Pages

Sunday, November 20, 2011

ഒരു അടുക്കള ലിസ്റ്റ്

ഇന്ന് ഞായറാഴ്ച.ഉച്ച ഭക്ഷണം ഒന്ന് കുശാലാക്കാന്‍ ചിക്കന്‍ തന്നെ വേണമെന്ന് ഭാര്യക്ക് നിര്‍ബന്ധം.അങ്ങാടിയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യ വീടിന്റെ ഏതോ മൂലയില്‍ നിന്നും വിളിച്ച് പറഞ്ഞു.

“ ഒരു പാക്കറ്റ് പപ്പടോം...”

അതിന്റെ പിന്നാലെ ഇനിയും ആവശ്യങ്ങള്‍ വരും എന്ന് പതിമൂന്ന് കൊല്ലമായി(അതേ ഈ പതിനഞ്ചാം തീയതി 13 വര്‍ഷം തികഞ്ഞു) അവളുടെ കൂടെ കഴിയാന്‍ തുടങ്ങിയ എനിക്ക് ഉറപ്പായിരുന്നതിനാല്‍ ഞാന്‍ അവിടെ തന്നെ കാത്തുനിന്നു. പ്രതീക്ഷിച്ച പോലെ അവളുടെ വിളി വന്നു.

“ലുലൂ (എന്നെയല്ല, എന്റെ മോളെ)...ഉപ്പച്ചി പോയോ?”

“ഇല്ല...”

“എന്നാ ഒരു പാക്കറ്റ് തൈരും വേണം എന്ന് പറീ...”

ഞാന്‍ നേരിട്ട് കേട്ടതിനാല്‍ മോള്‍ എന്റെ മുഖത്തേക്ക് നോക്കി.എന്നിട്ടും ഞാന്‍ അവിടെത്തന്നെ നിന്നു.കാരണം പതിമൂന്ന് കൊല്ലത്തെ പരിചയം തന്നെ!!

“കുറച്ച് കാരറ്റ് കൂടി വേണംന്ന് പറി ലുലൂ...” എന്റെ കണക്ക് കൂട്ടല്‍ ശരിയായി!!

“ഇനി ഒരു ലിസ്റ്റാക്കി തരാന്‍ പറ....പെറുക്കി പെറുക്കി പറഞ്ഞാല്‍ അവസാനം വീട്ടിലെത്തുമ്പോള്‍ മറക്കുന്നത് ചിക്കന്‍ ആയിരിക്കും...” ഞാന്‍ മോളോട് പറഞ്ഞു.അവള്‍ ഉമ്മയുടെ അടുത്തേക്ക് പോയി.അല്പം കഴിഞ്ഞ് ഒരു ലിസ്റ്റ് എനിക്ക് തന്നു.അത് ഇപ്രകാരം -

ചിക്കന്‍ - ( എന്ന് വച്ചാല്‍ നിങ്ങള്‍ക്ക് തോന്നുന്നത് )
ചെറുനാരങ്ങ - വിലകുറവാണെങ്കില്‍ 2 എണ്ണം
പപ്പടം - വലുതാണെങ്കില്‍ 1 പാക്കറ്റ്
കാരറ്റ് - ഇന്നത്തെ ആവശ്യത്തിന്
തൈര് - മില്‍മയാണെങ്കില്‍ വേണ്ട!
മല്ലിച്ചെപ്പ് - ചമ്മന്തിക്ക് മാത്രം

മാര്‍ക്കറ്റ് വിലക്ക് അനുസൃതമായി ഇത്രയും ഭംഗിയായി അടുക്കള ലിസ്റ്റ് തയ്യാറാക്കിയ ഭാര്യയോട്‌ എങ്ങനെ ഞാന്‍ നന്ദി പറയണം?

14 comments:

Areekkodan | അരീക്കോടന്‍ said...

മാര്‍ക്കറ്റ് വിലക്ക് അനുസൃതമായി ഇത്രയും ഭംഗിയായി അടുക്കള ലിസ്റ്റ് തയ്യാറാക്കിയ ഭാര്യയോട്‌ എങ്ങനെ ഞാന്‍ നന്ദി പറയണം?

എ ജെ said...

ഞാന്‍ ഇരുപത് കൊല്ലമായി. സ്ഥിതി ഇത് തന്നെ. ഒട്ടും പുരോഗമനം പ്രതീക്ഷിക്കേണ്ടതില്ല!

faisu madeena said...

അടുക്കള ലിസ്റ്റ് കൊള്ളാം..

പിന്നെ വിവാഹവാര്‍ഷിക ആശംസകള്‍ ..!

faisu madeena said...

ഓഹോ ,ഞാന്‍ ഈ ഫീല്‍ഡില്‍ പുതിയ ആളാ .അഞ്ചു മാസം ആയിട്ടുള്ളൂ ...അപ്പൊ ഇപ്പൊ ഉള്ളതിലും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട അല്ലേ ...?

प्रिन्स|പ്രിന്‍സ് said...

അടുക്കള ലിസ്റ്റ് നന്നായിട്ടുണ്ട്. ചുരുക്കത്തിൽ എന്തൊക്കെ വാങ്ങണമെന്നും എന്തളവിൽ വാങ്ങണമെന്നുമുള്ള കാര്യം ഇദ്ദേഹത്തിന്റെ മനോധർമത്തിനു വിടുന്നു, അല്ലേ... :)

Areekkodan | അരീക്കോടന്‍ said...

എ.ജെ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇല്ല ഞാന്‍ ശുഭാപ്തിവിശ്വാസക്കാരനാണ്!!!

ഫൈസു...കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല!

കൊച്ചനിയാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അവര്‍ കൈകഴുകി എന്ന്...

Cv Thankappan said...

മാഷെ,വൈഫും വല്ലാത്ത പിശുക്കി തന്നെ!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ശ്രീനാഥന്‍ said...

രസകരമായി. വെറുതെയല്ല വീട്ടിലൊരു ഭാര്യ! പിന്നെ, ഈ മിൽമ തൈരിന്റെ ഒരാരാധകൻ എന്ന നിലയിൽ ചെറിയ പ്രതിഷേധം.

ശിഖണ്ഡി said...

എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ യാണോ? ലിസ്റ്റ് എഴുതി.....!!!

Naushu said...

ലിസ്റ്റ് നന്നായിട്ടുണ്ട് ...... :)

Sameer Thikkodi said...

എല്ലാ പ്രാവശ്യവും ഇങ്ങനെ ലിസ്റ്റിൽ ക്രമീകരണം ആവശ്യം വരാറുണ്ടോ മാഷേ??

എന്തായാലും നോക്കിയും കണ്ടും വാങ്ങിയില്ലേൽ ..... കഥ എന്താവുമെന്ന് ഫൈസുവിനും അറിയാം...

പൊട്ടന്‍ said...

എവിടെയൊക്കെയോ ചെറു പുഞ്ചിരി വന്നു മാഷേ

G.MANU said...

ആണുങ്ങളുടെ കാ‍ര്യം ചിക്കന്‍ പോലെ അല്ലേ മാഷെ :)

Unknown said...

വായിക്കാൻ സുഖണ്ട്‌ മാഷെ. എഴുത് ധാരാളം.

Post a Comment

നന്ദി....വീണ്ടും വരിക