Pages

Saturday, March 27, 2010

എര്‍ത്ത് അവര്‍ ആചരണം - എന്റെ മാതൃക.

എര്‍ത്ത് അവര്‍ എന്ന പേരില്‍ ഇന്ന് ഒരു മണിക്കൂര്‍ ഇരുട്ടാചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നല്ലോ?എന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ ഞാനും അതില്‍ എന്റേതായ പങ്കു വഹിച്ചു. ഈ ഇരുട്ടാചരണം നിര്‍ബന്ധിതമല്ല. ഇതൊരു ആഹ്വാനം മാത്രമാണ്. 

ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ചെയ്താല്‍ ഭൂമി രക്ഷപെടുമോ എന്നു ചിലരെങ്കിലും ചോദിച്ചേക്കാം.ഇത്തരം സംശയങ്ങള്‍ ഉള്ളവര്‍ ഭൂമിയിലുള്ളിടത്തോളം കാലം ഭൂമി രക്ഷപെടില്ല എന്നാണ് അതിനുത്തരം. എര്‍ത്ത് അവര്‍ ഇരുട്ടാചരണം ഒരു സന്ദേശമാണ്. ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ എന്തിനങ്ങനെ ചെയ്യുന്നു എന്ന് വീട്ടിലെ കുട്ടികള്‍ക്കു പറഞ്ഞു നല്‍കുക. കാരണം, നമ്മള്‍ ചീത്തയാക്കിക്കൊണ്ടിരിക്കുന്നത് അവരുടെ ഭൂമിയാണ്.


കൃത്യം 8:30-ന് ഞാന്‍ എന്റെ വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു.അതേ സമയം തന്നെ എന്റെ പെങ്ങളുടെ ഫോണ്‍  വന്നു.
”എര്‍ത്ത് അവറിന് എന്താ അവിടെ ലൈറ്റ് ഒന്നും ഓഫ് ചെയ്യാത്തത് ?” നേരിട്ട് കാണുന്ന പോലെ ഞാന്‍ ചോദിച്ചു!!!ഉടന്‍ അവള്‍ മകനോട്‌ എല്ലാം ഓഫാക്കാന്‍ പറയുന്നത് ഞാന്‍ കേട്ടു.


അപ്പോള്‍ തന്നെ വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന  ബിജുലോണ സാറിന്റെ എര്‍ത്ത് അവര്‍ ആചരിക്കാനുള്ള എസ്.എം.എസ് വന്നു. സാറെ അപ്പോള്‍ തന്നെ തിരിച്ച് വിളിച്ച് ഞാന്‍ ചെയ്ത കാര്യങ്ങള്‍ അറിയിച്ചു.സാര്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.


സാറെ വിളിച്ച് സംസാരിക്കുന്നതിനിടയില്‍ അയല്‍ പക്കത്തെ മരുമകന്‍ കാര്‍ പാര്‍ക്ക് ചെയ്യാനായി എന്റെ വീട്ടിലെത്തി.അയല്പക്കം പ്രഭാപൂരിതമായിരിക്കുമ്പോള്‍ ഇവിടെ മാത്രം ഇരുട്ടാകാനുള്ള കാരണം അദ്ദേഹത്തേയും ഞാന്‍ പറഞ്ഞു മനസ്സിലാക്കി.


ഒമ്പതു മണിക്ക് ഞാന്‍ ഭാര്യാ വീട്ടിലേക്ക് വിളീച്ച് നേരത്തെ പെങ്ങളോട്‌ പറഞ്ഞ അതേ അടവ് പ്രയോഗിച്ചു.
“ഇവിടെ ഇന്‌വര്‍ട്ടറിലാ വര്‍ക്ക് ചെയ്യുന്നത്..” ഭാര്യ മറുപടി തന്നു.
“എങ്കില്‍ മെയിന്‍ സ്വിച്ച് ഓഫാക്കൂ..” ഞാനും വിട്ടു കൊടുത്തില്ല.


