Pages

Tuesday, March 27, 2007

ബാല്യകാലസ്മരണകള്‍ - അഞ്ച്‌

മധുരിക്കും ഓര്‍മ്മകളേ.. മലര്‍മഞ്ചല്‍ കൊണ്ടുവരൂ... കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍..... ആ...മാഞ്ചുവട്ടില്‍..... ശരിയാണ്‌ , പലര്‍ക്കും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ഇതുപോലെ ചില പ്രത്യേക സ്ഥലങ്ങളും മരങ്ങളും ആദ്യം മനസ്സിലോടിയെത്തുന്നു.ആ മരത്തിന്‌ ചുറ്റും ബാല്യവും കൗമാരവും ഇഴചേര്‍ന്ന് ഊഞ്ഞാലാടുന്നതായി അനുഭവപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും.എന്റെ ബാല്യവും വീട്ടുമുറ്റത്തെ ഒരു മരവുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്നു - മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബഷീറിന്റെ മാങ്കോസ്റ്റിന്‍ പോലെ എന്റെ വീട്ടിന്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന സ്റ്റാര്‍ആപ്പിള്‍ മരം. ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥ ആദ്യമായി ടീച്ചര്‍ പറഞ്ഞ്‌ തന്നപ്പോള്‍ എന്റെ പ്രിയപ്പെട്ട മരത്തില്‍ നിന്ന് എന്റെ തലയില്‍ ആപ്പിള്‍ വീണ സംഭവം ഞാന്‍ ക്ലാസ്സിലവതരിപ്പിച്ചു. ആപ്പിള്‍ ഈ നാട്ടില്‍ ഉണ്ടാകില്ല എന്ന് പറഞ്ഞ്‌ എല്ലവരും എന്നെ കളിയാക്കി - വിഡ്ഢികൂഷ്മാണ്ഠങ്ങള്‍!!!അവരുടെ വീട്ടില്‍ ഇല്ല എന്ന് വച്ച്‌ എവിടെയും ഉണ്ടാകില്ല എന്നോ....ഏതായാലും ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ സംഭവത്തില്‍ എനിക്ക്‌ ഒട്ടും അല്‍ഭുതം തോന്നിയില്ല. മറ്റൊരു ബാലന്റെ മനസ്സിലേക്ക്‌ കുടിയേറാന്‍ ഇന്നെന്റെ ആപ്പിള്‍മരം ഇല്ല - അകാലത്തില്‍ പൊലിഞ്ഞ്‌പോയ എന്റെ പ്രിയസുഹൃത്തിന്‌ ആദരാജ്ഞലികള്‍.പുത്തന്‍ തലമുറക്ക്‌ ഇത്തരം ഒരു ബാല്യം അന്യമായിരിക്കുന്നു.അങ്കണമുണ്ടെങ്കിലല്ലേ അങ്കണത്തൈമാവ്‌ ഉണ്ടാവുകയുള്ളൂ.പുത്തന്‍ ഫ്ലാറ്റ്‌ സംസ്കാരത്തില്‍ അങ്കണം എവിടെ??വൈലോപ്പിള്ളിയുടെ പ്രശസ്തമായ വരികള്‍ "അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം..." ചൊല്ലിയ കുട്ടിയെ വിളിച്ച്‌ അങ്കണത്തൈമാവ്‌ എന്തെന്നറിയോ എന്ന് ചോദിച്ചപ്പോള്‍ ഒട്ടും സങ്കോചമില്ലാതെ മറുപടി കിട്ടി - "സേലന്‍മാവ്‌ പോലെ ഒരു മാവാണ്‌ അങ്കണത്തൈമാവ്‌ !!!"

10 comments:

Areekkodan | അരീക്കോടന്‍ said...

"സേലന്‍മാവ്‌ പോലെ ഒരു മാവാണ്‌ അങ്കണത്തൈമാവ്‌ !!!"
-ആകാശവാണിയില്‍ അവതരിപ്പിക്കാന്‍ എന്റെ സുഹൃത്തിന്‌ വേണ്ടി തയ്യാറാക്കിയ ബാല്യകാലസ്മരണകളിലെ ചെറിയ ഒരു ഭാഗം

തറവാടി said...

ആബിദേ ,

കുറെ മവുണ്ടെങ്കിലും , നല്ല മധുരമുള്ള മാങ്ങയുള്ള ഒരു ചെറിയ മവുണ്ട് മുറ്റത്ത്. ഇതിലെ ഏറ്റവും പ്രശ്നം പുളിയെറുമ്പുകളാന്‌ , പഹയന്‍മാര്‍ അധികമില്ലാന്നുകരുതിയിരുന്ന ഞാന്‍ , മാമാടെ മക്കള്‍ വീട്ടില്‍ വന്നപ്പോള്‍ , സ്വല്പം ശൂരത്വം കാട്ടാമെന്നു കരുതിയിരിക്കുമ്പോള്‍ , ഓടുക്കത്തെ അവളുടെ ആഗ്രഹം :

" അതൈ , ദാ ..ആ നിക്കണ മാങ്ങകണ്ടോ , അതുമതി "

മാവിന്‍റ്റെ ഏറ്റവും മുകളിലായി നിന്നിരുന്ന ഒന്നു ചൂണ്ടിക്കാട്ടി അവള്‍

പിറുപിറുത്ത് മാവില്‍ ഏന്തിവലിഞ്ഞുകയറുന്നതുകണ്ടപ്പൊളേ ഉമ്മ പറഞ്ഞു :

" വ്വേണ്ടെടാ ചെക്കാ , ആ കുഞ്ഞനെ വിള്ളിക്കാം"

അതുകുഴപ്പമില്ലാന്നും പറഞ്ഞു കയറി , മുകളിലെത്തിയതും ,

എവിടെനിന്നൊക്കെയോ പുളിയെറുമ്പിന്‍ കൂട്ടങ്ങള്‍ എന്നെ വളഞ്ഞു , വായില്‍ പുളിയായതിനാല്‍ തുപ്പിക്കൊണ്ടിരിക്കെ തലയിലും മറ്റും മാന്താനും തുടങ്ങിയ എന്‍റ്റെ ഉടുതുണി ദാ കിടക്കുന്നു താഴെ , പിന്നെ ഒന്നും ആലോചിച്ചില്ല ചാടി താഴേക്ക് , തോട്ടം നനച്ചിരുന്നതിനാല്‍ വലിയ പരുക്കുകളൊന്നും പറ്റിയില്ല ,,


കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍  അറിഞ്ഞു , അവനെ വെട്ടി ഉപ്പ ഇത്താക്ക് കൊടുത്തത്രെ , വാതില്‍ വെക്കാന്‍

salim | സാലിം said...

അരീക്കോടാ... സ്റ്റാര്‍ ആപ്പിള്‍ മരത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ചെറുപ്പത്തില്‍ പറ്റിയ ആ ചതിയാണ് ഓ ര്‍മ്മ വരുന്നത്. ചേളാരി ചന്തയില്‍ നിന്നും ഞാന്‍ ആപ്പിള്‍ തൈ ആണെന്നും പറഞ്ഞ് ഒരു തൈ വാങ്ങികൊണ്ടുവന്നു നട്ടു. പിന്നെ അതിന് വെള്ളമൊഴിച്ചു, ചാണകം പൊടിച്ചിട്ടു. അവള്‍ സുന്ദരിയായി വളര്‍ന്നു.ഞാന്‍ അഹങ്കരിച്ചു ഞങ്ങളുടെ നാട്ടിലെങ്ങുമില്ലാത്ത ആപ്പിള്‍ മരം ഇതാ എന്റെ വീട്ടുമുറ്റത്ത് വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്നു.അങ്ങിനെയിരിക്കെ അത് ആദ്യമായി പൂത്തു. ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആപ്പിള്‍ കാഴ്ചു തൂങ്ങിനില്‍ക്കുന്ന മരം എന്റെ സ്വപ്നങ്ങളില്‍ നര്‍ത്തനമാടി. ദിവസങ്ങള്‍ക്ക് ശേഷം അതില്‍ ചെറുകായ്കള്‍ വന്നു.പക്ഷെ ഒന്നിനും ആപ്പിളിന്റെ രൂപമില്ല. ഞാന്‍ കരുതി വലുതാകുമ്പേഴേ അതിന് ആപ്പിളിന്റെ രൂപംവരുകയുള്ളൂ പക്ഷെ ഒരുപാട് നാള്‍ കഴിഞ്ഞിട്ടും അത് ഒരു ആട്ടിന്‍ കാഷ്ടത്തിന്റെ വലിപ്പമേ പ്രാപിച്ചൊള്ളൂ. അങ്ങിനെ യിരിക്കെ എന്റെ വീട്ടില്‍ വന്ന ഒരു വിരുന്നുകാരനില്‍ നിന്നും ഞാന്‍ ആ സത്യമറിഞ്ഞു ഞെട്ടി. ഇത് ആപ്പിള്‍ മരമല്ല സ്റ്റാര്‍ ആപ്പിള്‍ മരമാണ്.അതോടെ എന്റെ ആപ്പിള്‍ സ്വപ്നങ്ങള്‍ വീണുടഞ്ഞു. ആഓര്‍മ്മകളിലേക്കെന്നെ കൊണ്ടുപോയ അരീക്കോടാ നന്റ്രി എപ്പടി നാന്‍ ശോല്‍‌വവേണ്ടും?

ശിശു said...

എന്റെ കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. വീട്ടിലുമുണ്ടായിരുന്നു ഒരു മാവ്‌. അതിന്റെ കീഴിലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ കളികള്‍. കിളികള്‍ കൊത്തിവീഴ്ത്തുന്ന മാങ്ങകല്‍ അന്ന് ഞങ്ങള്‍ അത്രയും ഭാഗം മുറിച്ചുകളഞ്ഞിട്ട്‌ തിന്നിരുന്നു. അന്നൊന്നും ഒരസുഖവും വന്നിരുന്നുമില്ല. ഇന്ന് കുട്ടികള്‍ ആരെങ്കിലും ഇത്‌ തിന്നുമോ?, അസുഖങ്ങള്‍ക്ക്‌ കുറവൊട്ടില്ലാതാനും..
മനുഷ്യന്‍ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അവന്റെ പ്രശ്നങ്ങളും തീരും തീര്‍ച്ച.

അപ്പു ആദ്യാക്ഷരി said...

ഇനിയും തുടരൂ.

Areekkodan | അരീക്കോടന്‍ said...

തറവാടീ ... മാങ്ങക്ക്‌ പകരം താഴെ വീണത്‌ ഉടുതുണിയും തറവാടിയും ....മാമായുടെ മോള്‍ ഞാന്‍ കണ്ടൂ എന്ന് ആര്‍ത്തുവിളിച്ചോ???
സാലിം...ഈ അക്കിടി പറ്റിയതിനാലാവും ഞങ്ങളുടെ നാട്ടില്‍ പലരുടെ വീട്ടിലും ഈ മരം കാണപ്പെടുന്നത്‌!!!.
ശിശൂ....ചേച്ചിക്ക്‌ അനിയത്തി കുടിച്ച ഗ്ലാസ്സില്‍ വേണ്ട ..അനിയത്തിക്ക്‌ തിരിച്ചും...രോഗം വരുമത്രേ രോഗം...എന്താ പറയാ ഇതിനൊക്കെ?
അപ്പൂ....തുടരും
നന്ദി എല്ലാവര്‍ക്കും...

സുല്‍ |Sul said...

നനുത്ത ഓര്‍മ്മകള്‍ തിരികെ തന്ന പോസ്റ്റ്.
നന്ദി

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

മധുരിക്കും ഓര്‍മ്മകള്‍ :)

Kiranz..!! said...

വളരെ മനോഹരമായിരിക്കുന്നു മാഷേ.ഒട്ടും ബോറടിക്കാത്ത ഒരു സബ്ജെക്ടാണു ബാല്യകാല സ്മരണകള്‍, താങ്കളുടെ എല്ലാ പോസ്റ്റുകളും എനിക്ക് വളരെയധികം ഇഷ്ടമാണ്.തല മാന്തിപ്പറിച്ച് കിടന്നാലോചിക്കണ്ട,ഒറ്റ നോട്ടത്തില്‍ വായിച്ച് ചിരിച്ച് രസിച്ച് പോവാം.ഇത് പണ്ടേ കമന്റ്റണം എന്ന് വിചാരിച്ചതാ..!

Areekkodan | അരീക്കോടന്‍ said...

സുല്‍...പടിപ്പുര....കിരണ്‍സ്‌..... നന്ദി
കിരണ്‍സ്‌.. ...കുറെ കാലമയല്ലോ ഈ വഴിക്ക്‌ കണ്ടിട്ട്‌....

Post a Comment

നന്ദി....വീണ്ടും വരിക