Pages

Friday, November 04, 2011

ഒരു എ.ടി.എം അനുഭവങ്ങള്‍

കഴിഞ്ഞ തിങ്കളാഴ്ച, നമ്മുടെ സുഹൃത്ത് ജിത്തുവിനുള്ള സഹായത്തിന്റെ ഒരു പങ്ക് ഏല്‍പ്പിക്കാനായി പ്രദീപ്‌മാഷെ കോഴിക്കോട് ഫോക്കസ് മാളിന് മുമ്പില്‍ വച്ച് കാണാം എന്ന് ഞാന്‍ അറിയിക്കുകയുണ്ടായി.എ.ടി.എമ്മില്‍ നിന്നും പണം പിന്‍‌വലിച്ച് നേരെ നല്‍കാമല്ലോ എന്ന ചിന്ത കാരണമാണ് ആ ലൊക്കേഷന്‍ തിരഞ്ഞെടുത്തത്. കൃത്യസമയത്ത് പ്രദീപ് മാഷ് എത്തിയെങ്കിലും ഞാന്‍ അര മണിക്കൂറോളം ലേറ്റ് ആയി.എന്നെ കണ്ട ഉടനെ മാഷ് തിരിച്ചറിയുകയും ചെയ്തു - ട്രേഡ്മാര്‍ക്ക് കഷണ്ടിയുടെ ഗുണം!മാഷോട് കുശലം പറഞ്ഞ് ഞാന്‍ പണം പിന്‍‌വലിക്കാനായി എ.ടി.എം കൌണ്ടറിലേക്ക് നടന്നു.

അഞ്ചാറുപേര്‍ പുറത്ത് ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ അതില്‍ മൂന്നമനോ നാലാമനോ.അകത്തുള്ള ആള്‍ എപ്പോള്‍ കയറിയതാണെന്ന് അറിയില്ല.അയാള്‍ എന്തോ രണ്ട് ഓപ്പറേഷന്‍ നടത്തി കാശ് എടുക്കാതെ പുറത്തിറങ്ങി.രണ്ടാമത്തെ ആള്‍ അകത്തുകയറി.ഇത്ര നേരം ക്യൂവില്‍ നിന്നിട്ടും തന്റെ കാര്‍ഡ് കയ്യില്‍ ഒന്ന് എടുത്ത് പിടിക്കാന്‍ പോലും അയാള്‍ക്ക് തോന്നിയിട്ടില്ലായിരുന്നു.മെഷീനിന്റെ മുമ്പില്‍ എത്തിയ ശേഷം അയാള്‍ ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു.പേഴ്സ് എടുത്ത് അതിനുള്ളില്‍ നിന്നും ഒരു കെട്ട് പേപ്പറുകള്‍ പുറത്തെടുത്തു.അത് അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു നോക്കിയെങ്കിലും കാര്‍ഡ് കണ്ടില്ല.വീണ്ടും എല്ലാ പോക്കറ്റിലും തപ്പി നോക്കി.കാര്‍ഡ് കിട്ടിയില്ല.പേഴ്സ് ഒന്നുകൂടി എടുത്ത് വീണ്ടും ഓരോ പേപ്പറായി മറിച്ച് നോക്കി.കാര്‍ഡ് അതിനകത്ത് നിന്നും കിട്ടി!അക്കൌണ്ടില്‍ എത്ര ബാലന്‍സ് ഉണ്ട് എന്നറിയല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം എന്ന് തോന്നുന്നു.പണം പിന്‍‌വലിക്കാതെ അയാള്‍ പുറത്തിറങ്ങി.

