Pages

Wednesday, April 23, 2014

സിനിമാ അവാർഡ് വിവാദങ്ങൾ ഇല്ലാതാക്കാൻ….

       മലയാള ചലചിത്ര അവാർഡ് പ്രഖ്യാപനം ഇത്തവണയും പതിവുകൾ തെറ്റിച്ചില്ല – സാസ്കാരിക വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസ്താവനകളും പുറത്തിറങ്ങി.ശ്രീ.സുരാജ് വെഞ്ഞാറമൂടിന് ഭരത് അവാർഡിന് പിന്നാലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചപ്പോൾ അത് ഇരട്ടിമധുരമായി എന്ന് അദ്ദേഹവും വരട്ടിക്കരിച്ചു എന്ന് മറ്റു ചിലരും അഭിപ്രായമിറക്കി.ഭരത് സുരാജിനെ അവാർഡ് നിർണ്ണയ ജൂറി അവഹേളിച്ചു എന്ന ആദ്യ വെടി പൊട്ടിയത് അദ്ദേഹത്തെ അതിനർഹനാക്കിയ “പേരറിയാത്തവർ” എന്ന സിനിമയുടെ സംവിധായകൻ ഡോ.ബിജുവിൽ നിന്ന് തന്നെയാണ്.

    ഏതായാലും കഴുതയായ പൊതുജനത്തിന് ഇരുകൂട്ടരോടും ചോദിക്കാൻ നിരവധി ചോദ്യങ്ങളുണ്ട്.ദേശീയ അവാർഡ് ജൂറിയും സംസ്ഥാന അവാർഡ് ജൂറിയും വ്യത്യസ്തമാണെന്ന് ഡോ.ബിജുവിന് അറിയാതിരിക്കാൻ വഴിയില്ല.സ്വാഭാവികമായും രണ്ടിന്റേയും തീരുമാനങ്ങൾ വ്യത്യസ്തമാകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്.അപ്പോൾ താങ്കളുടെ പ്രസ്താവനയിലൂടെ അപഹാസ്യമാക്കപ്പെടുന്നത് താങ്കൾ സ്വയവും അവഹേളിക്കപ്പെടുന്നത് ശ്രീ.ഭരത് സുരാജുമാണ്. ദേശീയ അവാർഡ് ജേതാവിന് തന്നെ സംസ്ഥാന അവാർഡും നൽകണം എന്ന് അവാർഡ് നിയമാവലിയിൽ എവിടെയും പറയുന്നില്ല.നേരത്തെ പ്രഖ്യാപിച്ച ദേശീയ അവാർഡ് സംസ്ഥാന അവാർഡ് ജൂറിയെ ഒട്ടും സ്വാധീനിച്ചില്ല എന്ന നല്ല സൂചനയാണ് ഒരു തരത്തിൽ ഈ അവാർഡ് പ്രഖ്യാപനം നൽകിയത്.

      എന്നാൽ സംസ്ഥാന അവാർഡ് ജൂറി തീരുമാനങ്ങൾ മുഴുവൻ കുറ്റമറ്റതാണ് എന്ന് എനിക്കഭിപ്രായമില്ല. മികച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് ഏത് മാനദണ്ഡം അനുസരിച്ചാണ് എന്നത് മലേഷ്യൻ വിമാനം കണക്കെ അഞാതമാണ്. മികച്ച ചിത്രം ഒരുക്കിയ സംവിധായകൻ തന്നെ ആയിരിക്കണം മികച്ച സംവിധായകൻ എന്ന് പൊതുജനം ധരിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല.ഇത്തവണ കെ.ജി ക്ലാസ്സുകളിൽ സമ്മാനം നൽകുന്ന പോലെ എല്ലാവർക്കും നൽകുന്ന രൂപത്തിലായി പോയി മേൽ അവാർഡുകൾ.മികച്ച ചിത്രം ഒന്ന്, സംവിധായകൻ വേറെ.അപ്പോൾ ജൂറിയിൽ ചില താല്പര്യങ്ങൾ കടന്നു കൂടിയോ എന്ന് ന്യായമായും സംശയം ഉയർന്നേക്കാം.

      അവാർഡും വിവാദങ്ങളും കൂടെപ്പിറപ്പായതിനാൽ വിവാദങ്ങൾ ഒഴിവാക്കാനുള്ള ചില ലളിതമായ രീതികൾ കൂടി പങ്കു വയ്ക്കട്ടെ.തീർച്ചയായും അവാർഡ് നിർണ്ണയം സുതാര്യമാക്കുന്ന കൂട്ടത്തിൽ വരും വർഷങ്ങളിൽ ഇവയും പരീക്ഷിക്കാവുന്നതാണ്.

1.            1.  അവാർഡുകളുടെ എണ്ണം പരിമിതപ്പെടുത്തി അപേക്ഷകർക്കെല്ലാം പ്രോത്സാഹന അവാർഡ് ഏർപ്പെടുത്തുക!(പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണല്ലോ വിവാദങ്ങൾ ഉണ്ടാകുന്നത്.എല്ലാവർക്കും ഓരോ അപ്പക്കഷ്ണം ഇട്ടു കൊടുത്താൽ അവരതിൽ ഒതുങ്ങിക്കൊള്ളും. പക്ഷേ നൽകുന്ന അവാർഡുകൾ വ്യത്യസ്ത പേരുകളിൽ ആവണം എന്ന് മാത്രം . ഉദാ:- മികച്ച സന്ദേശ ചിത്രം, മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച ചിത്രം )

2.                          2.   ദേശീയ അവാർഡിന് മുമ്പേ സംസ്ഥാന അവാർഡ് പ്രഖ്യാപ്പിക്കുക. സംസ്ഥാന അവാർഡ്
ലഭിച്ച സിനിമകൾ മാത്രം അതേ കാറ്റഗറിയിൽ ദേശീയ അവാർഡിന് സമർപ്പിക്കുക. (അത് സർക്കാർ വഴി മാത്രമേ സമർപ്പിക്കാവൂ എന്ന് മാത്രം).

3.    3. അവാർഡിന് പരിഗണിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പാകെ പ്രദർശിപ്പിച്ചവ ആയിരിക്കണം.പെട്ടിയിൽ ഉറങ്ങുന്ന ചിത്രങ്ങൾക്ക് സംസ്ഥാന-ദേശീയ അവാർഡുകൾ നൽകാൻ പാടില്ല.

4.        4. അവാർഡ് നിർണ്ണയത്തിൽ പ്രേക്ഷകാഭിപ്രായത്തിനും ഒരു വെയിറ്റേജ് നൽകുക. ഇതിന് ഓൺലൈൻ വോട്ടിംഗ് രീതി പരീക്ഷിക്കാവുന്നതാണ്.

5.    5. ജൂറി തീരുമാനം അന്തിമമായിരിക്കും എന്ന് അപേക്ഷ സമർപ്പണ വേളയിൽ തന്നെ അസന്നിഗ്ധമായി പ്രഖ്യാപ്പിക്കുക.അവാർഡ് തുകയുടെ അഞ്ചിരട്ടി കെട്ടി വച്ചതിന് ശേഷം മാത്രം ചോദ്യം ചെയ്യാനുള്ള അവസരം നൽകുക.

6.       6. 85 സിനിമയോളം ജൂറിയുടെ മുമ്പാകെ വന്നു എന്നും അതിനാൽ തന്നെ അടുത്ത വർഷം പ്രാഥമിക സ്ക്രീനിംഗ് ഏർപ്പെടുത്തും എന്നും മന്ത്രിയുടെ പ്രസ്താവന കണ്ടു.സ്ഥാനാർഥികൾ തുക കെട്ടി വയ്ക്കുന്ന പോലെ ഇവിടേയും ഒരു വരുമാനമാർഗ്ഗം പരീക്ഷിക്കാവുന്നതാണ്.


        എത്ര തന്നെ വിവാദമുണ്ടായാലും ഒരാഴ്ച്ച മാത്രമേ അവ മലയാളിയുടെ മനസ്സിൽ നിൽക്കൂ. അപ്പോഴേക്കും മറ്റൊരു വിഷയം അച്ചടി-ദൃശ്യ മാധ്യമങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ടാവും. ഇനി അടുത്ത അവാർഡ് പ്രഖ്യാപനം വരുമ്പോഴേ ഇവ വീണ്ടും ചർച്ചയാവുകയുള്ളൂ. ആയതിനാൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകി ഞാൻ ശശിയാവുന്നില്ല.

2 comments:

Areekkodan | അരീക്കോടന്‍ said...

അവാർഡും വിവാദങ്ങളും കൂടെപ്പിറപ്പായതിനാൽ വിവാദങ്ങൾ ഒഴിവാക്കാനുള്ള ചില ലളിതമായ രീതികൾ ചന്ദ്രിക ദിനപത്രത്തിൽ 22/4/14ന് പ്രസിദ്ധീകരിച്ച പ്രതികരണം

മുക്കുവന്‍ said...

1. jury's decision is final. ( ജൂറി തീരുമാനം അന്തിമമായിരിക്കും )
2. if you have complaint go to rule number 1

isn;t sufficient?

Post a Comment

നന്ദി....വീണ്ടും വരിക