Pages

Friday, September 11, 2009

സുകുവേട്ടന്റെ വാക്കുകള്‍

രണ്ടാഴ്ച മുമ്പാണ്‌ മൂത്താപ്പയെ ഒരു പനി വന്നത്‌ കാരണം തൊട്ടടുത്ത ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തത്‌.നാളിതുവരെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചരിത്രം ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍ (മൂത്താപ്പക്ക്‌ വയസ്സ്‌ എഴുപത്തിയഞ്ച്‌ കഴിഞ്ഞു കാണും) സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഞാനും ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചു.

പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി സുസ്മേരവദനനായി കട്ടിലില്‍ കിടക്കുന്ന മൂത്താപ്പ!അടുത്ത്‌ തലേ ദിവസം കൊണ്ടുവച്ച ഗ്ലുൂകോസ്‌ കയറ്റാനുള്ള സാധന സാമഗ്രികള്‍.കൈപ്പത്തിയുടെ പുറത്ത്‌ എല്ലാ രോഗികള്‍ക്കും ആശുപത്രിക്കാര്‍ ഇടുന്ന അടയാളമായ ഇഞ്ചെക്ഷന്‍ കയറ്റാനുള്ള സംവിധാനം(അതിന്‌ എന്തോ വായില്‍ തോന്നുന്ന പേരുണ്ട്‌,ഓര്‍മ്മയില്ല)

ഞാന്‍ ചെന്ന് അല്‍പം കഴിഞ്ഞ്‌ ഞങ്ങളുടെ പഴയ അയല്‍വാസിയായ സുകുവേട്ടനും മകനും അവിടെ എത്തി.

പുറത്ത്‌ നിന്ന സുകുവേട്ടന്റെ മകനെ നോക്കി മൂത്താപ്പ ചോദിച്ചു: "എത്രാം ക്ലാസ്സിലാ പഠിക്കുന്നത്‌?"

"എട്ടാം ക്ലാസ്സില്‍" അവന്‍ മറുപടി കൊടുത്തു.

"ആ...നല്ലവണ്ണം പഠിക്കുന്നില്ലേ...ചേട്ടന്മാരെക്കാളെല്ലാം ഉഷാറാകണം..." മൂത്താപ്പ പറഞ്ഞു.

"ങാ.." അവന്‍ മൂളി

"ഏതായാലും ആ കഷ്ടപ്പാടുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടല്ലോ..." സുകുവേട്ടനെ നോക്കി മൂത്താപ്പ പറഞ്ഞു.

"അതേ...പടച്ചോന്റെ സഹായം തന്നെ..."സുകുവേട്ടന്‍ പറഞ്ഞു.

"അരിമണി വറുത്ത്‌ കട്ടന്‍ ചായയില്‍ ഇട്ട്‌ തിന്ന് വിശപ്പ്‌ മാറ്റിയ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌..." എന്റെ നേരെ തിരിഞ്ഞ്‌ സുകുവേട്ടന്‍ പറഞ്ഞു തുടങ്ങി.

"ഓരോ പിടി അരിയേ ഇടാന്‍ പറ്റൂ...അത്‌ കോരി തിന്നിട്ട്‌ ഉണ്ടെങ്കില്‍ അടുത്തത്‌ ഇടാം....ഇന്നോ...ചോറിനുള്ള കറി എന്താ എന്നാ ഈ മക്കള്‍ ചോദിക്കുന്നത്‌..."

"ഉം.." ഞാന്‍ മൂളിക്കേട്ടു.

"നോക്കണം...ചോറ്‌ മേശയില്‍ വിളമ്പിയിട്ട്‌ അതിലേക്ക്‌ പറ്റിയ കറി ഇല്ലെങ്കില്‍ അവന്‌ വേണ്ട....ഇവര്‍ക്കൊന്നും കഷ്ടപ്പാട്‌ എന്താണെന്ന് അറിയില്ല..."

