Pages

Thursday, September 08, 2011

ഓണം - ചില നഷ്ട ചിന്തകള്‍

തുമ്പപൂവും മുക്കുറ്റിയും കാക്കാപൂവും തേടി തൊടിയിലൂടെ അലഞ്ഞ ഒരു ബാല്യകാലം ഉണ്ടായിരുന്നു.എന്റെ വീട്ടില്‍ പൂക്കളം ഇടാനല്ല,അയല്‍‌വാസികളായ തട്ടാന്‍ കുടുംബത്തിന്റെ ഓണപ്പൂക്കളം തീര്‍ക്കാനായിരുന്നു ഈ അലയല്‍‍.ബാപ്പ പണ്ടുമുതലേ പലതരത്തിലുള്ള പൂച്ചെടികളും വീട്ടില്‍ നട്ടുപിടിപ്പിച്ചിരുന്നതിനാല്‍ ഓണക്കാലത്ത് വീട്ടില്‍ പൂക്കള്‍ സുലഭമായിരുന്നു.ചുവന്ന ചെമ്പരത്തിയും, വെളുത്ത ചെമ്പരത്തിയും, മുളക് ചെമ്പരത്തിയും, വെള്ള ഒടിച്ചുകുത്തിയും ,ചുവന്ന ഒടിച്ചുകുത്തിയും (അരിപ്പൂവ്),അശോക തെച്ചിയും മുറ്റത്തും തുമ്പപൂവും, മുക്കുറ്റിയും, കാക്കാപൂവും തൊടിയിലും പൂത്ത് പുളച്ച് നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പൂക്കള്‍ പറിക്കാന്‍ ബാപ്പ ആരെയും സമ്മതിക്കില്ലായിരുന്നു.എന്നാല്‍ ഓണക്കാലത്ത് പൂക്കളിറുക്കാന്‍ അനുമതി ഉണ്ടായിരുന്നതിനാല്‍ നിഷിയും ബിനീഷും ലതയും പ്രസന്നയും ഹരിദാസനുമെല്ലാം പൂതേടി ഞങ്ങളുടെ വീട്ടില്‍ എത്തിയിരുന്നു.

എല്ലാവരുടെ കയ്യിലും പൂ ശേഖരിക്കാന്‍ തേക്കിന്റെ ഇല കൊണ്ടുണ്ടാക്കിയ കുമ്പിളുകളും ഉണ്ടായിരുന്നു.ഞങ്ങളും കുമ്പിള്‍ കുത്തി അവരുടെ കൂടെ പൂ ശേഖരിക്കും.ശേഖരിച്ച പൂക്കള്‍ അവര്‍ക്ക് കൈമാറും.വീടിന്റെ മുമ്പില്‍ ഉണ്ടായിരുന്ന(ഇപ്പോള്‍ അവിടെ മൂത്താപ്പയുടെ മക്കള്‍ വീടു വച്ചു) അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ തുമ്പ പൂക്കള്‍ നിറയെ ഉണ്ടായിരുന്നു.ഒരു കുമ്പിള്‍ നിറയെ തുമ്പപ്പൂക്കളും മറ്റൊരു കുമ്പിള്‍ നിറയെ കാക്കാപൂവും ശേഖരിച്ച് അതിലേക്ക് എത്തി നോക്കുമ്പോള്‍ കണ്ണിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി ലഭിച്ചിരുന്നു.

ഞങ്ങളുടെ വീട്ടില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നത് തിരുവോണ ദിനത്തില്‍ മാത്രമായിരുന്നു.കാരണം മെയിന്‍‌റോഡിന്റെ മറുവശത്തുള്ള അവരുടെ വീട്ടില്‍ പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയുള്ളത് ആ ദിവസം മാത്രമായിരുന്നു.അതും മുതിര്‍ന്നവരുടെ കൂടെ മാത്രം.ചാണകമെഴുകിയ മുറ്റത്ത് ചെമ്പരത്തി കൊണ്ട് ചുവന്ന അതിര്‍ത്തിയിട്ട കളത്തിനുള്ളില്‍ തുമ്പയും മുക്കുറ്റിയും കാക്കപൂവും തെച്ചിയും അരിപ്പൂവും ഉപയോഗിച്ചുള്ള പൂക്കളം നോക്കി ഞങ്ങള്‍ വിസ്മയം കൊണ്ടിരുന്നു.

ഇന്ന് ഞാന്‍ മേല്പറഞ്ഞ പൂക്കളില്‍ തെച്ചി ഒഴികെയുള്ള ഒരു പൂവും എന്റെ വീട്ടുമുറ്റത്തില്ല.കാലം കൊണ്ടുപോയ പ്രിയപിതാവിന്റെ കൂടെ അവയും പോയി.തൊടിയില്‍ പേരിന് പോലും ഒരു കാട്ടുപൂവും കാണുന്നില്ല.തുമ്പപൂവും മുക്കുറ്റിയും കാക്കാപൂവും എന്ത് തരം പൂക്കളാണെന്ന് മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പോലും കഴിയാത്ത നിര്‍ഭാഗ്യാവസ്ഥയില്‍ ആണ് ഞാനടക്കമുള്ള പല മാതാപിതാക്കളും.

