ബസ് യാത്ര അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് ഞാന്‍ മുമ്പ് ഇതേ ബ്ലോഗില്‍ എവിടെയോ സൂചിപ്പിച്ചിരുന്നു.ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവത്തിന് സമാനമായത് മുമ്പ് ഞാന്‍ ഇവിടെ എവിടെയോ പോസ്റ്റുകയും ചെയ്തിരുന്നു.ഇപ്പോഴും നമ്മുടെ സ്ത്രീകളുടെ മനോഭാവത്തില്‍ മാറ്റം വന്നില്ല എന്ന ധര്‍മ്മസങ്കടം കാരണം ആണ് ഈ പോസ്റ്റ് ഇടുന്നത്.
വീട്ടിലേക്കുള്ള തിരിച്ചു പോക്കിനിടയില്‍ എന്നും പാളയം വിട്ട് മെഡിക്കല്‍ കോളേജ് എത്തുമ്പോഴേക്കും എനിക്ക് ഉറക്കം തൂങ്ങും.എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഉറക്കത്തിന് വരാന്‍ എന്തോ ഒരു മടി.ബസ് ആണെങ്കില്‍ സാധാരണയിലും കുറഞ്ഞ് ലോഡ് മാത്രവും.സീറ്റ് വരെ കാലി ആയി കൊണ്ടാണ് ബസ് മെഡിക്കല്‍ കോളേജ് ബസ്സ്റ്റോപ്പില്‍ എത്തിയത്.അവിടെ നിന്ന് കുറേ സ്ത്രീകളാണ് ബസ്സില്‍ കയറിയത്.പുരുഷന്മാര് വളരെ കുറവ്.സ്ത്രീകളുടെ സീറ്റുകള്‍ പാളയത്ത് നിന്നേ നിറഞ്ഞിരുന്നു.അതിനാല്‍ പുതുതായി കയറിയ സ്ത്രീകള്‍ എല്ലാവരും നില്‍ക്കേണ്ടി വന്നു.കൂട്ടത്തില്‍ ഒരു യുവതി ഒരു കുഞ്ഞിനെയുമെടുത്ത് കയറി.കൈക്കുഞ്ഞ് അല്ലെങ്കിലും രണ്ട് അല്ലെങ്കില്‍ രണ്ടര വയസ്സേ ആ കുഞ്ഞിന് ഉണ്ടാവുകയുള്ളൂ.
മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ പിന്നെ ബസ്സിന്റെ പോക്ക് വീണ്ടും എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന രൂപത്തിലാണ്.ആ ആടിയുലച്ചിലില്‍ ഈ സ്ത്രീയും കുട്ടിയും കഷ്ടപ്പെടുന്നത് മുന്നിലിരുന്ന ഒരു സ്ത്രീ ജനവും ശ്രദ്ധിച്ചതേ ഇല്ല.പുരുഷന്മാര് ഇരിക്കുന്ന ഭാഗത്ത് നില്‍ക്കാനുള്ള സൌകര്യം ഉള്ളതിനാലാവും അല്പം കഴിഞ്ഞ് ആ സ്ത്രീ കുട്ടിയേയുമെടുത്ത് ഞാനിരിക്കുന്ന സീറ്റിന്റെ അടുത്തെത്തി.ബസ്സിന്റെ മദ്ധ്യഭാഗത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ഞാന്‍ എണീറ്റു കൊടുത്താല്‍ എന്റെ സഹസീറ്റുകാരനും എണീക്കേണ്ടി വരുമോ എന്ന ചിന്ത വന്നതിനാല്‍ (മലബാറില്‍ മുസ്ലിം സ്ത്രീകള്‍ അന്യ പുരുഷന്റെ കൂടെ ഇരിക്കാറില്ല)ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു “ കുട്ടിയെ ഞാന്‍ എടുക്കണോ?”
വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ആ യുവതി ഉടന്‍ കുട്ടിയെ എനിക്ക് തന്നു.വളരെ അനുസരണയോടെ ആ കൊച്ചുകുട്ടി എന്റെ നെഞ്ചില്‍ യാത്രാവസാനം വരെ അനങ്ങാതെ ഉറങ്ങാതെ പറ്റിപിടിച്ച് കിടന്നു.നാട്ടിന്‍പുറത്ത് കാരിയാണെങ്കിലും ചെറുവാടിയില്‍ ഇറങ്ങുമ്പോള്‍ ആ സ്ത്രീ നന്ദി സൂചകമായി, ഇറങ്ങുന്നതായി എന്നോട് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മുമ്പിലിരിക്കുന്ന ഒരൊറ്റ സ്ത്രീയും ഈ യുവതിയെ കാണാഞിട്ടല്ല , സീറ്റ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമോ എന്ന അനാവശ്യഭയമാണ് അവരെ ഒന്ന് മൈന്‍ഡ് ചെയ്യാന്‍ പോലും തുനിയാതിരുന്നത്.കുട്ടിയെ എടുക്കണോ എന്ന ഒരു ചെറു ചോദ്യം എങ്കിലും ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ആ സ്ത്രീക്കും ഒരു ആശ്വാസം കിട്ടുമായിരുന്നു.സ്ത്രീകളുടെ പ്രശ്നങ്ങള്‍ നന്നായറിയുന്ന സ്ത്രീകള്‍ തന്നെ ഇത്തരം ഒരു സമീപനം എടുത്താല്‍ ഈ ലോകത്ത് സ്ത്രീകള്‍ എങ്ങനെ ജീവിച്ചു പോകും.എല്ലാവര്ക്കും ഈ അവസ്ഥ വരും എന്ന ഒരു തിരിച്ചറിവെങ്കിലും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാല്:ഇന്നലേയും ഇതേ അനുഭവം ഉണ്ടായി.കുട്ടിയെ വാങ്ങിയത് ഞാനല്ല, എന്റെ മുമ്പിലിരുന്ന മറ്റൊരു പുരുഷന്!സ്ത്രീ ഹൃദയങ്ങള്‍ ഇത്ര കഠിനമോ?
15 comments:
ഇന്നലേയും ഇതേ അനുഭവം ഉണ്ടായി.കുട്ടിയെ വാങ്ങിയത് ഞാനല്ല, എന്റെ മുമ്പിലിരുന്ന മറ്റൊരു പുരുഷന്!സ്ത്രീ ഹൃദയങ്ങള്‍ ഇത്ര കഠിനമോ?
പിന്നെ എന്താ കരുതിയെ???.കോളേജു കാലത്ത് തന്നെ ഞാനിത് ഒരു പാട് തവണ മനസ്സിലാക്കിയതാണ്........സസ്നേഹം
മാഷേ..ഇത്തരം കാഴ്ചകള്‍ കാണാന്‍ ഹോസ്പിറ്റലില്‍ പോയാലും മതി.
താങ്ങിപ്പിടിച്ചുകൊണ്ട് ഒരാളെ കൊണ്ട്വരുന്നത് കണ്ടാലും,മറ്റു രോഗികളുടെ കൂടെ വന്ന "രോഗികള്‍"എഴുന്നേറ്റ് കൊടുക്കില്ല.മോബയിലിലോ മറ്റോ നോക്കി കാണാത്ത പോലെ ഇരിക്കുന്ന സ്ത്രീകളെയും പുരുഷന് മാരെയും കണ്ടിട്ടുണ്ട്.
ആണോ പെണ്ണോ എന്നതല്ലാ,
നമ്മുടെ മനൊഭാവമാണ് പ്രശ്നം
താന്‍ ഇത്തിരി ബുദ്ധിമുട്ടിയാലും മറ്റുള്ളവരുടെ അസൌകര്യം ഇല്ലതാവട്ടെ എന്ന് ചിന്തിക്കുന്നവര്‍ നല്ലവര്‍, എല്ലാത്തവര്‍ കൂതറകള്‍
എവിടെ ആണേലും അനുകമ്പ കരുണ എന്നീ സാധനങ്ങളൊക്കെ സ്ത്രീകൾക്കിടയിൽ തുലോം കുറവ് തന്നെയാ. ബസ്സിൽ തൊഴിൽ ചെയ്ത് പരിചയിമുള്ളതിനാൽ എനിക്കേറെ പറയാൻ കഴിയും.
ഇങ്ങനെ കുട്ടിയുമായി ഒരു സ്ത്രീ ഇരിപ്പിടം കിട്ടാതെ നിൽക്കുന്നത് കണ്ടാൽ ഞാൻ ശബ്ദമുയർത്തി പറഞ്ഞിരുന്നു “ന്റെ പൊന്നു പെണ്ണുങ്ങളെ ഒരു ചന്തി വക്കാൻ ഒന്ന് സാഹകരിച്ചൂടെ ങ്ങക്ക്” അത് കേട്ട് ആരെങ്കിലും സീറ്റൊഴിഞ്ഞ് കൊടുക്കും. പക്ഷെ വിദ്യഭ്യാസം/ വിവരം കൂടിയവർ “നീ ആരെടാ ഞങ്ങളെ എണീപ്പിക്കാൻ അല്ലെങ്കിൽ അവരെ ഇരുത്താൻ“ എന്ന രൂപേണ ദേഷ്യത്തിൽ നോക്കി പേടിപ്പിക്കും.
പാക്ഷെ ഒഎബിക്ക് തൊലിക്കട്ടി അന്നും ഇന്നും കൊറച്ച് കൂടുതലാ. അതായത് ഞാൻ ആ കുട്ടിയെ എടുത്ത് മടിയിൽ വക്കും, എന്റെ മടിയിലായിരിക്കില്ല അടുത്തിരിക്കുന്ന ഏതെങ്കിലും ഒരു പെണ്ണിന്റെ മടിയിൽ!
സ്ത്രീ മാത്രമല്ല മാഷെ ഈ സീറ്റ് കൊടുക്കുന്നകാര്യത്തിൽ പുരുഷനും ഒട്ടും പിന്നിലല്ല കേട്ടൊ.
ഒരൽപം ജനറലൈസേഷൻ ഉണ്ടോ എന്നൊരു സംശയം.
എന്നാലും പലയിടത്തും കാണാവുന്ന ഒരു കാര്യമാണിത്. സീറ്റുകൊടുത്ത് അബദ്ധമായ കേസുകൾ വരെ കണ്ടിട്ടുണ്ട്. ഒരിക്കൽ ഒരാൾ പ്രായമായൊരു സ്ത്രീക്ക് സീറ്റ് കൊടുത്തു (അടുത്തിരുന്നത് പ്രായമായൊരു സ്ത്രീയാണ്, അയാളുടെ അമ്മയാണോ എന്നറിയില്ല). അല്പം കഴിഞ്ഞപ്പോൾ ഇരുന്ന സ്ത്രീ ഇറങ്ങിപ്പോയി, ആ സീറ്റിലേക്ക് വേറൊരു സ്ത്രീ അല്പം അഭ്യാസത്തോടെ (മറ്റുള്ളവരുമായി മൽസരിച്ച്) കടന്നിരുന്നു. വയസായ സ്ത്രീക്ക് സീറ്റുകൊടുത്തയാൾ ഇളിഭ്യനായി നോക്കിനില്‍ക്കേണ്ട അവസ്ഥയിൽ യാത്ര തുടർന്നു!! (അത് ഞാനല്ല, സത്യം)
ഈ പോസ്റ്റിനു പിന്നില്‍ എന്തോ ഗൂഢ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു :)
ബസ് യാത്രക്കിടയില്‍ സ്ഥിരമായി പുയാപ്ലയുടെ തോളില്‍ ഉറങ്ങിക്കിടക്കാറുള്ള കുട്ടിയെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം ബീവിയുടെ ചെവിയിലും എത്താതിരിക്കില്ലെന്ന് സാമാന്യത്തില്‍ കൂടുതല്‍ ബുദ്ധിയുള്ള (വിശാലമായ അരീക്കോടന്‍ മാഷുടെ നെറ്റിത്തടം ശ്രദ്ധിക്കുക :)അരീക്കോടനോട് ആരും പറഞ്ഞുകൊടൂക്കേണ്ടതില്ലല്ലോ !!!
