കണക്ഷന്‍ മാറ്റുന്നതിനുള്ള കാരണവും ആ സൌഹൃദ സംഭാഷണത്തില്‍ അദ്ദേഹം ആരാഞ്ഞു.

      എന്റെ അടുത്ത കാള്‍ നേരെ നാട്ടിലെ ഏജന്‍സിയിലേക്കായിരുന്നു. പഴയ ഏജന്‍സിയില്‍ നിന്നും കിട്ടുന്ന ഒരു പേപ്പറും, ആധാര്‍ കാര്‍ഡിന്റെ രണ്ട് കോപ്പിയും (ഒന്ന് അപേക്ഷയുടെ കൂടെ വയ്ക്കാനും രണ്ടാമത്തേത് ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനും), ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ കോപ്പിയും( ഇതും ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാനാണ്) , റേഷന്‍ കാര്‍ഡിന്റെ കോപ്പിയും,രണ്ട് ഫോട്ടോയും ഓഫീസില്‍ നിന്നും കിട്ടുന്ന അപേക്ഷ ഫോറത്തിന്റെ കൂടെ നല്‍കി ആവശ്യമായ പണം അടച്ചാല്‍ ഉടന്‍ കണക്ഷന്‍ നല്‍കാമെന്ന് അവര്‍ അറിയിച്ചപ്പോള്‍ ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന കാലവും അഞ്ച് വര്‍ഷം മുമ്പത്തെ അവസ്ഥയും ആലോചിച്ചുപോയി.

        ആവശ്യമായ എല്ലാ പേപ്പറുകളും സാമഗ്രികളും എടുത്ത് ഞാന്‍ നേരെ എന്റെ കണക്ഷന്‍ നല്‍കിയ ഏജന്‍സിയില്‍ എത്തി. പുതിയ കണക്ഷന്റെ ആവശ്യത്തിനായി ഒരുപാട് പേര്‍ അവിടെ വട്ടമിട്ട് നിന്നിരുന്നു. എങ്കിലും അസീസ്ക്ക പറഞ്ഞപോലെ സാധനങ്ങള്‍ തിരികെ നല്‍കി അരമണിക്കൂറിനകം തന്നെ എന്റെ പേപ്പര്‍ റെഡിയായി. ഒപ്പം രണ്ട് സിലിണ്ടറിന് നല്‍കിയ അഡ്വാന്‍സ് തുക 2500 രൂപയും റെഗുലേറ്ററിന്റെ 150രൂപയും തിരികെ ലഭിച്ചു.

        ഈ പേപ്പറും മേല്പറഞ്ഞ പേപ്പറുകളുമായി അടുത്ത അരമണിക്കൂറിനുള്ളീല്‍ ഞാന്‍ അരീക്കോട്ടെ ഏജന്‍സിയില്‍ എത്തി.അവിടെ നിന്നും ലഭിച്ച അപേക്ഷ ഫോറം പൂരിപ്പിച്ച് എല്ലാ രേഖകളും സമര്‍പ്പിച്ച് സിലിണ്ടറിന്റെയും റെഗുലേറ്ററിന്റെയും അഡ്വാന്‍സും രണ്ട് സിലിണ്ടറിന്റെ വിലയായ 1050 രൂപയും നാമ മാത്രമായ സ്റ്റേഷണറി ചാര്‍ജ്ജും അടച്ചതോടെ പുതിയ റെഗുലേറ്ററും പാസ്സ്ബുക്കും രണ്ട് സിലിണ്ടറുകളും (ആദ്യത്തെ തവണ ഗോഡൌണില്‍ നിന്ന് സ്വന്തം ചെലവില്‍ എടുക്കണം)  നല്‍കി എന്നെ എച്.പി കസ്റ്റമറായി സ്വീകരിച്ചു.

         ആകെക്കൂടി രണ്ട് മണിക്കൂറില്‍ താഴെ മാത്രം എടുക്കുന്ന ഒരു പ്രക്രിയക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം കാത്ത് നിന്ന്, ഓരോ സിലിണ്ടറിലും അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജും നല്‍കിയിരുന്നതെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അനുഭവത്തില്‍ നിന്നും ഞാന്‍ പറയുന്നു, ആവശ്യമായ പേപ്പറുകള്‍ എല്ലാം കയ്യിലുണ്ടെങ്കില്‍ ഗവണ്മെന്റ് ഗ്യാസ് ഏജന്‍സികളില്‍ നിന്ന് പരസ്പരം കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.

Friday, October 07, 2016

ഗ്യാസ് കണക്ഷന്റെ ‘ഗ്യാസ്’

       മാനന്തവാടിയിലെ ഒന്നാംഘട്ട താമസ സമയത്ത് എനിക്ക് ഗ്യാസ് കണക്ഷന്‍ ഇല്ലായിരുന്നു.സര്‍ക്കാര്‍ കണക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള‍ അക്കാലത്ത് "Elf" എന്നൊരു പ്രൈവറ്റ് ഗ്യാസ് കണക്ഷനും നീതിസ്റ്റോര്‍ വഴി കിട്ടിയ നീതി ഗ്യാസ് കണക്ഷനും ഞങ്ങളുടെ കുടുംബവക വീട്ടില്‍ അരീക്കോട്ട് ഉണ്ടായിരുന്നു. അതില്‍ "Elf" ഞാന്‍ മാനന്തവാടിയിലേക്ക് എടുത്തു. ഗ്യാസ് കഴിയുന്ന സമയത്ത് ഞങ്ങള്‍ക്കും സര്‍ക്കാര്‍ കണക്ഷന്‍ ഉള്ളവര്‍ക്കും റീഫില്‍ ചെയ്യാന്‍ താമസ സ്ഥലത്തിന് തൊട്ടടുത്ത് തന്നെ ഒരു പ്രൈവറ്റ് ഏജന്‍സിക്കാരന്‍ ഉണ്ടായിരുന്നു (ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് മാനന്തവാടിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഈ പരിപാടി നിര്‍ത്തിയിരുന്നു).

      അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ എനിക്കും സര്‍ക്കാര്‍ ഗ്യാസിന് ഒരാശ തോന്നി.എല്ലാവര്‍ക്കും വില കുറച്ച് കിട്ടുന്ന സാധനം ഞാന്‍ മാത്രം കൂടിയ വിലക്ക് വാങ്ങി കഞ്ഞി വയ്ക്കേണ്ട ആവശ്യം എന്ത് എന്ന് സഹധര്‍മിണി തലയണമന്ത്രം ഓതിയോ അതല്ല എനിക്ക് സ്വയം ബോധോദയം വന്നോ എന്നൊന്നും ഓര്‍മ്മയില്ല.പക്ഷെ അതിന് റേഷന്‍ കാര്‍ഡ് ആവശ്യമാണെന്ന് ആരോ മൊഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആശയെ കുഴിച്ചുമൂടി.കാരണം എനിക്കും ഉപ്പക്കും ഉമ്മക്കും അനിയനും കൂടി ഉണ്ടായിരുന്നത് ഒറ്റ റേഷന്‍ കാര്‍ഡ് ആയിരുന്നു !

     ആയിടക്കാണ് വീണ്ടും ആരോ എന്നെ തട്ടിയുണര്‍ത്തിയത്.റേഷന്‍ കാര്‍ഡില്ലാത്തവനും കഞ്ഞി വയ്ക്കാന്‍ അവകാശമുണ്ടെന്നും വാടകക്ക് താമസിക്കുന്നവനും ഗ്യാസ് കിട്ടാന്‍ വകുപ്പുണ്ടെന്നും ആ തട്ടലില്‍ ഞാന്‍ അറിഞ്ഞു.പക്ഷെ പഞ്ചായത്ത് ആപ്പീസില്‍ നിന്നോ അതോ വില്ലേജ് ആപ്പീസില്‍ നിന്നോ ലഭിക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്ന താമ്രപത്രം വേണം. അത് കിട്ടണമെങ്കില്‍ വാടകച്ചീട്ടും വേണം. അങ്ങനെ ഞങ്ങളുടെ പുന്നാര ഹാജിക്കയില്‍ നിന്നും ഒരു വാടകച്ചീട്ട് ഒപ്പിച്ച് പ്രസ്തുത പത്രം കൈക്കലാക്കി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒരു കോപ്പിയും സഹിതം ഗ്യാസ് ഏജന്‍സിയില്‍ പോയി ഒരു അപേക്ഷാഫോമും വാങ്ങി പൂരിപ്പിച്ച് നല്‍കി ഞാന്‍ ദിവസങ്ങള്‍ എണ്ണി.

       കലണ്ടറിലെ പേജുകള്‍ മുഴുവന്‍ മറിഞ്ഞ് കഴിഞ്ഞു. വിഷുവിന് കിട്ടും,  ഓണത്തിന് കിട്ടും, പെരുന്നാളിന് കിട്ടും , ക്രിസ്തുമസിന് കിട്ടും എന്നിങ്ങനെ അയല്‌വാസികള്‍ പറഞ്ഞപ്പോള്‍ ഗ്യാസും മതേതരനായതില്‍ ഞാന്‍ സന്തോഷിച്ചു.പുതിയ കലണ്ടര്‍ ചുവരില്‍ തൂക്കി ഞാന്‍ പിന്നെയും കറുപ്പും ചുവപ്പും അക്കങ്ങളിലേക്ക് തുറിച്ച് നോക്കിയിരുന്നു.ഓരോ പ്രാവശ്യവും ഗ്യാസ് വണ്ടി വരുന്ന കടകട ശബ്ദം എന്റെ ഹൃദയത്തിന്റെ പെറുമ്പറ ശബ്ദത്തില്‍ അലിഞ്ഞില്ലാതായി.അവസാനം ഗ്യാസിന് അപേക്ഷ നല്‍കിയതിന്റെ തെളിവായുള്ള കടലാസും കോളേജില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയതിന്റെ കടലാസും ഭാര്യക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്ന് ഡോക്ടര്‍ നല്‍കിയ കടലാസും ചേര്‍ത്ത് പിടിച്ച് 2009 ഏപ്രിലില്‍ ഞാന്‍ കുടുംബ സമേതം മാനന്തവാടിയോട് വിട പറഞ്ഞു.

      2010ല്‍ പുതിയ വീട്ടിലേക്ക് താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കി (ആ കഥ പിന്നീട് പറയാം). പുതിയതായി ഗ്യാസ് കണക്ഷന് അപേക്ഷ നല്‍കാനുള്ള എല്ലാം കയ്യില്‍ കിട്ടിയ ആത്മവിശ്വാസത്തോടെ നാട്ടില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയുള്ള മഞ്ചേരിയിലെ എച്.പി ഗ്യാസ് ഏജന്‍സിയില്‍ ഞാന്‍ ചെന്നു. എനിക്ക് ഏറ്റവും അടുത്തത് എടവണ്ണപ്പാറയിലുള്ള ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയാണെന്ന ന്യായം പറഞ്ഞ് അവര്‍ എന്നെ നിഷ്കരുണം പറഞ്ഞുവിട്ടു.വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുള്ള  എടവണ്ണപ്പാറയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പെ മാനന്തവാടിയിലെ പഴയ കടലാസ് എന്നെ മാടിവിളിച്ചു !

      രണ്ട് വര്‍ഷം മുമ്പ് അപേക്ഷിച്ച എനിക്ക് സീനിയോറിറ്റി ഉണ്ട് എന്ന് ആരോ എന്റെ ഉള്ളീല്‍ നിന്നും വിളിച്ച് പറഞ്ഞ പ്രകാരം ആ തെളിവുമായി ഞാന്‍ എടവണ്ണപ്പാറയില്‍ എത്തി.പക്ഷെ ഗ്യാസ് ഏജന്‍സി നടത്തുന്നവര്‍ എന്നാല്‍ ഇന്ത്യന്‍ പ്രെസിഡന്റിന്റെയും മുകളില്‍ ആണ് എന്ന ധാരണയുള്ളവരായിരുന്നതിനാല്‍ അവര്‍ എന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചില്ല. നിരാശനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് രണ്ട് മൂന്ന് വര്‍ഷത്തെ കഞ്ഞി അടുപ്പില്‍ തന്നെ വേവുന്നത് മനസ്സില്‍ കണ്ട് ഞാന്‍ അരീക്കോട്ടേക്ക് തിരിച്ച് കയറി.

      റോഡ് ഗട്ടര്‍ സ‌മൃദ്ധമായതിനാല്‍ യാത്രക്കിടയില്‍ ബസ് അതിലൊന്നില്‍ ചാടി.ആ കുലുക്കത്തില്‍ എന്റെ തലയില്‍ കസ്റ്റമര്‍ കെയര്‍ എന്ന ആശയം എങ്ങനെയോ എത്തി.വീട്ടിലെത്തിയ ഉടന്‍ ഞാന്‍ ഇന്‍ഡേന്‍ കസ്റ്റമെര്‍ കെയര്‍ നമ്പറില്‍ വിളിച്ച് എന്റെ ന്യായമായ ആവശ്യം ബോധിപ്പിച്ചു.രണ്ടാം ദിവസം ഗ്യാസ് ഏജന്‍സിയില്‍ നിന്നും എനിക്ക് വിളി വന്നു - നിങ്ങളുടെ കണക്ഷന്‍ റെഡിയായിരിക്കുന്നു.ഇന്ന് തന്നെ വന്ന് അതിന്റെ ഫോര്‍മാലിറ്റികള്‍ മുഴുവനാക്കണം !!! 

      അന്ന് മുതല്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി എന്റെ കണക്ഷന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വരെ ഞാനും എടവണ്ണപ്പാറ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മാനേജിംഗ് പാര്‍ട്ട്ണറും ഭായി ഭായി ആണ്. ഇതിനിടക്ക് സ്റ്റൌ,ലൈറ്റര്‍,റ്റ്യൂബ് എന്നിവ വാങ്ങാത്തതും, എസ്.വി പേപ്പര്‍ കാണാതായതും, രണ്ടാം സിലിണ്ടര്‍ ആവശ്യവും ഒന്നും എനിക്ക് പ്രശ്നം ആയില്ല. കാരണം എന്റെ കയ്യിലിരിക്കുന്ന അറിവിന്റെ ആയുധങ്ങളുടെ മൂര്‍ച്ച അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഉപഭോക്താക്കള്‍ അറിയേണ്ട സംഗതികള്‍ അറിഞ്ഞിരുന്നാല്‍ ഒരു ഏജന്‍സിക്കാരനും നമ്മെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.