Pages

Thursday, December 03, 2009

ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടും?

കോളേജില്‍ പഠിക്കുന്ന കാലത്തെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വ്വീസ് സ്കീം ) പ്രവര്‍ത്തനങ്ങളെ പറ്റി ഇവിടെ കുത്തിക്കുറിച്ച് കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒരു എളിയ ആവശ്യവുമായി എന്നെ സമീപിച്ചത്.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഇക്കൊല്ലത്തെ ക്യാമ്പ് നടത്താനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ ആമയൂര്‍ എന്ന കുഗ്രാമത്തില്‍ നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നാലഞ്ച് കുട്ടികളോടൊപ്പം പങ്കെടുക്കാനായിരുന്നു നിര്‍ദ്ദേശം.ഞാന്‍ അത് വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.


പിറ്റേ ദിവസം വൈകിട്ട് നാല് മണിക്കായിരുന്നു യോഗം.ഞങ്ങള്‍ അവിടെ എത്താന്‍ വൈകിയെങ്കിലും നല്ല പങ്കാളിത്തത്തോടെ യോഗം ആരംഭിച്ചു.എനിക്ക് അവിടെ ആരെയും മുന്‍പരിചയം ഇല്ലായിരുന്നു. സ്വാഗത സംഘ രൂപീകരണ യോഗം നടന്നത്  യുവജന എന്ന ക്ലബ്ബിന്റെ ഷെഡില്‍ ആയിരുന്നു.സ്വാഗത സംഘത്തിലേക്കുള്ള അംഗങ്ങളെ ചേര്‍ക്കുന്ന വേളയില്‍ , ഞങ്ങളെ ആദ്യം സ്വീകരിച്ച ആ മാന്യവ്യക്തിയോട്‌ ഞാന്‍ ചോദിച്ചു.

“ഇവിടെ മറ്റു ക്ലബ്ബുകള്‍ ഒന്നും ഇല്ലേ ?”


“ഉണ്ട്.യുവധാര എന്ന ക്ലബ്ബ്.അവരോട്‌ പറഞ്ഞിരുന്നു.ആരെയും കണ്ടില്ല...”  അദ്ദേഹം പറഞ്ഞു.


“ശരി...എന്നാല്‍ അവരേയും ഇതില്‍ ഉള്‍പ്പെടുത്തണം....”  ഞാന്‍ നിര്‍ദ്ദേശിച്ചു.

മേല്‍ വ്യക്തി സ്വാഗത സംഘത്തിലേക്ക് ധാരാളം പേരെ നിര്‍ദ്ദേശിക്കുകയും ചെയ്തു.ശേഷം ഞാന്‍ ക്യാമ്പിനെപറ്റിയും അതിന് ആവശ്യമായ പൊതുജന പിന്തുണയെപറ്റിയും ഒരു ഹ്രസ്വപ്രസംഗം നടത്തി.യോഗശേഷം പ്രവൃത്തി സ്ഥലം കാണാനായി ഞങ്ങള്‍ പുറത്തിറങ്ങി.പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു യുവജനക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.ഞങ്ങളുടെ കൂടെ വന്ന ഒരു വിദ്യാര്‍ത്ഥി അവര്‍ക്കിടയില്‍ സംസാരിക്കുന്നുണ്ടായിരുന്നു.സംഗതി അറിയാന്‍ ഞാനും അങ്ങോട്ട് കയറി ചെന്നു.ഇങ്ങനെ ഒരു സ്വാഗത സംഘ രൂപീകരണ യോഗം നടക്കുന്ന വിവരം അവര്‍ അറിഞ്ഞില്ല എന്ന് എനിക്ക് അപ്പോള്‍ വിവരം ലഭിച്ചു.സ്വാഭാവികമായും ഇത്ര ദൂരെ നിന്ന് വരുന്ന ഞങ്ങളുടെ അറിവിന്റെ പരിമിതിയും അതില്‍ നിന്നു കൊണ്ട് ഞങ്ങള്‍ സ്വീകരിച്ച നിലപാടും അവരെ സംത്ര്‌പ്തരാക്കിയില്ല.


ക്യാമ്പിന് അവര്‍ സ്വാഗതം അറിയിച്ചെങ്കിലും ഒരു പാര്‍ട്ടി ഓഫീസ് കൂടി ആയി പ്രവര്‍ത്തിക്കുന്ന ആ ഷെഡില്‍ വച്ച് യോഗം കൂടിയതിനെ അവര്‍ വിമര്‍ശിച്ചു.അത് ഒരു പാര്‍ട്ടി ഓഫീസ് ആണെന്ന വിവരവും ഞങ്ങളുടെ ആതിഥേയര്‍ ഞങ്ങളില്‍ നിന്ന് സമര്‍ത്ഥമായി മൂടി വച്ചു.സ്കൂള്‍ ഒന്നും കിട്ടിയില്ല എന്ന കാരണവും പറഞ്ഞു.



യഥാര്‍ത്ഥത്തില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള ക്ലബ്ബുകള്‍ ആയിരുന്നു ഇവ രണ്ടും.സംഭവിക്കേണ്ടത് സംഭവിച്ചതിനാല്‍ ഞാന്‍ അവരുടെ ഒരു പ്രതിനിധിയെക്കൂടി പ്രവൃത്തി സ്ഥലം കാണാനായി ക്ഷണിച്ചു.അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയര്‍ വളരെ മുന്നോട്ട് പോയി കാത്തിരിക്കുകയായിരുന്നു.ക്യാമ്പ് അവിടെ വച്ച് നടത്താന്‍ പറ്റുന്ന കാലാവസ്ഥയല്ല എന്ന് എനിക്ക് വളരെ പെട്ടെന്ന് ബോദ്ധ്യപ്പെട്ടെങ്കിലും പ്രവൃത്തി സ്ഥലം കാണുക എന്ന അതിഥി മര്യാദ പാലിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.അതിനിടയില്‍ തന്നെ ഇത് മുന്നോട്ട് പോകില്ല എന്ന് എന്റെ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.


ഞങ്ങള്‍ പ്രവൃത്തി സ്ഥലത്ത് എത്തിയതും നേരത്തെ ഞങ്ങളോട്‌ തര്‍ക്കിച്ച യുവജനക്കൂട്ടവും അവിടെ എത്തി.കാണിച്ചുതന്ന പ്രവൃത്തിയെക്കാളും ഉചിതം മറ്റൊരു പ്രവൃത്തിയാണെന്ന് അവരില്‍ ഒരാള്‍ സമര്‍ത്ഥിച്ചു.അതില്‍  പഞ്ചായത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ഉത്തമം എന്ന് മറു വിഭാഗവും വാദിച്ചു.ഇരുട്ട് മുറുകുന്നതിനിടയില്‍ വാഗ്വാദവും  മുറുകി.അവസാനം ക്യാമ്പ് അവിടെ നടക്കില്ല എന്ന് അവര്‍ക്കും ബോദ്ധ്യമായി.ഞാനും എന്റെ വിദ്യാര്‍ത്ഥികളും കൂടുതല്‍ ഒന്നും പറയാതെ തിരിച്ചു പോന്നു.


രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ മുന്നില്‍ ഒരു സന്നദ്ധപ്രവര്‍ത്തനവും നടക്കില്ല എന്ന് എനിക്ക് ഒന്നു കൂടി ബോദ്ധ്യമായി.വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ,എല്ലാ പാര്‍ട്ടികളും  ഒരേ പോലെ സ്വന്തം അക്കൌണ്ടിലേക്ക് വരവ് വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നാടിനും നാട്ടുകാര്‍ക്കും  നഷ്ടമായ ഭാഗ്യം ഇവര്‍ ചിന്തിക്കുന്നില്ല.ആ റോഡിന് ഇനി എന്ന് ശാപമോക്ഷം കിട്ടുമോ ആവോ?

14 comments:

Areekkodan | അരീക്കോടന്‍ said...

രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ മുന്നില്‍ ഒരു സന്നദ്ധപ്രവര്‍ത്തനവും നടക്കില്ല എന്ന് എനിക്ക് ഒന്നു കൂടി ബോദ്ധ്യമായി.വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ എല്ലാ പാര്‍ട്ടികളും ഒരേ പോലെ സ്വന്തം അക്കൌണ്ടിലേക്ക് വരവ് വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നാടിനും നാട്ടുകാര്‍ക്കും നഷ്ടമായ ഭാഗ്യം ഇവര്‍ ചിന്തിക്കുന്നില്ല.

ഷെരീഫ് കൊട്ടാരക്കര said...

മാഷിന്റെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു. ഈ വക കാര്യങ്ങൾക്കു ഇറങ്ങി പുറപ്പെടുമ്പോൾ വിശദമായി അന്വേഷിച്ചതിനു ശേഷമേ പുറപ്പെടാവൂ എന്നു അനുഭവം എന്നെ പഠിപ്പിക്കുന്നു. രണ്ടു കൂട്ടരുടെയും മദ്ധ്യത്തിൽ നാണം കെടുന്നതു നമ്മെ പോലെയുള്ള നിഷ്പക്ഷമതികൾ മാത്രം.

അപ്പൂട്ടൻ said...

അരീക്കോടൻ മാഷെ...
ക്ഷാപമോക്ഷം അല്ല, ശാപമോക്ഷം ആണ്‌ ശരി. തിരുത്തുമല്ലൊ
വരമൊഴി ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ S അല്ലെങ്കിൽ Z ടൈപ്‌ ചെയ്താൽ "ശ്‌" കിട്ടും

ramanika said...

നാടും നാട്ടുക്കാരും ആര്‍ക്കു വേണം ?
എല്ലാം പൊളിറ്റിക്കല്‍ മിയിലേജ് കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനം മാത്രം !

jayanEvoor said...