ഇതിനിടയില്‍ എന്റെ അനിയന്റെ മക്കള്‍ (നാല് വയസ്സുകാരികള്‍-ഇരട്ട) എന്നോട് ചോദിച്ചു , ലൈറ്റ് ഓഫാക്കിയത് എന്തിനെന്ന്.അവര്‍ക്ക് തല്‍ക്കാലം മനസ്സിലാവുന്ന രൂപത്തില്‍ അവരോടും പറഞ്ഞു.വീട്ടില്‍ ഉമ്മയും , ചെറിയ അനിയനും,പെങ്ങളുടെ മോളും , വലിയ അനിയന്റെ ഭാര്യയും രണ്ട് മക്കളും എന്നോടൊപ്പം ഈ ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കാന്‍ സന്നദ്ധരായി.അങ്ങനെ ലോക വ്യാപകമായി ആചരിച്ച ആ ഒരു മണിക്കൂറില്‍ പങ്കെടുത്ത ചാരിതാര്‍ഥ്യം അനുഭവിച്ച് കൃത്യം 9:30-ന് ഞാന്‍ മെയിന്‍ സ്വിച്ച് ഓണാക്കി.


ബൂലോകത്ത് എത്ര പേര്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ ചെറിയ ഒരു താല്പര്യം.

19 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ലോക വ്യാപകമായി ആചരിച്ച ആ ഒരു മണിക്കൂറില്‍ പങ്കെടുത്ത ചാരിതാര്‍ഥ്യം അനുഭവിച്ച് കൃത്യം 9:30-ന് ഞാന്‍ മെയിന്‍ സ്വിച്ച് ഓണാക്കി.


ബൂലോകത്ത് എത്ര പേര്‍ എന്തൊക്കെ ചെയ്തു എന്നറിയാന്‍ ചെറിയ ഒരു താല്പര്യം.

poor-me/പാവം-ഞാന്‍ said...

ഇന്‍വെര്‍ട്റ്റര്‍ ഓഫ് ആക്കിയോ എന്നു പറഞില്ല. ഇന്ന് ഇത് ചെയ്തതു കൊണ്ടു മാത്രമായില്ല...ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാളെയും അനാവശ്യമായി കത്തിക്കൊണ്ടിരിക്കുന്ന വിളക്കു കളും പങ്കകളും നിറുത്താനും ശ്രദ്ധിക്കണം.നല്ല തുടക്കത്തിന് നന്ദി...

കൊട്ടോട്ടിക്കാരന്‍... said...

ഞാന്‍ സംഭവമൊന്നുമറിഞ്ഞില്ല... അതുകൊണ്ടുതന്നെ ഓഫാക്കിയതുമില്ല. പക്ഷേ അനാവശ്യമായി വൈദ്യുതി ചെലവഴിയ്ക്കാനിഷ്ടപ്പെടുന്ന കൂട്ടത്തിലല്ല...

junaith said...

മാഷിന് ഒരു ഭൂമി-മണിക്കൂര്‍ ആശംസകള്‍,നന്നായി

കണ്ണനുണ്ണി said...

എന്നെ ആരെങ്കിലും ഒന്ന് ഒര്മിപ്പിചിരുന്നെങ്കില്‍ ഞാന്‍ ചെയ്തേനെ മാഷെ...

മറന്നു പോയാരുന്നു :(

ഒരു നുറുങ്ങ് said...

മലയാളിയുടെ ഒരു ലേവിഷേ..സ്വിച്ച്ബൊഡില്‍
അലങ്കാരത്തിന്‍റെ പേരില്‍ ആവശ്യത്തില്‍
കവിഞ്ഞ സ്വിച്ചുകള്‍,മാഷ്ശ്രദ്ധിച്ചിട്ടുണ്ടാവും...!
തനിപൊങ്ങച്ചത്തിനായി ഉണ്ടാക്കി വെച്ച
ഈ പുലിവാലേ...അത്യാവശ്യം ഏതെങ്കിലും
ഒന്ന് ഓണ്‍ ചെയ്യാന്‍ നാലും അഞ്ചും ഞെക്കിയ
ശേഷമാവും ആവശ്യമായതിലേക്കെത്തുക....!
മാഷേ,കിടക്കുന്ന ഏര്‍ബെഡൊഴികെ ബാക്കി
ഒക്കെ ഓഫ് ചെയ്തു..അണ്ണാരക്കണ്ണനത്രേ
ചെയ്യാനൊക്കൂ...
ഭാവിയില്‍ ഈ സൂക്ഷ്മത ചെറിയ തോതില്‍
പാലിക്കാന്‍ കഴിഞ്ഞാല്‍ ഭൂമിയെങ്കിലും
രക്ഷപ്പെട്ടേക്കും...മനുഷ്യന്‍ എന്തായാലും
“ക്ഷ”ആവൂന്ന് തോന്നണില്യ.

മിനിയാന്നാണ്‍ മാഷ് ഈ വിഷയം
പോസ്റ്റിയതെങ്കില്‍ പാവം കൊട്ടോട്ടിയും
കൂടി അറിഞ്ഞേനെ..!

Typist | എഴുത്തുകാരി said...

ഞാന്‍ ചെയ്തില്ല. എനിക്കതില്‍ നാണക്കേട് തോന്നുന്നു. രണ്ടുദിവസം മുന്‍പ് ഞാന്‍ ഏതോ ബ്ലോഗില്‍ വായിച്ചിരുന്നു ഇതിനെപ്പറ്റി. തീര്‍ച്ചയായും ചെയ്യണമെന്നു ഉറപ്പിച്ചിരുന്നു (കഴിഞ്ഞ വര്‍ഷം ചെയ്തിരുന്നു). പക്ഷേ ഇന്നലെ ആണെന്നു ഓര്‍ത്തില്ല. പകല്‍ വിരുന്നുകാരുണ്ടായിരുന്നതുകൊണ്ട് പത്രം നോക്കാനോ ടി വി എപ്പോഴെങ്കിലും ഒന്നു വച്ചു നോക്കാനോ കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞു രാത്രി ടി വി യില്‍ ന്യൂസ് (മന്ത്രിമന്ദിരങ്ങളിലൊന്നും ലൈറ്റ് അണച്ചില്ലെന്നുമൊക്കെ) കണ്ടപ്പോഴാണ്, അയ്യോ ഇന്നായിരുന്നല്ലോ എന്നോര്‍ത്തതു്. നാണക്കേട് തോന്നുന്നു.

ഏറ്റവും കുറഞ്ഞ സ്വിച്ചുകളേ ഇടാറുള്ളൂ, ഫ്രിഡ്ജ് ഓഫ് ചെയ്തിടാറുണ്ട്, ഇതൊക്കെ എന്നും ചെയ്യുന്നുണ്ടെങ്കിലും, ഇന്നലെ ഞാന്‍ ചെയ്യാത്തതു ശരിയായില്ല. ന്യൂസ് കണ്ടപ്പോള്‍ മോളോട് ഞാനതു പറയുകയും‍ ചെയ്തു.

പിന്നെ മാഷേ ഒന്നുകൂടി. ആശംസകള്‍. എന്തിനാന്നറിയാല്ലോ (മാഷുടെ കഴിഞ്ഞ പോസ്റ്റ്).കുഞ്ഞുവാവയും അമ്മയും സുഖമായിരിക്കുന്നല്ലോ അല്ലേ?

കാക്കര - kaakkara said...

പതിവ്‌പോലെ വിട്ടിൽ ഓടിനടന്ന്‌ ലൈറ്റുകൾ ഓഫ് ചെയ്തു.

ഭൂമി മണിക്കൂറൊന്നും അല്ല...
ബില്ല്‌ തന്നെ പ്രശ്‌നം.

തെച്ചിക്കോടന്‍ said...

വെറും വെളിച്ചം മാത്രമാണോ പ്രശ്നക്കാരന്‍, ഈ സമയത്തിന് മുന്‍പ്‌ എല്ലാവരെയും അറിയിച്ചു അപ്പോള്‍ ഫോണ്‍ കൂടി ഓഫ്‌ ചെയ്യണമായിരുന്നു. അതുപോലെ കറന്റിന് പ്രവര്‍ത്തിക്കുന്ന മറ്റു ഉപകരണങ്ങളും.

ramanika said...

എന്റെ കുട്ടിക്കാലത്ത് നാട്ടില്‍ വൈദുതി പോയാല്‍ വരാന്‍ രണ്ടു മൂന്ന് ദിവസം എടുക്കാറുണ്ട്
പക്ഷെ അതില്‍ ഒരു സങ്കടവും തോന്നാറില്ല
ഇന്നലെ ഒരു മണിക്കൂര്‍ ഇരുട്ടില്‍ ഇരുന്നപ്പോള്‍ പഴയ കാലം ഓര്‍മ്മയില്‍
കഴിഞ്ഞ വര്‍ഷവും ഈ ദിനം ആചരിച്ചു

തൂലിക said...

കഴിഞ്ഞ തവണ മൊബൈല്‍ ഒഫാക്കാനും ആഹ്വാനമുണ്ടായിരുന്നു .......................ഞാനും എര്‍ത്ത് അവറില്‍ പഗ്ഗാളിയായി................കുറച്ചു പേരെങ്കിലും ഭൂമിയെ സ്നേഹിക്കാന്‍ തയ്യാറായല്ലോ .................ഇനിയും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ പന്ഗാളിയാവൂ ....................ഭൂമിയെ രക്ഷിക്കൂ ...................

aathman / ആത്മന്‍ said...

തീര്‍ച്ചയായും കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പങ്കെടുത്തു. അടുത്ത വീടുകളിലെല്ലാം വെളിച്ചമായിരുന്നു. ഒരു കാര്യം ഇവിടെ പ്രസക്തമാണ്, നമ്മുടെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രങ്ങള്‍ കാണിയ്ക്കുന്ന നിസംഗത ഒരു വിഷയമാണ്. ഈ ചര്‍ച്ചയില്‍ തന്നെ പലരും അറിഞ്ഞിട്ടില്ല, ഓര്‍ത്തിട്ടില്ല. ഇന്നലെ ആ ഒരു മണിക്കൂര്‍ ഏറ്റവും അധികം വിളക്കുകള്‍ അണഞ്ഞ വാര്‍ത്ത എന്‍റെ വീട്ടിലെ മാതൃഭൂമിയില്‍ കണ്ടില്ല. പകരം ഉള്ള വാര്‍ത്തകളോ...!! ഞാനൊന്നും പറയണില്ല. ഇന്നലെ എര്‍ത്ത് അവറിന് ഹീറോ ഹോണ്ട നല്‍കിയ പരസ്യം കൃത്യമായി കൊടുത്തു. ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കേണ്ടത് ഇവരാണ്.

ഈ മാധ്യമധര്‍മ്മത്തിന്‍റെ മറ്റൊരു ചര്‍ച്ച:
http://puramkazhchakal.blogspot.com/2010/03/blog-post_21.html

ഭാഷ, സംസ്കാരം, പരിസ്ഥിതി, പാവപ്പെട്ടവന്‍ ഇതൊന്നും മാധ്യമങ്ങള്‍ക്കിന്ന് വേണ്ട. അഥവാ ഇടയ്ക്ക് വരുന്നത് 'സെന്‍സേഷണല്‍' ആകുമ്പോഴാണ്.

അതുകൊണ്ട് നമ്മള്‍ എപ്പോഴും ശ്രദ്ധാലുക്കളാകുക, അല്ലങ്കില്‍ മാധ്യമമുതലാളിമാര്‍ നമ്മെ ഒരു വഴിയ്ക്കാക്കും...

കൂതറHashimܓ said...

ഇനി എന്നും ‘കറന്റ് ഹാഫ് അവര്‍’ ആചരിക്കാന്‍ കെ.എസ്.ഈ.ബി. അലോചിക്കുന്നു, തീര്‍ച്ചയായും എന്ന് ഞാന്‍ സജീവമായി അതില്‍ പങ്കാളി ആകും , എന്നിട്ട് അഭിമാനിക്കും. സത്യം !!!
ദിവസവും സമയം ഒന്നും നോക്കാതെ കുറേ സമയം ഇതു ഞാനും ആചരി(പ്പിക്കുന്നു)ക്കുന്നു.

(എര്‍ത്ത് അവര്‍ എന്ന കണ്‍സെപ്റ്റിനെ കളിയാക്കിയതലാ, പങ്കാളി ആയില്ലെങ്കിലും അതിനെ ഞാനും പിന്തുണക്കുന്നു)

OAB/ഒഎബി said...

ഞാന്‍ ഇവിടെ എന്നെയൊന്ന് പൊക്കട്ടെ.

നാട്ടിലുള്ളപ്പോള്‍ ദിവസവും എട്ടരക്ക് ഒരു സി‌എഫെല്‍ ഒഴികെ മറ്റെല്ലാം സ്ഥിരമായി (കുട്ടികള്‍ക്ക് പഠിക്കാന്‍ വല്ലതുമുണ്ടെങ്കില്‍ ഇല്ലെങ്കില്‍ അതും)ഓഫാക്കുന്ന എനിക്കിതൊരു പുതുമയായി തോന്നുന്നില്ല.

ടിവി തുറന്നാല്‍ ആയി. ഇസ്തിരി എന്നെങ്കിലുമൊന്ന്. വെള്ളം കഴിയുന്നതും കോരി. ഫ്രിഡ്ജ് കാഴ്ച വസ്തു,ആവശ്യം കണ്ട് വോള്‍ട്ടേജ് കണക്കാക്കിയ സി എഫ് എല്‍ ബള്‍ബുകള്‍.(നക്കി കഞ്ചൂസുകള്‍ അല്ലെ)

അത് കൊണ്ടാണല്ല്ലൊ എന്റെ വീട്ടില്‍ കൂടിയ ചാര്‍ജ്ജ് 94 രൂപ കറണ്ട് ബില്ല് വന്നതും. ഇവിടെയെന്താ താമസം കുറവാണൊ എന്ന് മീറ്റര്‍ റീഡിങ്ങിന് വരുന്നവന്‍ നേരിട്ട് ചോദിച്ചതും. ഇന്നും ആ രീതി തന്നെ ഭാര്യയും
കുട്ടികളും പിന്തുടരുന്നു.

പക്ഷെ ഒരു സങ്കടം ബാക്കിയാക്കി അന്നേ ദിവസം കഴിഞ്ഞ് പോയി.
ഇവിടെ(ജിദ്ദ) കറന്റ് 8.30 ന് കറന്റ് പോവുമെന്ന് (ആ ഒരു മണിക്കൂര്‍ പണിയെടുക്കണ്ടല്ലൊ)

ആശിച്ചത് വെറുതെ ആയി. :)

Areekkodan | അരീക്കോടന്‍ said...

പാവം-ഞാനേ...മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ആയതിനാല്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

കൊട്ടോട്ടിക്കാരാ...പേപ്പര്‍ വായിക്കണം എന്ന് പറയുന്നത് ഇതിനാ...

ജുനൈദേ...അയര്‍ലണ്ടില്‍ ഞണ്ട് പിടുത്തം ഇരുട്ടത്താണേന്ന് കേട്ടു,ശരിയോ?

കണ്ണനുണ്ണീ...ഉണ്ണിയല്ലേം സാരമില്ല.

ഹാറൂണ്‍ക്ക...അങ്ങനെയെങ്കിലും സഹകരിച്ചത് നന്നായി.

Areekkodan | അരീക്കോടന്‍ said...

ചേച്ചീ...പരിസ്ഥിതി സംബന്ധമായ എല്ലാ ദിനങ്ങളും ഇനി മുതല്‍ മുടങ്ങാതെ ആചരിക്കുക.

ആ ആശംസകള്‍ നേരെ ഭാര്യക്ക് കൈമാറുന്നു.സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി

കാക്കരേ...ഓടി നടന്ന് ഓഫ് ചെയ്യാന്‍ വീടെന്താ വല്ല സ്റ്റേഡിയവുമാണോ?

തെച്ചിക്കോടാ...കെ.എസ്.ഇ.ബി യില്‍ പറഞ്ഞ് ലൈന്‍ തന്നെ ഓഫാക്കമായിരുന്നു.

രമണിക ചേട്ടാ...അതേ, അതോര്‍മ്മിക്കാന്‍ കൂടി ആയത് നന്നായി.

Areekkodan | അരീക്കോടന്‍ said...

തൂലിക...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ആഹ്വാനത്തിന് നന്ദി.

ആത്മന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഈ നിരീക്ഷണത്തിനും അത് ഇവിടെ തന്നെ പങ്കു വച്ചതിനും ഒത്തിരി നന്ദി.

ഹാഷിം...ഇന്നു മുതല്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുടെ മണ്ടക്കിട്ട് വീക്കാന്‍ കെ.എസ്.ഇ.ബി അനുവാദം ചോദിച്ചിരിക്കുന്നു എന്ന് വാര്‍ത്ത.

ഒ.എ.ബി...പലരും ധരിച്ചത് ഇതെല്ലാം പിശുക്കിന്റെ ലക്ഷണങ്ങളാണെന്നാ.അതെ , വൈദ്യുതി പിശുക്കി തന്നെ ഉപയോഗിക്കുക,കീശ പിഴിഞ്ഞു പോകാതിരിക്കാന്‍.

Akbar said...

KSEB ക്കാര്‍ കൃത്യമായി ചെയ്യുന്നത് കൊണ്ട് ഞാന്‍ പിന്നെ പ്രത്യേകിച്ചു ലൈറ്റ് ഓഫ് ചെയ്യാന്‍ മിനക്കെട്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ.? എനിക്ക് മനോ രോഗമുണ്ടോ?? ദയവായി കത്തിലൂടെ മറുപടി തരൂ .

Areekkodan | അരീക്കോടന്‍ said...

അക്ബറേ...കത്ത് അയക്കേണ്ടത് കുതിരവട്ടത്തേക്കോ അതോ വാഴക്കാട്ടേക്കോ?

Post a Comment

നന്ദി....വീണ്ടും വരിക