Pages

Wednesday, September 02, 2009

അഞ്ച്‌ മാവേലികളെ നേരില്‍കണ്ടപ്പോള്‍....

കഴിഞ്ഞുപോയ ഓണങ്ങളില്‍ ഒന്ന് ഇന്നും എന്റെ മനസ്സിന്റെ ഓണം കേറാമൂലയില്‍ പച്ചപിടിച്ച്‌ കിടക്കുന്നു.ആ ഓര്‍മ്മ ഒന്നിവിടെ പങ്ക്‌ വയ്ക്കട്ടെ.

സാധാരണ എല്ലാ വര്‍ഷവും എന്റെ ഓണം തൊട്ടയല്‍വയ്ക്കത്തെ ഓണസദ്യയില്‍ ഒതുങ്ങലായിരുന്നു പതിവ്‌.പക്ഷേ ആ വര്‍ഷം അകലെയുള്ള ഒരു സുഹൃത്ത്‌ അവന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു.പുറപ്പെടുമ്പോള്‍ വീട്ടില്‍ നാലു ദിവസത്തെ ലീവ്‌ പറയാനും അവന്‍ എന്നോട്‌ ആവശ്യപ്പെട്ടു.

അങ്ങനെ ആ വര്‍ഷത്തെ തിരുവോണ ദിവസം ഞാന്‍, മണി എന്ന ആ സുഹൃത്തിന്റെ വീട്ടിലെത്തി.ഞാന്‍ ചെന്നുകയറിയ ഉടന്‍ തന്നെ സദ്യ ഒരുക്കിയപ്പോള്‍ സംഗതിയുടെ പോക്ക്‌ എനിക്ക്‌ പിടികിട്ടിയില്ല.ഓരോ നാട്ടിലും ഓരോ രീതിയിലാവും ഓണാഘോഷം എന്ന ചിന്തയില്‍ ഞാന്‍ കിട്ടിയതെല്ലാം വെട്ടിവിഴുങ്ങി.സദ്യ കഴിഞ്ഞ്‌ എണീറ്റപ്പോഴാണ്‌ ഒരു വിനോദയാത്രാ പരിപാടി തട്ടിക്കൂട്ടിയതായി സുഹൃത്ത്‌ അറിയിച്ചത്‌.അവന്റേയും എന്റേയും പൊതു സുഹൃത്തായ അനില്‍ മണിയുടെ സുഹൃത്തും അയല്‍വാസിയുമായ മൊയ്തീന്‍ എന്നിവരോടൊപ്പം ഉടന്‍ പുറപ്പെടാനായിരുന്നു തീരുമാനം.

ഉത്തര കേരളത്തിലെ പ്രസിദ്ധമായൊരു ക്ഷേത്രത്തില്‍ മണിയുടെ പേരില്‍ നേര്‍ന്ന ഒരു വഴിപാട്‌ നടത്താനുള്ള പോക്കായിരുന്നു അത്‌.അബദ്ധപഞ്ചാംഗങ്ങളുടെ ഘോഷയാത്രയിലേക്കുള്ള അല്ലെങ്കില്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള ചിരിമാലയുടെ കണ്ണിയിലേക്കുള്ള കാല്‍വയ്പ്പായിരുന്നു അത്‌ എന്ന് അപ്പോള്‍ ഓര്‍ത്തില്ല..അബദ്ധമായില്ലെങ്കിലേ അത്‌ഭുതമാവുമായിരുന്നുള്ളൂ,കാരണം വഴിപാട്‌ നടത്താന്‍ പോകുന്ന ആള്‍ ശുദ്ധകുട്ടിസഖാവ്‌!കൂടെ പോകുന്ന ഞങ്ങള്‍ മൂന്നുപേരില്‍ രണ്ട്‌ പേര്‍ അഹിന്ദുക്കള്‍!!മൂന്നാമന്‍ ഇതുവരെ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പോലും കാണാത്തവനും!!!അങ്ങനെ അണ്ടനും മൂന്ന് അടകോടന്മാരും യാത്രതിരിച്ചു.

ദീര്‍ഘനേരത്തെ യാത്രക്ക്‌ ശേഷം ഞങ്ങള്‍ ക്ഷേത്ര പരിസരത്ത്‌ എത്തുമ്പോള്‍ സമയം സന്ധ്യയോട്‌ അടുത്തിരുന്നു.ഞങ്ങള്‍ നാല്‌ പേര്‍ക്കും ആചാരങ്ങള്‍ ഒന്നും തന്നെ വശമില്ലാത്തതിനാല്‍ എവിടെ എങ്ങനെ തുടങ്ങണം എന്നറിയാതെ അല്‍പ നേരം മിഴിച്ച്‌ നിന്നു.കൂടാതെ അഹിന്ദുക്കളായ എന്നേയും മൊയ്തീനേയും ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭയവും.തല്‍ക്കാല രക്ഷക്കായി രണ്ട്‌ ഹിന്ദുപേരുകള്‍ പരസ്പരം വിളിക്കാന്‍ ധാരണയായി ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി.

അങ്ങനെ രണ്ടുപേര്‍ മുന്നിലും രണ്ടുപേര്‍ പിന്നിലുമായി ഞങ്ങള്‍ ക്ഷേത്രകവാടത്തിലേക്ക്‌ നീങ്ങി.പെട്ടെന്ന് വഴിയിലെ ഫാന്‍സി കടയില്‍ തൂങ്ങി നില്‍ക്കുന്ന എന്തോ ഒരു സാധനം എന്നെ മാടിവിളിച്ചു.ഉടന്‍ മുന്നില്‍ നടക്കുന്ന മൊയ്തീനെ ഞാന്‍ വിളിച്ചു

"മൊയ്തീനേ....ടാ മൊയ്തീനേ....നിക്ക്‌ നിക്ക്‌..."

വിളിച്ചുകഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ അബദ്ധം മനസ്സിലായത്‌.പക്ഷേ അവന്റെ ഉച്ചത്തിലുള്ള മറുപടി അതിലും വലിയ അബദ്ധമായിരുന്നു.

"എടാ മൊയ്തീനല്ല....മനോജ്‌...മനോജ്‌....!!!"

ആരെങ്കിലും കേട്ടോ ശ്രദ്ധിച്ചോ എന്ന് ചികഞ്ഞ്‌ നോക്കാതെ ഞങ്ങള്‍ പെട്ടെന്ന് ആള്‍കൂട്ടത്തില്‍ ലയിച്ചു.പിന്നീട്‌ അവിടെ നിന്ന് ലഭിച്ച ക്ഷേത്രചരിത്രലഘുലേഖയില്‍ നാനാജാതി മതസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്‌ എന്ന് വായിച്ചപ്പോള്‍ മനോജ്‌ വീണ്ടും മൊയ്തീനായി!

