Pages

Saturday, December 26, 2009

ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയ ഒരു അനുഭവമായിരുന്നു കഴിഞ്ഞ ഒരാഴ്ച എന്റെ ജീവിതത്തില്‍ സംഭവിച്ചത്.ബൂലോകത്ത് നിന്നും മാറി നിന്നതും ഈ അനുഭവം കൊതി തീരെ ആസ്വദിക്കാനായിരുന്നു.മറ്റൊന്നുമല്ല, എന്റെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീം (NSS) യൂണിറ്റിന്റെ  ഡിസംബര്‍ 18-ന് ആരംഭിക്കുന്ന സപ്തദിന ക്യാമ്പില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു.അടിച്ചുപൊളിക്കാനുള്ള കൃസ്തുമസ് അവധി, സേവനത്തിനായി നീക്കിവച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഞാനും എന്റെ അവധി തല്‍ക്കാലം മാറ്റി വച്ചു.


കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത് കാക്കൂര്‍ പഞ്ചായത്തിലെ പാവണ്ടൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാമ്പ്. പതിവ് പോലെ ഒരു റോഡ് നിര്‍മ്മാണമായിരുന്നു പ്രധാന കര്‍മ്മം. പതിനഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ മനസ്സിലിട്ട ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍ക്കരണത്തിന്റെ തുടക്കമായിരുന്നു ആ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ എന്റെ പ്രിയ ശിഷ്യര്‍ ആരംഭിച്ചത്.


മുക്കാല്‍ കിലോമീറ്ററോളം  വരുന്ന റോഡിനായി ജനങ്ങള്‍ വിട്ടുകൊടുത്ത സ്ഥലത്തെ പൊന്തക്കാടും അടിക്കാടൂം മരങ്ങളും വെട്ടിമാറ്റുക എന്ന ശ്രമകരമായ ജോലിയായിരുന്നു ഞങ്ങള്‍ക്ക് അവിടെ ചെയ്യാനുണ്ടായിരുന്നത്. കൈക്കോട്ടും പിക്കാസും കൊട്ടയും ഒന്നും തന്നെ പിടിച്ച് പരിചയമില്ലാത്ത എഞ്ചിനീയറിംഗ് കോളേജിലെ കുമാരീ-കുമാരന്മാര്‍ ആദ്യദിവസം തന്നെ പ്രതീക്ഷക്കപ്പുറം മുന്നേറി.തൊട്ടടുത്ത ദിവസം മുതല്‍ നാട്ടുകാരുടെ സഹകരണം കൂടി ലഭ്യമായതോടെ പ്രവര്‍ത്തനം വളരെ സജീവമായി.അഞ്ചു ദിവസത്തെ ശ്രമദാനത്തിലൂടെ ഉദ്ദേശിച്ചതിലും കൂടുതല്‍ ചെയ്തു തീര്‍ക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ പണി പൂര്‍ത്തിയാക്കി.വെട്ടിയ പാതയിലൂടെ ഒരു വാഹനം കടന്നുപോകുന്നത് കാണാന്‍ കൊതിച്ചെങ്കിലും അത് പ്രാവര്‍ത്തകമായില്ല എന്ന ദു:ഖം മാത്രം ബാക്കി നില്‍ക്കുന്നു.



ക്യാമ്പിന്റെ ഭാഗമായി മറ്റുപല പ്രോഗ്രാമ്മുകളും അരങ്ങേറി.’മമ്മൂട്ടി-ദ സ്റ്റാര്‍’ എന്ന റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ബിനു കുറുവങ്ങാടിന്റെ നാടക കളരിയായിരുന്നു അതില്‍ ഏറ്റവും ആകര്‍ഷകം.വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ചില പൊടിക്കൈ പ്രയോഗങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ ശരിക്കും ആസ്വദിച്ച്തന്നെ ഉപയോഗപ്പെടുത്തി.


രാത്രി നടക്കുന്ന കൂതറ കലാപരിപാടികള്‍ വിവിധ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ കലയുടെ ‘കൊലാപരത’ (അതിനെ വിളിക്കാന്‍ എന്റെ വായില്‍ വരുന്ന പദം അതാണ്) വ്യക്തമാക്കി.സര്‍ഗ്ഗം എന്ന ക്യാമ്പ് ദിനപത്രവും കുട്ടികളിലെ  പ്രതിഭകളുടെ മിന്നലാട്ടം വ്യക്തമാക്കി. എന്റെ ക്യാമ്പസ് ഇത്ര സമ്പുഷ്ടമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും കാമ്പസില്‍ കമ്പ്യൂട്ടര്‍ ലാബിനകത്ത് ഒതുങ്ങിക്കൂടുന്ന എന്നെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞതും ഈ ക്യാമ്പ് വഴിയാണ്.


സമാപനദിവസത്തെ കലാപരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമായി എന്റെ മൂത്തമകള്‍ ഐഷനൌറയേയും കൂട്ടിയായിരുന്നു ഞാന്‍ പോയത്.കലാപരിപാടികളുടെ ഹരത്തില്‍ കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനായി അവള്‍ അവസരം ചോദിച്ചത് എനിക്ക് ഏറെ സംതൃപ്തി നല്‍കി.ക്യാമ്പ്ഫയര്‍ എന്ന അവസാന പരിപാടിയും ആസ്വദിച്ച് കഴിയുമ്പോള്‍ പുലര്‍ച്ചെ രണ്ടു മണി ആയിരുന്നെങ്കിലും, അവള്‍ക്ക് ഉറക്കത്തിന്റെ ലാഞ്ചന പോലും ഇല്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു.


നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി ഇന്റെര്‍നെറ്റില്‍ ഒരു ലേഖനം വായിച്ച് ഇന്ത്യയില്‍ എവിടെയോ താമസിക്കുന്ന അതിന്റെ രചയിതാവുമായി ആശയവിനിമയം നടത്തി , ഇനിയും അതില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം പ്രകടിപ്പിച്ച ഉടനെയാണ് എനിക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ഇരുപത് വര്‍ഷം മുമ്പ് ഡിഗ്രിക്ക് ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോഴും അതിന്  മുമ്പ് പ്രീഡിഗ്രിക്ക്  PSMO കോളേജില്‍ പഠിക്കുമ്പോഴും NSS ക്യാമ്പില്‍ പങ്കെടുത്തതിന്റെ മധുരസ്മരണകള്‍ എന്റെ മനസ്സിലേക്ക് വീണ്ടും കോരിയിട്ടുകൊണ്ടാണ് ക്യാമ്പ് ഇന്നലെ സമാപിച്ചത്.


ജീവിതത്തില്‍ വല്ലപ്പോഴും കിട്ടുന്ന ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ബൂലോക വാസികള്‍ ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

17 comments:

Areekkodan | അരീക്കോടന്‍ said...

നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി ഇന്റെര്‍നെറ്റില്‍ ഒരു ലേഖനം വായിച്ച് ഇന്ത്യയില്‍ എവിടെയോ താമസിക്കുന്ന അതിന്റെ രചയിതാവുമായി ആശയവിനിമയം നടത്തി , ഇനിയും അതില്‍ പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹം പ്രകടിപ്പിച്ച ഉടനെയാണ് എനിക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

Gopakumar V S (ഗോപന്‍ ) said...

വർഷങ്ങൾക്കു മുൻപ് ഞാനും നാഷണൽ സരവീസ് സ്കീമിൽ സജീവമായിരുന്നു (1988-1993). തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും.... രാഷ്ട്രസേവനവും, വിനോദവും, വിജ്ഞാനവും, സമത്വഭാവവും ഒക്കെ വളർത്താൻ വളരെയേറെ സഹായിച്ചു. ഒത്തൊരുമയുടെ മഹത്വം ശരിക്കും തിരിച്ചറിഞ്ഞത് ഇവിടെയാണ്; സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന്, മത-രാഷ്ട്രീയ-വിഭാഗീയതകളൊന്നും ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു.
ആ നല്ല നാളുകളുടെ ഓർമ്മയിലേക്ക് നയിച്ചതിനു ഒരുപാട് നന്ദി...
(പറഞ്ഞു തുടങ്ങിയപ്പോൾ ആവേശമായി)
എല്ലാ ആശംസകളും....

ramanika said...

താങ്കളുടെ അനുഭവം ഒരു പ്രചോദനം ആവട്ടെ എല്ലാവര്ക്കും !
ഹാപ്പി 2010 !

ചാണക്യന്‍ said...

എൻ എസ് എസ് ക്യാമ്പ് അനുഭവങ്ങൾ ഹൃദ്യമായി...

വാഴക്കോടന്‍ ‍// vazhakodan said...

എന്‍ എസ് എസ് ക്യാമ്പിന്റെ മധുരമുള്ള പല ഓര്‍മ്മകളും അയവിറക്കി ഈ പോസ്റ്റ് വായിച്ചപ്പോള്‍!നന്ദി മാഷേ!

ആ ഇനി അയവിറക്കാം ! അത്ര തന്നെ!

Typist | എഴുത്തുകാരി said...

ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ചതു നന്നായി. പുതുവത്സരാശംസകള്‍.

Unknown said...

പുതുവത്സരാശംസകള്‍.

ചിന്തകന്‍ said...

നല്ല അനുഭവങ്ങള്‍ മാഷെ.

jayanEvoor said...

നന്ദി അരീക്കോടന്‍ മാഷേ!

നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി എനിക്കും ഒരുപാട് പറയാനുണ്ട്!
അഞ്ചു കൊല്ലം വോളണ്ടിയരും മൂന്നു കൊല്ലം പ്രോഗ്രാം ഓഫീസറും ആയിരുന്നു...

അതില്‍ ഒരു ഓര്‍മ്മ ബ്ലോഗിലിട്ടിരുന്നു.
http://jayandamodaran.blogspot.com/2009/01/blog-post_17.html

Areekkodan | അരീക്കോടന്‍ said...

ഗോപന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ എന്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിനെപറ്റി പറയുമ്പോള്‍ ആവേശം കൂടും.ഓര്‍മ്മകള്‍ പങ്കുവച്ചതിന് നന്ദി.

രമണിക ചേട്ടാ....പുതുവത്സരാശംസകള്‍.

ചാണക്യാ...നന്ദി

വാഴക്കോടാ...സ്ഥിരം അയവിറക്കല്‍ ആരാന്നറിയോ?

എഴുത്തുകാരി ചേച്ചീ...നന്ദി.പുതുവത്സരാശംസകള്‍.

തെച്ചിക്കോടാ...തിരിച്ചും പുതുവത്സരാശംസകള്‍.

ചിന്തകാ...നന്ദി

ജയന്‍ സാര്‍...അപ്പോള്‍ നല്ല നല്ല ഓര്‍മ്മകള്‍ ഇനിയും ഉണ്ടാവുമല്ലോ?

OAB/ഒഎബി said...

കോളേജിൽ പോയിട്ടില്ലെങ്കിലും കോളേജ് ക്യാമ്പിൽ പങ്കെടുക്കുകയും, കോളേജ് ഡേക്ക് സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.അതും നമ്മുടെ മമ്പാടിൽ.


ഇനിയും അങ്ങനെ ഒരാഗ്രഹം ഇല്ല എന്ന് തന്നെ പറയാം. കാരണം അത് കൊണ്ട് തന്നെ ഞാൻ സംതൃപ്തനാണ്.

ആശംസകളോടെ...

Anonymous said...

NCC ആണ്‍കുട്ടികള്‍ക്കും NSS പെണ്‍കുട്ടികള്‍ക്കും പൂവാലന്‍‌മാര്‍ക്കുമെന്നൊരു അലിഖിത നിയമമുണ്ടായിരുന്നു ഞങ്ങളുടെ കോളേജില്‍.

തോക്കെടുക്കാന്‍ ആവതില്ലാത്തതിനാലും പൂവാലനുവേണ്ടൊരു ഗ്ലാമറില്ലാത്തതിനാലും കാഴ്ച്ചകാരനായിരുന്നു എന്നും ഈയുള്ളവന്‍.

പത്തു പതിനാല് വര്‍ഷം മുന്നുള്ള കോളേജ് ഡേയ്സ് ഓര്‍മ്മിപ്പിച്ചു രസകരമായ ഈ പോസ്റ്റ്.

പുതുവത്സരാശംസകള്‍

ആര്‍ദ്ര ആസാദ് / Ardra Azad said...

NCC ആണ്‍കുട്ടികള്‍ക്കും NSS പെണ്‍കുട്ടികള്‍ക്കും പൂവാലന്‍‌മാര്‍ക്കുമെന്നൊരു അലിഖിത നിയമമുണ്ടായിരുന്നു ഞങ്ങളുടെ കോളേജില്‍.

തോക്കെടുക്കാന്‍ ആവതില്ലാത്തതിനാലും പൂവാലനുവേണ്ടൊരു ഗ്ലാമറില്ലാത്തതിനാലും കാഴ്ച്ചകാരനായിരുന്നു എന്നും ഈയുള്ളവന്‍.

പത്തു പതിനാല് വര്‍ഷം മുന്നുള്ള കോളേജ് ഡേയ്സ് ഓര്‍മ്മിപ്പിച്ചു രസകരമായ ഈ പോസ്റ്റ്.

പുതുവത്സരാശംസകള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

5 വർഷം തുടർച്ചയായി നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും ഓർക്കനിഷ്ടപ്പെടുന്ന കാലം.. ടെൻ ഡേ കാമ്പുകളും, ഇന്റർ യൂണിവേഴ്സിറ്റി കാമ്പുകളും മറ്റുമായി സൌഹൃദത്തിന്റെ പൂക്കളും പേറി ഒരു കാലം... ഈ പോസ്റ്റ് ഒരു ഓർമ്മ പുതുക്കലിനു സഹായകമായി..വളരെ നന്ദി മാഷേ..

മനസ്സു നന്നാവട്ടേ..മതമേതെങ്കിലുമാവട്ടേ........

Thabarak Rahman Saahini said...

nalla post, hrudhyamaaya ormaputhukkal

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...അത് കൊള്ളാലോ.അതെങിനെ ഒപ്പിച്ചു?

ആസാദ്...എന്റെ ഗ്ലാമറും തഥൈവ.പക്ഷേ കലാരംഗങ്ങളില്‍ നല്ല ഗ്ലാമറായിരുന്നു.

പ്രവീണ്‍...അതേ,മനസ്സു നന്നാവട്ടേ..മതമേതെങ്കിലുമാവട്ടേ...
ഞാന്‍ പഠിക്കുന്ന കാലത്ത് ഈ ഗാനമില്ല.പകരം വീ ഷാള്‍ ഓവര്‍കം ആയിരുന്നു.

തബാറക്...നന്ദി

Akbar said...

ഈ പോസ്റ്റ്‌ എന്നെ ഒരു പാട് വര്ഷം പിറകിലേക്ക് കൊണ്ട് പോയി. ആ നല്ല ഓര്‍മ്മകള്‍ തന്നതിന് നന്ദി. പുതുവത്സരാശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക