Pages

Saturday, April 18, 2009

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!!

"ചാണകക്കുണ്ട്‌ പഞ്ചായത്തിലെ ബൂത്ത്‌ നംബര്‍ 13-ലെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ലംബോധരന്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...പരിസരത്ത്‌ എവിടെ എങ്കിലും അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്‌...."
മൈക്കില്‍ നിന്നുള്ള കര്‍ണ്ണകഠോര ശബ്ദം കേട്ടുകൊണ്ടാണ്‌ ലംബോധരന്‍ മാസ്റ്റര്‍ പോളിങ്ങ്‌സാമഗ്രി വിതരണ കേന്ദ്രത്തില്‍ എത്തിയത്‌.സഹ പോളിംഗ്‌ ആപ്പീസര്‍മാരെല്ലാം നേരത്തെ ഹാജരായിരുന്നതിനാല്‍ ലംബോധരന്‍ മാഷും പരിവാരങ്ങളും സാമഗ്രികളെല്ലാം മൊത്തമായി ഏറ്റുവാങ്ങി.തടസ്സമില്ലാത്ത സൂര്യധാര കഷണ്ടിത്തലയില്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ സാമഗ്രികളെല്ലാം പറഞ്ഞതിലും കുറവാണെന്ന് ഒന്ന് കൂടി ഉറപ്പ്‌ വരുത്തിയ ശേഷം വണ്ടിക്കടുത്തേക്ക്‌ നീങ്ങി.

* * * * * * * * * * * *

"ഇതാണ്‌ നിങ്ങള്‍ക്കനുവദിച്ച ബൂത്ത്‌.ആവശ്യമായ അസൗകര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്നത്‌ പോലെ ശ്രദ്ധിച്ചിട്ടുണ്ട്‌....ഇനി താങ്കളും പരിവാരങ്ങളും രണ്ട്‌ ദിവസത്തെ നരകയാതന അനുഭവിച്ച്‌കൊള്ളുക" എന്ന് റൂട്ട്‌ ഓഫീസര്‍ പറഞ്ഞില്ലെങ്കിലും പറഞ്ഞതായി തോന്നി.
കടവാവലുകളും പ്രാവുകളും നരിച്ചീറുകളും കൂട്‌കൂട്ടിയ ഇടിഞ്ഞ്‌വീഴാറായ ഒരു ലൈബ്രറി കെട്ടിടം....ആള്‍പെരുമാറ്റം ഇല്ലാത്തതിനാല്‍ മനുഷ്യജന്യ വൃത്തികേടുകള്‍ മാത്രം ഇല്ല...ഭാര്‍ഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ്‌ തന്നെ.

പിറ്റെ ദിവസം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇടം തേടി നടക്കുമ്പോളാണ്‌ ഒരശരീരി കേട്ടത്‌..."സമൃദ്ധമായ ഈ കാട്ടില്‍ പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ സ്വാഗതം...!!!"

* * * * * * * * * * * * *

സമയം രാത്രി.ലംബോധരന്‍ മാഷും പരിവാരങ്ങളും പോളിംഗ്‌ ബൂത്ത്‌ ഒരുക്കുന്ന തിരക്കിലാണ്‌.അപ്പോഴാണ്‌ മൂന്ന് പേര്‍ ബൂത്തിലേക്ക്‌ കയറിവന്നത്‌.
"ഞങ്ങള്‍ .....സ്ഥാനാര്‍തിയുടെ പോളിങ്ങ്‌ഏജന്റ്‌മാരാണ്‌....ഒട്ടേറെ പരേതവോട്ടര്‍മാര്‍ ഉള്ള ബൂത്താണിത്‌...സ്വര്‍ഗ്ഗം പൂകിയ വോട്ടര്‍മാരുടെ ലിസ്റ്റ്‌ ഇതാ....സാറിന്‌ ഒരു റഫറന്‍സിന്‌...!!!!"

"ങേ...!!!ആത്മാക്കളും വോട്ട്‌ ചെയ്യാന്‍ വരികയോ...??"ലംബോധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

"ങാ..അത്‌ നിങ്ങള്‍ തന്നെ വച്ചോളൂ....പരേതന്മാര്‍ വരുമ്പോള്‍ ഒന്നറിയിച്ചേക്കണം..."

അല്‍പം കഴിഞ്ഞ്‌ മറ്റൊരു സംഘം വന്നു.അവരില്‍ നേതാവ്‌ എന്ന് തോന്നിക്കുന്ന ആള്‍ പറഞ്ഞു.
"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

"ശ്ശൊ..പേര്‌ പോലെ തന്നെ ഒരു കശ്മലന്‍. "ശ്വാസം നേരെവിട്ടുകൊണ്ട്‌ മാഷ്‌ മന്ത്രിച്ചു.