അന്ന് തന്നെ നാട്ടിലേക്ക്‌ മടങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഞങ്ങള്‍ ലോഡ്ജ്‌ എടുക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ ഭക്തജനങ്ങള്‍ക്ക്‌ ഉറങ്ങാനുള്ള സൗകര്യം ക്ഷേത്രപരിസരത്ത്‌ തന്നെയുള്ള വിവരം ഞങ്ങളറിഞ്ഞത്‌.കിടപ്പായയും സൗജന്യമായി അവിടെ നിന്നും ലഭിക്കും.പായ കരസ്ഥമാക്കി തല ചായ്ക്കാനിടം തേടി അലഞ്ഞെങ്കിലും ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞതിനാല്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു.അപ്പോഴാണ്‌ ഞങ്ങളില്‍ ഒരു മണ്ടന്റെ തിരുമണ്ടയില്‍ ബസ്സിറങ്ങിയ സ്ഥലത്തെ തിയേറ്റര്‍ മിന്നിയത്‌.സെക്കന്റ്‌ ഷോക്ക്‌ കയറിയാല്‍ അത്രയും നേരം ഉറങ്ങാതെ കഴിക്കാം.അഥവാ തരം കിട്ടിയാലോ അതിനകത്ത്‌ തന്നെ ഉറങ്ങുകയും ആവാം.ആ തിരുമണ്ടന്‍ ഐഡിയ ഇഷ്ടപ്പെട്ടപ്പോഴാണ്‌ മറ്റൊരു പ്രശ്നം - പായയും കൊണ്ട്‌ എങ്ങനെ ക്ഷേത്രത്തിന്‌ പുറത്തേക്ക്‌ പോകും? പായ ഉപേക്ഷിച്ചുപോയാല്‍ എവിടെ കിടന്നുറങ്ങും?മറ്റൊരു മണ്ടത്തലയില്‍ അതിനുള്ള പരിഹാരവും വന്നു.പായ നല്ലവണ്ണം ചുരുട്ടി മടക്കി അരയില്‍ തിരുകുക!അങ്ങനെ പൂര്‍ണ്ണഗര്‍ഭിണികളായ നാല്‌ പുരുഷന്മാര്‍ ക്ഷേത്രപരിസരത്ത്‌ നിന്നും മെല്ലെ, അടുത്തുള്ള തിയേറ്ററിനകത്തെ ഇരുട്ടിലേക്ക്‌ വലിഞ്ഞുകയറി.

ചിങ്ങ മാസത്തില്‍ ആ തിയേറ്ററില്‍ മിഥുനം ആയിരുന്നു സിനിമ.ബോറടിപ്പിക്കുന്നതില്‍ ഒട്ടും മോശമില്ലാത്തതിനാലും യാത്രാക്ഷീണം കൂടുതലായതിനാലും ഞങ്ങള്‍ തിയേറ്ററിനകത്ത്‌ സുഖമായുറങ്ങി.ഏതോ കാലമാടന്‍ തട്ടി വിളിച്ചപ്പോഴാണ്‌ ഫിലിം കഴിഞ്ഞ വിവരം അറിഞ്ഞത്‌.(അത്‌ തിയേറ്റര്‍ ഉടമ തന്നെയായിരുന്നു).അവിടെ നിന്നെണീറ്റ്‌ തലചായ്ക്കാനൊരിടം തേടി ഞങ്ങള്‍ വീണ്ടും അലഞ്ഞു.അവസാനം നായകള്‍ ശയിക്കുന്ന ഒരു ന്യായവിലഷാപ്പിന്റെ ഒഴിഞ്ഞതിണ്ണയില്‍ ഇടം കിട്ടി.നായകളുടെ കാതടപ്പന്‍ സംഗീതം ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള്‍ ഉറക്കത്തിലേക്ക്‌ ഊര്‍ന്ന് വീണു.

ക്ഷേത്രാചാരങ്ങളും മറ്റും വീക്ഷിക്കാനായി പിറ്റേ ദിവസവും വളരെ നേരം ഞങ്ങള്‍ അവിടെ ചുറ്റിയടിച്ചു.വീണ്ടും രാത്രി ആകുന്നതറിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്ഥലം വിട്ടു.തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കാനായി റൂം അന്വേഷിച്ചെങ്കിലും വാടക ഞങ്ങള്‍ നാലുപേരും താങ്ങിയാലും പൊങ്ങുന്നതിലപ്പുറമായതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.അപ്പോഴാണ്‌ മണി ഒരു വിവരം വെളിപ്പെടുത്തിയത്‌ - വഴിപാട്‌ നേരാന്‍ മറന്നുപോയിരിക്കുന്നു!!അവിടേയും ഇവിടേയും എല്ലാം കുനിയുകയും വന്ദിക്കുകയും ചെയ്യുന്നത്‌ കണ്ട ഞങ്ങള്‍ മൂന്ന് അടകോടന്മാര്‍ക്കുണ്ടോ വഴിപാട്‌ മറ്റൊന്നാണ്‌ എന്ന വിവരം.തല്‍ക്കാലം അത്രമതി എന്ന തീരുമാനത്തില്‍ ലോഡ്‌ജ്‌ അന്വേഷിച്ച്‌ ഞങ്ങള്‍ അടുത്ത പട്ടണത്തിലേക്ക്‌ പുറപ്പെട്ടു.

മയ്യഴിപ്പുഴയുടെ തീരത്തെ സുന്ദരമായ ഒരു മുറി ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ടായിരുന്നു.റൂമിലിരുന്ന് മാഹിയിലെ 'കാറ്റ്‌' ആസ്വദിച്ചപ്പോഴേക്കും അനിലിന്‌ ഇരിക്കപൊറുതി ഇല്ലാതായി.അവന്റെ നിര്‍ബന്ധത്തില്‍ ഞങ്ങള്‍ റൂം പൂട്ടി തെരുവിലേക്കിറങ്ങി.പക്ഷേ അന്ന് മാഹിയിലെ ബാറുകള്‍ക്കെല്ലാം അവധിയായിരുന്നു.എങ്കിലും കുടിയന്മാരുടെ വയര്‍ അവധി സഹിക്കില്ല എന്നതിനാല്‍ 'സാധനവും' കൊണ്ട്‌ ചുറ്റിക്കറങ്ങുന്ന ആള്‍ക്കാരുടെ ലക്ഷണങ്ങളും മനസ്സിലാക്കാനുള്ള എളുപ്പ വഴിയും അനില്‍ ചോദിച്ചറിഞ്ഞു.

അങ്ങനെ ഞാനും അനിലും പിന്നിലും മൊയ്തീനും മണിയും അല്‍പം മുന്നിലുമായി മാഹി ആസ്വദിച്ച്‌ നടന്നു.അനിലിന്റെ വയറിന്റെ നിലവിളി കേട്ടപോലെ പെട്ടെന്ന് ഒരാള്‍ ഞങ്ങളുടെ നേരെ വന്ന്‌ മെല്ലെ കാതിനടുത്ത്‌ വന്ന് ചോദിച്ചു:

"ലോഡ്‌ജും വിസ്കിയും ഉണ്ട്‌....വേണോ..."

ഉടന്‍ അനില്‍ പറഞ്ഞു:"അയ്യോ ന്റെ ചെങ്ങായി....ഞങ്ങള്‍ ലോഡ്‌ജ്‌ ഇപ്പോ എടുത്തതേ ഉള്ളൂ...വിസ്കി മാത്രം കിട്ടോ...പ്ലീസ്‌..."

"ഹ ഹ ഹാ..."ആഗതന്‍ പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് പറഞ്ഞു

"സുഹൃത്തേ...ലോഡ്‌ജല്ല പറഞ്ഞത്‌.... ലോഡ്‌ജോണ്‍ വിസ്കി..."

അമളി മറക്കാനായി അനില്‍ ഒരു ഫുള്‍ബോട്ടില്‍ തന്നെ വാങ്ങി.റൂമിലെത്തി അനിലും മൊയ്തീനും മണിയും നന്നായി വീശി.ഞാന്‍ കാഴ്ചക്കാരനായി ഇരുന്നു.

