റമളാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ ലീവെടുത്ത് നാട്ടിലെ പള്ളിയിൽ ജുമുഅക്ക് സംബന്ധിക്കുക എന്നത് ആയിരുന്നു എന്റെ പതിവ്.നാല് വെള്ളിയാഴ്ചയും ഇപ്രകാരം ലീവെടുത്ത് നാട്ടിൽ കൂടാനും ഇത്തവണ സാധിച്ചു.
അതിൽ അവസാനത്തേതിന്റെ തൊട്ടുമുമ്പത്തെ വെള്ളിയാഴ്ചയാണ് പെരുന്നാളിന് ധരിക്കാനുള്ള ഷർട്ട് അടിക്കാൻ വേണ്ടി ഓസിയിൽ കിട്ടിയ ഷർട്ടിംഗുമായി ഞാൻ ഇറങ്ങിയത്. അന്ന് എന്തോ തിരക്കുകൾ കാരണം ഷേവ് ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ വെളുത്ത കുറ്റിരോമങ്ങൾ എന്റെ ഇരുണ്ട മുഖത്തെ സാമാന്യം നന്നായി വെളുപ്പിച്ചിരുന്നു.വെള്ളിയാഴ്ചകളിൽ നാട്ടിൽ ആണെങ്കിൽ എന്റെ വേഷം മുണ്ടും ഷർട്ടും ആയിരുന്നതിനാൽ ആ പതിവും തെറ്റിച്ചില്ല.
ജുമുഅക്ക് ശേഷം പള്ളിയിൽ അല്പ നേരം കൂടി കഴിച്ചുകൂട്ടിയ ശേഷമാണ് ഞാൻ പരിചയക്കാരനായ ടൈലറുടെ അടുത്തെത്തിയത്.എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം അദ്ദേഹം പറഞ്ഞു - “പെരുന്നാളിന് വേണ്ടിയാണെങ്കിൽ കഴിയൂല !“
പരിചയക്കാരനായിട്ടും വെറുതെ ടെൻഷൻ പേറെണ്ട എന്ന് കരുതിയാണ് അദ്ദേഹം അത് വെട്ടിത്തുറന്ന് തന്നെ പറഞ്ഞത്.അതിനാൽ തന്നെ ഞാൻ സമയം കളയാതെ അവിടെ നിന്നും ഇറങ്ങി.
ബസ്സ്റ്റോപ്പിന്റെ മുമ്പിലൂടെ നടന്നു നീങ്ങുമ്പോഴാണ് അവിടെ, എന്നെ മുപ്പത് വർഷം മുമ്പ് ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന രമണി ടീച്ചറെ കണ്ടത്.ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങി.
“ആഹാ....ആബിദോ?”
എന്നെ കണ്ട ഉടനെ ടീച്ചർ പേരെടുത്ത് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി (1987 എസ്.എസ്.സി ബാച്ചിൽ ആ സ്കൂളിലെ ടോപ്സ്കോറർ ആയിരുന്നു ഞാൻ).പിന്നെ കുറേ കാര്യങ്ങൾ ടീച്ചർ ചോദിച്ചറിഞ്ഞു. ഇടക്ക് ടീച്ചറുടെ പരിചയക്കാരി എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു മുസ്ലിം യുവതി വന്ന് ടീച്ചറുടെ കൈ പിടിച്ചു. അതിനാൽ തന്നെ ഞാൻ ബൈ പറയാൻ തീരുമാനിച്ചു.അതിന് മുമ്പെ എനിക്ക് ലഭിച്ച ദേശീയ അവാർഡിനെപ്പറ്റി ഞാൻ ടീച്ചറോട് പറഞ്ഞു. ഉടൻ പുതിയ ആഗത ചോദിച്ചു -
“നിങ്ങളാണോ ആബിദ് തറവട്ടത്ത്.....എന്റെ സാറിന്റെ ജ്യേഷ്ടൻ !!!“
" അതേ” ഞാൻ പുഞ്ചിരിയോടെ പറഞ്ഞ് അവരെ പരിചയപ്പെട്ടു. ആഗത എന്റെ അനിയൻ അഫീഫ് തറവട്ടത്തിന്റെ (ഫറൂക്ക് ബി.എഡ് കോളേജ് അദ്ധ്യാപകൻ) ശിഷ്യ ആയിരുന്നു.
“എന്നിട്ടാണോ നീ ഇങ്ങനെ നടക്കുന്നത്?” എന്റെ വേഷം കണ്ട രമണി ടീച്ചർ ചോദിച്ചു.
ആ ചോദ്യത്തിന് മുന്നിൽ ഒരു പുഞ്ചിരിയോടെ നിന്ന എനിക്ക് അടുത്ത നിമിഷം തന്നെ ടീച്ചറുടെ ഹൃദ്യമായ ഒരു ഉപദേശം കൂടി ലഭിച്ചു
“ ആബിദേ വേഷത്തിൽ അല്ല കാര്യം...മനസ്സിലെ വെളിച്ചത്തിലാണ്....അതെന്നും നിലനിർത്തുക....”
പ്രിയപ്പെട്ടവരെ, എന്റെ പ്രിയപ്പെട്ട ടീച്ചർ എനിക്ക് നൽകിയ സന്ദേശം ഞാൻ എല്ലാവർക്കും വേണ്ടി ഒന്നു കൂടി ഉണർത്തുന്നു - വേഷത്തിൽ അല്ല കാര്യം...മനസ്സിലെ വെളിച്ചത്തിലാണ്.... അതെന്നും നിലനിർത്തുക....
2 comments:
എന്റെ പ്രിയപ്പെട്ട ടീച്ചർ എനിക്ക് നൽകിയ സന്ദേശം ഞാൻ എല്ലാവർക്കും വേണ്ടി ഒന്നു കൂടി ഉണർത്തുന്നു
വെളിച്ചമില്ലെങ്കില് പിന്നെ എല്ലാം ഇരുട്ട് തന്നെ
Post a Comment
നന്ദി....വീണ്ടും വരിക