"ഉം"

"അതുകൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചി മനസ്സിലാക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല.ഞാന്‍ അന്ന് പട്ടിണി കിടക്കുക വരെ ചെയ്തതിനാല്‍ ഇന്ന് ഭക്ഷണം കിട്ടുമ്പോള്‍ അത്‌ എന്ത്‌ തന്നെയായാലും രുചി നന്നായി ആസ്വദിക്കുന്നു...ഈ തലമുറക്ക്‌ ഇല്ലാതെ പോയ ഭാഗ്യവും അതു തന്നെ..."

സുകുവേട്ടന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ആഴ്‌ന്നിറങ്ങി.എന്നെക്കാളും ഏഴോ എട്ടോ വയസ്സ്‌ മൂപ്പേ സുകുവേട്ടന്‌ കാണൂ.അദ്ദേഹം പട്ടിണി അനുഭവിച്ചു.എന്റെ മാതാപിതാക്കള്‍ ജോലിക്കാരായതിനാല്‍ ഞാന്‍ അത്‌ അനുഭവിച്ചില്ല.സുകുവേട്ടന്‌ എല്ലാ ഭക്ഷണവും ഇഷ്ടമാവുമ്പോള്‍ എനിക്ക്‌ ചില തരംതിരിവുകള്‍ വേണ്ടി വരുന്നു.എനിക്കെന്നല്ല ഈ തലമുറക്ക്‌ മുഴുവന്‍ തെരഞ്ഞെടുക്കാന്‍ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍.അതുകൊണ്ട്‌ തന്നെ ഭക്ഷണം പാഴാക്കലും ഈ തലമുറയുടെ സ്വഭാവമായി മാറിയിരിക്കുന്നു.

നമ്മുടെ മാതാപിതാക്കള്‍ അനുഭവിച്ച,ഇന്നും സൊമാലിയയിലേയും മറ്റും എണ്ണമറ്റ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പട്ടിണിയെപറ്റി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴെല്ലാം ഒരു നിമിഷം ആലോചിച്ച്‌ നോക്കൂ.ദൈവം തന്ന ഈ സൗഭാഗ്യത്തിന്‌ നന്ദിയുള്ളവരാകൂ.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കൂ.

11 comments:

Areekkodan | അരീക്കോടന്‍ said...

"അതുകൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചി മനസ്സിലാക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല.ഞാന്‍ അന്ന് പട്ടിണി കിടക്കുക വരെ ചെയ്തതിനാല്‍ ഇന്ന് ഭക്ഷണം കിട്ടുമ്പോള്‍ അത്‌ എന്ത്‌ തന്നെയായാലും രുചി നന്നായി ആസ്വദിക്കുന്നു...ഈ തലമുറക്ക്‌ ഇല്ലാതെ പോയ ഭാഗ്യവും അതു തന്നെ..."

ഗീത said...

സുകുവേട്ടന്‍ പറഞ്ഞത് പരമ സത്യം. ഇന്നത്തെ കുട്ടികളെ ഊട്ടാനെന്തൊരു പാടാണ് !

അരുണ്‍ കായംകുളം said...

സത്യമാ, കലികാലം

ramanika said...

ഭക്ഷണം അത് കിട്ടാതെ വരുമ്പോഴേ അതിന്റെ വിലയും രുചിയും അറിയൂ !

haroonp said...

തിന്നാനായി ജീവിക്കുന്നോരോടെന്തു ഉപദേശിക്കാനാ മാഷെ?
“എന്‍റെ മോന്‍ ഒന്നും തിന്നുണില്ല,ഡോക്റ്ററേ”
പരാതിയുമായെത്തുന്നവര്‍ ഏറി നാട്ടില്‍ !
ഇടക്കിടെ ചിപ്സ്,പപ്സ്,പോഷ് തുടങ്ങി ഐസ്
ക്രീമാതിമിഠായിബിസ്കറ്റുകളെന്നിങ്ങന തരാതരം
തൊള്ള വഴി പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന
മക്കളെങ്ങിനാ ചോറ് തിന്ന്വ ?
‘ഫാസ്റ്റ്’മതി നമുക്ക്!അജിനമോട്ടയും കുറച്ചു
കറുത്ത വിനാ(ശ)ഗിരിയുമൊക്കെ ചേര്‍ത്ത് തയ്യാര്‍
ചെയ്ത’ഫുഡ്’റെഡി..തൂശനു വിട...വി..ട !

