Pages

Friday, July 15, 2011

വിശ്വാസം, അതല്ലേ എല്ലാം...

ഇക്കഴിഞ്ഞ ദിവസം മെഡിക്കല്‍ എന്‍ട്രന്‍സ് സംബന്ധമായ ഒരു കാര്യവുമായി ഒരു കുട്ടിയുടെ പിതാവ് എന്റെ അടുത്ത് വന്നു.ഓപ്ഷന്‍ നല്‍കാന്‍ ആവശ്യമായ കീ നമ്പര്‍ അവര്‍ക്ക് ഇതുവരെ ലഭിച്ചില്ല എന്നതായിരുന്നു പ്രശ്നം.ഒരു റിട്ടയേഡ് അധ്യാപകനായതിനാല്‍ അദ്ദേഹം പ്രസ്തുത വിവരം ഉടന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് ഫാക്സ് ചെയ്യുകയും അവര്‍ പറഞ്ഞത് പ്രകാരം എന്റെ അടുത്ത് വരികയുമാണുണ്ടായത്.നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വന്ന സമയത്ത് സൈറ്റില്‍ കയറാന്‍ അല്പം താമസം നേരിടുകയും ചെയ്തു.ഏതായാലും അധികം താമസിയാതെ അദ്ദേഹത്തിന് ആവശ്യമായ സംഗതി ഞാന്‍ ചെയ്തുകൊടുത്തു.

“സാര്‍....ഇതു ശരി തന്നെയല്ലേ?” അദ്ദേഹം എഴുതി എടുത്ത കീ നമ്പര്‍ എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു.

“അതേ.ഞാന്‍ വായിച്ചു തന്നതല്ലേ?”

“ഒരു പ്രാവശ്യം കൂടി എഴുതിവയ്ക്കാം അല്ലേ?” എഴുതി എടുത്തതിന് താഴെ അദ്ദേഹം അത് ഒന്ന് കൂടി എഴുതി വച്ചു.

“സാര്‍, ഇത് ശരിയല്ലേ?” അദ്ദേഹം വീണ്ടും എന്നോട് ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിന്റെ അസുഖം എനിക്ക് പിടികിട്ടി.

ആ സമയത്താണ് മറ്റൊരു കുട്ടി ഓപ്ഷന്‍ കൊടുക്കാനായി അവിടെ എത്തിയത്.ഇദ്ദേഹം ആ കുട്ടിയോട്‌ ചോദിച്ചു.

“കീ നമ്പര്‍ കിട്ടിയത് എങ്ങനെയാ?”

“പോസ്റ്റല്‍ വഴി വന്നു...”

“എന്ന്?”

“ഒരു മാസം മുമ്പ്...”

“ങേ...!!ഒരു മാസം മുമ്പോ?അപ്പോള്‍ അത്രയും മുമ്പ് തന്നെ കീ നമ്പര്‍ കിട്ടുമോ സാര്‍?” അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.

“ങാ കിട്ടുമായിരിക്കും...”

“എന്നിട്ടെന്താ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്? ചിലര്‍ക്ക് അയക്കും, ചിലര്‍ക്ക് ഇല്ല...”

“അയക്കാഞ്ഞിട്ടല്ല.നിങ്ങള്‍ക്ക് കിട്ടാതെ പോയതാകും...ഇതു നോക്കൂ, ഇത്രയും പേര്‍ എഞ്ചിനീയറിംഗ് കീ നമ്പര്‍ കിട്ടാതെ ഇവിടെ വന്ന് അത് മേടിച്ചവരാണ്....” എന്റെ അടുത്തുള്ള തടിച്ച ഒരു ഫയല്‍ എടുത്ത് ഞാന്‍ കാണിച്ചുകൊടുത്തു.അദ്ദേഹം അത് നോക്കിയതേ ഇല്ല.