ഞാനും ഒരു എന്‍.എസ.എസ്സുകാരന്‍ ആയിരുന്നു!
പഠിക്കുമ്പോള്‍ വോളണ്ടിയര്‍, പിന്നെ പ്രോഗ്രാം ഓഫീസര്‍...

ഒരു ക്യാമ്പില്‍ ഞങ്ങള്‍ നിര്‍മ്മിച്ച റോഡു ഒരു മാസം കഴിഞ്ഞപ്പോള്‍ കോടതി വിധിയിലൂടെ അടപ്പിച്ചു!

നമ്മുടെ നാട് ഇങ്ങനെ തന്നെ!

ഗീത said...

രാഷ്ട്രീയതിമിരം ബാധിച്ചവര്‍ക്ക് ഒരിക്കലും നാടിനെ നന്നാക്കാന്‍ ആവില്ല തന്നെ. എതിര്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്നതിന്റെ നന്മവശം അവരൊരിക്കലും കാണുകയുമില്ല, കണ്ടാല്‍ തന്നെ അംഗീകരിക്കുകയും ഇല്ല. പകരം കുറ്റം പറയാന്‍ പഴുതുണ്ടോ എന്നു മാത്രം നോക്കും.
(നമ്മള്‍ അദ്ധ്യാപകര്‍ക്കും ഇടയിലില്ലേ ഇത്തരം ആള്‍ക്കാര്‍?)

വീകെ said...

എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നതാണ് നമ്മുടെ നാട്ടിന്റെ ഏറ്റവും വലിയ ശാപം..!

ഇടതു പക്ഷവും വലതു പക്ഷവും പരസ്പരം പഴി ചാരി നേരെ ചൊവ്വെ ഒരു പരിപാടിയും നടത്താൻ കഴിയാതെ കാലം കഴിക്കുന്നു..

ഇതിനെല്ലാം നോക്കു കുത്തികളായി നമ്മളും..

നമ്മൾ എന്നാണ് നമ്മുടെ ആവശ്യങ്ങൾ രാഷ്ട്രീയത്തിനതീതമായി മനസ്സിലാക്കുക. അങ്ങനെ ഒരു കാലം വരുമോ...?!!

Areekkodan | അരീക്കോടന്‍ said...

ശരീഫ്ക്കാ...നാണമില്ലാത്ത അവ്ന്മാര്‍ ഒരിക്കലും നാണം കെടില്ലല്ലോ.

അപ്പൂട്ടാ...തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.ഇതേ മാറ്റി.

രമണിക ചേട്ടാ...ഈ മയിലേജ് അവര്‍ക്ക് എത്ര കാലം കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.

ജയന്‍സാര്‍...ഈ നാട് ഇനിയെങ്കിലും ഉണരുമോ?

കുമാരാ...

ഗീത...അതെ.ഈ നാണം കെട്ടവര്‍ ഗുണവശങ്ങള്‍ ഒന്നും തന്നെ കാണില്ല.എല്ലാ വിഭാഗത്തിലും ഉണ്ട് ഇത്തരം തിമിരക്കാര്‍.

വീ.കെ...ആ കാലം വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.ജനങള്‍ ഉണരാന്‍ തുടങിയിരിക്കുന്നു.

OAB/ഒഎബി said...

“എന്നെയൊട്ട് എടുക്കുകയും വേണ്ട ഞാനൊട്ട് നടക്കുകയുമില്ല“

Typist | എഴുത്തുകാരി said...

അതു കഷ്ടമായല്ലോ, ഒരു നല്ല കാര്യം ചെയ്യാമെന്നു വച്ചാല്‍ അതും നടക്കില്ലെന്നുവന്നാല്‍!

Akbar said...

നാട് നന്നായാല്‍ പിന്നെ രാഷ്ട്രീയക്കാര്‍ എന്തിനു.

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി....അതെന്നെ

എഴുത്തുകാരി ചേച്ചീ...ഈ നാട്ടിലെ രാഷ്ട്രീയം ഇങനെ ഒക്കെയാണ്

അക്ബര്‍...സ്വാഗതം.അതൊരു ചോദ്യം തന്നെ.

മുരളി I Murali Mudra said...

എന്ത് ചെയ്യാന്‍ മാഷേ..ഇതാണ് ലോകം..

Areekkodan | അരീക്കോടന്‍ said...

മുരളി...സ്വാഗതം.ഇന്ന് പോരുമ്പോഴും കൊല്ലങളായി തര്‍ക്കത്തില്‍ കിടക്കുന്ന ഒരു റോഡിന്റെ പണി തുടങാന്‍ പോകുന്നതിന്റെ പേരില്‍ ഇടതും വലതും മൈക്ക് കെട്ടി പോരടിക്കുന്ന കാഴ്ച കണ്ടു.ജനം ഇവരെ കല്ലെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക