അല്ലാഹു അക്ബർ അല്ലാഹു
അക്ബർ അല്ലാഹു അക്ബർ ....
ലാ ഇലാഹ ഇല്ലള്ളാഹു അല്ലാഹു
അക്ബർ .....
അല്ലാഹു അക്ബർ വലില്ലാഹിൽ
ഹംദ്....
നാടിന്റെ വിവിധ ഭാഗങ്ങളിൽ
നിന്നും തക്ബീർ മന്ത്രങ്ങൾ ഉയരാൻ തുടങ്ങി. ജീവിതത്തിലെ നാല്പത്തിമൂന്നാമത്തേയോ അല്ലെങ്കിൽ
അതിലും മുകളിലേക്കുള്ള ഒരു സംഖ്യയുടേയോ എണ്ണത്തിന് തുല്യമായ ബലിപെരുന്നാൾ സുദിനത്തിലേക്ക്
ഞാൻ എത്തി നിൽക്കുന്നു.
ഇന്നലെ കഴിഞ്ഞുപോയ പോലെ
ബാല്യത്തിലേയും കൌമാരത്തിലേയും പെരുന്നാൾ ദിനങ്ങൾ മനസ്സിലേക്ക് ഓടിക്കയറുന്നു.പക്ഷേ
ഇന്നത്തെ ബാല്യത്തിന്റെ കാട്ടിക്കൂട്ടലുകൾ മനസ്സിൽ ഒരു നോവും ഉണ്ടാക്കുന്നു.ധനവിനിയോഗത്തിന്
വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്ന ഇസ്ലാം മതത്തിന്റെ അനുയായികളിലും പെരുന്നാൾ ഒരു ധൂർത്തായി
മാറിക്കഴിഞ്ഞു എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.
ഏതാനും മണിക്കൂറുകൾ മുമ്പ്
അങ്ങാടിയിലൂടെ നടക്കുമ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ കുട്ടിക്കാലത്ത്
പെരുന്നാൾ തലേന്ന് ഫാൻസി കടകളിലെ തിരക്ക് വളയും
മാലയും മോതിരവും വാങ്ങാനായിരുന്നു. ആൺകുട്ടികളായ ഞങ്ങൾക്ക് ബലൂൺ വാങ്ങണമെങ്കിൽ പെരുന്നാൾ
ദിനത്തിന്റെ അന്ന് വരുന്ന രണ്ട് നാടോടിക്കച്ചവടക്കാർ
അങ്ങാടിയിൽ ഹാജരാകണമായിരുന്നു.അതിനാൽ തലേ ദിവസം മൈലാഞ്ചി അരച്ച് അത് അണിയലായിരുന്നു
പ്രധാന പരിപാടി.
ഒരു പത്തോ പതിനഞ്ചോ വർഷമായിക്കാണും
പെരുന്നാൾ വിപണിയിൽ മൈലാഞ്ചി റ്റ്യൂബ് രൂപത്തിൽ
വന്നുതുടങ്ങി. അതോടെ മൈലാഞ്ചി അരക്കുന്നത് നഖത്തിൽ ചാർത്താൻ മാത്രമായി ചുരുങ്ങി.കയ്യിലണിയാൻ മൈലാഞ്ചി എന്ന പേരിൽ
വരുന്ന എന്തോ ഒരു രാസചേരുവയുമായി (യഥാർത്ഥ മൈലാഞ്ചി ഒരു മാസത്തോളം കൈവെള്ളയിൽ നിൽക്കുമ്പോൾ
ട്യൂബിൽ വരുന്ന ‘വഫ’യും ‘സിങു’മെല്ലാം അയ്യാമുത്തശ്‌രീക്കോടെ
സലാം പറയും).
രണ്ട് മൂന്ന് വർഷം മുമ്പ്
പെരുന്നാൾ വിപണിയിൽ പുതിയ ഒരു ഐറ്റം കൂടി എത്തിത്തുടങ്ങി.പൂത്തിരിയും പടക്കവും പോലെയുള്ള
തീക്കളി വസ്തുക്കൾ.മേല്പറഞ്ഞ തക്ബീർ മന്ത്രങ്ങൾ പള്ളിയിലെ ഒന്നാം സ്വഫ്ഫിൽ (അണിയിൽ)
ഇരുന്ന് ഉറക്കെ ചൊല്ലുന്ന ആൾക്കാർ തന്നെയാണ് ഈ പുത്തൻ സാധനങ്ങളുടെ വില്പനയിലും ഏർപ്പെട്ടിരിക്കുന്നത്
!വാങ്ങാൻ തിക്കിത്തിരക്കുന്നത് പള്ളിക്കമ്മിറ്റിയിൽ ഉൾപ്പെട്ട പിതാക്കളുടെ മക്കളും
പേരമക്കളും !!
പെരുന്നാൾ ഒരു മുസ്ലിമിന്
അനുവദിക്കപ്പെട്ട ആഘോഷം തന്നെയാണ്.പക്ഷേ അത് എങ്ങനെ ആഘോഷിക്കണമെന്ന് മതം പഠിപ്പിക്കുന്നുണ്ട്.ബഹുസ്വര
സമുദായത്തിൽ ഈ ആഘോഷം പ്രത്യേകിച്ചും മാതൃകാപരമായിരിക്കുകയും വേണം.എന്നാൽ എല്ലാ കാര്യത്തിലും
പുതുവഴികൾ തേടുന്ന ന്യൂ ജനറേഷൻ പെരുന്നാളിനേയും മലീമസമാക്കിത്തുടങ്ങിയിരിക്കുന്നു.മൂക്ക്
കയർ പിടിക്കേണ്ട രക്ഷിതാക്കൾ മൌനം അവലംബിക്കുന്നതും നിസ്സംഗത പാലിക്കുന്നതും പെരുന്നാളിന്റെ
അന്ത:സ്സത്ത തന്നെ ചോർത്തും എന്നതിൽ സംശയമില്ല.ഇബ്രാഹിം നബി (അ) ന്റെ ത്യാഗപൂർണ്ണവും
പരീക്ഷണങ്ങൾ നിറഞ്ഞതുമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ബലിപെരുന്നാളും ഒരു മാസത്തെ
വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈദുൽ ഫിത്വറും നാട്ടിൽ നടക്കുന്ന മറ്റു ഉത്സവങ്ങൾ പോലെയായി
മാറുന്ന കാലം അതി വിദൂരമല്ല.
എല്ലാവർക്കും ഹൃദയം നിറഞ്ഞ
ബലിപെരുന്നാൾ ആശംസകൾ....
വാൽ: രാത്രി തറവാട്ടിൽ
നിന്നും എന്റെ വീട്ടിലേക്ക് തിരിച്ച എന്റെ മുമ്പിൽ പെട്ടെന്ന് ഒരു കുട്ടിക്കൂട്ടം.പെരുന്നാൾ
പിരിവ് ആയിരിക്കും എന്ന് കരുതിയ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ ചോദ്യം – “ഒരു തീപ്പെട്ടി
തരുമോ?”.പിന്നിലേക്ക് പിടിച്ച അവരുടെ എല്ലാവരുടേയും കൈകളിൽ ഓരോ പൂത്തിരികൾ !വഴിമാറിയ
ആഘോഷം എന്റെ കണ്മുമ്പിലും അരങ്ങേറാൻ പോകുന്നു എന്ന ദുഖ:സത്യം ഞാൻ മനസ്സിലാക്കുന്നു..
4 comments:
രാത്രി തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് തിരിച്ച എന്റെ മുമ്പിൽ പെട്ടെന്ന് ഒരു കുട്ടിക്കൂട്ടം.പെരുന്നാൾ പിരിവ് ആയിരിക്കും എന്ന് കരുതിയ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവരുടെ ചോദ്യം – “ഒരു തീപ്പെട്ടി തരുമോ?”.
ന്യൂ വേള്‍ഡ് ആണ്, ന്യൂ ജനറേഷന്‍ ആണ്. നോ കമന്റ്സ്
ബലിപെരുന്നാള്‍ ആശംസകള്‍ മാഷെ
നാടോടുമ്പോള്‍ നടുവേ !! എന്നാലും ഇതിത്തിരി കൂടുന്നില്ലേ എന്നൊരു സംശയം :)
Post a Comment
നന്ദി....വീണ്ടും വരിക