“ങാ...സാര്‍ എനിക്ക് തന്ന നമ്പര്‍ ശരി തന്നെയല്ലേ?” ഇദ്ദേഹത്തിന്റെ സംശയം ഒഴിവാ‍ക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി.

“അതേ...ശരിയാണ്.ഇനി അതുവച്ച് നിങ്ങള്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ ആ കുട്ടിയുടെ സഹായം തേടിക്കോളൂ...” എനിക്ക് നേരിട്ട് ചെയ്തുകൊടുക്കാന്‍ പാടില്ലാത്തതിനാല്‍ ഞാന്‍ അയാളുടെ സഹായത്തിന് ഒരു കുട്ടിയെ ഏര്‍പ്പാട് ചെയ്തു കൊടുത്തു.എല്ലാ വിവരങ്ങളും നല്‍കി അവര്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.ബാഗിനുള്ളില്‍ വച്ചിരിക്കുന്ന രണ്ട് പ്രാവശ്യം എഴുതിയ കീ നമ്പര്‍ കാണിച്ചുകൊണ്ട് വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം “സാര്‍ ഇതു ശരി തന്നെയല്ലേ?”

വാല്‍: മറ്റുള്ളവര്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ അത് സ്വയം ചെയ്ത് അനുഭവിച്ചതിന് ശേഷമെങ്കിലും വിശ്വസിക്കുക.സ്വന്തം കണ്ണിനേയും കൈപ്പടയേയും വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ലോകത്ത് ഒന്നും വിശ്വസിക്കാന്‍ നിങ്ങള്‍‍ക്ക് സാധിക്കില്ല.

20 comments:

Areekkodan | അരീക്കോടന്‍ said...

മറ്റുള്ളവര്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ അത് സ്വയം ചെയ്ത് അനുഭവിച്ചതിന് ശേഷമെങ്കിലും വിശ്വസിക്കുക.സ്വന്തം കണ്ണിനേയും കൈപ്പടയേയും വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ലോകത്ത് ഒന്നും വിശ്വസിക്കാന്‍ നിങ്ങള്‍‍ക്ക് സാധിക്കില്ല.

ponmalakkaran | പൊന്മളക്കാരന്‍ said...

പോട്ടെ സാറെ. വിട്ടേക്ക്.. വയസ്സനല്ലേ.....

എഡിറ്റർ said...

വയസ്സായത് കൊണ്ട് മാത്രമല്ല പുതിയ സമ്പ്രദായങ്ങളൊട് ചിലർ അങ്ങനെയാണ്.പൊരുത്തപ്പെടാൻ സമയമെടുക്കും.എനിക്കൊരു ടീച്ചറെ അറിയാം.കാൽകുലേറ്ററിൽ കൂട്ടിയാൽ വിശ്വാസം വരില്ല.അവർ കൈവിരലും കാൽ വിരലും വെച്ച് വീണ്ടും വീണ്ടു കൂട്ടി നോക്കും.

എഡിറ്റർ said...
This comment has been removed by the author.
SIVANANDG said...

മാഷേ.. നീണ്ട് അവ്ധിക്കാലം കഴിഞ്ഞു എത്തിയതേ യുള്ളു. കുറേ പോസ്റ്റുകള്‍ മിസ്സായിപ്പോയി.


ചിലരങ്ങനാ.. തിരുവനന്തപുരത്തു ചാലയില്‍ ചില കടയുടമകള്‍ രത്രി കട പൂട്ടുന്ന മഹാമകവുമായി നോക്കുമ്പോള്‍ ഇതു അയ്യോ പാവം!

ഷാരോണ്‍ said...

ഈ പറഞ്ഞതൊക്കെ ശരി തന്നെയല്ലേ?

അല്ല...ശരി തന്നെയല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ആളിനെ കുറിച്ച്‌ അരീക്കോടന്‍ മാഷ്‌ ഇങ്ങനെ എഴുതിയതു നന്നായില്ല.

