Pages

Thursday, July 07, 2011

വിദേശികുളിയും സ്വദേശികുളിയും - (ലക്ഷദ്വീപ് യാത്ര - ഭാഗം 13)

കഥ ഇതുവരെ

കടലില്‍ കുളിക്കാനുള്ള ആവേശത്തോടെ പിറ്റേന്ന് എല്ലാവരും നേരത്തെ എണീറ്റു.പതിവ് പോലെ അബൂബക്കര്‍ മാഷ് ബാത്‌റൂമില്‍ കയറി പാട്ട് തുടങ്ങി...”ഓ സൈനബാ...അഴകുള്ള സൈനബാ...”

“മാഷെ...ബാത്‌റൂമില്‍ നിങ്ങള്‍ എന്തെടുക്കാ...” സലീം മാഷ് വിളിച്ച് ചോദിച്ചു.

“ചേന കൃഷിക്ക് സ്കോപ്പുണ്ടോ ന്ന് നോക്കാ...അല്ല പിന്നെ, ബാത്‌റൂമില്‍ പിന്നെ എല്ലാരും എന്താ ചെയ്യല്?”

“അതല്ല...നമ്മള്‍ ഇപ്പോള്‍ പോകുന്നത് കടലില്‍ കുളിക്കാനാ...അതിന്റെ മുമ്പ് മറ്റൊരു കുളി?”

“ഓ...അത് ശരിയാണല്ലൊ...” അബൂബക്കര്‍ മാഷ് പുറത്തിറങ്ങി.

അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ശകടം എത്തി-ഇത്തവണ ഒറിജിനല്‍ നായ്കുറുക്കന്‍ തന്നെ.
സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിനകത്ത് കട നടത്തുന്ന അളിയനെ വിളിച്ച് ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തതിനാല്‍ ജമാല്‍ ഞങ്ങളുടെ കൂടെ പോന്നില്ല.അല്ലെങ്കിലും ദിവസവും കടലില്‍ കുളിക്കുന്നവര്‍ക്ക് ഞങ്ങളുടെ കടല്‍കോപ്രായങ്ങള്‍ കാണാനുണ്ടോ സമയം?

സൌത്ത് വാട്ടര്‍ സ്പോര്‍ട്ട്സ് സെന്ററിന്റെ ഗേറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി.ഇനി വൈകിട്ടേ മടക്കമുള്ളൂ എന്നതിനാല്‍ വണ്ടിക്കാരന്റെ നമ്പര്‍ വാങ്ങി അവനെ തിരിച്ചു വിട്ടു.അറബിക്കടല്‍ നീന്തി ഞങ്ങളാരും അക്കരെ പറ്റില്ല എന്ന വിശ്വാസം ഉള്ളതിനാല്‍ ഡ്രൈവര്‍ ഒരു ചില്ലികാശുപോലും ചോദിച്ചില്ല!

“എവിടെ നിന്നാ..?” ഗേറ്റില്‍ സെക്യൂരിറ്റി ഞങ്ങളെ തടഞ്ഞു.

“ജമാല്‍ വിളിച്ചു പറഞ്ഞിരുന്നില്ലേ?ജമാല്‍ ക ദോസ്ത് ആണ്...” അളിയന്റെ മുന്നില്‍ അളിയനെ നന്നാക്കാന്‍ ഞാന്‍ അല്പം ഗര്‍വ്വോടെ തന്നെ പറഞ്ഞു.

“ഓ...ജമാല്‍ സാര്‍ വിട്ടതാണോ..? അറിയാതെ ചോദിച്ചു പോയതാ...ഒരാളുടെ മാത്രം പേര് ഈ രെജിസ്റ്ററില്‍ എഴുതി എത്ര പേരുണ്ട് എന്നും എഴുതി നേരെ നടന്നോളൂ...” ക്ഷമ യാചിച്ചുകൊണ്ട് സെക്യൂരിറ്റി പറഞ്ഞു.

മുന്നില്‍കണ്ട റോഡിലൂടെ ടൂറിസ്റ്റുകള്‍ക്കുള്ള റിസോര്‍ട്ടുകളും മറ്റും നോക്കി ഞങ്ങള്‍ നടന്നു.ദ്വീപ് വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലെത്തിയതും കൂളിംഗ് ഗ്ലാസ് വച്ച ഒരു കഷണ്ടിക്കാരന്‍ ഇറങ്ങി വന്നു.
“എന്റെ പേര് അലി...ജമാലിന്റെ അളിയന്‍....നിങ്ങള്‍ വരുമെന്ന് അവന്‍ വിളിച്ചു പറഞ്ഞിരുന്നു...”

“ങാ...” ഞാന്‍ തലയാട്ടി.

“ഇതുവഴി നടന്നാല്‍ ഹെലിപാഡ്...നേരെ നടന്നാല്‍ ബീച്ച്...ബീച്ചിലിറങ്ങി ഒന്ന് ചുറ്റി നടന്നാല്‍ വീണ്ടും ഇവിടെ തന്നെ എത്തും...” അലി പറഞ്ഞു.

“അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്ന് തെളിയും , പണ്ട് മാക്‌ഡവല്‍ പറഞ്ഞപോലെ...” ശിവദാസന്‍ മാഷ് പറഞ്ഞു.

“ മാക്‌ഡവല്‍ പറഞ്ഞത് ഭൂമി കറങ്ങുന്നു എന്നല്ലേ? അതുകൊണ്ടല്ലേ ‘മറ്റേതിന്’ മാക്‌ഡവല്‍ എന്ന് പേരിട്ടത് ?” ഹരിദാസന്‍ മാഷക്ക് സംശയമായി.

“ഭൂമി ഉരുട്ടിയത് മഗെല്ലന്‍ ആണ് , മാക്‌ഡവലോ മക്‍ഡൊണാല്‍ഡൊ ഒന്നുമല്ല...” ഞാന്‍ ഇടയില്‍ കയറി പ്രശ്നം അവസാനിപ്പിച്ചു.

“രാജനെ ഉരുട്ടിയത് ആരെന്ന് അറിയാം...ഭൂമി ഉരുട്ടിയത് ഞമ്മളെ സിലബസ്സില്‍ ഇല്ല...”ഹരിദാസന്‍ മാഷ് പറഞ്ഞു.

“അപ്പോള്‍ കുളിസ്ഥലം എവിടെയാ?” ബാത്രൂമില്‍ നിന്നും ഇറങ്ങിപുറപ്പെട്ട അബൂബക്കര്‍ മാഷിന് കുളിക്കാന്‍ തിരക്കായി.

“അതും ഇതാ നേരെ...പക്ഷേ ഒരു കാര്യം...വിദേശികള്‍ കുളിക്കുന്നുണ്ട് അവിടെ...നിങ്ങള്‍ അല്പം മേലോട്ട് മാറി ഇറങ്ങിയാല്‍ മതി...” അലി പറഞ്ഞു.

“ആഹാ...ഇന്ത്യാ രാജ്യത്തെ കടലില്‍ കുളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു സ്ഥലവും സായിപ്പന്മാര്‍ക്ക് മറ്റൊരു സ്ഥലവും...???” ആരെയോ രക്തം തിളച്ചു.പക്ഷേ കടല്‍കാറ്റേറ്റ് അതപ്പോള്‍ തന്നെ തണുത്തു.

“പക്ഷേ...ഈ വെയിലത്ത് കുളിക്കുന്നത് അത്ര നല്ലതല്ല...വൈകിട്ട് ആയിരിക്കും നല്ലത്...” അലി ഒരഭിപ്രായം പറഞ്ഞു.ഞങ്ങളില്‍ പലര്‍ക്കും അത് സ്വീകാര്യമായതിനാല്‍ അത്രയും നേരം ഇനി എന്തു ചെയ്യാന്‍ എന്ന സംശയവും ഉയര്‍ന്നു.

“ഒരു കാര്യം ചെയ്യ്...നിങ്ങള്‍ ബീച്ചൊന്ന് ചുറ്റിക്കാണൂ...പിന്നെ ഗ്ലാസ് ബോട്ടം ബോട്ടില്‍ റീഫും കണ്ട് തിരിച്ചു പോയി വൈകിട്ട് വരിക...” അലി പരിപാടി പറഞ്ഞു തന്നു.

“അയ്യോ...എങ്കില്‍ ആ വണ്ടിക്കാരനെ വിടേണ്ടായിരുന്നു...ഏതായാലും നമുക്ക് ഈ പരിപാടി ചെയ്യാം...എന്നിട്ട് സമയത്തിനനുസരിച്ച് ബാക്കി തീരുമാനിക്കാം...” ആരോ അഭിപ്രായപ്പെട്ട പ്രകാരം ഞങ്ങള്‍ ബീച്ചിലേക്കിറങ്ങി.

“എവിടെ ‘മറ്റവന്മാര്‍‘ കുളിക്കുന്നത്?ഒന്നിനേയും കാണുന്നില്ലല്ലോ?ഇപ്പോള്‍ ഏതായാലും കുളിക്കാന്‍ ഇറങ്ങേണ്ട...” ആരുടെയോ നഷ്ടബോധം പുറത്തു ചാടി.ഞങ്ങള്‍ ബീച്ചിലെ പഞ്ചാര മണലിലൂടെ നടന്നു.ദ്വീപ് മന്ദം മന്ദം കടലിലേക്ക് ഇറങ്ങിപ്പോകുന്ന മനോഹരമായ കാഴ്ച കണ്ടു.അലി പറഞ്ഞത് പോലെ ഞങ്ങള്‍ തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി.

അല്പം അകലെ കുറച്ചു പേര്‍ തിക്കിത്തിരക്കുന്നത് ഞങ്ങളുടേ ശ്രദ്ധയില്‍ പെട്ടു.മുന്നില്‍ നടന്നവര്‍ പൊളിയാറായ ഒരു ബോട്ട് ജെട്ടിയിലേക്ക് കയറി.ഗ്ലാസ് ബോട്ടം ബോട്ടില്‍ കോറല്‍ റീഫ് അഥവാ പവിഴപുറ്റുകള്‍ കാണാന്‍ പോകാനുള്ള തിരക്കാണ്.ഞങ്ങളും ആ തിരക്കിലേക്ക് ചേക്കേറി.അവിടെ കുറേ സായിപ്പന്മാര്‍ വലിയ വലിയ സിലിണ്ടറുകള്‍ ഉരുട്ടികൊണ്ടു വരുന്നതും പ്രത്യേകതരം കണ്ണട ധരിക്കുന്നതും ഞങ്ങള്‍ കണ്ടു.അപ്പോഴാണ് വെള്ളത്തില്‍ രണ്ട് സായിപ്പി കുട്ടികള്‍ മീനിനെ പോലെ ചിറകും വാലും മുതുകില്‍ ഒരു സിലിണ്ടറും കെട്ടിവച്ചത് ഞങ്ങള്‍ കണ്ടത്.
“ഓ ...വെറുതെയല്ല ഇവിടെ ഇത്ര തിരക്ക്...വെള്ളത്തിലല്ലേ കളി...” ആരുടെയോ ആത്മഗതം വീണ്ടും പുറത്തു ചാടി.പെട്ടെന്ന് ഒരു മുതിര്‍ന്ന മദാമ ഒരു ക്യാമറയുമായി എത്തി.ഞങ്ങളുടെ ഇടയില്‍ വച്ച് അവര്‍ ഇട്ടിരുന്ന പാന്റും ബ്ലൌസും ഒരു കൂസലുമില്ലാതെ കരയില്‍ ഊരിവച്ചു!!

“എന്റ്റമ്മേ...പിടിച്ചതിലും വലുത് മാളത്തിലോ..?” ആരുടെയോ ആത്മഗതം എല്ലാവരുടേയും ശ്രദ്ധ വലിയ മദാമ്മയില്‍ എത്തിച്ചു.

7 comments:

Areekkodan | അരീക്കോടന്‍ said...

“എന്റ്റമ്മേ...പിടിച്ചതിലും വലുത് മാളത്തിലോ..?” ആരുടെയോ ആത്മഗതം എല്ലാവരുടേയും ശ്രദ്ധ വലിയ മദാമ്മയില്‍ എത്തിച്ചു.

Ram said...

:))),
ha ha ha kollam

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി ഈ എഴുത്ത് ..........

ഫൈസല്‍ ബാബു said...

രാജനെ ഉരുട്ടിയത് ആരെന്ന് അറിയാം...ഭൂമി ഉരുട്ടിയത് ഞമ്മളെ സിലബസ്സില്‍ ഇല്ല...”ഹരിദാസന്‍ മാഷ് പറഞ്ഞു.

ഹഹ്ഹ മാഷേ ഈ പന്ജ് കൊള്ളാം ..ചിരിപ്പിച്ചുട്ടോ

ബഷീർ said...

വിവരണം രസകരം.. ബാക്കി പോരട്ടെ

Areekkodan | അരീക്കോടന്‍ said...

റാം...മനോരാജ്യത്തിലെ തോന്ന്യ്യാക്ഷരങ്ങളിലേക്ക് സ്വാഗതം,

ജബ്ബാര്‍....നന്ദി

ഫൈസല്‍....ഹരിദാസന്‍ മാഷ് പഴയ ആളാ.അദ്ദേഹത്തിനേ അതൊക്കെ അറിവുണ്ടാകൂ.

ബഷീര്‍....വരുന്നു.

Akbar said...

:)

Post a Comment

നന്ദി....വീണ്ടും വരിക