Pages

Wednesday, May 21, 2014

നരേന്ദ്രമോഡി – ഇന്ത്യൻ വസന്തമോ ശൈത്യമോ ?

        ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സാക്ഷാൽ ശ്രീ. നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. നരേന്ദ്ര മോഡി എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക നരന്മാരുടേയും മോടിയും പത്രാസും നിലം‌പരിശായിരുന്ന ഒരു കാലഘട്ടം കടന്നുപോയി.ഒപ്പം കുറേ നിരപരാധികൾ പരലോകത്തേക്കും ‘കിടന്നു’പോയി എന്നത് പോയ ചരിത്രം.

       പക്ഷേ ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രെസ്സ് എന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്` ശേഷം ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിയായി ബി.ജെ.പി മാറി എന്നത്  വാഴ്ത്തപ്പെടേണ്ട ചരിത്രം തന്നെയാണ്.അതും മുപ്പത് വർഷത്തിന് ശേഷം സംഭവിച്ച ഒരു അത്ഭുതം.കഴിഞ്ഞ ആറോ ഏഴോ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ, രാജ്യത്ത് ഇനി ഒരിക്കലും ഒറ്റ പാർട്ടി ഭരണം ഉണ്ടാകില്ല എന്ന് രാഷ്ട്രീയ ബുദ്ധിജീവികൾ മുഴുവൻ പ്രവചിക്കാൻ ഇടവരുത്തിയിരുന്നു.അതെല്ലാം കാറ്റിൽ പറത്തിയാണ് മോദി എന്ന തരംഗം ഇന്ത്യ മുഴുവൻ ആഞ്ഞു വീശിയത്.

       ഗുജറാത്ത് കലാപത്തിന്റെ പച്ചയായ ചിത്രമായി , ജീവന് വേണ്ടി കൈകൂപ്പി യാചിക്കുന്ന അൻസാരി എന്ന മനുഷ്യനെ നാം ആരും അത്ര എളുപ്പം മറക്കില്ല.അന്ന് ഗർഭിണികളെ വരെ വെറുതെ വിട്ടില്ല എന്ന് ഇരകളുടെ ചരിത്രം പറഞ്ഞ പല കൃതികളും നമ്മോട് പറഞ്ഞു. മോഡിയുടെ മുഖ്യമന്ത്രി പദത്തിനേറ്റ ഏറ്റവും വലിയ കളങ്കവും അതു തന്നെയായിരുന്നു. ഔദ്യ്യൊഗിക കണക്കും യഥാർത്ഥ കണക്കും ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷികളുടെ എണ്ണത്തിൽ അജഗജാന്തരം കാണിച്ചു.അതുകൊണ്ട് തന്നെ മോഡി എന്നത് ന്യൂനപക്ഷ മനസ്സിൽ ഒരു രാക്ഷസനായി മാറി.ആ രൂപം ഇന്നും മനസ്സിൽ നിലനിൽക്കുന്നതിനാൽ മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലിംകൾ ഭയാശങ്കകളോടെയാണ് മോദിയുടെ വരവിനെ നോക്കിക്കാണുന്നത്.

          ഹിന്ദു വർഗ്ഗീയതയുടെ പര്യായമായ നിരവധി കക്ഷികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ഉണ്ട്.അവർ അവരുടേതായ അജണ്ടകൾ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരിലൂടെ നടപ്പാക്കിയാൽ പാവം ന്യൂനപക്ഷങ്ങൾക്ക് നോക്കി നിൽക്കാനേ സാധിക്കൂ എന്നത് സത്യം.പക്ഷേ മറ്റൊരു കോണിലൂടെയും  നമുക്ക് ചിന്തിക്കാം.സ്വന്തം സംസ്ഥാനത്ത് നടപ്പാക്കി വന്ന വർഗ്ഗീയ അജണ്ടകളുടെ പിന്നിലെ തിണ്ണബലം ഇന്ത്യ എന്ന മഹാരാജ്യത്ത് നടക്കില്ല.അതിനാൽ തന്നെ ബി.ജെ.പി യുടെ പ്രധാനമന്ത്രി എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ മോദിക്ക് മുമ്പിൽ നിരവധി വെല്ലുവിളികളുണ്ട്. അത് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വരും ദിവസങ്ങളിൽ മോദി നേരിടും എന്നത് തീർച്ച.എന്നിരുന്നാലും ബി.ജെ.പി എന്ന തൊട്ടുകൂടാത്ത പാർട്ടിയെ അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള കടപ്പാട് എന്ന നിലക്ക് അവരുടെ പഴയ പല അജണ്ടകളും മാറ്റി വയ്ക്കേണ്ടി വരും.അത് ആ പാർട്ടിയെ മിതവാദത്തിലേക്ക് നയിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യും.അങ്ങനെ വന്നാൽ ഇന്ത്യയുടെ ഗതി നിർണ്ണയത്തിൽ അത് ഒരു നാഴികക്കല്ലായി മാറും.


        എന്നാൽ മോദിയുടെ പ്രധാനമന്ത്രി പദാരോഹണ രക്തത്തിൽ എല്ലാവർക്കും പങ്കുണ്ട് എന്നാണ് എന്റെ പക്ഷം..ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും ഉറക്കം നടിച്ച ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ ഈ വിജയം. ശത്രു കാടിളക്കി പ്രചാരണം നയിക്കുമ്പോഴും പരസ്പരം ചെളിവാരി എറിഞ്ഞ് വർഗ്ഗീയ കക്ഷികൾക്ക് വളം വച്ചു കൊടുത്ത കോൺഗ്രെസ്സും സി.പി.എമ്മും അടക്കമുള്ള ഇടതും വലതുമുള്ള എല്ലാവരും കാവി പുതച്ച ഇന്ത്യയെ കണ്ട് പകച്ചു നിൽക്കുകയാണ്.കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും എന്നത് ഇപ്പോഴെങ്കിലും മനസ്സിലാക്കുക.അഞ്ചു വർഷത്തേക്ക് പ്രധാനമന്ത്രി കസേര ഭദ്രമായി എന്നാണ് ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ നിയുക്ത പ്രധാനമന്ത്രി കരുതുന്നത്. പക്ഷേ ബി.ജെ.പിയുടെ ദേശീയ നേതാക്കളായി പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള നിരവധി പേർ അവസരം കാത്ത് ഇരിക്കുന്നുണ്ട് എന്നത് മോദിയുടെ ഉള്ളീൽ അല്പം ഭയാശങ്കകൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ നാം ദർശിച്ച ആ കണ്ണീർ. ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ സ്വതന്ത്രനായി ഇരിക്കണം എന്ന മോഹം വയസ്സുകാലത്തും കെടാതെ സൂക്ഷിക്കുന്ന സാക്ഷാൽ അദ്വാനിജിയുടെ ഇപ്പോഴത്തെ മൌനം കൊടുങ്കാറ്റിന് മുമ്പെയുള്ള ശാന്തതയാണോ എന്ന് ന്യായമായും സംശയിക്കുന്നു.


         ഗുജരാത്ത് നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട്  280ന് മുകളിൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും 500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം. “IF WINTER COMES , CAN SPRING BE FAR BEHIND” എന്നാണല്ലോ .

13 comments:

Areekkodan | അരീക്കോടന്‍ said...

IF WINTER COMES , CAN SPRING BE FAR BEHIND” എന്നാണല്ലോ .....

വീകെ said...

ഭയാശങ്കകളെന്തായാലും നമുക്ക് കാത്തിരിക്കാമെന്നു മാത്രമേ പറയാനാവൂ. മൃഗീയ ഭൂരിപക്ഷം, അഞ്ചു വർഷം കഴിഞ്ഞും തിരിച്ചു വരണമെന്ന തിരിച്ചറിവു മാത്രം മതിയാകും ഒരു സൽഭരണം നടപ്പിലാക്കിക്കാണിക്കാൻ..

Echmukutty said...

പരസ്പരം ചെളിവാരി എറിഞ്ഞ് വർഗ്ഗീയ കക്ഷികൾക്ക് വളം വച്ചു കൊടുത്ത കോൺഗ്രെസ്സും സി.പി.എമ്മും അടക്കമുള്ള ഇടതും വലതുമുള്ള എല്ലാവരും കാവി പുതച്ച ഇന്ത്യയെ കണ്ട് പകച്ചു നിൽക്കുകയാണ്.....

ഈ വരിയിലെ മിന്നുന്ന സത്യം...സല്യൂട്ട് മാഷെ..

ഗൗരിനാഥന്‍ said...

അതെ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി എന്നതാണ് ഓര്‍ക്കുന്നതു..ബിജെപ്പിയുടേതെന്നു ഓര്‍ത്താല്‍ ആദിവാസികളും, മുസ്ലിംങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങ്ലുടെ അവകാശങ്ങള്‍ ഹനിക്കാനാണ് സാധ്യത എന്നും മനസ്സില്‍ പറയുന്നു..അതിനെ മറികടക്കാന്‍ ഇങ്ങനെ പോസിറ്റീവായി ചിന്തിക്കുക തന്നെ ഭേദം!

ഫൈസല്‍ ബാബു said...

കാത്തിരുന്നു കാണാം !! . അതല്ലേ നമുക്ക് പറ്റൂ

Unknown said...

ഒരു സംശയം ചോദിക്കട്ടെ സുഹൃത്തെ...മേൽപ്പറഞ്ഞ ഈ കൈകൂപ്പി നിൽക്കുന്ന അൻസാരി,(ഇരയും വേട്ടക്കാരനും ഒരേ വേദിയിൽ എന്നും പറഞ്ഞ് പിണറായി കേരളത്തിൽ കൊണ്ടു വന്നതിന്റെ പിറ്റേന്ന് ) ആ ചിത്രത്തെക്കുറിച്ച് പറഞ്ഞ പത്രവാർത്ത താങ്കൾ കണ്ടില്ലെന്നുണ്ടോ? പിന്നെ ഈ ഗർഭിണി-ശൂലം കഥ പുറത്തിറക്കിയ അരുന്ധതീറോയി അതു സത്യമെങ്കിൽ എന്തു കൊണ്ട് അവരുടെ പ്രസ്താവനക്ക് തെളിവു നൽകാനായി ആ സുഹൃത്തിനെ അന്വേഷണ ഉദ്യോഗസ്തർക്കു മുന്നിൽ കൊണ്ടുവന്നില്ല എന്നു നിങ്ങൾ അന്വേഷിച്ചുവോ?..... താങ്കൾ വളരെയധികം ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ ആണല്ലോ ഇതൊക്കെ നിരത്തി എഴുതിയിരിക്കുന്നത്... അപ്പോൾ അതിന്റെ യഥാർഥ വസ്തുതകൾ വായനക്കാരെ കൂടി അറിയിക്കേണ്ട ചുമതല താങ്കൾക്കുണ്ട്....ഒരു ലിങ്ക് എങ്കിലും തരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടത്തെ ന്യൂനപക്ഷത്തിന്റെ ഇടയിൽ മോഡിയെക്കുറിച്ച് ഒരു ഭയം കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഇവിടത്തെ ഇരു മുന്നണികൾക്കുമാണ്.... അവരുടെ തെറ്റുകൾ മറക്കുന്നതിനും ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതിനുമായി അവർ തിരഞ്ഞെടുത്ത പ്രചാരണമാർഗ്ഗമായതു കൊണ്ട്....

ഹിന്ദു വർഗ്ഗീയത...എന്നു പറഞ്ഞു കണ്ടു, ഹിന്ദു എന്ന രണ്ടു വാക്കു പറഞ്ഞു പോയാൽ ആപ്പോൾ അതു വർഗ്ഗീയത ആയി....എന്നാൽ ഈ രാജ്യത്ത് ഒരു ബോംബു പൊട്ടുകയോ, ഒരു വെടിയുതിർക്കുകയോ ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ പിന്നിൽ ഉള്ളവരായി പറഞ്ഞു കേൾക്കുന്നത് ഏതു സമുദായക്കാരന്റെ പേരു ആണെന്നു കൂടി പറയുമോ?.... അങ്ങിനെയാകുമ്പോൾ ഈ ജനത ഇന്ന് ഏറ്റവും അധികം ഭയപ്പെടേണ്ടത് സത്യത്തിൽ ഈ പറയുന്ന, -------പക്ഷത്തെ അല്ലേ.....?

ലോക ജനത വരെ വളരെ ആദരപൂർവ്വം നോക്കിക്കാണുന്ന ഇന്ത്യൻ ജനാധിപത്യത്തെ ബഹുമാനിക്കാതേയും അംഗീകരിക്കാതേയും മനസ്സിൽ വർഗ്ഗീയതയുടെ കുഷ്ഠം കൊണ്ടു നടക്കുന്ന പല പകൽമാന്യന്മാരും ഇവിടെ ഉണ്ട്.........ഇന്ന്.... ഇന്ത്യക്കാരായി....

Areekkodan | അരീക്കോടന്‍ said...

വീ.കെ....അതെന്നെ..2019ൽ എല്ലാ ഇന്ത്യക്കാർക്കും സമ്മതമായ ഒരു റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാൻ സാധിക്കുന്ന വിധത്തിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശ്രീ.നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഒപ്പം ഇന്ത്യക്കും അഭിമാനിക്കാം.

എച്മൂ....സത്യം എന്തെന്ന് മനസ്സിലായിട്ടും പ്രവർത്തക സമിതിയും പോളിറ്റ് ബ്യൂറോയും സംസ്ഥാന സമിതികളും എല്ലാം അവലോകനങ്ങളും കുമ്പ്സാ‍രങ്ങളും നടത്തി പൊട്ടൻ നാടകം കളിക്കുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത് .

ഗൌരീനാഥൻ....ശ്രീ.മോഡിയുടെ വാക്കുകൾ തന്നെ കടമെടുക്കട്ടെ....ശുഭാപ്തി വിശ്വാസമുള്ളവർക്ക് മാത്രമേ ശുഭപ്രതീക്ഷകൾ കൊണ്ടുവരാൻ കഴിയൂ....

ഫൈസൽ.....അതെ, ഇത്രയും സഹിച്ചവർക്ക് ഇനിയും ശുഭപ്രതീക്ഷകൾ പുലർത്താം...

Areekkodan | അരീക്കോടന്‍ said...

Sum.....അൻസാരിയെ വെറുതെ വിട്ടു എന്നതും അതേ സമയം ഗർഭിണിയെ ശൂലം കുത്തിക്കയറ്റി എന്നതും നേരിട്ട് വിശ്വസിക്കാൻ ഞാനും തയ്യാറല്ല.ഞാൻ അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടുമില്ല.പക്ഷേ ഗുജറാത്ത് കലാപത്തെ പറ്റി വായിച്ചിടത്തോളം എല്ലാ റിപ്പോർട്ടുകളിലും ഇതിൽ ഏതെങ്കിലും ഒന്ന് പറയാതിരുന്നിട്ടില്ല.ഇപ്പോൾ അവസാനം വികിപീഡിയ എന്ത് പറയുന്നു എന്നും വായിച്ചു നോക്കി.(http://en.wikipedia.org/wiki/2002_Gujarat_riots) അതിലും ഗർഭിണികളേയും കുട്ടികളേയു ജീവനോടെ കത്തിച്ചു എന്ന് പറയുന്നു.(.....Children were force fed petrol and then set on fire, pregnant women were gutted and their unborn child's body then shown to the women. In the Naroda Patiya mass grave of 96 bodies 46 were women. The murderers also flooded homes and electrocuted entire families inside.[68] Violence against women also included their being stripped naked, objects being forced into their bodies and then their being killed....).ഈ അടുത്ത് ഗുജറത്തിൽ പോലീസ് ഉദ്യ്യൊഗസ്ഥനായിരുന്ന ശ്രീ.ആർ.ബി ശ്രീകുമാർ എഴുതിയ ഒരു പുസ്തകത്തെപറ്റി കേട്ടു.വായിക്കാൻ കിട്ടിയില്ല.അതും കൂടി വായിക്കുമ്പോൾ ചിത്രം പൂർണ്ണമാകും എന്ന് പ്രതീക്ഷിക്കുന്നു.

അതേപോലെ ‘മോഡിഭയം’ അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവൃത്തികളുടെ സൃഷ്ടിയാണ് (ഇരുമുന്നണികളേക്കാളും മാധ്യമങ്ങൾ ആണ് അത് സൃഷ്ടിച്ചത് എന്നാണ് എന്റെ പക്ഷം).എന്നുവച്ച് അതെല്ലാം ആവർത്തിക്കും എന്ന് എനിക്ക് അഭിപ്രായമില്ല.ഹിന്ദു എന്നത് ഒരിക്കലും വർഗ്ഗീയതയല്ല.പക്ഷേ വിശ്വാസത്തിന്റെ പേരിൽ വർഗ്ഗീയത കളിക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്.അത്തരത്തിൽ ചിലർ രാഷ്ട്രീയകക്ഷികളായി രെജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അത് ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും മറ്റു മതങ്ങളിൽ പെട്ടവരിലും ഉണ്ട്.എന്തിനധികം മതേതര പാർട്ടികൾ എന്നറിയപ്പെടുന്ന കോൺഗ്രെസ്സും സി.പി.എമ്മും പിന്നെ ഉത്ത്രേന്ത്യയിലെ എസ്.പിയും ബി.എസ്.പിയും എല്ലാം മുസ്ലിം വോട്ടുകൾ കൂടുതലുള്ള സ്ഥലത്ത് മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തി പച്ചയായി വർഗ്ഗീയ കാർഡ് ഇറക്കിയവർ ആണ്.അത്കൊണ്ട് തന്നെയാണ് നരേന്ദ്രമോദി ഇന്ത്യൻ വസന്തമോ ശൈത്യമോ ആവുക എന്ന ചോദ്യം എന്റെ മനസ്സിൽ ഉദിച്ചതും.

താങ്കളുടെ നിരീക്ഷണങ്ങൾക്കും അഭിപ്രായത്തിനും ഏറെ നന്ദി അർപ്പിക്കുന്നു.

Anonymous said...

​​ടിവിയും പത്രങ്ങളും എന്നു വേണ്ട കണ്മുൻപിൽ കാണുന്നതിലെല്ലാം ഇതേ വിഷയത്തിലുള്ള ചർച്ചകൾ കണ്ട് സഹി കെട്ടതു കൊണ്ട് മാത്രമാണ് ഈ മറുപടി എന്ന ആമുഖത്തോടെ പറഞ്ഞു തുടങ്ങട്ടെ....
താങ്കളുൾപ്പെടുന്നവരുടെ പേടി തുടങ്ങിയതെങ്ങിനെയാണ്....
സ്വയം തോന്നിയതോ... അതോ.... കപട മതേതരത്വം പറഞ്ഞു നടക്കുന്ന മുന്നണികളുടെ പ്രചാരണത്തിൽ നിന്നുദിച്ചതോ..?
വാർത്തകൾക്കുഴറി നടക്കുന്ന മാധ്യമപ്പടയുടെ പങ്കും ഇല്ലെന്നാണോ....?
വാർത്തകളുടേയും കേട്ടറിവിന്റേയും പുകമറയ്കുള്ളിൽ ഉള്ളതല്ലാതെ ഈ പേടിയ്ക് താങ്കളുടേതായ കാരണം എത്ര മാത്രമുണ്ട്...?
സ്വയം മുസ്ലീമായും ഹിന്ദുക്കൾക്ക് അവരോട് വിദ്വേഷമുണ്ടെന്നുമുള്ള രാഷ്ട്രീയപ്രചാരണങ്ങൾക്കപ്പുറം മനുഷ്യരായി പരസ്പരം കാണാനും അവരവരുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ബഹുമാനിക്കാനും ശ്രമിച്ചിട്ടുണ്ടോ... അല്ലെങ്കിൽ അതിനു കഴിയുന്ന ന്യൂനപക്ഷമായി കൊണ്ടിരിക്കുന്ന കുറച്ചു പേരെയെങ്കിലും..... ?
സാധാരണക്കാരന്റെ ചിന്തയിൽ മാറ്റങ്ങൾ വന്നിരിക്കുന്നു... മറ്റുള്ളവന്റെ വാക്കിനു സ്വയം വിൽക്കാതെ സ്വന്തം യുക്തിയ്ക് വില കൊടുക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നണു ഞാൻ മനസിലാക്കുന്നത്..
ആഭ്യന്തരപ്രശ്നങ്ങളെക്കാൾ സ്വന്തം ജീവനും സ്വത്തിനും സംരക്ഷണവും അടിസ്ഥാനാവശ്യങ്ങളും പ്രധാനമായി കാണുന്ന സാധാരണക്കാരന്റെ പ്രതീക്ഷകളുടെ ഭാരമാണ് ഇന്ന് നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രിയുടെ സൃഷ്ടിയുടെ കാരണമെന്ന് തിരിച്ചറിയേണ്ടതല്ലേ...
അങ്ങു ദൂരെ ഗുജറാത്തിൽ നടന്ന കൊല താങ്കൾക്ക് ഭയം ജനിപ്പിക്കുന്നു എങ്കിൽ സ്വന്തം മണ്ണിൽ ദാരുണമായി കൊലചെയ്യപ്പെട്ട ‘ടിപി‘ എന്ന ‘മനുഷ്യൻ’ താങ്കളെയെന്തു കൊണ്ട് ചിന്തിപ്പിക്കുന്നില്ല.... ? എന്തു കാരണം കൊണ്ടാണെങ്കിൽ തന്നെയും ഒരു മനുഷ്യനെ ഇത്തരത്തിൽ കൊന്നവർക്ക് എന്ത് ന്യായമാണു താങ്കൾ നൽകുന്നത്... ? കേരളത്തിലെ കുപ്രസിദ്ധമായ രാഷ്ട്രീയകൊലകളിൽ പൊതുവായി കാണുന്ന രാഷ്ട്രീയ പാർട്ടിയെ താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ.... ലീഗെന്നും ബിജെപി എന്നും ഒരു ഭാഗം മാത്രം മാറുമ്പോൾ മറുഭാഗത്തെ പേരു ഒന്നു തന്നെയാണ്... ? അത് എന്ത് വർഗീയതയുടെ പേരിലാണ് അവർ ചെയ്യുന്നതെന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ.... ? അൻസാരിയെ കേരളത്തിൽ കൊണ്ടു വന്ന് പ്രദർശിപ്പിച്ചതിലൂടെ ഇവർക്കെന്ത് മാത്രം കപടതയുണ്ട് എന്ന് അവർ തന്നെ തെളിയിച്ചു...
മുല്ലപ്പെരിയാറെന്ന ഭയം ഓരോ നിശ്വാസത്തിലും അനുഭവിക്കുന്ന ജനവിഭാഗത്തെ താങ്കൾക്ക് മറന്നു കളയാനാകുന്നുണ്ടോ... ? ഹൈക്കമാൻഡിന്റേയും പിബിയുടെയും പേരു പറഞ്ഞ് ഒഴിഞ്ഞു നിന്നതല്ലാതെ താങ്കൾ ആശ്രയമായി കണ്ട ഈ മുന്നണികൾ സാധാരണക്കാരായ ഇവർക്ക് വേണ്ടി എന്ത് ചെയ്തു... ? മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ അറസ്തിലായ ഇറ്റലിക്കാർക്ക് സുഖസൌകര്യങ്ങളൊരുക്കാനും അവർക്ക് വേണ്ടി സംസാരിക്കാനും മുന്നോട്ട് വന്നവർ മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽ സ്വയം തോറ്റു കൊടുക്കുകയായിരുന്നില്ലെ എന്നും സംശയിക്കേണ്ടി വരുന്നു.... ക്രിസ്തുമസ് ആഘോഷിക്കാൻ കൊലപാതകികൾക്ക് ലീവ് കൊടുത്ത് ഇറ്റലിയിൽ നിന്ന് വിനോദസഞ്ചാരത്തിനു വന്നവരെ പോലെ പരിചരിച്ചവരെ എനെയാണ് ഉൾകൊള്ളാനാവുക... ? മറ്റേത് രാജ്യത്തുണ്ട് ഇങ്ങനൊരു ഇടപാട്... ?

Anonymous said...

മോഡിയുടെ വിജയം ഒരിക്കലും ബിജെപി എന്ന പാർട്ടിയോടുള്ള സ്വാധീനമല്ല മറിച്ച് സാധാരണക്കാരനു വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്നു എന്ന ഒരൊറ്റ കാരണമേ ഞാൻ കാണുന്നുള്ളൂ... അത് കാപട്യമല്ല എന്ന് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്...
പരസ്പരം ചെളിവാരി എറിഞ്ഞു എന്ന് താങ്കൾ എന്തർത്ഥത്തിലാണ് പറഞ്ഞത് മൂന്നാം മുന്നണിയും മറ്റും പറഞ്ഞ് ഒപ്പം വർഗീയത പറഞ്ഞ് ജനങ്ങളിൽ ഭയം സൃഷ്ടിച്ച് നടന്ന ഇടതും തങ്ങളുടെ വിജയത്തിനു ഇടതിന്റെ സഹായം ആവശ്യപ്പെട്ട ആന്റണിയുടെ കോൺഗ്രസ്സും പൊതുശത്രുവായി കണ്ട് ബിജെപിയ്കെതിരെ നിന്നു എന്നല്ലാതെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് താങ്കൾ എവിടെയെങ്കിലും കണ്ടിരുന്നോ...? ഈ രണ്ടു മുന്നണികളും ജനങ്ങലെ വിഡ്ഡികളാക്കി നടത്തികൊണ്ടിരിക്കുന്ന നാടകങ്ങൾ കണ്ട് അനുഭവിച്ച് പൊറുതി മുട്ടിയ ജനങ്ങളുടെ അസഹിഷ്ണുതയാണ് കേരളത്തിലെ ബിജെപിയുടെ വോട്ടിലുണ്ടായ വർദ്ധന കാണിച്ചു തരുന്നത്... സ്വന്തം സംസ്കാരത്തേയും ചിന്താശക്തിയേയും മറ്റുള്ളവർക്ക് അടിയറ വച്ച തലമുറയല്ല, മറിച്ച് സ്വയം ചിന്തിക്കുന്ന ജനവിഭാഗത്തിന്റെ വളർച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്.... സ്വയം മുന്നോട്ട് വന്നിരുന്ന ജനങ്ങൾ നയിച്ചിരുന്ന പാർട്ടിപ്രകടനങ്ങൾക്ക് ഇന്ന് അങ്ങോട്ട് കാശു കൊടുത്ത് കൊണ്ടു വരുന്ന ബംഗാളികളടക്കമുള്ള ആളുകളെ ആശ്രയിക്കുന്ന ഇത്തരം പാർട്ടികളോടുള്ള താങ്കളുടെ കാഴ്ചപ്പാട് എന്തിന്റെ പേരിലാണ്... ?
ഇതേ കാരണം കൊണ്ട് ഉയർന്നു വന്ന “ആം ആദ്മി” ഇതേ സത്യത്തെയാണ് മുന്നോട്ട് വയ്കുന്നത്.... അവരെ കപടമതേതരമുന്നണികൾ “അരാഷ്ട്രീയർ” എന്നു വിളിച്ചു... അവർ മുന്നോട്ട് വയ്കുന്നത് മാത്രമാണ് രാഷ്ട്രീയം എന്നാണോ.... സ്വാർത്ഥതാല്പര്യത്തോടെയുള്ള അവരുടെ രാഷ്ട്രീയപ്രമാണങ്ങൾക്ക് ഇവരുദ്ഘോഷിക്കുന്ന പ്രത്യയശാ‍ാസ്ത്രങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് താങ്കൾ എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.... ?
ഇന്ന് മോഡി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ഉള്ളത് പ്രതീക്ഷ മാത്രമാണ്...
അല്ലാതെ സ്വന്തം നിലനില്പിനു വേണ്ടി ജനങ്ങളിൽ അകാരണഭയം സൃഷ്ടിച്ചെടുക്കാൻ മത്സരിക്കുന്ന മുന്നണികളുടെ കുടിലതന്ത്രത്തിനടിപ്പെട്ടു പോയിട്ടില്ല ബഹുഭൂരിപക്ഷം ജനങ്ങളും....
ഇന്നലെ വരെ മോഡി “ഏകാധിപതി“ ആയിരുന്നു. ആരെയും വക വക്കില്ല... സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കും എന്നൊക്കെയായിരുന്നു ആരോപണം..
എന്നാൽ, ഇന്നത്തെ കണ്ടുപിടിത്തം ബിജെപിയിൽ ആരോപിക്കപ്പെടുന്ന വർഗീയതയുടെ, ഘടകകക്ഷികളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കും എന്നാണ്...
അഴിമതി മുഖ്യപ്രശ്നമായി അവതരിപ്പിച്ച് മുന്നോട്ട് വന്ന ആം ആദ്മി പോലും തിരഞ്ഞെടുപ്പിൽ കാണിച്ചത് മോഡിവിരുദ്ധത മാത്രമായിരുന്നു..
അഴിമതികളുടെ നിറകുടമായ കോൺഗ്രസ്സിനെതിരെയോ അവരുടെ കഴിഞ്ഞകാല നിലപാടുകളെ വെളിപ്പെടുത്താനോ ശ്രമിക്കാതെ മോഡി / ബിജെപി വിരുദ്ധപ്രസ്താവനകളിൽ ഒതുങ്ങി കൊണ്ട് കോൺഗ്രസ്സിനു വേണ്ടി നടത്തിയ പരോക്ഷസഹായമാണ് ജനങ്ങൾക്കവരിലെ വിശ്വാസം നഷ്ടപ്പെടുത്തിയത്...
ബിജെപിയുടെ വർഗീയതയോ മോഡിയുടെ ലക്ഷ്യങ്ങളോ എന്റെ വിഷയമല്ല... സാധാരണക്കാരായ ജനങ്ങളുടേയും ജന്മഭൂമിയുടെ അഭിമാനത്തേയും ഉയർത്തിപ്പിടിച്ചു കൊണ്ട് മോഡിയെന്ന പ്രധാനമന്ത്രി മുന്നോട്ട് വരുമ്പോൾ....
ഇത്രനാളും ഇന്ത്യയെ നേരിട്ടും പരോക്ഷമായും അടിമപ്പെടുത്താൻ കഴിഞ്ഞ രാഷ്ട്രങ്ങൾ പോലും ബഹുമാനം കാണിക്കുമ്പോൾ...
ഇന്ത്യക്കാരനെന്ന നിലയിൽ എനിക്കഭിമാനമുണ്ട്...
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് മോഡി... പട്ടാള അട്ടിമറി പോലെ ജനാദിപത്യവിരുദ്ധമായല്ല ഈ നടപടി...
അതു കൊണ്ട് തന്നെ ഇന്ത്യയെ... അതിന്റെ സംസ്കാരത്തെ... അതിന്റെ ബലമായ ജനാധിപത്യത്തെ ബഹുമാനിച്ചു കൊണ്ട് വരും നാളുകളിലേക്ക് പ്രതീക്ഷ വക്കുന്നു.... 10 വർഷത്തോളം നരകിച്ച ഈ ജനതയ്ക് ഇനിയെന്തിനേയും നേരിടാനാവും... ഒറ്റയടിക്കുള്ള നാശമാണെങ്കിൽ കൂടി അതൊരു പക്ഷെ ഭാഗ്യമെന്നും വിലയിരുത്തപ്പെട്ടേക്കും.....
മോഡി കൊണ്ട് വരുന്നത് “ശൈത്യമോ വേനലോ” എന്ന് കാലം തെളിയിക്കട്ടെ...

പിന്നെ, പ്രധാനമന്ത്രിയെ ഭീഷണിയെന്നൊക്കെ അവതരിപ്പിക്കുന്നതും കുറ്റമാണ്... ജനാധിപത്യവിരുദ്ധം... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട... :)​

Areekkodan | അരീക്കോടന്‍ said...

തൂലിക....മസ്തിഷ്കം ഒരു പാർട്ടിക്കും ഇന്നുവരെ പണയപ്പെടുത്താത്ത ഒരാളാണെന്ന് താങ്കൾ എന്ന് ഞാൻ കരുതുന്നു.ഇന്ത്യയിലെ എൻ.ഡി.എ വിരുദ്ധ കക്ഷികൾ അത് ഇടതായാലും വലതായാലും മൂന്നാം മുന്നണിയയാലും മറ്റേത് മുന്നണി അല്ല്ങ്കിൽ പാർട്ടിയായാലും ചെയ്തു കൂട്ടിയ സംഗതികൾ നല്ലതാണെന്ന് എനിക്കഭിപ്രായമില്ല.അവർ എല്ലാവരും ഒരേ സമയം മോഡിയെ ഭയന്നു.എന്നാൽ പരസ്പരം പോരടിക്കുകയും ചെയ്തു.അതിനാൽ മോദിക്ക് സംഗതി പ്രതീക്ഷിച്ചതിലും കൂടുതൽ എളുപ്പവുമായി.

പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിഞ്ഞകാല ചരിത്രം ഉഴുതുമറിക്കാതെ ശുഭാപ്തിയോടെ നമുക്ക് ഭാവിയിലേക്ക് നോക്കാം എന്ന് തന്നെയാണ് ഞാനും അഭിപ്റ്രായപ്പെട്ടിട്ടുള്ളൂ‍ൂ.അല്ലാതെ മോഡി വരുന്നതുകൊണ്ട് ഇന്ത്യ മുഴുവൻ കലങ്ങിമറിയും എന്നും ന്യൂനപക്ഷം രാജ്യം വിടേണ്ടി വരും എന്നൊന്നും എനിക്കഭിപ്രായമില്ല.മതേതര രാജ്യം എന്ന നിലക്ക് എല്ലാ മത വിഭാഗങ്ങളേയും തുല്യപരിഗണനയോടെ കാണാൻ ഭരണകക്ഷിക്ക് സാധിക്കണം.എല്ലാ മതങ്ങളേയും ആദരിക്കണം എന്ന് തന്നെയാണ് ഇസ്ലാം മതവും പഠിപ്പിക്കുന്നത്.അതിനിടയിൽ ചിലർ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർ ഉൾക്കൊള്ളുന്ന മതത്തെ അന്ധമായി എതിർക്കാൻ പ്രേരകമാകുന്നു.എല്ലാ മതത്തിലും നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ എനിക്ക് സാധ്യമല്ല.നല്ലത് പ്രവർത്തിക്കുന്നത് ആരാണെങ്കിലും അതിന് പിന്തുണ നൽകാൻ സാധിക്കുന്നവരാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നത്.അല്ലാതെ പാർട്ടിക്ക് മസ്തിഷ്കം പണയം വച്ചവർ അല്ല.അതിനാൽ തന്നെ മുന്നിൽ കഴിഞ്ഞ് പോയത് ശൈത്യമോ വേനലോ എന്നത് പുതിയ ഇന്ത്യൻ പ്രധാനമന്ത്രി തെളിയിക്കട്ടെ.

ഈ തുറന്ന അഭിപ്രായപ്രകടനത്തിന് നന്ദിയർപ്പിക്കുന്നു.

Manikandan said...

മുൻവിധികൾ മാറ്റിവെച്ച് കാത്തിരിക്കാം. നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻ ഡി എ സർക്കാരിന്റെ ഭരണം എന്നിട്ട് വിമർശിക്കാം. ഒരു കാര്യത്തിൽ സന്തോഷമുണ്ട് മുപ്പത് വർഷങ്ങൾക്ക് ശേഷം ഒരു രാഷ്‌ട്രീയപ്പാർട്ടിയ്ക്ക് / ഒരു രാഷ്‌ട്രീയസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം (പാർലമെന്റിലെ അംഗസംഖ്യയിൽ) ഉണ്ടായിരിക്കുന്നു. പ്രാദേശീകകക്ഷികൾക്ക് കാര്യമായ പ്രസക്തി ഇല്ലാതായിരിക്കുന്നു. അതിൽ സന്തോഷം

ajith said...

കാങ്കിരസ് വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നേടിക്കൊടുത്ത ജയമാണ് ബീജേപ്പിയുടേത്. അത്രയ്ക്ക് മടുത്തു ജനം. തെരഞ്ഞെടുക്കാന്‍ വേറൊന്ന് ഇല്ലാതെ പോയതിന്റെ കുഴപ്പം! ല്ലാണ്ടെന്ത്!!

Post a Comment

നന്ദി....വീണ്ടും വരിക