കുറച്ച്‌ കഴിഞ്ഞ്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വന്നു."സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."

* * * * * * * * * * *

പോളിംഗ്‌ ദിനം...വോട്ടര്‍മാര്‍ ബൂത്തിന്‌ മുന്നില്‍ അണിനിരന്നു.ലംബോധരന്‍ മാഷ്‌ വെറുതേ ഒന്ന് പുറത്തേക്ക്‌ നോക്കി..
"കശ്മലനും സംഘവും പുറത്തുണ്ട്‌...പരേതരുടെ ലിസ്റ്റുമായി ഒരു സംഘം അകത്തും....ബൂത്ത്‌ പിടുത്തക്കാര്‍ വല്ലതും...." മാസ്റ്ററുടെ ചിന്ത കാടുകയറാന്‍ തുടങ്ങി.

"24. പാറ്റ..." ഒന്നാം പോളിംഗ്‌ ഓഫീസര്‍ ഉച്ചത്തില്‍ വിളിച്ചു.

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ ആദ്യത്തെ ഞെട്ടല്‍ രേഖപ്പെടുത്തി.പിന്നാലെ പരേതരുടെ ലിസ്റ്റുമായി ഒരുവന്‍ എണീറ്റ്‌ നിന്നു.

"സാര്‍...ഈ പാറ്റ മരിച്ച്‌പോയിരിക്കുന്നു!!!"

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും ഞെട്ടി.'ആത്മാക്കള്‍ വോട്ട്‌ ചെയ്യാന്‍ വന്ന് തുടങ്ങി"ലംബോധരന്‍ മാസ്റ്റര്‍ ആത്മഗതം ചെയ്തു.

"സാര്‍...ഇവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കരുത്‌...ഈ പാറ്റയല്ല ആ പാറ്റ..."

"അവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കണം...അവരുടെ പേര്‍ പാറ്റ തന്നെയാണ്‌..."

"പറ്റില്ല...ഇവര്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നതാണ്‌....ഇവരെ അറസ്റ്റ്‌ ചെയ്യണം..."

ബൂത്ത്‌ ശബ്ദമുഖരിതമാകാന്‍ തുടങ്ങിയതോടെ ലംബോധരന്‍ മാസ്റ്റര്‍ പാറ്റയെ അടുത്തേക്ക്‌ വിളിച്ചു.
"ഭര്‍ത്താവിന്റെ പേരെന്താ?"
"മുതല"
"ങേ....!!!"ലംബോധരന്‍ മാസ്റ്റര്‍ ഞെട്ടി.
"ശരി ശരി.....അച്ചന്റെ പേരെന്താ?"
"കരിമൂര്‍ഖന്‍.."
"ദൈവമേ....!! കാക്കണേ...!!!!.വെള്ളം...വെള്ളം...."
'പ്ധിം..'ലംബോധരന്‍ മാസ്റ്റര്‍ മറിഞ്ഞ്‌ വീണു.ബോധം തിരിച്ച്‌ കിട്ടുമ്പോള്‍ ലംബോധരന്‍ മാസ്റ്റര്‍ ചാണകക്കുണ്ടില്‍ നിന്നും തിരിച്ച്‌ കയറിയിരുന്നു.

* * * * * * * * * *

6 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ഇലക്ഷന്‍ ഡ്യൂട്ടി കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനിലെ വയനാട്ടിലെ ചില അനുഭവങ്ങള്‍ റീപോസ്റ്റ്‌ ചെയ്യുന്നു.

ramanika said...

ഇലക്ഷന്‍ ക്ഷീണം പോസ്റ്റ് വായിച്ചപ്പോള്‍ മറന്നു.
താങ്കസ്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മാഷ്ടെ സ്വന്തം അനുഭവണല്ലോ!

ബഷീർ said...

ചിരിപ്പിച്ച് കൊല്ല് :)

എന്നാലും മാഷന്മാരുടെ ഒരു ബുദ്ധിമുട്ട് ഭയങ്കരം തന്നേട്ടോ.. സമ്മതിക്കണം..

Areekkodan | അരീക്കോടന്‍ said...

ramaniga...സ്വാഗതം.ക്ഷീണം മാറിയതില്‍ സന്തോഷം.
കു.ക.കു.കെ.....എണ്റ്റെയും വേറൊരു സാറിണ്റ്റേയും അനുഭവങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം.
ബഷീര്‍.... മാഷമ്മാര്‌ ഉള്ളതോണ്ട്‌ ജനാധിപത്യം പുലരുന്നു!!!

C.K.Samad said...

അരീകോടന്‍.... വളരെ നന്നായി......"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

Post a Comment

നന്ദി....വീണ്ടും വരിക