Pages

Thursday, October 26, 2006

എറമുള്ളാന്റെ തിരിച്ച്‌(എ)റിയല്‍ കാര്‍ഡ്‌.

രംഗം - ഒന്ന്

                  "മാന്യ സുഹ്രുത്തേ, .......ലെ .........തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയ വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ? കാര്‍ഡ്‌ തയ്യാറാക്കുന്നതിന്ന് ഫോട്ടോ എടുക്കുന്നതിന്നായി നിശ്ചിത സ്ഥലത്ത്‌ താങ്കളും കുടുംബാംഗങ്ങളും ഹാജരാകണമെന്ന് താല്‍പര്യപ്പെടുന്നു.അല്ലാത്ത പക്ഷം ഈ നിയോജക മണ്ഡരിത്തല താമസക്കാരനല്ലെന്ന നിഗമനത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കുമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു (!!!)"
 നോട്ടീസ്‌ എറമുള്ളാന്‍ ഒരാവര്‍ത്തി കൂടി തപ്പിത്തടഞ്ഞ്‌ വായിച്ചു.എന്നിട്ടും നിയോജക മണ്ഡരിത്തല എന്ന തല മനസ്സിലായില്ല.

                എറമുള്ളാന്‌ 10 മക്കള്‍.പത്താമന്‍ ഒന്നാം ക്ലാസ്സിലും ഒന്നാമന്‍ പത്താം ക്ലാസ്സിലും പഠിക്കുന്നു.നോട്ടീസ്‌ കിട്ടി പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു കുടുംബഫോട്ടോ എടുക്കാനായി എറമുള്ളാന്‍ തന്റെ 10 മക്കളെയും ഭാര്യയെയും കൂട്ടി താലൂക്കാപ്പീസ്‌ മാര്‍ച്ച്‌ നടത്തി. താലൂക്കാപ്പീസ്‌ പരിസരത്തെ നീണ്ട ക്യൂവില്‍ , മുന്നില്‍ എറമുള്ളാനും പിന്നില്‍, പുട്ടില്‍ തേങ്ങ ഇട്ടപോലെ 10 മക്കളും അവസാനം എറമുള്ളാന്റെ പ്രിയപത്നി കുഞ്ഞാമിയും ഒന്നിച്ചണിനിരന്നു.നീണ്ട കാത്തിരിപ്പിന്‌ ശേഷം എറമുള്ളാനും കുട്ട്യേളും കെട്ട്യേളും ആപ്പീസറുടെ മുമ്പിലെത്തി.

 "സര്‍, ഇതാ ഞാനും കെട്ട്യേളും എന്റെ 10 കുട്ട്യേളും....കജ്ജോങ്കില്‌ ഞമ്മള്‍ 12നെം ഒര്‌ പോട്ടത്തിലാക്കണം"

 രംഗം - രണ്ട്‌

 "എന്താ പേര്‌?" മുഖത്ത്‌ നോക്കാതെ ഓഫീസറുടെ ചോദ്യം.

 " എറമുള്ളാന്‍"

 "ആണോ പെണ്ണോ?" ഓഫീസറുടെ അടുത്ത ചോദ്യം.

 "ങേ!!!" ഇത്തവണ എറമുള്ളാന്‍ ഞെട്ടി.

 "ആണ്‌ തന്നെ " ഒന്ന് തപ്പി നോക്കി എറമുള്ളാന്‍ തറപ്പിച്ച്‌ പറഞ്ഞു.

 "ശരി....ഇരിക്കൂ....റെഡി...നെക്സ്റ്റ്‌ " എറമുള്ളാനോട്‌ പുറത്ത്‌ പോകാന്‍ ആംഗ്യഭാഷയില്‍ ഓഫീസര്‍ കല്‍പിച്ചു.

 "അപ്പൊ പോട്ടവും കാര്‍ഡും യൗട്ന്നാ കിട്ടാ...?" എറമുള്ളാന്‍ സംശയം പ്രകടിപ്പിച്ചു.

 "അത്‌ വില്ലേജാപ്പീസില്‍ നിന്ന് തരും "

 "ന്റ അള്ളോ...ഞ്‌ ഔടിം മാണോ പോകാ..."

 രംഗം - മൂന്ന്

 വില്ലേജാപ്പീസില്‍ നിന്നും കിട്ടിയ കാര്‍ഡ്‌ എറമുള്ളാന്‍ തിരിച്ചും മറിച്ചും നോക്കി.തിരിച്ചറിയാത്ത ഫോട്ടോ തന്റേത്‌ തന്നെ എന്ന് ഉറപ്പ്‌ വരുത്താന്‍ എറമുള്ളാന്‍ തൊട്ടടുത്ത്‌ നിന്ന ആളോട്‌ ചോദിച്ചു-"ഈ പോട്ടം ആര്‌താ..?"

 "നിങ്ങള്‍ത്‌ തന്നെ ആകാനാണ്‌ സാധ്യത " ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.

 "അയിലെ പേരോ..?"

 "എള്ളമുറാന്‍" അയാള്‍ വായിച്ചു കൊടുത്തു.

