Pages

Thursday, October 31, 2013

അപ്പോ ഞാന്‍ ആരായി ?

          2007ലെ കുടുംബത്തോടൊപ്പമുള്ള ഹൈദരാബാദ് യാത്രക്ക് ശേഷം  ഡിപ്പാര്‍റ്റ്മെന്റ് ട്രെയ്‌നിംഗിന്റെ ഭാഗമായി എന്റെ രണ്ടാം ഹൈദരാബാദ് യാത്രയായിരുന്നു 29/10/2013 ന്. മുമ്പത്തെ യാത്രയില്‍ ട്രെയിന്‍ ബുക്കിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ടൂറിന്റെ തലതൊട്ടപ്പനും കുടുംബത്തില്‍ ഞങ്ങളുടെ തലമുറയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ മൂത്താപ്പയുടെ മകന്‍ കരീം മാസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ അതേ പറ്റി ഒന്നും അറിഞ്ഞിരുന്നില്ല.ഇപ്പോഴത്തെ യാത്ര ഒറ്റക്കായപ്പോഴാണ് കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് ഒരേ ഒരു ട്രെയ്നുള്ളത് തിരുവനന്തപുരത്ത് നിന്നുള്ള ശബരി എക്സ്‌പ്രെസ്സ് ആണെന്നും അതിന് ഷൊര്‍ണ്ണൂര്‍ ചെന്ന് കയറണമെന്നും എല്ലാം മനസ്സിലായത്.
            യാത്ര പുറപ്പെടുന്ന ദിവസം രാവിലെ തന്നെ എന്റെ ശ്രദ്ധയില്‍ പെട്ടത് മനോരമയുടെ മുഖപ്പേജിലെ വാര്‍ത്തയാണ് - ആന്ധ്രയിലും ഒഡീഷയിലും പേമാരി തുടരുന്നു , മരണം 35. വാര്‍ത്ത വായിച്ചപ്പോഴാണ് ഞാന്‍ ഇന്ന് പോകുന്ന ഹൈദരാബാദിലടക്കം ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടായതായി അറിഞ്ഞത്.ഉടന്‍ ഇപ്പോള്‍ ഗേറ്റ് എക്സാം കോച്ചിംഗിനായി ഹൈദരാബാദിലുള്ള എന്റെ മുന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ നഫ്സലിനെ വിളിച്ചു.നാല് ദിവസത്തെ കനത്ത മഴക്ക് ശേഷം ഇന്ന് നല്ല വെയില്‍ വന്നതായി അവന്‍ പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി.
   രാവിലെ പത്തേക്കാല്‍ മണിയോടെ ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങി.12:10ന് അങ്ങാടിപ്പുറത്തെത്തുന്ന നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ ഷൊര്‍ണ്ണൂരിലെത്തി അവിടെ നിന്നും നമസ്കാരവും ഭക്ഷണവും സമാധാനത്തോടെ കഴിച്ച് 2:25നുള്ള ട്രെയിനില്‍ കയറുക എന്നതായിരുന്നു എന്റെ ഉദ്ദേശം.അഥവാ അങ്ങാടിപ്പുറത്ത് നിന്നും ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ ബസ് മാര്‍ഗ്ഗം ഷൊര്‍ണ്ണൂരിലെത്താനുള്ള സമയം കൂടി കണ്ടായിരുന്നു ഇത്രയും നേരത്തെ ഇറങ്ങിയത്.
         മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കയറിയ ബസ്സിലെ കണ്ടക്ടറോട്‌ ട്രെയിന്‍ കിട്ടുമോ എന്ന ചോദ്യത്തിന് മറുപടി വളരെ കൂളായിരുന്നു - ഞങ്ങള്‍ 12:20ന് അവിടെ എത്തും, 12:40നുള്ള ട്രെയിന്‍ വരാന്‍ പിന്നേയും സമയം ധാരാളം.ആ മറുപടി എന്നെ സമാധാനിപ്പിച്ചെങ്കിലും അദ്ദേഹം പറഞ്ഞത് പഴയ ട്രെയിന്‍ സമയമാണെന്ന് പെട്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.എന്നാലും റെയില്‍‌വേ ഗേറ്റ് അടവും മറ്റും സ്ഥിരം അനുഭവപ്പെടുന്നയാള്‍ എന്ന നിലക്ക് അദ്ദേഹം പറഞ്ഞത് മുഖവിലക്കെടുത്ത് ഞാന്‍ എന്റെ ദുഷ്ചിന്ത ഒഴിവാക്കി.അങ്ങാടിപ്പുറത്തെത്തിയപ്പോള്‍ കണ്ട വാഹനങ്ങളുടെ നീണ്ടനിര ഗേറ്റ് അടവിന്റെ ലക്ഷണമായി പലരും കണക്കാക്കിയെങ്കിലും ഗേറ്റ് തുറന്നിട്ട നിലയില്‍ തന്നെയായിരുന്നു.
        ബസ്, തുറന്നിട്ട റെയില്‍‌വേ ഗേറ്റ് കടന്നതും ഗേറ്റ് അടക്കുന്ന അലാറം മുഴങ്ങാന്‍ തുടങ്ങി. ഷൊര്‍ണ്ണൂരിലേക്കോ നിലമ്പൂരിലേക്കോ ഉള്ള ട്രെയിന്‍ കടന്നു പോകാന്‍ സമയമായതായി ഞാന്‍ മനസ്സിലാക്കി.സമയം 12:25 മാത്രമേ ആയിരുന്നുള്ളൂ എന്നതിനാല്‍ ഞാന്‍ ബസ്സില്‍ നിന്നിറങ്ങി നേരെ സ്റ്റേഷനിലേക്ക് വച്ച് പിടിച്ചു.
        “കൂ....കൂ....” 
    ട്രെയിന്‍ കൂക്കുന്ന ശബ്ദം കേട്ട് വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ ഞാന്‍ എത്തി വലിഞ്ഞ് നോക്കി.അതാ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ കടന്നു പോകുന്നു!!കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ തിരിച്ച് ബസ്റ്റോപ്പിലേക്ക് തന്നെ ഓടി - ഗേറ്റ് തുറന്ന് വരുന്ന ആദ്യത്തെ ബസ് പിടിച്ച് പെരിന്തല്‍മണ്ണയിലെത്താന്‍.

           ആദ്യത്തെ ബസ്സില്‍ തന്നെ കയറിക്കൂടി പട്ടാമ്പി ബസ്സുകള്‍ പോകുന്ന സ്ഥലത്ത് ഇറക്കാന്‍ ഞാനാവശ്യപ്പെട്ടു.അവനിറക്കിയ സ്ഥലത്ത് ആദ്യം വന്ന പട്ടാമ്പി ബസ്സില്‍ തന്നെ കയറി.പട്ടാമ്പി എത്തുമ്പോഴേക്കും 50 മിനുട്ട് കഴിഞ്ഞിരുന്നു , മാത്രമല്ല പിറകെ വന്ന രണ്ട് ബസ്സുകള്‍ മറികടന്ന് പോവുകയും ചെയ്തിരുന്നു! അതിലൊന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള ടൌണ്‍ റ്റു ടൌണ്‍ കൂടി ആയിരുന്നതിനാല്‍ എനിക്ക് സങ്കടം തോന്നി.

     പട്ടാമ്പി സ്റ്റാന്റിലിറങ്ങി ഷൊര്‍ണ്ണൂരിലേക്ക് പുറപ്പെടുന്ന ബസില്‍ തൂങ്ങി നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടപ്പോള്‍ ഈ റൂട്ടിലെ ബസ്സിന്റെ ഫ്രീക്വന്‍സി മനസ്സിലായി.തൊട്ടു പിന്നിലെ കാലി ബസ് ഷൊര്‍ണ്ണൂരിലെത്തുന്ന സമയം അന്വേഷിച്ചപ്പോള്‍ 2:25 എന്ന മറുപടി കിട്ടി.2:25ന് ഞാന്‍ റിസര്‍വ്വ് ചെയ്ത ശബരി എക്സ്‌പ്രെസ്സ്  ഷൊര്‍ണ്ണൂര്‍ വിടും എന്നതിനാല്‍ ആദ്യം കണ്ട തിരക്കേറിയ ബസ്സില്‍ തന്നെ വലിഞ്ഞ് കയറി , കമ്പിയില്‍ തൂങ്ങുന്നവരുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു.
     തൂങ്ങിയും ആടിയും പാടിയും (ബസിലെ സി ഡി പ്ലെയര്‍ പാടുന്നുണ്ടായിരുന്നു) ഉള്ള യാത്രക്കൊടുവില്‍  ഷൊര്‍ണ്ണൂര്‍ റെയ്ല്‌വേ സ്റ്റേഷന് മുമ്പില്‍ ബസ് എത്തുമ്പോള്‍ സമയം 2:15 ആയിരുന്നു - ശബരി എക്സ്‌പ്രെസ്സ്  ഷൊര്‍ണ്ണൂരില്‍ എത്തുന്ന സമയം!! ഇന്ത്യയില്‍ ഇന്നേ വരെ കൃത്യ സമയത്ത് ട്രെയിന്‍ ഒരു സ്റ്റേഷനിലും എത്തിയിട്ടില്ല എന്ന് ഞാന്‍ സമാധാനിച്ചു. 7 പ്ലാറ്റ്ഫോമുകളോടെ ഈയിടെ കേരളത്തിലെ ഒന്നാം നമ്പര്‍ റെയ്ല്‌വേ സ്റ്റേഷന്‍ ആയി മാറിയ ഷൊര്‍ണ്ണൂരില്‍ ശബരി എക്സ്‌പ്രെസ്സ് എന്നെയും കാത്ത് ഏത് പ്ലാറ്റ്ഫോമില്‍ കിടക്കുന്നു എന്നറിയാന്‍ അല്പ സമയം വേണ്ടി വരും എന്നതിനാല്‍ ഞാന്‍ വേഗം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനടുത്തുള്ള എങ്ക്വയറി കൌണ്ടറിലേക്കോടി.അവിടെ കൌണ്ടറിലിരിക്കുന്നയാള്‍ പുറത്തെ വെള്ള ബോര്‍ഡില്‍ ട്രെയിന്‍ വിവരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഒരാളോട് അല്പം ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു “അതല്ലേ ഇതുവരെ നിങ്ങളോട് പറഞ്ഞത്....നാല് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയേ ഉള്ളൂ എന്ന്...“
         അദ്ദേഹം എഴുതിക്കൊണ്ടിരുന്നത് ഞാനും വായിച്ചു. 17229 Trivandrum Hyderabad Sabari Express Rescheduled to leave Trivandrum at 4PM , expected at Shornur Jn at 23:00 hours..." .!!!!അപ്പോ ഞാന്‍ ആരായി ?
വാല്‍: 2:15PM  ന് ഷൊര്‍ണ്ണൂരില്‍ എത്തേണ്ട ട്രെയിന്‍ എത്തിയത് 2:15AM  ന്. എന്റെ വാച്ച് പ്രകാരം കൃത്യ സമയം പാലിച്ച് എത്തുന്ന, ഞാന്‍ കാണുന്ന ആദ്യത്തെ ട്രെയിന്‍!( AMഉം  PMഉം ട്രെയിനിന് മനസ്സിലാകില്ലല്ലോ).അത് കാരണം ഓണം യാത്രയുടെ മുഴുമിപ്പിക്കാനുണ്ടായിരുന്ന രണ്ടര അധ്യായം പൂര്‍ത്തിയാക്കി(ഇനി ടൈപ്പണം)  , ഒപ്പം ഈ പോസ്റ്റിനുള്ള വിഷയവുമായി.

5 comments:

Areekkodan | അരീക്കോടന്‍ said...

അദ്ദേഹം എഴുതിക്കൊണ്ടിരുന്നത് ഞാനും വായിച്ചു. 17229 Trivandrum Hyderabad Sabari Express Rescheduled to leave Trivandrum at 4PM , expected at Shornur Jn at 23:00 hours..." .!!!!അപ്പോ ഞാന്‍ ആരായി ?

ശ്രീ said...

ഇഷ്ടം പോലെ സമയം കിട്ടിയല്ലോ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇതിനാ ഞങ്ങൾ ആലുവയിൽ ദാ ഇങ്ങനത്തെ ആളുകളെ വച്ചിരിക്കുന്നത്

ഇപ്പൊ വരും എന്ന് വിചാരിച്ച് സന്തോഷ്മായി ഇരുന്നോളും
ഒരു വിഷമവും ഇല്ല

ajith said...

ഒരു ഏയുടെയും പീയുടെയും വ്യത്യാസമല്ലേയുള്ളു

Sabu Kottotty said...

ബ്ലോഗാൻ ഓരോരോ കാരണങ്ങളേയ്...
(ബ്ലോഗാൽ തയ്യാറായി ബ്ലോഗർമാർ നിന്നാൽ വിഷയം റയിൽവേന്നും വരും...)

Post a Comment

നന്ദി....വീണ്ടും വരിക