Typist | എഴുത്തുകാരി said...

അദ്ദേഹം പറഞ്ഞതു വളരെ ശരി.

വീ കെ said...

സുകുവേട്ടൻ പറഞ്ഞത് പരമസത്യം.
’വിശക്കുന്നവനെ ഭക്ഷണത്തിന്റെ രുചിയറിയൂ‘ (വിലയറിയൂ).
വിശക്കാത്തവനു ഭക്ഷണം കഴിക്കാൻ ‘അജിനോമോട്ട്‘ യൊക്കെ വേണ്ടി വരും

Areekkodan | അരീക്കോടന്‍ said...

ഗീത...അതേ ആ പെടാപാട്‌ എന്നും നേരില്‍ അനുഭവിച്ചിരുന്നു.ഇപ്പോള്‍ എനിക്ക്‌ നേരത്തെ സ്ഥലം വിടേണ്ടതിനാല്‍ കാണാറില്ല....

അരുണ്‍...അതേ,ഗീത പറഞ്ഞ അവസരങ്ങള്‍ വരുമ്പോള്‍ കലി കൂടും.അപ്പോള്‍ കലികാലം എന്നു പറഞ്ഞ്‌ പിള്ളേര്‌ ഓടി രക്ഷപ്പെടും.

ramanika ചേട്ടാ...കിട്ടാതെ എന്നല്ല,ഒട്ടും കിട്ടാതെ രണ്ട്‌ ദിവസം കഴിയേണ്ടി വരണം.അപ്പഴേ വില അറിയൂ...

haroon-ക്ക...ഈ ഫാസ്റ്റും ബൂസ്റ്റും തിന്ന് ഓരോന്ന് 'ഫാറ്റ്‌' ഡെപോസിറ്റുമായി ഫ്ലാറ്റാകുന്നത്‌ സമകാലിക ദുരന്തം എന്നല്ലാതെ എന്തുപറയാന്‍...

എഴുത്തുകാരി ചേച്ചീ...നന്ദി

വീ.കെ...ഇന്ന് ഭക്ഷണം കഴിക്കുന്നത്‌ വിശയ്ക്കുമ്പോളല്ല,കമ്പനി കൂടുമ്പോളാണ്‌.അല്‍പം മുമ്പ്‌ ഊണ്‌ കഴിച്ചവനും അപ്പോള്‍ നല്ലവണ്ണം തട്ടിവിടും.അജിനൊമോട്ടോ അവനെ കൂടുതല്‍ ആര്‍ത്തിപിടിപ്പിക്കുകയും ചെയ്യും.

വശംവദൻ said...

"ഈ തലമുറക്ക്‌ മുഴുവന്‍ തെരഞ്ഞെടുക്കാന്‍ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍.അതുകൊണ്ട്‌ തന്നെ ഭക്ഷണം പാഴാക്കലും ഈ തലമുറയുടെ സ്വഭാവമായി മാറിയിരിക്കുന്നു"

വളരെ ശരിയാണ്.

നല്ല പോസ്റ്റ്.

നനവ് said...

വിശപ്പ് ഒരനുഭൂതിയാണ്..അത് അനുഭവിക്കാത്തവരാണ് ഭക്ഷണം പാഴാക്കുന്നത്..നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ

Areekkodan | അരീക്കോടന്‍ said...

വശംവദാ... നന്ദി

നനവ്‌....സ്വാഗതം....ഞാന്‍ പറയുന്നത്‌ ഇങ്ങനെ...പട്ടിണി ഒരു അനുഭവമാണ്‌.അത്‌ അനുഭവിക്കാത്തവന്‍ ഭക്ഷണത്തിന്‌ യോഗ്യനല്ല...

Post a Comment

നന്ദി....വീണ്ടും വരിക