ലോഡ്‌ജ്‌കാരന്റെ നിര്‍ബന്ധം കാരണം മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ രണ്ട്‌ റൂം എടുത്തിരുന്നു.അതിനാല്‍ ഞാനും അനിലും ഒരു റൂമിലേക്കും മണിയും മൊയ്തീനും മറ്റൊരു റൂമിലേക്കും ഉറങ്ങാനായി നീങ്ങി.കിടക്കയില്‍ കിടന്ന ഉടന്‍ തന്നെ ഞങ്ങള്‍ ഉറങ്ങുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട്‌ കേട്ടു.മണിയും മൊയ്തീനും ശല്യപ്പെടുത്തുന്നതാകും എന്ന് കരുതി ആദ്യം ഞങ്ങള്‍ അനങ്ങിയില്ല.അല്‍പം കഴിഞ്ഞ്‌ വാതിലിലെ മുട്ട്‌ ശക്തിയിലായി.ഞാന്‍ എണീറ്റ്‌ വാതില്‍ കൊളുത്ത്‌ താഴ്ത്തി വീണ്ടും വന്നു കിടന്നു.അനില്‍ ശവം പോലെ ബോധം കെട്ടുറങ്ങുകയായിരുന്നു.അല്‍പം കഴിഞ്ഞ്‌ വാതിലില്‍ കൊട്ട്‌ പൂര്‍വ്വാധികം ശക്തിയില്‍ ആയതിനാല്‍ ഞാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.വാക്കുകള്‍ മുഴുമിക്കുന്നതിന്‌ മുമ്പ്‌ വാതിലില്‍ ശക്തിയായി ചവിട്ടി കയറിവന്നത്‌ അഞ്ച്‌ മാവേലികള്‍, അല്ല പോലീസുകാര്‍!!!ഞാന്‍ ചാടി എണീറ്റു.അനില്‍ കൂര്‍ക്കം വലിയില്‍ തന്നെ.പോലീസ്‌ ലാത്തികൊണ്ട്‌ അവന്റെ 'മര്‍മ്മ'ത്തില്‍ ഒന്ന് കുത്തിയപ്പോഴാണ്‌ അവന്‍ കണ്ണു മിഴിച്ചത്‌.അല്‍പ നേരത്തെ ചോദ്യവും ഭേദ്യവും കഴിഞ്ഞ്‌ പോലീസുകാര്‍ ഇറങ്ങി.അപ്പുറത്തെ റൂമില്‍ ഇതിലും "ഭേദപ്പെട്ട" രണ്ട്‌ ജന്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവരെ ശല്യം ചെയ്യാന്‍ ഏമാന്മാര്‍ മുതിര്‍ന്നില്ല.

പിറ്റേന്ന് രാവിലെ എണീറ്റ്‌ വേഗം സ്ഥലം കാലിയാക്കി.തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ ഒരു പാട്‌ ഓണങ്ങള്‍ കഴിഞ്ഞ പ്രതീതിയായിരുന്നു മനസ്സില്‍.

എല്ലാവര്‍ക്കും ഓണാശംസകള്‍

8 comments:

Areekkodan | അരീക്കോടന്‍ said...

ഉടന്‍ അനില്‍ പറഞ്ഞു:"അയ്യോ ന്റെ ചെങ്ങായി....ഞങ്ങള്‍ ലോഡ്‌ജ്‌ ഇപ്പോ എടുത്തതേ ഉള്ളൂ...വിസ്കി മാത്രം കിട്ടോ...പ്ലീസ്‌..."

"ഹ ഹ ഹാ..."ആഗതന്‍ പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് പറഞ്ഞു
"സുഹൃത്തേ...ലോഡ്‌ജല്ല പറഞ്ഞത്‌.... ലോഡ്‌ജോണ്‍ വിസ്കി..."

ramanika said...

kollam!

ചാണക്യന്‍ said...

ലോഡ്ജോൺ വിസ്കിയോ അതെന്ത് സാധനം...:):)

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ.....നന്ദി

ചാണക്യാ.....ഇത്‌ ഒരു പത്‌ വര്‍ഷം മുമ്പത്തെ കഥയാ.അന്നുണ്ടായിരുന്ന ഒരു ബ്രാന്റാ Lord John.ഇപ്പോ ഉണ്ടോ ആവോ?

jamal said...

kalakki maashe

മീര അനിരുദ്ധൻ said...

രസകരമായ അനുഭവ വിവരണം മാഷേ.നന്നായി

പള്ളിക്കുളം.. said...

:)

Areekkodan | അരീക്കോടന്‍ said...

ജമാല്‍....സ്വാഗതം...നന്ദി

മീര...നന്ദി

പള്ളിക്കുളം....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക