Pages

Thursday, August 14, 2014

സ്വാതന്ത്ര്യദിനത്തിന്റെ ചിന്തകൾ

                 സ്വാതന്ത്ര്യത്തിന്റെ അറുപത്തി‌എട്ടാമത് പൊൻപുലരി വീണ്ടും വന്നെത്തിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെപറ്റിയും അതിനായി ജീവൻ ബലിയർപ്പിച്ച മഹാന്മാരെപ്പറ്റിയും നാം വീണ്ടും ചർച്ച ചെയ്തു തുടങ്ങി. ഈ ദിനം കഴിയുന്നതോടെ അവരെല്ലാം യവനികക്കുള്ളിലേക്ക് വീണ്ടും ഊളിയിടും.    

              യഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് ധീരമായി പൊരുതി മരിച്ച ഭാരതമക്കളിൽ നൂറോ അതിൽ താഴെയോ ആൾക്കാരുടെ പേരും ചരിത്രവും മാത്രമേ ഞാനടക്കമുള്ള ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ എന്നത് വളരെ ദു:ഖകരമായ സത്യമാണ്. ഈ സമരത്തിൽ ധീരരക്തസാക്ഷിത്വം വരിച്ചവർ ലക്ഷങ്ങൾക്കപ്പുറം ഉണ്ടാകും എന്നാണ് 1857 മുതൽ 1947 വരെയുള്ള 90 വർഷത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്.അതിന് മുമ്പും സ്വാതന്ത്ര്യത്തിന് ദാഹിച്ച ഒരു ജനത് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ എന്ന ഒറ്റ രാജ്യമായി നിൽക്കാനായിരുന്നില്ല ആ സമരങ്ങൾ എന്നതിനാൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം നൽകിയിട്ടില്ല.അറിയപ്പെടാത്ത എത്രയോ പേർ ഈ പോരാട്ടങ്ങളിൽ എല്ലാം ജീവൻ ത്യജിച്ചിട്ടുണ്ട്.          

                  1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവും 1921ലെ മാപ്പിളലഹളയും 1947ലെ സ്വാന്ത്ര്യ ലബ്ധിയും എല്ലാം ഇന്നത്തെ തലമുറക്ക് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്ത് വിടാനുള്ള എന്തോ ഒരു സാധനമായി മാത്രം മാറിയിരിക്കുന്നു.രാജ്യം ഇത്ര ഉത്സാഹത്തോടെ ഈ ദിനം കൊണ്ടാടുമ്പോഴും നാം ആ ധീര നായകരുടെ പേര് പറഞ്ഞുപോവുക മാത്രമാണ് ചെയ്യുന്നത്.അതിൽ തന്നെ വേറിട്ട് സഞ്ചരിച്ച ശ്രീ ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാ ഗാന്ധി എന്നിവരുടെ ചരിത്രങ്ങളാണ് നമുക്ക് കൂടുതൽ ലഭിക്കുന്നത്. അവർ സഞ്ചരിച്ച വഴിയുടെ അല്ലെങ്കിൽ സ്വീകരിച്ച മാർഗ്ഗത്തിന്റെ വ്യത്യസ്തയാണ് അവരേയും വ്യതിരിക്തരാക്കിയത്.

               സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് ഇന്നത്തെ യുവത ഒട്ടും ബോധവാന്മാരല്ല.തങ്ങളുടെ ഓരോ തരം സ്വാതന്ത്ര്യങ്ങൾ ക്രമേണ നിർത്തലാക്കിയാൽ പാരതന്ത്ര്യത്തിന്റെ വേദനയും കഷ്ടപ്പാടുകളും അവന് മനസ്സിലാകും.ഇന്ന് എല്ലാം സുലഭമായ കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ മൂല്യം അനുഭവിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല.അതിനാൽ തന്നെ മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും നാം ബോധവാന്മാരല്ല.അതു തന്നെയാണ് ഈ ലോകത്ത് അസഹിഷ്ണുത വളർത്തുന്നതും.സ്വന്തം സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തിരിച്ചറിയേണ്ടത് അവനവൻ തന്നെയാണ്.എന്നിട്ടേ മറ്റൊരുവന്റെ മേൽ മേക്കിട്ട് കയറൽ അനിവാര്യമെങ്കിൽ അത് ചെയ്യാൻ പാടുള്ളൂ.      

              അതിനാൽ പുസ്തകത്താളുകളിൽ ഒതുങ്ങുന്ന പഠനങ്ങൾക്ക് പുറമേ നമ്മുടെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ കാണാമറയത്ത് നിൽക്കുന്ന ചരിത്രം കൂടി നാം ശേഖരിക്കണം. നമുക്ക് ചുറ്റും അത്തരം കഥകൾ പറഞ്ഞു തരാൻ ഒരു തലമുറ കൂടിയേ നിലവിൽ ബാക്കിയുള്ളൂ എന്നത് നമ്മുടെ പ്രവർത്തനത്തിന്റെ ആരംഭം കുറിക്കാനുള്ള സമയത്തിന്റെ കുറവ് ആലോചനയിൽ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിത്തരുന്നു.

           സ്വാതന്ത്ര്യദിനാശംസകൾ.

4 comments:

Areekkodan | അരീക്കോടന്‍ said...

പുസ്തകത്താളുകളിൽ ഒതുങ്ങുന്ന പഠനങ്ങൾക്ക് പുറമേ നമ്മുടെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ കാണാമറയത്ത് നിൽക്കുന്ന ചരിത്രം കൂടി നാം ശേഖരിക്കണം.

Echmukutty said...

തികച്ചും ശരിയായ നിരീക്ഷണങ്ങള്‍..

വീകെ said...

ശരിയാണ്. സ്വാതന്ത്ര്യസമരത്തിൽ എഴുതപ്പെട്ടതേ എല്ലാവർക്കും അറിയൂ. അതിലേറെ എഴുതപ്പെടാത്തതായിരിക്കും. അതൊക്കെ കണ്ടെത്താൻ ഇനി കഴിയുമോ...? അത് ഇനിയുള്ള കാലവും വിസ്മൃതിയിൽ തന്നെ കിടക്കും. എഴുതപ്പെട്ടവർ വീരേതിഹാസന്മാരായിത്തന്നെ തുടരും, സത്യം ഒരിക്കലും അനാവരണം ചെയ്യാതെ.

ajith said...

ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക