Pages

Saturday, January 01, 2011

ഒരു എന്‍.എസ്.എസ് ക്യാമ്പിന്റെ ബാക്കി പത്രം

ഈ കുറിപ്പിലൂടെ ഞാനും എന്റെ എന്‍.എസ്.എസ് കുടുംബാംഗങ്ങളും അനുഭവിച്ച വേദന എത്രത്തോളം പ്രതിഫലിപ്പിക്കാന്‍ കഴിയും എന്നറിയില്ല.എങ്കിലും ആ നിമിഷങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാതെ നിര്‍വ്വാഹമില്ല.

കഴിഞ്ഞ 23-ആം തീയതി തലയാട് ആരംഭിച്ച ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പ് 30 ആം തീയതി രാവിലെ സമാപിച്ചു.ക്യാമ്പിന് പോകുന്നതിന് മുമ്പ് കോളേജില്‍ വച്ച് നടന്ന ഓറിയന്റേഷന്‍ ക്യാമ്പില്‍ മുന്‍ ക്യാപ്റ്റന്‍ യാസര്‍ പറഞ്ഞിരുന്നു, ക്യാമ്പ് കഴിഞ്ഞ് പോരുമ്പോള്‍ ഓരോരുത്തരും കരയുന്ന അവസ്ഥയിലെത്തണം. എങ്കിലേ ക്യാമ്പിന്റെ വിജയം അളക്കാന്‍ സാധിക്കൂ.

29-ആം തീയതി രാത്രി അവസാന പ്രോഗ്രാം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ വെള്ളം പൊടിയുന്നത് ഞാന്‍ അറിഞ്ഞു.എന്റെ എന്‍.എസ്.എസ് മക്കളില്‍ ചിലര്‍ അത് കണ്ട് എന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെങ്കിലും എന്റെ കണ്ണ് അതിനനുവദിച്ചില്ല.കണ്ണീര്‍കണങ്ങള്‍ കുത്തിയൊഴുകി.അന്ന് രാത്രി നാട്ടുകാര്‍ ഞങ്ങള്‍ക്കായി ഒരുക്കിയ ഡിന്നറില്‍ എനിക്ക് ഒരു താല്പര്യവും തോന്നിയില്ല.ഞാന്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ട് എന്റെ പ്രിയ മക്കളില്‍ ചിലരും ഇരുപ്പ് തുടങ്ങി.അവസാനം ഞാന്‍ ഭക്ഷണം വാങ്ങി.ചുറ്റുമിരുന്ന നാട്ടുകാരടക്കമുള്ള എണ്‍പതോളം പേരുടേയും പ്ലേറ്റില്‍ ഓരൊ ചെറുപിടി വറ്റ് വച്ച് കൊടുത്തു.എന്റെ മക്കള്‍ പ്രസാദം വാങ്ങുന്ന പോലെ ഭവ്യതയോടെ അത് വാങിയപ്പോള്‍ എന്റെ കണ്ണ് വീണ്ടും സജലങ്ങളായി.

പിറ്റേന്ന് രാവിലെ ഔപചാരിക വിടവാങ്ങലിനായി ഞങ്ങള്‍ വീണ്ടും ഒത്ത് കൂടി.കഴിഞ്ഞ ഏഴു ദിവസവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നാട്ടുകാരായ സിദ്ദീക്ക്ക,പ്രസാദേട്ടന്‍,കുമാരേട്ടന്‍,രാജുവേട്ടന്‍,ബിജു എന്നിവരും അപ്പോള്‍ സന്നിഹിതരായിരുന്നു.സിദ്ദീക്ക്ക പ്രസംഗിച്ചപ്പോള്‍ തന്നെ സ്വാഗത സംഘം കണ്‍‌വീനര്‍ കൂടിയായ പ്രസാദേട്ടന്‍ എന്നോട് പറഞ്ഞു.”മാഷെ ,ഈ സംസാരം മാത്രം മതി”

“അല്ല, പ്രസാദേട്ടന്‍ എന്തെങ്കിലും പറയണം “ ഞാന്‍ നിര്‍ബന്ധിച്ചു.എന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസാദേട്ടന്‍ എണീറ്റ് നിന്ന് എന്തോ സംസാരിക്കാന്‍ തുടങ്ങിയതും പുറത്തേക്ക് തിരക്കിട്ട് ഇറങ്ങിയതും ഒരുമിച്ചായിരുന്നു.വല്ല അര്‍ജന്റ് ഫോണും വന്നതാകും എന്ന് കരുതി നിന്ന ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പ്രസാദേട്ടന്റെ കണ്ണില്‍ നിന്ന് വെള്ളം കുടുകുടെ ഒഴുകുന്നു.പ്രസാദേട്ടന്‍ പിന്നീട് ആ സദസ്സിലേക്ക് കയറാന്‍ പോലും കൂട്ടാക്കിയില്ല.പ്രസാദേട്ടനെ കെട്ടിപ്പിടിച്ച് ഞാനും കരഞ്ഞു.

തിരിച്ച് സദസ്സില്‍ എത്തിയപ്പോള്‍ എന്റെ മക്കളേല്ലാം കരയുന്നു.പ്രസംഗിക്കുന്നവരും കണ്ഠമിടറി വാക്കുകള്‍ മുറിയുന്നു.ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച ചേച്ചി സ്കൂളിന്റെ ഒരു തൂണില്‍ ചാരി നിന്ന് കരയുന്നു.ആര്‍ക്കും ആരെയും സമാധാനപ്പെടുത്താന്‍ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥ.പക്ഷേ വിടപറയുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

പത്തര മണിയോടെ ഞങ്ങള്‍ തലയാടിനോട് യാത്ര പറഞ്ഞു.നിറഞ്ഞ കണ്ണുകളോടെ നാട്ടുകാര്‍ ഞങ്ങളെ കൈവീശി യാത്രയാക്കി.വെറും ഒരാഴ്ചയിലെ പരിചയം ഒരു നൂറ്റാണ്ടിന്റെ പരിചയം പോലെ ദൃഢമായി കഴിഞ്ഞിരുന്നു.

വൈകിട്ട് വീട്ടിലെത്തിയ എനിക്ക് നാട്ടുകാരില്‍ നിന്നും കുട്ടികളില്‍ നിന്നും തുരു തുരാ ഫോണുകള്‍.എല്ലാവരുടേയും ധ്വനി ഒന്ന് മാത്രം - “ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ , എല്ലാവരേയും ഒന്നു കൂടി കാണാന്‍ മോഹം..”.അതെ വളരെ വിജയകരമായി ക്യാമ്പ് സമാപിച്ചു , പക്ഷേ അവസാന ദിനം എല്ലാവര്‍ക്കും ദു:ഖം മാത്രം ബാക്കിയായി.

വാല്‍: ഒത്തുകൂടുമ്പോള്‍ ഒരു വിടവാങ്ങല്‍ കൂടി വരാനുണ്ട് എന്ന് മുന്‍‌കൂട്ടി കാണുക.

10 comments:

Areekkodan | അരീക്കോടന്‍ said...

തിരിച്ച് സദസ്സില്‍ എത്തിയപ്പോള്‍ എന്റെ മക്കളേല്ലാം കരയുന്നു.പ്രസംഗിക്കുന്നവരും കണ്ഠമിടറി വാക്കുകള്‍ മുറിയുന്നു.ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ സഹായിച്ച ചേച്ചി സ്കൂളിന്റെ ഒരു തൂണില്‍ ചാരി നിന്ന് കരയുന്നു.ആര്‍ക്കും ആരെയും സമാധാനപ്പെടുത്താന്‍ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥ.

ഹംസ said...

വിടവാങ്ങല്‍ എന്നും വേദനകള്‍ തന്നെയാണു.. ( പ്രവാസിക്ക് അത് കൂടൂതല്‍ മന്‍സ്സിലാവും )

പുതുവത്സരാശംസകള്‍

Unknown said...

അതെ വിട പറയലിന്‍റെ വേദന അനുഭവിക്കാത്ത ആരുണ്ട്,,ഈ ഭൂവില്‍,,,

Muralee Mukundan , ബിലാത്തിപട്ടണം said...

വിടവാങ്ങളുകളുടെ വേദനകൾ..
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

പട്ടേപ്പാടം റാംജി said...

സ്നേഹത്തോടെയുള്ള വിടവാങ്ങല്‍ വാക്കുകള്‍ക്കതീതമാണ്.ഇവിടെ തന്നെ ഈ പോസ്റ്റ്‌ വായിച്ച് വരുമ്പോള്‍ അറിയാതെ കണ്ടം ഇടര്‍ുന്നത് അതിനു തെളിവാണ്.
പുതുവല്‍സരാശംസകള്‍.

Sabu Kottotty said...

സോറി....
പുതുവത്സരത്തില്‍ കരയാന്‍ തോന്നുന്നില്ല. അരീക്കോടന്‍ മാഷ് കരയുന്ന സീന്‍ മനസ്സിലോര്‍ത്തു ചിരിയ്ക്കുന്നു....

കൂട്ടായ്മയെല്ലാം ആത്മാര്‍ത്ഥമായിട്ടാണെങ്കിണെങ്കില്‍ പിരിയുമ്പോള്‍ കണ്ണുകള്‍ സജലങ്ങളാവും മാഷേ...

നിരക്ഷരൻ said...

ഈ തീഷ്‌ണത എനിക്കനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ എൻ.എസ്.എസ്. അംഗമായിരുന്നില്ല :(

Areekkodan | അരീക്കോടന്‍ said...

ഹംസ...അതെ, അതാദ്യം ഓര്‍ത്തില്ല.

എക്സ്‌പ്രവാസിനി...പ്രാവാസികള്‍ പ്രതേകിച്ചും അല്ലേ?

മുരളിയേട്ടാ...ആശംസകള്‍ തിരിച്ചും.

റാംജീ...എനിക്ക് ഇപ്പോഴും ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍, അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.

കൊട്ടോട്ടീ...ചിരിക്കുമ്പോളും കണ്ണ് നിറയും.

നിരക്ഷരാ...നല്ല കുറേ അനുഭവങ്ങള്‍ എന്നന്നേക്കുമായി അനുഭവിക്കാതെ പോയി എന്ന് മാത്രം കരുതുക.

Unknown said...

ഈശ്വര...... എന്റെ പഴയ കല n s s ക്യാമ്പ് ഓര്‍മ്മ വരുന്നു ...എന്റെ കണ്ണുകളും നിറയുന്നു ..... എന്നെ ഞാന്‍ ആക്കിയത് ആ n s s ക്യാമ്പുകള്‍ ആയിരുന്നു... താങ്ക്സ് പോസ്റ്റ്‌ ഇട്ടതിനു...

Areekkodan | അരീക്കോടന്‍ said...

സുരേഷ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എന്‍.എസ്.എസ് ക്യാമ്പില്‍ ഞാനും മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ അനുഭവം ആദ്യമായിട്ടാണ്.

Post a Comment

നന്ദി....വീണ്ടും വരിക