അടുത്തത് ഒരു പയ്യനായിരുന്നു.ഒപ്പം ഒരു സ്കൂള്‍ പയ്യനും കയറി.മെഷീനോട് ചേര്‍ന്ന് നിന്ന് അവന്‍ പിന്‍ നമ്പറ് അടിച്ചു.അവന്റെ സൂക്ഷ്മതയില്‍ അങ്ങനെയാണ് പബ്ലിക്കില്‍ ചെയ്യേണ്ടത് എന്ന പാഠം ഞാന്‍ പഠിച്ചു.പക്ഷേ ഇന്‍‌വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും ഒപ്പം കാര്‍ഡും പുറത്തേക്ക് വന്നു.കാര്‍ഡ് വീണ്ടും ഇന്‍സെര്‍ട്ട് ചെയ്ത് അവന്‍ അടുത്ത പിന്‍ നമ്പറ് നല്‍കി.വീണ്ടും തഥൈവ.അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നതായി ഭാവിച്ചു.വീണ്ടും കാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്തു, പിന്‍ നമ്പര്‍ അടിച്ചു.ഇന്‍‌വാലിഡ് പിന്‍ നമ്പര്‍ എന്ന മെസേജും കാര്‍ഡ് ബ്ലോക്ക്‌ഡ് എന്ന മെസേജും വന്നു.ഇതൊന്നും ശ്രദ്ധിക്കാതെ അവന്‍ വീണ്ടും കാര്‍ഡ് മെഷീനില്‍ ഇട്ടു പിന്‍ നമ്പര്‍ അടിച്ചു.കാര്‍ഡിനെ മെഷീന്‍ വിഴുങ്ങി.ഉടന്‍ സെക്യൂരിറ്റിയെ വിളിച്ചു.അയാള്‍ കരുതിയത് കാര്‍ഡ് എടുക്കാത്തത് കാരണം അകത്ത് പോയി എന്നാണ്.അടുത്ത ദിവസം ബാങ്കില്‍ ചെന്ന് അത് കളക്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മനസ്സില്ലാ മനസ്സോടെ ആ പയ്യന്‍ കൌണ്ടറില്‍ നിന്ന് പുറത്തിറങ്ങി.

ഇത്രയും പറഞ്ഞത് മേല്പറഞ്ഞ രണ്ട് വ്യക്തികള്‍ ചിന്തിക്കാതെ പോയ രണ്ട് സംഗതികള്‍ സൂചിപ്പിക്കാനാണ്.ആദ്യത്തെയാള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴേ കാര്‍ഡ് കയ്യില്‍ പിടിച്ചിരുന്നെങ്കില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ട് മിനുട്ടെങ്കില്‍ രണ്ട് മിനുട്ടെങ്കിലും ലാഭിക്കാമായിരുന്നു.നാം ചെയ്യാന്‍ പോകുന്ന ഒരു സംഗതിക്ക് ഒട്ടും മുന്നൊരുക്കം നടത്താതിരിക്കുന്നത് പൊതുസ്ഥലത്തെങ്കിലും ഒഴിവാക്കുക.

രണ്ടാമത്തെ പയ്യന്‍ പിന്‍ നമ്പര്‍ അറിയില്ല എന്ന് മാത്രമല്ല തന്റെ മുമ്പില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല.പുറത്ത് ഇത്രയും പേര്‍ കാത്ത് നില്‍ക്കുന്നു എന്നതും അവനെ അലട്ടിയില്ല.പരീക്ഷണം നടത്താന്‍ ആളും അനക്കവും ഇല്ലാത്ത എത്രയോ എ.ടി.എമ്മുകള്‍ ടൌണില്‍ തന്നെ ഉണ്ടെന്നിരിക്കേ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ഒരു എ.ടി.എം കൌണ്ടറില്‍ ഇത്തരം സമയം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ ചെയ്യാന്‍ പാടില്ലായിരുന്നു.

വാല്‍: നമ്മുടെ സൌകര്യം മറ്റുള്ളവര്‍ക്ക് അസൌകര്യമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

14 comments:

Areekkodan | അരീക്കോടന്‍ said...

നമ്മുടെ സൌകര്യം മറ്റുള്ളവര്‍ക്ക് അസൌകര്യമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ശിഖണ്ഡി said...

അനുഭവം + ഉപദേശം

Yasmin NK said...

മാഷേ..ഇതിലും വലിയ തെണ്ടിത്തരം ചിലവന്മാരും ചിലവളുമാരും ചെയ്യും, കാര്‍ഡ് സൂക്ഷിക്കുന്ന ഫോള്‍ഡറടക്കം മെഷീനകത്തേക്ക് തിരുകികയറ്റും, എന്നിട്ട് കിട്ടാതാകുമ്പോള്‍ കാണുന്ന ബട്ടണൊക്കെ പിടിച്ച് ഞെക്കും,അത് പോലെ നേരത്തെ എടുത്ത സ്ലിപും കാര്‍ഡും അടക്കം മെഷീനകത്ത് ഇടും,അതോടെ പേപ്പര്‍ കുടുങ്ങി മെഷീന്‍ ബ്ലൊക്കാകും..എന്നിട്ടും കുറ്റം മെഷീനും മാനേജര്‍ക്കും....
എന്താ ചെയ്യാ...?

ദിവാരേട്ടN said...

അനുഭവം എഴുതിയത് നന്നായി.
മാഷ്‌ കുറച്ചുകൂടി നേരത്തെ വന്നിരുന്നെങ്കില്‍ ആ പ്രദീപ്‌ മാഷ്‌ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വരില്ലായിരുന്നു.. ഹ.... ഹാ

mini//മിനി said...

അനുഭവം നന്നായി എഴുതി,,

Areekkodan | അരീക്കോടന്‍ said...

Shikandi...അതേ.അതുകൊണ്ടാണ് ഇതിന് പ്രതിവാരക്കുറിപ്പുകള്‍ എന്ന ലേബല്‍ നല്‍കിയത്.ആഴ്ചയില്‍ ഒരിക്കല്‍ അനുഭവത്തില്‍ നിന്നുള്ള ഒരു പാഠം അല്ലെങ്കില്‍ ഉപദേശം.

മുല്ലേ...അയ്യോ അപ്പോള്‍ സര്‍വ്വലോകതെണ്ടികള്‍ വേറെയും ഉണ്ടല്ലേ?

ദിവാരേട്ടാ...ഞാന്‍ അല്പം നേരത്തെ വന്നിരുന്നെങ്കില്‍ ദിവാരേട്ടന് ഈ അഭിപ്രായം പറയാന്‍ കഴിയുമായിരുന്നില്ല.കാരണം ഈ പോസ്റ്റിന് ആസ്പദമായ സംഭവം ഞാന്‍ കാണുമായിരുന്നില്ല...ഹ ഹ ഹാ

മിനി ടീച്ചര്‍....നന്ദി

അനില്‍@ബ്ലോഗ് // anil said...

മുല്ല,
അല്പം കൂടി നല്ല കമന്റ് ആകാമായിരുന്നു. മനപ്പൂർവ്വം ആരെയും ഉപദ്രവിക്കണം എന്ന് കരുതിയാണോ കവറടക്കം ആരെങ്കിലും മെഷീനിൽ തിരികിയിരിക്കുക എന്നാണോ കരുതുന്നത്? എന്തെങ്കിലും ടെൻഷനിലോ അല്ലെങ്കിൽ രോഗാവസ്ഥയിലോ ആബ്സന്റ് മൈൻഡഡായി എത്രയോ ആളുകൾ എത്രയോ അബദ്ധങ്ങൾ ചെയ്യുന്നു. അത്തരം ഒരു അവസ്ഥയിൽ പെട്ടാൽ അപ്പോഴറിയാം അതിന്റെ സുഖം. മറ്റൊരാൾ ചെയ്യുന്നകാര്യം വെറും വിമർശന ബുദ്ധിയോടെ മാത്രം വീക്ഷിക്കാതെ അല്പം മാനുഷിക പരിഗണന കൂടി മനസ്സിൽ വച്ച് നിരീക്ഷിച്ചു നോക്കൂ.
ഈ കമന്റ് അരീക്കോടൻ മാഷിനും കൂടി ബാധകമാണ്. :)

ശ്രീ said...

ചിന്തകളില്‍ കാര്യമുണ്ട് മാഷേ

എ ജെ said...

മാഷെ,
പയ്യന്‍ സ്വന്തം കാര്‍ഡിലല്ല കളിക്കുന്നതെന്ന് വ്യക്തം. വീട്ടിലെ കാര്‍ഡാണോ മോഷ്ടിച്ച കാര്‍ഡാണോ എന്നേ അറിയാനുള്ളൂ. നമ്പര്‍ മൂന്നു തവണ തെറ്റിയടിച്ചാല്‍ മെഷീന്‍ കാര്‍ഡ് വിഴുങ്ങും. തിരിച്ചു കിട്ടണമെങ്കില്‍ യഥാര്‍ത്ഥ ഉടമസ്ഥന്‍ ചെന്നു ഒപ്പിടണം. വിഴുങ്ങിയത് വേറെ ബാങ്കിന്റെ എ ടി എം ആണെങ്കില്‍ തിരിച്ചു കിട്ടുകയേ ഇല്ല. പക്ഷെ സ്വൈപിങ്ങ് ടൈപ്പ് മെഷീനില്‍ കാര്‍ഡ് ഉള്ളില്‍ പോകാത്തത് കൊണ്ട് വിഴുങ്ങല്‍ നടക്കുന്നില്ല. അതിനാല്‍ തന്നെ മോഷ്ടാക്കള്‍ കൂടുതലും അത്തരം മെഷീനിലാണ് പരീക്ഷണങ്ങള്‍ നടത്തുക. വെളിയില്‍ ക്യു നില്‍ക്കുന്നവര്‍ ഇടപെടാന്‍ തുടങ്ങിയാല്‍ മോഷ്ടാക്കള്‍ സ്ഥലം കാലിയാക്കാറാണ് പതിവ്.

നിരീക്ഷണങ്ങളോട് നൂറ് ശതമാനം യോജിക്കുന്നു. അപരരുടെ സൌകര്യങ്ങളെ പറ്റി ചിന്തിക്കുന്നവരെക്കൊണ്ട് ഈ ലോകം നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കാനെ നമുക്ക് കഴിയൂ.

Cv Thankappan said...

ബഹുജനം പലവിധം!
അല്ലേ മാഷേ.
ഞാനിതില്‍ നിഷ്പക്ഷനാകുന്നു!!!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ഷെരീഫ് കൊട്ടാരക്കര said...

അനില്‍ ബ്ലോഗ് പറഞ്ഞത് ന്യൂനാല്‍ ന്യൂനപക്ഷം ആള്‍ക്കാരായിരിക്കും. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എത്രയും പെട്ടെന്ന് കാര്യങ്ങള്‍ തീര്‍ക്കണമെന്ന ഒരു ചിന്തയുമില്ലാതെ അനേകം പുറത്ത് നില്‍ക്കുന്നു എന്നത് കണക്കിലെടുക്കാതെ സ്വന്തം സാമ്രാജ്യത്തില്‍ വിഹരിക്കുന്നത് പോലെ പെരുമാറുന്നവരാണ് എന്നാണ് എന്റെ ഏ.ടി.ഏം അനുഭവങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

ഷെരീഫ് ചേട്ടാ,
ഞാൻ പ്രധാനമായും പറഞ്ഞത് മുല്ലയുടെ കമന്റിനെക്കുറിച്ചാണ്. വേണമെന്നു വച്ച് ആരെങ്കിലും കവറോടെ കാർഡ് തള്ളിക്കയറ്റുമോ?

സേതുലക്ഷ്മി said...

വളരെ കാലിക പ്രാധാന്യമുള്ള വിഷയം.
ചിലര്‍ക്ക് എടീഎമ്മീല്‍ കയറിയാല്‍ എന്തൊരു സൂഷ്മതയാണെന്നൊ.പതിനായിരം രൂപ എടുക്കണമെങ്കില്‍ അഞൂറു വീതമേ എടുക്കൂ. ഒരു മണിക്കൂറ് ഉള്ളില്‍ നില്‍ക്കും.

Akbar said...

സ്വന്തം ഊഴം വന്നാല്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ട് ഓര്‍ക്കാത്തവര്‍. പലപ്പോഴും നാം അനുഭവിക്കുന്ന ഒന്ന്.

Post a Comment

നന്ദി....വീണ്ടും വരിക