 "ങേ...ആ ഇബ്‌ലീസേള്‌ ഇന്റെ പേരും മാറ്റ്യോ?"

 " പിന്നേയ്‌...നിങ്ങള്‍ പെണ്ണാണെന്നാ ഈ കാര്‍ഡില്‌.."

 "ഹേ....ആ ചൈത്താന്‍ ചോയിച്ചപ്ലേ ഞാന്‍ ഒറപ്പിച്ചതാ...ആണാണെന്ന്...ന്ന്ട്ട്‌പ്പം..."എറമുള്ളാന്‌ ദ്വേഷ്യം ഇരച്ചു കയറി.

 "ഈ കാര്‍ഡ്‌ ഇന്റെ കുഞ്ഞാമിന്റേതല്ലേ?" ഭാര്യയുടെ കാര്‍ഡ്‌ കാട്ടി എറമുള്ളാന്‍ ചോദിച്ചു.

 "ങാ...പക്ഷെ..... ഫോട്ടോ.."

 "പോട്ടത്തിന്ന് എത്താ കൊയപ്പം?" എറമുള്ളാന്‌ സംശയമായി.

 "ഇത്‌.. പൊട്ട്‌ തൊട്ട്‌...സാരിയുടുത്ത്‌....തലയില്‍ തട്ടമിടാത്ത...."

 "ങേ!!! ആ ഹംക്കുകള്‌ ഇന്റെ കുഞ്ഞാമിനിം..." എറമുള്ളാന്‌ ദ്വേഷ്യം സഹിക്കാനായില്ല.കാര്‍ഡ്‌, അത്‌ തന്ന ഓഫീസര്‍ക്ക്‌ തന്നെ വലിച്ചെറിഞ്ഞ്‌ കൊടുത്ത്‌ കൊണ്ട്‌ എറമുള്ളാന്‍ വീട്ടിലേക്ക്‌ മടങ്ങി.

 'വെറുതെയല്ല ഈ കാര്‍ഡിനെ തിരിച്ചെറിയല്‍ കാര്‍ഡ്‌ എന്ന് പറയുന്നത്‌' ' എറമുള്ളാന്‍ ആത്മഗതം ചെയ്തു.

 *****************

13 comments:

Areekkodan | അരീക്കോടന്‍ said...

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ "മാധ്യമം" ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ഒരു മിഡ്‌ല്‍പീസ്‌ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.

ലിഡിയ said...

ഇത് പലയിടങ്ങളില്‍ നടന്ന സംഭവങ്ങളുടെ ഒരു പരിശ്ചേദം തന്നെ..

എന്റെ വോട്ടര്‍ കാര്‍ഡിലെ പടം കാണണം, ശത്രുതയുള്ളവരെ അത് കാട്ടി പേടിസ്വപ്നം കാണിക്കാമായിരുന്നു.

-പാര്‍വതി.

ഖാദര്‍ said...

രസായിരിക്കുന്നു

ഉത്സവം : Ulsavam said...

ഹ ഹ സത്യം, ആ ഫോട്ടോ കാണിച്ച്‌ പിള്ളേരെ പേടിപ്പിക്കാം

sreeni sreedharan said...

ഹ ഹ കിടിലന്‍ പോസ്റ്റ്! :) അടിപൊളീ.
എന്‍റെ കാര്‍ഡില് ഞാന്‍ ചുള്ളനാ.. :)

Rasheed Chalil said...

ആബിദേ ഇത് അടിപൊളി പോസ്റ്റുതന്നെ... കിടിലന്‍.

Mubarak Merchant said...

തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച പരമാര്‍ത്ഥമായ കാര്യങ്ങള്‍ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിവാദ്യങ്ങള്‍.

Siju | സിജു said...

നല്ല നടുക്കഷണം..

സുല്‍ |Sul said...

നന്നായിരിക്കുന്നു അരീകോടാ. ആശംസകള്‍.

മുസാഫിര്‍ said...

നല്ല കഥ അബിദ്,നമുക്കു വോട്ടില്ലാത്തതു കൊണ്ടു ഇങിനെ ഒരു സംഭവം ഇതുവരെ കണ്ടിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

എറമുള്ളാന്‌ അഭിനന്ദനങ്ങളറിയിച്ചവര്‍ക്കും പോസ്റ്റ്‌ വായിച്ച എല്ലാവര്‍ക്കും നന്ദി....
പ്രത്യേകിച്ച്‌ പാര്‍വ്വതി ചേച്ചി,ഖാദര്‍ ഭായി, ഉത്സവം ,മുന്ന , പച്ചാളം , ഇത്തിരിചേട്ടന്‍ , ഇക്കാസ്ജി , സിജു , സുല്‍ , മുസാഫിര്‍ക്ക എല്ലാവര്‍ക്കും ഒരായിരം നന്ദി......

Vish..| ആലപ്പുഴക്കാരന്‍ said...

അരീക്കോടാ.... അഭിനന്ദനങള്‍..
U've made it

UpdateNewth said...

Play football online

Post a Comment

നന്ദി....വീണ്ടും വരിക