Wednesday, July 09, 2008
കാര്യം നിസ്സാരം....പക്ഷേ....
എന്റെ പെങ്ങള്‍ താമസിക്കുന്നത് മേലാറ്റൂരിനടുത്ത് ഉച്ചാരക്കടവിലാണ്.അവളെയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ ഞാനോ അനിയനോ ഒറ്റക്കോ കുടുംബസമേതമോ ഇടക്കിടെ അവിടെ പോകും.അതിലും ഏറെ തവണ അവള്‍ ഞങ്ങളുടെ വീട്ടില്‍ വരും.
ഈ അടുത്ത് ഒരു ദിവസം ഞാന്‍ ഒറ്റക്ക് മേലാറ്റൂരിലേക്ക് പുറപ്പെട്ടു.മഞ്ചേരിയില്‍ നിന്നും നേരിട്ടുള്ള ബസ് കാണാത്തതിനാല്‍ ഞാന്‍ പാണ്ടിക്കാട്ടേക്ക് കയറി.അവിടെ നിന്നും മറ്റൊരു ബസില്‍ കയറി മേലാറ്റൂരിലെത്താനായിരുന്നു പ്ലാന്‍.മുറിച്ച് മുറിച്ചുള്ള ഈ യാത്ര പതിവില്ലാത്തതിനാല്‍ പിന്നിട്ട ദൂരം , ചാര്‍ജ്ജ് എന്നിവയെക്കുറിച്ചോ പിന്നിടാനുള്ള ദൂരം , ചാര്‍ജ്ജ് എന്നിവയെക്കുറിച്ചോ വ്യക്തമായ ധാരണ ഇല്ലായിരുന്നു.
പാണ്ടിക്കാട് ബസ്സ്റ്റാന്റില്‍ കുറച്ച് അധിക നേരം തന്നെ ബസ് കാത്തു നില്‍ക്കേണ്ടി വന്നു.മേലാറ്റൂര്‍ വരെ പോകുന്ന ബസ് വന്നപ്പോള്‍ എവിടെ നിന്നൊക്കെയോ കുറേ ആളുകള്‍ ഓടിക്കൂടി.ബസില്‍ നിന്നും ഇറങ്ങുന്നവരെ ശരിയായി ഇറങ്ങാന്‍ പോലും സമ്മതിക്കാതെ ജനം ബസ്സിനുള്ളിലേക്ക് ഇരച്ചു കയറി.എന്റെ "തടിമിടുക്ക്" , ഈ തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ എന്നെ ഉപദേശിച്ചു.
തിരക്കൊഴിഞ്ഞ ശേഷം ഞാനും അതേ ബസ്സില്‍ കയറി.ഉന്തിത്തള്ളി കയറിയവര്‍ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ച് തിരക്കിയതിന്റെ വീരഗാഥകള്‍ പാടുന്നുണ്ട്.ഇതിനിടയില്‍ കണ്ടക്ടര്‍ വന്നു.ഞാന്‍ മേലാറ്റൂരിലേക്ക് ടിക്കറ്റ് എടുത്തു.വെറും അഞ്ച് രൂപ!!! ഈ അഞ്ച് രൂപ ദൂരത്തിനായിരുന്നോ ഈ ജനം ഇത്രയും ശക്തിയില്‍ തിക്കിത്തിരക്കി കയറിയത്?എത്ര പേര്‍ക്ക് അത് കൊണ്ട് ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായി? ആലോചിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
നിസ്സാര കാര്യങ്ങള്‍ക്ക് വരെ അനാവശ്യ വാശിയും ത്വരയും പ്രകടിപ്പിക്കുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു.അല്‍പ നേരത്തേക്ക് വേണ്ടിയുള്ള ഒരു സ്വാര്‍ത്ഥസുഖത്തിന് , ചുറ്റുമുള്ള എത്ര പേരെ നാം ഉപദ്രവിക്കുന്നു എന്ന് വെറുതെ ഒരു കണക്കെടുപ്പ് നടത്തി നോക്കുക.താന്‍ കാരണം മറ്റുള്ളവര്‍ കഷ്ടപ്പെടുന്ന അവസ്ഥ പരമാവധി കുറക്കുക.ജീവിത യാത്രയിലെ ഏത് രംഗത്തും ഈ നയം പിന്തുടരുക.
7 comments:
തിരക്കൊഴിഞ്ഞ ശേഷം ഞാനും അതേ ബസ്സില്‍ കയറി.ഉന്തിത്തള്ളി കയറിയവര്‍ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ച് തിരക്കിയതിന്റെ വീരഗാഥകള്‍ പാടുന്നുണ്ട്.ഇതിനിടയില്‍ കണ്ടക്ടര്‍ വന്നു.ഞാന്‍ മേലാറ്റൂരിലേക്ക് ടിക്കറ്റ് എടുത്തു.വെറും അഞ്ച് രൂപ!!! ഈ അഞ്ച് രൂപ ദൂരത്തിനായിരുന്നോ ഈ ജനം ഇത്രയും ശക്തിയില്‍ തിക്കിത്തിരക്കി കയറിയത്?എത്ര പേര്‍ക്ക് അത് കൊണ്ട് ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായി? ആലോചിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
എനിക്ക് കിട്ടേണ്ടതില്‍ ആരും തിരക്കാതിരുന്നെങ്കില്‍ ...........
baapp maricchittu addhhatthinu vendi prarthikkedo.. athinonnum neramille ?
മാഷെ, ഇതു മത്സരത്തിന്റെ കലഘട്ടമല്ലെ?
സ്വന്തം കാര്യം മാറ്റിനിറുത്തി അച്ചടക്കം പാലിക്കാനുള്ള മനസ്ഥിതി മലയാളിക്കുണ്ടായാല്‍ എന്നേ കെരളം നന്നായേനെ.
പിന്നെ അധ്വാനിക്കാതെ ഒന്നും നേടുകയുമില്ലെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ.
ഇത് എല്ലാ രംഗത്തും ഉണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നല്ലേ വയ്പ്പ്.
പലപ്പോഴും ഉണ്ടാവാറുള്ള അനുഭവം തന്നെയാണ്. മിക്കവാറും ഇത്തരം സന്ദര്‍ഭങ്ങളില്‍, പോക്കറ്റടിയും പതിവാണു്. അതിനുവേണ്ടി അവര്‍ തന്നെ ഉണ്ടാക്കുന്ന തിക്കും തിരക്കുമാണെന്നും പറയുന്നുണ്ട്.
പക്ഷേ ദൂര യാത്രകളാകുമ്പോള്‍, ഞാനും തിക്കി തിരക്കി സീറ്റ് പിടിക്കാറുണ്ട്.
സ്വാര്‍ത്ഥസുഖത്തിന്‌വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ഒരുപാടാളുകളെ ജീവിത യാത്രയിൽ നമുക്കു കാണാൻ സാധിക്കും. പ്രവാസ ജീവിതത്തിൽ ഇതൊരു നിത്യ സംഭവമാണ്
Post a Comment
നന്ദി....വീണ്ടും വരിക