ജീവിതത്തിൽ നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്. 2010 ന് ശേഷമുള്ള മിക്ക യാത്രകളെപ്പറ്റിയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു യാത്രാ വിവരണം വായിച്ച ശേഷം എഴുതിയതല്ല അവയൊന്നും. മറിച്ച് യാത്രയിൽ എനിക്കുണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങളും മേമ്പൊടിയായി ചില പ്രയോഗങ്ങളും ചില ഊഹങ്ങളും എല്ലാം നിറഞ്ഞതാണ് ആ വിവരണങ്ങൾ.
ദീർഘദൂര യാത്രകളിൽ ഏതാനും പുസ്തകങ്ങൾ കൂടി ഞാൻ കൂടെ കരുതാറുണ്ട്. യാത്രയുടെ വിരസത അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ പുസ്തകങ്ങൾ നല്ല കൂട്ടാണ്. അപ്രതീക്ഷിതമായി മൂന്നാം കാശ്മീർ യാത്രക്ക് അവസരം കിട്ടിയപ്പോൾ രണ്ട് പുസ്തകങ്ങളും ഞാൻ ബാഗിൽ കരുതി. യാദൃശ്ചികമായി അതിലൊന്ന് ഒരു യാത്രാ വിവരണം ആയിരുന്നു. സഞ്ചാര സാഹിത്യത്തിൻ്റെ കുലപതിയായ ശ്രീ. എസ്.കെ.പൊറ്റക്കാട് എഴുതിയ പാതിരാ സൂര്യൻ്റെ നാട്ടിൽ എന്ന പുസ്തകം.
പാതിരാ സൂര്യൻ്റെ നാടായി ഞാൻ പഠിച്ചതും മനസ്സിലാക്കിയതും നോർവെ ആണ്.പക്ഷെ, ഈ പുസ്തകത്തിൽ വിവരിക്കുന്നത് ഹെൽസിങ്കിയിലെ കാഴ്ചകളാണ്. ഹെൽസിങ്കി ഫിൻലൻ്റിൻ്റെ തലസ്ഥാനമാണ്. സംശയം തീർക്കാൻ ഗൂഗിൾ ചെയ്തപ്പോഴാണ് നോർവെക്ക് പുറമെ ഫിൻലാൻ്റ്, ഐസ്ലാൻ്റ്, അലാസ്ക , കാനഡ തുടങ്ങീ ആർട്ടിക് മേഖലയിലെ രാജ്യങ്ങളിലെല്ലാം പാതിരാ സൂര്യനെ കാണാറുണ്ട് എന്ന് മനസ്സിലായത്. അതിനാൽ ഇവയെല്ലാം പാതിരാ സൂര്യന്റെ നാടാണ് പോലും.
ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരംഗമായാണ് ഗ്രന്ഥകർത്താവ് ഹെൽസിങ്കിയിൽ എത്തുന്നത്. ഫിൻലൻ്റിൻ്റെ ഉൾനാടുകളിൽ നടക്കുന്ന അനുബന്ധ യോഗങ്ങളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകളും സ്വന്തം നിലയിൽ നാടു കാണാൻ പോയ അനുഭവങ്ങളും സ്ഥല ചരിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. മുൻ ധാരണകളില്ലാതെ യാത്രാവിവരണങ്ങൾ എഴുതിയ എൻ്റെ ശൈലിയും ഇത് തന്നെയായതിനാൽ അവ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഫിന്നിഷ് സാഹിത്യകാരന്മാരെപ്പറ്റിയുള്ള നെടുനീളൻ കുറിപ്പുകൾ വായനയുടെ രസച്ചരട് ഇടക്ക് വെച്ചൊന്ന് മുറിച്ച് കളയുന്നു എന്നാണ് എന്റെ അഭിപ്രായം.
ഇന്ത്യക്കാരെ കാണാനും തൊടാനും ഫിൻലൻ്റുകാർ കാണിക്കുന്ന ഔൽസുക്യം വായിച്ചപ്പോൾ പണ്ട് മൈസൂരിൽ ടൂർ പോയി വെള്ളക്കാരെ കണ്ട് നോക്കി നിന്നത് ഓർമ്മ വന്നു. അതേപോലെ സൗന സ്നാനം എന്ന വിചിത്രകുളി രീതിയും ഒരു കുളിര് കോരിയിട്ടു. ദ്വിഭാഷിയായി പ്രവർത്തിച്ച കായൃ യും വായനക്കാരൻ്റെ മനസ്സിൽ സ്ഥാനം പിടിക്കും.
പുസ്തകം: പാതിരാ സൂര്യൻ്റെ നാട്ടിൽ
രചയിതാവ്: എസ്.കെ.പൊറ്റക്കാട്
പ്രസാധകർ: ഡിസി ബുക്സ്
പേജ്: 119
വില : Rs 110