പക്ഷേ, അതിനായി സ്ത്രീ വര്‍ഗ്ഗത്തെ മുഴുവനായി കണ്ണില്‍ ചോരയില്ലാത്ത കശ്മലകളായി ചിത്രീകരിച്ചിരിക്കുന്ന ഈ പോസ്റ്റ് പ്രതിഷേധം അര്‍ഹിക്കുന്നു. :)
പുരുഷവര്‍ഗ്ഗം മുര്‍ദ്ദാബാദ് !!!
തല്ക്കാലം പാര ഇത്ര മതിയെന്നു കരുതുന്നു.
പോസ്റ്റ് നന്നായിരിക്കുന്നു അരീക്കോടന്‍ മാഷെ.
പെണ്ണിലും ഉണ്ടല്ലോ കട്ടിയുള്ള മനസ്സുള്ളവര്‍ തനിക്കും ഇതു പോലെ ഒരവസ്ഥ വരുമെന്ന് ചിന്തിക്കാതെ അഹങ്കാര ഭാവത്താല്‍ ഇരിക്കുന്നത് സ്കൂള്‍ കാലത്ത് എത്രയോ കണ്ടിട്ടുണ്ട്
അങ്ങിനേയും ചിലര്‍!അഹങ്കാരികള്‍ !
ഒരു പതിറ്റാണ്ട് ബസ്സിലെ കിളി ആയ ഇത് പോലെ ഉള്ള ഒരു നൂരെന്നതിനെ കണ്ടിട്ടുണ്ട്
സ്നേഹമില്ല, മനുഷ്യത്വമില്ല, നല്ല മനസ്സില്ല, പരസ്പര സഹായമില്ല,പരസ്പര വിശ്വാസമില്ല.
ജീവിതത്തിൽ നിന്നും എല്ലാ നല്ല മൂല്ല്യങ്ങളും കളഞ്ഞുപോയി…
ഇപ്പോ സ്വന്തം കാര്യം സിന്ദാബാദ്
‘സ്ത്രീ ഹൃദയങ്ങള്‍ ഇത്ര കഠിനമോ‘ എന്ന് എല്ലാ സ്ത്രീകളെയും കുറിച്ച് പറയുവാന്‍ പറ്റുമോ? ‘ഞാന്‍, എനിക്കുമാത്രം, എന്റെ മാത്രം’ എന്ന ചിന്ത സമൂഹം വളര്‍ത്തിയെടുക്കുന്നുണ്ടോ?
മാഷേ, ഇതു ഒരു പ്രതിഭാസമാ നമ്മുടെ നാട്ടില്‍. എന്റെ മോനെയും എടുത്തു കൊണ്ട് പോകുമ്പോള്‍ എപ്പോഴും പുരുഷ പ്രജകളാണ് സീറ്റ് തരാറുള്ളതു. സ്ത്രീ ജനങ്ങള്‍ ഒന്നും അറിഞ്ഞില്ലാ രാമനാരായണാന്ന് അങ്ങ് ഇരിക്കാറേ ഉള്ളു.
അതുകൊണ്ട് എപ്പോഴും ഞാന്‍ തന്നെ മോനെ എടുക്കും, കൂട്ടത്തില്‍ എനിക്കും സീറ്റ് തരപ്പെടാറുണ്ട്.
ഇനിയും ഒരു വിവാദത്തിന് തിരി കൊളുത്തുന്നില്ല.വായിച്ചവര്‍ക്കെല്ലാം നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക