Pages

Tuesday, December 26, 2006

ഓര്‍മ്മയിലെ പെരുന്നാള്‍ സമ്മാനം.

ഈദുല്‍ അദ്‌ഹാ അഥവാ വലിയപെരുന്നാളാഘോഷം ആഗതമായി.കുട്ടിക്കാലത്തെ ചില പെരുന്നാള്‍ അനുഭവങ്ങള്‍ ഇപ്പോള്‍ അയവിറക്കാന്‍ രസം തോന്നുന്നു.ചെറുപ്പകാലത്ത്‌ എനിക്കും അനിയനും കിട്ടിയിരുന്ന പോക്കറ്റ്‌ മണി വളരെ തുഛമായിരുന്നു.മാതാപിതാക്കള്‍ ജോലിക്കാരായിരുന്നതിനാല്‍ അവരുടെ കുടുംബ ബജറ്റ്‌ പ്ലാനുകളും കുട്ടികളെ ദുഷിപ്പിക്കാതെ വളര്‍ത്തണമെന്ന ആഗ്രഹവും ആയിരിക്കാം ഞങ്ങള്‍ക്ക്‌ പോക്കറ്റ്‌ മണി കുറഞ്ഞതിന്റെ കാരണമെന്ന് ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു.പക്ഷേ അക്കാലത്ത്‌ എന്റെ വലിയ മൂത്താപ്പ (ഇക്കഴിഞ്ഞ ആഗസ്തില്‍ അദ്ദേഹം മരിച്ചു) എന്റെ സമപ്രായക്കാരായ മൂത്താപ്പയുടെ പേരക്കുട്ടികള്‍ക്ക്‌ നിര്‍ലോഭം പോക്കറ്റ്‌ മണി നല്‍കാറുണ്ടായിരുന്നു.അതിനാല്‍ അവര്‍ക്ക്‌ പെരുന്നാളിന്‌ ബലൂണും വിസിലും ചെണ്ടയും ഐസും മോതിരവും മിഠായിയും എല്ലാം വാങ്ങാന്‍ കഴിയും.എനിക്കും എന്റെ അനിയനും പരിമിതമായ സാധനങ്ങളേ വാങ്ങാന്‍ സാധിക്കൂ. മിക്കവാറും 50 പൈസയാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്ന പോക്കറ്റ്‌ മണി എന്ന് തോന്നുന്നു.അതില്‍ ഞങ്ങളുടെ പ്ലാന്‍ ഇങ്ങിനെ ഒക്കെയായിരുന്നു.പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ അസ്കറിന്റെ കടയില്‍ കയറണം.അന്നത്തെ സൂപ്പര്‍മാര്‍ക്കറ്റാണ്‌ ആ കട.ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ പതിച്ച പ്ലാസ്റ്റിക്‌ മോതിരം 5 പൈസ കൊടുത്ത്‌ ഒന്ന് വാങ്ങണം.പിന്നെ 10 പൈസയുടെ ഒരു ബലൂണ്‍.ഐസ്‌ ചിരവി എന്തോ കളര്‍ ചേര്‍ത്ത ഒരു സാധനം(അത്‌ തിന്നോ ഇല്ലേ എന്ന് ഇന്ന് ഓര്‍മ്മയില്ല) അല്ലെങ്കില്‍ കറുത്ത മുന്തിരി പതിച്ച പാലൈസ്‌ - ഇതിന്റെ വില 25 പൈസയാണ്‌.ഐസ്‌ വാങ്ങിയിട്ടില്ലെങ്കില്‍ 20 പൈസയുടെ ബബ്‌ള്‍ഗം വാങ്ങും.പിന്നെ 5 പൈസക്ക്‌ നാരങ്ങാ മിഠായി.അങ്ങിനെ പെരുന്നാള്‍ കഴിയുമ്പോള്‍ 5 പൈസ ബാക്കി!!!! അതേ സമയം റയീസിന്റെ( മൂത്താപ്പയുടെ പേരക്കുട്ടി) കയ്യില്‍ ചുരുങ്ങിയത്‌ 2 രൂപ എങ്കിലും കാണും.അവന്‌ അവന്റെ അമ്മാവന്മാരുടെ വകയായും ബാപ്പയുടെ ബാപ്പ വകയായും എല്ലാം കിട്ടും.അവന്‍ ഐസ്‌ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്കും ഒരു കഷ്ണം കടിക്കാന്‍ തരും.തിന്നാനുള്ള എന്ത്‌ സാധനം വാങ്ങിയാലും അവന്‍ ഞങ്ങള്‍ക്കും തരും.റയീസിപ്പോള്‍ അമേരിക്കയില്‍ ഡോളറില്‍ ശമ്പളം വാങ്ങുന്നു. ഒരു പെരുന്നാളിന്‌ പിടക്കുന്ന ഒരു 5 രൂപാ നോട്ട്‌ കിട്ടിയത്‌ ഞാനിന്നും ഓര്‍ക്കുന്നു.ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം.എന്റെ വേറൊരു മൂത്താപ്പയുടെ അനിയന്‍ സലാമ്പ്ലാപ്പ (സലാം എളാപ്പ എന്നാണ്‌ വിളിക്കുന്നതെന്ന് പിന്നീട്‌ മനസ്സിലായി) ഗള്‍ഫില്‍ നിന്നും ആ പെരുന്നാളിന്‌ നാട്ടിലെത്തി.തക്ബീര്‍ മുഴക്കി കൂട്ടമായി പള്ളിയിലേക്ക്‌ പോകാനായി മൂത്താപ്പയുടെ മക്കളും ഞാനും അനിയനും എല്ലാം പോകുന്ന വഴിയിലുള്ള സലാമ്പ്ലാപ്പയുടെ വീട്ടിലെത്തി.ഞങ്ങള്‍ സലാമ്പ്ലാപ്പയെയും മറ്റുള്ളവരെയും കാത്തുനില്‍ക്കുന്നതിന്നിടയില്‍ 5 രൂപയുടെ പുതുപുത്തന്‍ നോട്ട്‌കെട്ടുമായി സലാമ്പ്ലാപ്പ വന്നു.എല്ലാ കുട്ടികള്‍ക്കും ഓരോ 5 രൂപ നോട്ട്‌ കൊടുത്തു! അത്‌ കൊണ്ട്‌ എന്തെല്ലാം വാങ്ങി എന്ന് ഇന്നോര്‍മ്മയില്ല.സലാമ്പ്ലാപ്പ ഇപ്പോളും ഗള്‍ഫിലാണ്‌.പെരുന്നാള്‍ വരുമ്പോഴും സലാമ്പ്ലാപ്പയെ കാണുമ്പോഴും ഇന്നും ആ 5 രൂപ കിട്ടിയ സന്ദര്‍ഭം മനസ്സിലോടിവരും. ബൂലോഗത്തെ എല്ലാവര്‍ക്കും ക്രിസ്തുമസ്‌-ബക്രീദ്‌-പുതുവല്‍സരാശംസകള്‍...............

3 comments:

Areekkodan | അരീക്കോടന്‍ said...

പെരുന്നാളിന്റെ മായാത്ത ഓര്‍മ്മയിലൂടെ.....

സുല്‍ |Sul said...

ആബിദെ,
അന്നത്തെ ആ 5 രൂപ ഒരു 5 രൂപതന്നെയായിരുന്നില്ലെ ?

ഓര്‍മ്മകള്‍.........

ക്രിസ്തുമസ്‌-ബക്രീദ്‌-പുതുവല്‍സരാശംസകള്‍ താങ്കള്‍ക്കും കുടുമ്പത്തിനും.

-സുല്‍

സുന്ദരന്‍ said...

hr^dayasparSi....
pOstukaLellaam vaayichchukazhingngu kooTuthal_ kamants ayakkaam.....

njaan blOgil puthiya_aaLaaNu

Post a Comment

നന്ദി....വീണ്ടും വരിക