പ്രായം കൂടുമ്പോള്‍ ഉള്ള അവസ്ഥകള്‍ പല പ്രത്യേകതകളും ഉള്ളതാണ്‌.

അതിനെ ഒരു കുറ്റം ആയി കാണരുത്‌. അത്‌ എല്ലാവര്‍ക്കും ഒരവസരത്തില്‍ അനുഭവിക്കേണ്ടി വരുന്നതു തന്നെ ആണ്‌

കല്യാണിക്കുട്ടി said...

:-(

Areekkodan | അരീക്കോടന്‍ said...

പൊന്മളക്കാരാ...വിട്ടു

എഡിറ്റര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇത് അതൊന്നുമല്ല.അനാവശ്യ സംശയം മാത്രം.

ശിവാനന്ദ്ജി...അപ്പോള്‍ ഇതും ഒരു ആഗോള പ്രതിഭാസം ആണല്ലേ?

ഷാരോണ്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അല്ല സ്വാഗതം തന്നെയല്ലേ?

പണിക്കര്‍ സാര്‍...സദയം ക്ഷമിക്കാന്‍ അപേക്ഷ

കല്യാണിക്കുട്ടി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Unknown said...

: )

കൊമ്പന്‍ said...

സഹോദരാ താങ്കള്‍ ഇങ്ങനെ തുള്ളണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല
കാരണം താങ്കള്‍ തന്നെ പറഞ്ഞു അദ്ദേഹം പെന്‍ഷന്‍ പറ്റിയ ഒരാള്‍ ആണെന്ന്
സ്വാഭാവികമായും വയസ്സാകുമ്പോള്‍ ഇങ്ങനെ ഉള്ള ആകുലതകള്‍ സ്വാഭാവികമാണ്
ഒരു പക്ഷെ ആ ഒരു വിശ്വാസ കുറവ് നാളെ നിങ്ങള്‍ക്കും എനിക്കും ഒക്കെ വന്നേക്കാം
ആത്മ വിശ്വാസം എല്ലാ കാര്യത്തിലും ഉണ്ടാവണം എന്നില്ല

അനില്‍@ബ്ലോഗ് // anil said...

മാഷേ,
അത് വിശ്വാസത്തിന്റെ പ്രശ്നല്ല.
മനസ്സിന്റെ പ്രശ്നമാണ്.
ഇന്ത്യാഹെരിറെജ് പറഞ്ഞതിനോട് യോജിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ വീട്ടില്‍ പണ്ട്‌ ഒരു യൂക്കാലി മരം വച്ചു പിടിപ്പിച്ചിരുന്നു
പ്രായമായ എന്റെ അച്ഛന്‌ അതിന്റെ പേര്‍ ഒരിക്കല്‍ പോലും തനിയെ ഓര്‍മ്മിക്കുവാന്‍ കഴിഞ്ഞിരുന്നില്ല . എല്ലാ ദിവസവും എന്നൊടു ചോദിക്കുമായിരുന്നു ഈ മരത്തിന്റെ പേരെന്താ ഏന്ന്
അന്നു ഞാനും വിചാരിച്ചു ഇതെന്താ അച്ഛന്‍ ഇത്ര പെട്ടെന്നു മറക്കുന്നത്‌ എന്ന്

അത്‌ അച്ഛന്‌ 80 നു മുകളില്‍ പ്രയമായപ്പോള്‍

ഇന്ന് ഞാന്‍ 56ആ മത്തെ വയസ്സില്‍ ഒരു പ്രത്യേക വസ്തുവിന്റെ പേര്‍ ഓര്‍മ്മിക്കുവാന്‍ പ്രയാസപ്പെടുന്നു . ഞാന്‍ പലപ്പോഴും ഉപയോഗിക്കുന്ന വസ്തു. - ഒരു ആയുര്‍വേദ മരുന്നാണ്‌!

അതിന്റെ പേര്‍ ഞാന്‍ എന്റെ 75 വയസ്സുള്ള ജ്യേഷ്ഠനോടു ചോദിച്ചാണ്‌ പലപ്പോഴും ഓര്‍മ്മയില്‍ വീണ്ടെടൂക്കുന്നത്‌.

ഇതൊന്നും ദുരുദ്ദേശത്തോടു കൂടി ചെയ്യുന്നതായിരിക്കില്ല എന്നു പറയാനാണ്‌ തുറന്നെഴുതിയത്‌

MOIDEEN ANGADIMUGAR said...

കൊമ്പൻ പറഞ്ഞതാണു ശരി. വയസ്സാകുമ്പോള്‍ ഇങ്ങനെ ഉള്ള ആകുലതകള്‍ സ്വാഭാവികമാണ് ..

ശ്രീനാഥന്‍ said...

താങ്കൾ പറഞ്ഞത് ശരിയാണ്. എത്ര മാർജിനിട്ടാലോചിച്ചാലും ചിലർ അസഹ്യമായ വിശ്വാസക്കുറവു കാണിക്കുമ്പോൾ ക്ഷമയുടെ നെല്ലിപ്പലക തകർന്നു പോകും.

Naushu said...

ഈ വയസ്സന്മാരുടെ കാര്യത്തില്‍ ഞാനെന്തു പറയാനാ.... നിങ്ങള് തന്നെ ഒരു തീരുമാനത്തിലെത്ത്

ശങ്കരനാരായണന്‍ മലപ്പുറം said...

ചിലര്‍ അങ്ങനെയാ. വരച്ച വട്ടത്തിനുള്ളില്‍ത്തന്നെ കറങ്ങിക്കൊണ്ടിരിക്കും.

Haris said...

വാപ്പയെ അതിരറ്റു സ്നേഹിക്കുന്ന മാഷ് ഈ വീഡിയൊ ഒന്നു കാണുക. http://www.youtube.com/watch?v=Ql5odcCvrbg . പ്രായമായവര്‍ക്ക് കൊച്ചു കുട്ടികളുടെ മനസ്സായിരിക്കും. നമുക്കു അനാവശ്യ സംശയമെന്ന് തോന്നാമെങ്കിലും അദ്ദേഹത്തെ അതിന്റെ പേരില്‍ കുറ്റപ്പെറ്റുതിയത് ശരിയായില്ല.

Areekkodan | അരീക്കോടന്‍ said...

ex pravaasini...നന്ദി

കൊമ്പാ...വിഷമിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.ഞാന്‍ അനുഭവിച്ച ഒരു സംഗതി പറഞ്ഞു എന്ന് മാത്രം കരുതിയാല്‍ മതി.

അനില്‍ജീ...സമ്മതിക്കുന്നു

പണിക്കര്‍ജീ...വയസ്സുകാലത്തെ പ്രശ്നങ്ങള്‍ സ്വാഭാവികം തന്നെ.പക്ഷേ ഇത് അത്തരം ഒരു പ്രശ്നമായിട്ടല്ല എനിക്ക് തോന്നിയത്.തുറന്നെഴുത്തിന് നന്ദി.

മൊയ്തീന്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Areekkodan | അരീക്കോടന്‍ said...

ശ്രീനാഥ്ജീ...പ്രത്യേകിച്ചും പലതരം ആളുകളെ ഒരേ സമയം നേരിടുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ക്ഷമ പരീക്ഷി‍ക്കും.

നൌഷു...അതന്നേ നല്ലത്

ശങ്കരജീ...അവരെ എങ്ങനെ രക്ഷപ്പെടുത്താന്‍ സാധിക്കും?

കൂംസ്...വീഡിയോ എനിക്കിഷ്ടപ്പെട്ടു.എന്റെ ഒരു അനുഭവം പങ്കു വയ്ക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.അത് വഴിമാറിപ്പോയതില്‍ ഖേദിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക