Pages

Friday, May 30, 2014

ഓൺലൈൻ അടുക്കളത്തോട്ടം !!

           ഓൺലൈൻ സൌഹൃദങ്ങൾ കപടമാണെന്ന ഒരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്.ഞാനും ഏറെക്കുറെ അതിനെ പിന്താങ്ങുന്നു.ചാറ്റിംഗിലൂടെ വളരുന്ന മിഥ്യാസൌഹൃദങ്ങൾ ഓഫ്‌ലൈൻ ആക്കാൻ ശ്രമിച്ച് പരസ്പരം തിരിച്ചറിയുമ്പോൾ ആണ് താനിത്രകാലം സമയം ചെലവഴിച്ചത് പാഴായല്ലോ എന്ന് മനസ്സിലാക്കുന്നത്. ഇന്നത്തെ ഫേസ്ബുക്ക് സൌഹൃദമാണ് കപട സൌഹൃദത്തിന്റെ മുഖ്യകവാടം എന്ന് പറഞ്ഞാൽ തെറ്റില്ല.

                എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ഓൺലൈൻ സൌഹൃദ വേദിയാണ് ബൂലോകം എന്നതിൽ മറിച്ചൊരഭിപ്രായം ഉണ്ടായിരിക്കില്ല.വർഷത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ വിവിധ രൂപത്തിൽ വിവിധ കൂട്ടായ്മകൾ ബ്ലോഗർമാർ നടത്തുന്നതിനാൽ ബൂലോകത്തെ ഓൺലൈൻ സൌഹൃദം പലർക്കും ഭൂലോകത്തെ ഓഫ്‌ലൈൻ സൌഹൃദം കൂടി ആക്കാൻ സാധിച്ചിട്ടുണ്ട്.അടിയും തർക്കവും വാഗ്വാദവും ഗ്രൂപ് കളിയും ഒക്കെ ഈ ഓൺലൈൻ കൂട്ടായ്മയിലും നടക്കുന്നുണ്ടെങ്കിലും പരസ്പരം നേരിൽ കാണുന്നതോടെ ഒരു പുഞ്ചിരിയിൽ അല്ലെങ്കിൽ ഒരു ഹസ്തദാനത്തിൽ അളിഞ്ഞില്ലാതാകുന്നതാണ് അവയെല്ലാം.ആ നിലക്ക് ഇന്നത്തെ സാമൂഹികാവസ്ഥയിൽ സൌഹൃദത്തിന് ഒരു പുതിയ മാനം കൂടി നൽകുന്നതാണ് ബൂലോകരുടെ കൂടിക്കാഴ്ചകളും സംഗമങ്ങളും എന്നാണ് എന്റെ അഭിപ്രായം.സൌഹൃദം ഒന്ന് കൂടി ദൃഢീകരിക്കാൻ ഈ കൂടിക്കാഴ്ചകൾ സഹായിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

                ഇക്കഴിഞ്ഞ ഞായറാഴ്ച ദിവസം , ഞാൻ ബ്ലോഗിലൂടെ പരിചയപ്പെട്ട കുട്ടിക്ക എന്ന മുഹമ്മെദ് കുട്ടിയുടെ കോട്ടക്കലെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ചു.സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം ഉള്ള സ്ഥലത്ത് പയറ്, ചീര,വെണ്ട,വഴുതന തുടങ്ങീ പച്ചക്കറികൾ നട്ടുവളർത്തി അതിന്റെ കായ്ഫലങ്ങൾ ഭക്ഷിക്കുന്ന എന്റെ ഉമ്മയുടെ അടുക്കളത്തോട്ട വിപുലീകരണത്തിന് വിത്ത് തേടി ആയിരുന്നു , ഇതേപോലെ സർവീസിൽ നിന്ന് വിരമിച്ച് “അടുക്കളത്തോട്ടം” എന്ന വലിയൊരു ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ആയി പ്രവർത്തിക്കുകയും ആവശ്യമുള്ളവർക്കെല്ലാം കയ്യിലുള്ള വിത്ത് സൌജന്യമായി നൽകുകയും ചെയ്യുന്ന കുട്ടിക്കയുടെ അടുത്തേക്കുള്ള യാത്ര.കൃഷി എന്ന രൂപത്തിൽ കുട്ടിക്കയുടെ വളപ്പിൽ അധികം കാണാൻ ഇല്ല എങ്കിലും ആ ‘കാമ്പസിൽ’ ഇല്ലാത്ത മരങ്ങൾ ഉണ്ടോ എന്ന് സംശയമാണ്.ഓരോന്നിനെപറ്റിയും ആധികാരികമായി പറഞ്ഞുതരാനും അത് തന്റെ വീട്ടിൽ എത്തിയ കഥ പറയാനും കുട്ടിക്കക്കുള്ള ആവേശം മതി ഏതൊരാളേയും ഈ രംഗത്തേക്ക് ആകർഷിക്കാൻ.



                ടെറസിൽ കയറുന്നതിന് മുമ്പേ കുട്ടിക്ക പറഞ്ഞ ഒരു വാക്ക് ഞാൻ എടുത്തുപറയുന്നു”കൃഷി എന്ന രൂപത്തിൽ ഇവിടെ അധികം ഒന്നുമില്ലപക്ഷേ നിങ്ങൾക്ക് ചില ഐഡിയകൾ ലഭിച്ചേക്കും..”.അപ്പറഞ്ഞത് വളരെ സത്യമായിരുന്നു. തെർമോകോളിലും പ്ലാസ്റ്റിക് പെറ്റ് ബോട്ടിലിലും വാഷിംഗ്മെഷീനിന്റെ ഡ്രയറിലും എന്തിനധികം ഒഴിവാക്കിയ ഷൂവിനകത്തും എങ്ങനെ ചെടി നട്ടുവളർത്താം എന്ന് ഞാനും കുടുംബവും കണ്ട് മനസ്സിലാക്കി. നേരെ ടെറസിൽ വയ്ക്കുന്നതിന് പകരം കോവലും കുമ്പള വള്ളിയും മറ്റു പടരുന്ന ഇനങ്ങളും താഴെ മണ്ണിൽ കുഴിച്ചിട്ട് ടെറസിൽ പന്തലിട്ട് പടർത്തി കായ് പറിക്കുന്ന രീതി ആർക്കും പരീക്ഷിക്കാവുന്നതാണ്. ആശുപത്രിയിൽ നിന്നൊഴിവാക്കുന്ന ഡ്രിപ് നൽകുന്ന കുഴലുകൾ ഡ്രിപ് ഇറിഗേഷൻ എന്ന പരിപാടിക്ക് എങ്ങനെ ലളിതമായി ഉപയോഗിക്കാം എന്നും അവിടെ നിന്നും മനസ്സിലാക്കി.

                പറമ്പിലും മുറ്റത്തും ടെറസിലും ഉള്ള ചെടികളും പച്ചക്കറികളും ചുറ്റി നടന്ന് കണ്ട് കുട്ടിക്കയുടെ കഥയും കേട്ട ശേഷമാണ് വിത്ത് വിതരണം ആരംഭിക്കുന്നത്.രണ്ട് മൂന്ന് സൂട്ട്കേസുകളിലും കുറേ പ്ലാസ്റ്റിക്ക് കുപ്പികളിലും (ആരോ ഇതിനായി അയച്ചു കൊടുത്തത് എന്ന് കുട്ടിക്ക) കുറേ കവറുകളിലും ഒക്കെയായി ലേബൽ ചെയ്തു വച്ച വിത്തുകൾ പേരെടുത്ത് ചോദിച്ച് കുട്ടിക്ക തന്നപ്പോൾ നേരത്തെ ലിസ്റ്റ് തയ്യാറാക്കാതെ പോയതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലായി.വിത്തുകൾ പ്രത്യേക ക്രമത്തിലോ ചിട്ടയിലോ അല്ല വച്ചത് എന്നതിനാൽ ചോദിക്കുന്ന വിത്തുകളിൽ ചിലത് കിട്ടാൻ അല്പം സമയം പിടിക്കും എന്ന് മാത്രം.എന്നിരുന്നാലും പ്രസ്തുത വിത്ത് സ്റ്റോക്ക് ഉണ്ടൊ ഇല്ലേ എന്ന് കുട്ടിക്കയുടെ സാക്ഷാൽ മെമ്മറി ഒരു കമ്പ്യൂട്ടർ മെമ്മറിയെക്കാളും വേഗത്തിൽ ഉത്തരം നൽകും.



               ഉമ്മാക്ക് ആവശ്യമായ നിരവധി വിത്തുകൾ ശേഖരിച്ച ശേഷം ഞങ്ങൾ കൊണ്ടുപോയ ഒരു ചാക്ക് നാടൻ ചേമ്പു-മഞ്ഞൾ വിത്തുകൾ തിരിച്ചും നൽകി.നമ്മുടെ കയ്യിലുള്ള വിത്ത് അങ്ങോട്ടും അവിടെയുള്ളത് ഇങ്ങോട്ടും എന്ന നിലയിൽ ഈ സൌഹൃദം ഒരു നല്ല ജീവിതശൈലി കൂടി സംഭാവന ചെയ്യുന്നു.തീർച്ചയായും ഇന്നത്തെ കാലത്ത് വേറിട്ട ഒരു രീതി തന്നെയാണ് തികച്ചും ലളിതമായ ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക നമുക്ക് കാണിച്ചു തരുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.എന്റെ ഉമ്മ ഏറ്റവും സന്തോഷിച്ച ദിവസങ്ങളിൽ ഒന്ന് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഈ സൌഹൃദത്തിൽ ഞാനും ഏറെ അഭിമാനിക്കുന്നു.




4 comments:

Areekkodan | അരീക്കോടന്‍ said...

ർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം ഉള്ള സ്ഥലത്ത് പയറ്, ചീര,വെണ്ട,വഴുതന തുടങ്ങീ പച്ചക്കറികൾ നട്ടുവളർത്തി അതിന്റെ കായ്ഫലങ്ങൾ ഭക്ഷിക്കുന്ന എന്റെ ഉമ്മയുടെ അടുക്കളത്തോട്ട വിപുലീകരണത്തിന് വിത്ത് തേടി ആയിരുന്നു , ഇതേപോലെ സർവീസിൽ നിന്ന് വിരമിച്ച് “അടുക്കളത്തോട്ടം” എന്ന വലിയൊരു ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ആയി പ്രവർത്തിക്കുകയും ആവശ്യമുള്ളവർക്കെല്ലാം കയ്യിലുള്ള വിത്ത് സൌജന്യമായി നൽകുകയും ചെയ്യുന്ന കുട്ടിക്കയുടെ അടുത്തേക്കുള്ള യാത്ര.

Mohamedkutty മുഹമ്മദുകുട്ടി said...

മാഷിനെ മുമ്പു തുഞ്ചന്‍ പറമ്പില്‍ വെച്ചു കണ്ടിരുന്നെങ്കിലും അന്നൊരു ബ്ലോഗറായി മാത്രമായിരുന്നു നമ്മുടെ പരിചയം. പക്ഷെ താങ്കളും കുടുംബവും വന്ന ദിവസം എന്റെ ഫാമിലി വീട്ടിലില്ലാതിരുന്നത് എന്നെ വല്ലാതെ അലോസരപ്പെടുത്തി.വീട്ടില്‍ വന്നിട്ടൊന്നു സല്‍ക്കരിക്കാന്‍ പോലും വയ്യാതെ........

ഫൈസല്‍ ബാബു said...

മാഷേ കുട്ടിക്കയെ നേരില്‍ കാണുക എന്നത് എന്‍റെ ആഗ്രഹങ്ങളില്‍ ഒന്നാണ് . കൃഷിയെ നെഞ്ചിലേറ്റിയ ഒരു നല്ല മനുഷ്യന്‍ ,, അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ !!.. നല്ല പോസ്റ്റ്‌ .

ajith said...

പോസിറ്റീവ് എനര്‍ജി തരുന്ന ഒരു അനുഭവക്കുറിപ്പ്!

Post a Comment

നന്ദി....വീണ്ടും വരിക