തൊടിയിലെ പൂക്കള്‍ അലങ്കരിച്ചിരുന്ന നമ്മുടെ ഓണക്കാല മുറ്റം ഇപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നുള്ള പൂക്കള്‍ കയ്യേറിക്കഴിഞ്ഞു.വീട്ടുമുറ്റത്ത് ചെമ്പരത്തി ഉണ്ടെങ്കില്‍ പോലും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പൂക്കളുപയോഗിച്ചേ പൂക്കളം ഇടാവൂ എന്ന് ആരോ നിര്‍ബന്ധിക്കുന്ന പോലെ മലയാളി മാറിപ്പോയി.പാടത്തും പറമ്പിലും നടന്ന് പൂ ശേഖരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാനസികോല്ലാസവും ആ ടീം സ്പിരിറ്റും നമ്മുടെ മക്കള്‍ക്ക് നഷ്ടമായി.ഇങ്ങനെ പോയാല്‍ ഓണവും ഇനി നമുക്ക് നഷ്ടമാവുമോ?

വാല്‍:എന്റെ മൂന്നാം ക്ലാസ്സുകാരി മോള്‍ അയല്പക്കത്തെ തൊടിയിലൂടെ നടന്ന് എന്തൊക്കെയോ പൂക്കള്‍ ശേഖരിച്ച് ഒരു പൂക്കളമിട്ടു.പിറ്റേ ദിവസം എന്റെ പഴയ ലാവണമായ കെ.എസ്.ഇ.ബി ഓഫീസിലെ പൂക്കളമത്സരം കാണാന്‍ ഞാന്‍ അവളെയും കൊണ്ടുപോയി.മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വര്‍ണ്ണാഭമായ പൂക്കള്‍ കൊണ്ടുള്ള പൂക്കളം കണ്ട് ആ കുഞ്ഞ് മനസ്സ് തന്റെ കാട്ടുപൂക്കളം നോക്കി സഹതപിച്ചു.പിറ്റേന്ന് ഞാനും അല്പം പൂ വാങ്ങി അവള്‍ക്ക് നല്‍കി.ആ മുഖത്തെ സന്തോഷം ഞാന്‍ തുമ്പപ്പൂ പറിച്ച് നടന്നിരുന്ന എന്റെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തി.

ബൂലോകര്‍ക്ക് എന്റെയും കുടുംബത്തിന്റേയും 501 ഓണാശംസകള്‍.

11 comments:

Areekkodan | അരീക്കോടന്‍ said...

പാടത്തും പറമ്പിലും നടന്ന് പൂ ശേഖരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാനസികോല്ലാസവും ആ ടീം സ്പിരിറ്റും നമ്മുടെ മക്കള്‍ക്ക് നഷ്ടമായി.ഇങ്ങനെ പോയാല്‍ ഓണവും ഇനി നമുക്ക് നഷ്ടമാവുമോ?

TOMS/thattakam.com said...

എല്ലാം പോയി മാഷേ
നല്ല കാലം ഇനി ഓര്‍മ്മയില്‍ മാത്രം . അരീക്കോടന്‍ മാഷിനും കുടുംബത്തിനും ആശംസകള്‍

Junaiths said...

ബാക്കിയെല്ലാം പോയെങ്കിലും ഓണം ബാക്കിയുണ്ടല്ലോ...നന്മയും സ്നേഹവും നിറഞ്ഞ ഓണാശംസകള്‍...

Manoj മനോജ് said...

എല്ലാം ഓര്‍മ്മകള്‍ മാത്രമായ് .....

ഓണാശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എല്ലാം നഷ്ടസ്വപ്നങ്ങൾ മാത്രമായില്ലേ മാഷേ?മലയാളിയുടെ ദുര്യോഗം...

Areekkodan | അരീക്കോടന്‍ said...

ടോംസ്...ഞാന്‍ ഈ കമന്റിടുന്നതും ഒരു നഷ്ടത്തിന്റെ ബാക്കിയായിട്ടാ.ഇന്ന് ഓണസദ്യക്ക് ക്ഷണിക്കാന്‍ പോലും ആരും ഇല്ല!

ജുനൈദ്...അതും സമീപ ഭാവിയില്‍ ഉണ്ടാകില്ല എന്ന് തോന്നുന്നു.

മനോജ്...അതേ ഓര്‍മ്മകള്‍ മാത്രം...ഓര്‍മ്മകള്‍ മാത്രം...

വിജയേട്ടാ...ദുര്യോഗം തന്നെ.

കൊമ്പന്‍ said...

അരീക്കോടാ ഇത് ഇന്‍സ്റ്റന്റ് പൂക്കളങ്ങളുടെ കാലം ആണ് അല്ലെങ്കില്‍ അതാവണം അതാണ്‌ പ്രാമാണിക ത്തത്തിന്‍ അടയാളം

Dr.Muhammed Koya @ ഹരിതകം said...

മാഷെ ഞാന്‍ ഒന്ന് ഓടി വന്നു പോയി വിശദമായി പിന്നെ വരാം....

http://harithakamblog.blogspot.com/2011/04/blog-post_08.html

ഇതാണ് എന്റെ ബ്ലോഗ്‌ ലിങ്ക്

സലാം

ബഷീർ said...

പൊയ്പോയ കാലത്തിന്റെ നല്ല ഓര്‍മ്മകള്‍

ഫൈസല്‍ ബാബു said...

മാഷേ എത്താന്‍ അല്‍പ്പം വൈകി ,,,എന്നാലും മിണ്ടാതെ പോകാന്‍ കഴിയുന്നില്ല ,,ഇത്തവണ അല്‍പ്പം ഗൗരവത്തോടെയാണല്ലോ ...
-------------------------
ഒരു ചിരി പോസ്റ്റുണ്ട് നോക്കണേ ....

╰» נєвιη k.j said...

good work......
www.jebinkjoseph.co.cc
www.thisiskerala.co.cc


ഇതാണ് എന്റെ ബ്ലോഗ്‌ ലിങ്ക്

Post a Comment

നന്ദി....വീണ്ടും വരിക