Pages

Saturday, July 30, 2011

എന്തൊരു പ്രതികരണം !!!

ഞാന്‍ അമരക്കാരനായ എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഒരു അസാധാരണ തീരുമാനമായിരുന്നു അത്.ഒന്നുമില്ല, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍‌ട്രന്‍സ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്ക് ഓപ്‌ഷന്‍ നല്‍കുന്നതിന് ഒരു ശില്പശാല.തെറ്റായി ഓപ്‌ഷന്‍ കൊടുത്തത് കാരണം പല മാതാപിതാക്കളും ഇന്ന് വെണ്ണീര്‍ തിന്നുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സഹതാപം ഞങ്ങളെ അങ്ങനെ ഒരു കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചു.പത്രങ്ങളായ പത്രങ്ങ്ളില്‍‍ എല്ലാം വാര്‍ത്ത കൊടുത്തു.ആരൊക്കെയോ പ്രസിദ്ധീകരിച്ചു.ഏതോ ഒരു റേഡിയോയും അറിയിപ്പായി അത് പ്രക്ഷേപണം ചെയ്തു!


കഥ,തിരക്കഥ , സംവിധാനം, സംഭാഷണം,അഭിനയം ഒക്കെ ഞാന്‍ തന്നെ എന്നു പറഞ്ഞപോലെ ക്ലാസ്സ് എടുക്കുന്നതും പ്രിന്റ് ഔട്ട് നല്‍കുന്നതും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതും ഒക്കെ ഞാന്‍ തന്നെ ആയിരുന്നു.സംഗതി എല്ലാം ബഹുജോറായി തീര്‍ക്കുകയും ചെയ്തു.അവസാനം ഇനിയും സംശയമുള്ളവര്‍ക്ക് വിളിക്കാനായി എന്റെ ആ സുന്ദരമായ മൊബൈല്‍ നമ്പറും നല്‍കി.


ശ്രോതാക്കള്‍ എല്ലാവരും തന്നെ വളരെ സംതൃപ്തിയോടെ സ്ഥലം വിട്ടപ്പോള്‍ ഏതൊരു അമരക്കാരനേയും പോലെ ഞാനും വളരെയധികം സന്തോഷിച്ചു.അല്പം വൈകി ആണെങ്കിലും ഞാന്‍ സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചു.പോരുന്ന വഴിക്ക് എനിക്ക് ഒരു ഫോണ്‍ -


“ഹലോ....ആബിദ് സാറല്ലേ?”


“അതെ..”


“സാര്‍...ഞാന്‍ ഇന്ന് സാറുടെ ക്ലാസ്സില്‍ മുന്നില്‍ തന്നെ ഇരുന്ന വിദ്യ്യാര്‍ത്ഥിയാണ്...”


‘ഹാവൂ,ഇത്ര വേഗത്തില്‍ പ്രതികരണമോ,ചോദിക്കൂ വത്സാ നിന്റെ സംശയം’ എന്ന് മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല.അതിനു മുമ്പ് മറുതലക്കല്‍ നിന്ന് ബാക്കി കൂടി പറഞ്ഞു.

“....സാര്‍ എന്റെ കുട അവിടെ മറന്നു വച്ചു.അതൊന്ന് എടുത്തു വക്കണം...”

Thursday, July 28, 2011

ഹാവൂ....രക്ഷപ്പെട്ടു.

അഞ്ചാം വാര്‍ഷികത്തിലേക്കും അഞൂറാം പോസ്റ്റിലേക്കും കുതിച്ചുകൊണ്ടിരുന്ന മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ഒരുങ്ങി പുറപ്പെട്ട കുട്ടിച്ചാത്തന്‍ (ബ്ലോഗര്‍ കുട്ടിച്ചാത്തനല്ല) ഒരാഴ്ച്ചത്തെ സുഖവാസത്തിന് ശേഷം കാര്യമായൊന്നും കിട്ടാതെ ഇന്ന് എന്റെ ബ്ലോഗില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു പോയിരിക്കുന്നു.

കുട്ടിച്ചാത്തനെ പുറത്താക്കാന്‍ ഇരു കൈ സഹായിച്ച് തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

Saturday, July 23, 2011

ആരാണ് പ്രതി?

Wednesday, July 20, 2011

ഭൂത കാല സുന്ദരി !

“ഉപ്പച്ചീ ഇന്ന് മേം കാലത്തെപറ്റി ക്ലാസ്സ് എടുത്തു.“

“രാമായണകാലത്തെപറ്റിയോ?”

“അല്ല...ഭൂതം ഭാവി പിന്നെ വേറെ എന്തോ ഒന്നും...”

“ഓ...ഭൂതം ഭാവി വര്‍ത്തമാനം...”

“എന്നിട്ട് മേം ചോദിച്ചു :ഞാന്‍ സുന്ദരിയാണ് ? ഏത് കാലം എന്ന്? “

“അപ്പോ നീ എന്തു പറഞ്ഞു ?”

“ഭൂത കാലം ന്ന്...ഉപ്പച്ചിയെ വരെ പഠിപ്പിച്ച മേം സുന്ദരിയായിട്ടുണ്ടാവുക പണ്ട് എന്നോ അല്ലേ?അപ്പോള്‍ അത് ഭൂത കാലം അല്ലേ?”

Monday, July 18, 2011

വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !!(ലക്ഷദ്വീപ് യാത്ര - ഭാഗം 14)

കഥ ഇതുവരെ

വെള്ളത്തില്‍ ഊളിയിടുന്ന മദാമ്മക്കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ഉടുതുണി അഴിച്ചിട്ട മദാമ്മയും കടലിലേക്കിറങ്ങി.എല്ലാവരുടേയും ശ്രദ്ധ ആ ‘വെള്ളം കളി‘യിലായി. തൊട്ടപ്പുറത്ത് പവിഴപുറ്റുകള്‍ കണ്ട് മടങ്ങി വന്ന ഒരു ബോട്ട് ആരും ശ്രദ്ധിച്ചതേ ഇല്ല.ഊഴം കാത്ത് നിന്ന മറ്റാരൊക്കെയോ ബോട്ടില്‍ ചാടിക്കയറി.അപ്പോഴാണ് റെജു ആ മുഖം കണ്ടത്.

“എടാ...അത് മറ്റവനല്ലേ?” ബോട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൂടെ കയറുന്ന ഒരുത്തനെ നോക്കി റെജു ചോദിച്ചു.

“ഏത് മറ്റവന്‍?” ആന്റണിക്ക് ‘ഈ ശ്രദ്ധ‘യില്‍ നിന്നും ആ ശ്രദ്ധ ക്ഷണിക്കല്‍ ഇഷ്ടപ്പെട്ടില്ല.

“എന്താപ്പോ അവന്റെ പേര്?” റെജു തല ചൊറിഞ്ഞു.

“നീ ഇങ്ങോട്ട് നോക്കെടാ...” ആന്റണി റെജുവിനെ തിരിച്ചു വിളിച്ചു.അപ്പോഴേക്കും അടുത്ത ബോട്ട് എത്തി.മനസ്സില്ലാമനസ്സോടെ ആറു പേര്‍ ആ ഗ്ലാസ്‌ബോട്ടം ബോട്ടിലേക്ക് കയറി.കരയില്‍ നില്‍ക്കുന്ന ആറു പേര്‍ ഊറിച്ചിരിച്ചുകൊണ്ട് അവര്‍ക്ക് യാത്രമൊഴി നല്‍കി.

“ങും...ചിരിക്കേണ്ട...ഇപ്പോ വരും നിങ്ങക്കുള്ള ബോട്ടും...” ആന്റണി പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അടുത്ത ബോട്ടും എത്തി.മദാമ്മമാരെ അവരുടെ പാട്ടിന് വിട്ട് ബാക്കി എല്ലാവരും ബോട്ടില്‍ കയറി.

യമഹ എഞ്ചിന്റെ ജന്മസിദ്ധമായ ശബ്ദത്തോടെ ബോട്ട് കടലിനകത്തേക്ക് കുതിച്ചു.നീലനിറത്തില്‍ തെളിഞ്ഞ വെള്ളത്തിനടിയില്‍ നിലാവ് പരത്തിയപോലെ പഞ്ചാരമണല്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

“ഈ ബോട്ടിന് എത്രയാ ചാര്‍ജ്ജ്?”

“അര മണിക്കൂറിന് 750 രൂപ...!” ബോട്ട് ഡ്രൈവര്‍ പറഞ്ഞു.

“ഒരാള്‍ക്കോ?”

“അതെ.ആറു പേരെ വരെ ഒരു ബോട്ടില്‍ കയറ്റും...“

“യാ കുദാ...” കീശയില്‍ ഇത്രയും കാശ് കരുതാത്തതിനാല്‍ ഞാന്‍ നെടുവീര്‍പ്പിട്ടു.ജമാല്‍ അതിനെപറ്റി ഒന്നും പറയാത്തത് എന്നില്‍ അല്പം നീരസം ഉണ്ടാക്കി.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോള്‍ ബോട്ടിന്റെ സ്പീഡ് അല്പം കുറഞ്ഞു.ബോട്ട് സാവധാനം നിന്നു.ഞങ്ങള്‍ ബോട്ടിനടി ഭാഗത്തെ ഗ്ലാസ്സിലൂടെ താഴേക്ക് നോക്കി.പലനിറത്തിലുമുള്ള പവിഴപുറ്റുകള്‍.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍.അവയും പല നിറത്തോടും കൂടിയവ.എല്ലാം ദേ കൈ എത്തും എന്ന് തോന്നുന്ന ദൂരത്തില്‍ സ്വൈരവിഹാരം നടത്തുന്നു.മുമ്പ് ചില്ലിട്ട അക്വാറിയത്തില്‍ മാത്രം കണ്ട ഈ അത്ഭുതക്കാഴ്ച ഞങ്ങളെ ശരിക്കും ആകര്‍ക്ഷിച്ചു.ബോട്ട് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ഞങ്ങള്‍ വീണ്ടും കുറച്ച് കൂടി മുന്നോട്ട് നീങ്ങി.ഇപ്പോള്‍ കാണുന്നത് മതിലുപോലെ നീണ്ടു കിടക്കുന്ന പവിഴപുറ്റ്.അതും ഓറഞ്ചും നീലയും നിറത്തില്‍!ഇടക്കിടെ കുമ്പളങ്ങ വലിപ്പത്തിലുള്ള കല്ല് പോലെ ചില സാധനങ്ങളും.അവയും പവിഴപുറ്റ് ആണെന്ന് ബോട്ടുകാരന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി.ബോട്ട് വീണ്ടും മുന്നോട്ട് നീങ്ങി.ഇത്തവണ കണ്ടത് വെള്ളത്തിന്റെ അടിയില്‍ ശക്തമായി ആടിക്കളിക്കുന്ന പായല്‍ കൂട്ടം.അതിനിടയിലൂടെ ഓടിക്കളിക്കുന്ന മത്സ്യക്കൂട്ടവും.എത്ര നിറങ്ങളില്‍ കാണുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ല!ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം ശരിക്കും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.കടല്‍ കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ തിരിച്ച് കരയിലേക്ക് തന്നെ പോന്നു.

“കാശ് എവിട്യ്യെയാ അടക്കേണ്ടത് ?” ഞാന്‍ മനസ്സില്ല മനസ്സോടെ ബോട്ടുകാരനോട് ചോദിച്ചു.

“അതാ അവിടെ?” കരയിലെ ഒരു ചെറിയ കൌണ്ടര്‍ കാണിച്ച് അദ്ദേഹം പറഞ്ഞു.

“പക്ഷേ നിങ്ങളോട് കാശ് അടക്കാന്‍ ജമാല്‍ പറഞ്ഞോ?” അദ്ദേഹം ചോദിച്ചു.

“ഇല്ല...”

“എങ്കില്‍ കാശ് അടക്കേണ്ട...”

“ങേ!!!” അദ്ദേഹം അത് പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്ത്‘ എന്ന പദവി കാരണം , ബോധം കെട്ട് ഞാന്‍ കടലിലേക്ക് വീഴുമോ എന്ന് തോന്നിപ്പോയി.

അങ്ങനെ രണ്ട് ബോട്ടിലും കൂടി അഞ്ചുപൈസ കൊടുക്കാതെ കടലിലൂടെ ഒരു യാത്ര കഴിഞ്ഞ് ഞങ്ങള്‍ കരയിലെത്തി.സമയം ഇനിയും ധാരാളം ബാക്കിയുള്ളതിനാല്‍ ഞങ്ങള്‍ തിരിച്ച് റൂമിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു.വൈകിട്ട് വീണ്ടും കടലില്‍ കുളിക്കാം എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങള്‍ വണ്ടിക്കാരനെ തിരിച്ചു വിളിച്ചു.

ലോഡ്ജില്‍ എത്തി ഭക്ഷണവും കഴിച്ച് വിശ്രമിക്കുമ്പോള്‍ ഞാന്‍ ജമാലിനെ വെറുതെ വിളിച്ചു.ഉടന്‍ അവന്‍ റൂമിന് മുന്നിലെത്തി.കടലില്‍ കുളിക്കാതെ പോന്ന വിവരം ഞങ്ങള്‍ അവനെ ധരിപ്പിച്ചു.

“കടലില്‍ കുളിക്കേണ്ട സമയം അതായിരുന്നു...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അല്പം നഷ്ടബോധം തോന്നി.

“ങാ...അതുപോട്ടെ...വൈകിട്ട് ഒരു കാര്യം ശ്രദ്ധിക്കണം.ചില വി ഐ പി ടൂറിസ്റ്റുകള്‍ ഉണ്ട്.അവര്‍ക്ക് ശല്യമാകരുത്...” ജമാല്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തന്നു.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ...മറ്റവന്‍ ഉണ്ട് എന്ന്...” റെജു വീണ്ടും മറ്റവനെ എടുത്തിട്ടു.

“ഏതാടാ നീ ഇപ്പറയുന്ന മറ്റവന്‍?” എല്ലാവരും റെജുവിന്റെ നേരെ തിരിഞ്ഞു.

“വിവേക് ഓബ്‌റോയ് ഉണ്ട് ദ്വീപില്‍...” ഉത്തരം പറഞ്ഞത് ജമാല്‍ ആയിരുന്നു.

“അതേ...അവന്‍ തന്നെ...” പേരു കിട്ടിയ സന്തോഷത്തില്‍ റെജു പറഞ്ഞു.

“ഓകെ...അത് ഞങ്ങള്‍ ശ്രദ്ധിച്ചോളാം...” ഞങ്ങള്‍ ഉറപ്പ് കൊടുത്തു. രാത്രി കാണാം എന്ന് പറഞ്ഞ് ജമാല്‍ സ്ഥലം വിടുകയും ചെയ്തു.

നാല് മണിയായപ്പോള്‍ ഞങ്ങളുടെ ശകടം വീണ്ടും എത്തി.വിവേക് ഓബ്‌റോയിയെ നേരില്‍ കാണണേ എന്ന പ്രാര്‍ത്ഥനയോടെ പലരും വണ്ടിയില്‍ കയറി.അത് ആരാണെന്ന് അറിയാത്തതിനാല്‍ “കടലില്‍ കുളിക്കാന്‍ പറ്റണേ” എന്ന പ്രാര്‍ഥനയോടെ ഞാനും കയറി.

സൌത്ത് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിന്റെ ഗേറ്റില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.നേരെ കുളിക്കടവിലേക്ക് നീങ്ങി.ബര്‍മുഡ ഇട്ടും ഇടാതെയും എല്ലാവരും കടലിലേക്കിറങ്ങി.ആഴം കുറഞ്ഞ തെളിഞ്ഞ കടലില്‍ ഞങ്ങള്‍ ഞങ്ങളുടെ ലീലാവിലാസങ്ങള്‍ തകര്‍ത്തു.അതിനിടയില്‍ ദൂരെ നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.ടൂറിസ്റ്റുകളയും വഹിച്ചുകൊണ്ടുള്ള ആ ബോട്ട് ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരത്തെ പലരും തിരിച്ചറിഞ്ഞു.

“ഹായ്...വിവേക്...” അറിയാവുന്നവര്‍ വിളിച്ചു കൂവി.വിവേക് ‘റ്റാറ്റാ’ എന്ന് കൈ വീശി.താരത്തെ നേരില്‍ കണ്ട ആരുടെയൊക്കെയോ മനം കുളിര്‍ത്തു.ഞങ്ങള്‍ വീണ്ടും കുറേ നേരം കടലില്‍ നീന്തികുളിച്ചു.തിരയില്ലാത്ത കടലില്‍ , അറിയാതെ വെള്ളത്തിന്റെ രുചി അറിഞ്ഞവര്‍ മിണ്ടാതെ കുളി തുടര്‍ന്നു.ഏകദേശം സന്ധ്യ ആയപ്പോള്‍ പലര്‍ക്കും തണുത്ത് വിറക്കാന്‍ തുടങ്ങി.അങ്ങനെ ഓരോരുത്തരായി കയറിത്തുടങ്ങി.

എല്ലാവരും കുളിച്ച് കരക്ക് കയറി എന്ന് ഉറപ്പ് വരുത്തി ഞാനും റെജുവും ജയേഷും ഏറ്റവും പിന്നിലും മറ്റുള്ളവര്‍ മുന്നിലുമായി പുറത്തേക്ക് നടന്നു.ടിക്കറ്റ് കൌണ്ടറിന്റെ അടുത്തെത്തിയപ്പോള്‍ റെജു വീണ്ടും ആ മദാമ്മമാര്‍ അവിടെ തന്നെ ഉണ്ടൊ എന്ന് ഒളിഞ്ഞു നോക്കി.

“സാര്‍....അതാ അവിടെ....” റെജു എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

“ആര് ? ആ മദാമ്മകളൊ ?”

“അല്ല...വിവേക്...”

“ഓ...അവന്‍ അവിടെ സ്വസ്ഥമായിട്ട് ഇരുന്നോട്ടെ റെജു...” ഞാന്‍ പറഞ്ഞു.

“സാര്‍....ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം....”

“ങാ...ഇനി അവന്റെ കൂടെയും ഫോട്ടൊ...ഇന്നലെ കപ്പലില്‍ ആ പോഡൊയുടെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അനുവാദം ചോദിച്ച എന്നെ മറന്നവരല്ലേ....വേഗം നടക്ക്...” ഞാന്‍ അല്പം ടൈറ്റാക്കി.

“അത് സോറി സാര്‍....ഇത് വിവേക് ഒബ്‌റൊയ്...ഇന്ത്യന്‍ സിനിമയിലെ ഭാവിതാരമാണ് സാര്‍...” റെജു കെഞ്ചി.

എങ്കില്‍ ഒന്ന് ശ്രമിക്കാം എന്ന് കരുതി ഞാന്‍ വിവേക് ഇരിക്കുന്ന കസേരക്ക് പിന്നിലൂടെ ചെന്നു.റെജു എന്റെ പിന്നാലെയും.ഒരു ചൂടന്‍ ചുംബനത്തിലേക്ക് ആണ് വിവേകും കാമുകിയും ആ നിമിഷം പോകുന്നത് എന്ന് കണ്ട ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു.

“റെജു...നമുക്ക് പോകാം...ഇപ്പോള്‍ അത് ശരിയാവില്ല...“ ഞാന്‍ പിന്മാറാന്‍ തീരുമാനിച്ചു.

“സാര്‍....നമ്മള്‍ മൂന്ന് പേരല്ലേ ഉള്ളൂ...ഒന്ന് കൂടി ശ്രമിക്കാം...” റെജു വിട്ടില്ല,

“എങ്കില്‍ വാ...” ഞാന്‍ സകല ധൈര്യവും കുപ്പിയിലാക്കി വിവേകിന്റെ നേരെ വീണ്ടും നടന്നു.

“എസ്ക്യൂസ് മീ...അയാം ആബിദ് ഫ്രം കാലികറ്റ്,കേരള...വീ ആര്‍ എമ്പ്ലൊയീസ് ഓഫ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്...കാന്‍ വീ ടേക്ക് എ ഫോട്ടൊ വിത് യൂ ?” ഞാന്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചതും വിവേകിന്റെ ഒപ്പം ഇരുന്ന പെണ്ണ് എണീറ്റ് പോയതും ഒരുമിച്ചായിരുന്നു.സുന്ദരമായ ആ നിമിഷത്തില്‍ വന്ന കട്ടുറുമ്പുകളായ ഞങ്ങളെ എന്ത് പറയും എന്ന് ഞങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നതിനിടെ വിവേക് പറഞ്ഞു.

“ഓകെ...ടേക് യുവര്‍ സീറ്റ്...” ഒഴിഞ്ഞ കാമുകിയുടെ സീറ്റിലേക്ക് ഞാന്‍ തന്നെ ആദ്യം ചാടിക്കയറി ഇരുന്നു.കാരണം ഇന്നലേ കപ്പലില്‍ സംഭവിച്ചത് ഇന്നും പറ്റരുതല്ലോ.റെജുവും ജയേഷും അവരുടെ ക്യാമറയില്‍ ഞങ്ങളെ പകര്‍ത്തി.ശേഷം അവരെ വിവേകിന്റെ കൂടെ ഇരുത്തി ഞാനും ഫോട്ടോ എടുത്തു.Abid Areacode എന്ന എൻ്റെ fb അക്കൗണ്ട് dp അന്ന് മുതൽ ഈ ഫോട്ടോയാണ്.

വിവേകിന് നല്ലൊരു ഷേക്ക് ഹാന്റും താങ്ക്സും നല്‍കി ഞങ്ങള്‍ മുമ്പേ ഗമിക്കുന്നവരുടെ അടുത്തേക്ക് ഓടി.കേരള സര്‍ക്കാറിന്റെ ഓണം ബമ്പര്‍ അടിച്ച സന്തോഷത്തില്‍ റെജു ഓടിയത് നേരെ എതിര്‍ദിശയിലേക്കായിരുന്നു!


(തുടരും...)