യാദൃശ്ചികത എന്ന പദം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്
മനസ്സിലാക്കാനും പറഞ്ഞ് ഫലിപ്പിക്കാനും ഏറെ പ്രയാസപ്പെടുത്തിയ ഒന്നാണ്.അതിനാൽ തന്നെ
ഇന്ന് ജീവിതത്തിൽ സംഭവിക്കുന്നതിൽ മിക്കതും അന്നത്തെ ആ പ്രയാസത്തിന്റെ പരിണതഫലങ്ങളൊ
അല്ലെങ്കിൽ അനുഭവത്തിലൂടെ പഠിപ്പിക്കാനുള്ള ദൈവത്തിന്റെ വികൃതികളോ ആയേക്കാം.
നാഷണൽ ഗെയിംസിന്റെ വെന്യൂ മാനേജർമാരുടെ യോഗത്തിന്
ശേഷം തിരുവനന്തപുരം നഗരത്തിലൂടെ തേരാ-പാര നടക്കാനായി ഇറങ്ങിയപ്പോഴാണ് നിയമസഭാകാര്യാലയത്തിന്
മുന്നിലെ “നിയമസഭാ മ്യൂസിയം” എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്. തിരുവനന്തപുരത്ത്
നിരവധി തവണ പോയി വിവിധ കാഴ്ചകൾ കണ്ടിരുന്നെങ്കിലും ഈ മ്യൂസിയം ഇന്നേവരെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.അതിനാൽ
തന്നെ ഒന്ന് കയറി കാണാൻ തീരുമാനിച്ചു(പ്രവേശനം സൌജന്യമാണ് എന്ന് കൂടി അറിയിക്കട്ടെ).
വിവിധ കാലയളവിലെ തിരുവിതാംകൂർ-കൊച്ചി നിയമ സഭാ സാമാജികരുടെ
പേര് വിവരങ്ങളും പ്രധാനമന്ത്രി , മുഖ്യമന്ത്രി (അതേ , ആദ്യകാലത്ത് ഇവ രണ്ടും ഉണ്ടായിരുന്നു)
എന്നിവരുടെ ഫോട്ടോകളും മറ്റും കണ്ട ശേഷം ഐക്യകേരളത്തിലെ ഗവർണ്ണർമാരുടെയും മുഖ്യമന്ത്രി
മാരുടെയും വിവരങ്ങളും അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചത് കണ്ടു.
നിയമസഭാ മ്യൂസിയത്തിന്റെ പുതിയ കെട്ടിടത്തിൽ ഞാൻ
പ്രവേശിക്കുമ്പോൾ കാഴ്ചക്കാരനായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആദ്യത്തെ ഹാളിൽ മുൻ
മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ ശ്രീ.എ.കെ ആന്റണിക്ക് വിവിധ സ്ഥലങ്ങളിൽ
നിന്ന് ലഭിച്ച വിവിധ തരം സമ്മാനങ്ങളായിരുന്നു
പ്രദർശിപ്പിച്ചിരുന്നത്.സ്ഫടികം പോലെ തിളങ്ങുന്ന ചിലതൊഴികെ മറ്റുള്ളവയെല്ലാം കാഴ്ചക്ക്
അറുബോറായി എനിക്ക് തോന്നി.
മറ്റൊരു റൂമിൽ നിരവധി ടച്ച് സ്ക്രീനുകൾ ഒരുക്കി
വച്ചിരുന്നു.കേരളത്തിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ ചരിത്രം മുതൽ ഇന്നേവരെ കേരളത്തിൽ
ഉണ്ടായ നിയമനിർമ്മാണ സഭകളെപറ്റിയും അവയ്ക്ക് നേതൃത്വം നൽകിയ മുഖ്യമന്തിമാരെപ്പറ്റിയും
സ്പീക്കർമാരെപറ്റിയും മറ്റും മറ്റും വിവിധ സ്ക്രീനുകളിലൂടെ മനസ്സിലാക്കാൻ ഇവിടെ അവസരം
ലഭിച്ചു.
ഈ കുറിപ്പ് എഴുതാൻ കാരണമായ സംഗതി അടുത്ത റൂമിലാണ്
സജ്ജീകരിച്ചിരുന്നത്.’എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് നമ്മെ പഠിപ്പിച്ച നമ്മുടെ
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിവിധ കാലഘട്ടങ്ങളുടേയും ജീവിതത്തിലെ വിവിധ രംഗങ്ങളുടേയും
ഫോട്ടോകൾ ആയിരുന്നു ഇവിടെ സജ്ജീകരിച്ചത്.ഒരു കയ്യിൽ ചർക്കയിൽ നിന്നുള്ള നൂലും പിടിച്ചു
കൊണ്ട് കുപ്പായമിടാത്ത ഗാന്ധിജിയുടെ മോണകാട്ടിയുള്ള നിഷ്കളങ്കമായ ചിരിയുടെ വർണ്ണ ഫോട്ടോ
നോക്കി ഞാൻ അല്പനേരം നിന്നു.ആ ചിരിയും ലാളിത്യവും (പ്രത്യേകിച്ച് തൊട്ടടുത്ത് കോട്ടും
സ്യൂട്ടും ഇട്ട് സിഗരറ്റും പിടിച്ച് ജിന്നാ
സാഹിബ് നിൽക്കുന്ന ഒരു ഫോട്ടോകൂടി ഉണ്ടായതിനാൽ ) എന്റെ മനസ്സിലേക്ക് അറിയാതെ കുടിയേറി.
ഈ റൂമിന്റെ അവസാനത്തെ ചുമരിലെത്തുമ്പോൾ, എന്റെ മനസ്സിൽ
കുടിയേറിയ ആ ചിരിയുടെ ഉടമസ്ഥന്റെ നെഞ്ചിൽ ഏറ്റ മൂന്ന് വെടിയുണ്ടയുടെ പാടുകൾ വ്യക്തമായി
കാണുന്ന വിധത്തിലുള്ള ഫോട്ടോ കൂടി കണ്ടപ്പോൾ തൊണ്ടയിൽ ഒരു ഗദ്ഗദം തടം കെട്ടി. ഗാന്ധി
സമാധിയായ രാജ്ഘട്ടും ഗാന്ധിജി വെടിയേറ്റു വീണ ബിർള ഹൌസും അടക്കം ഗാന്ധിജിയുടെ സ്മൃതികൾ
ഉണർത്തുന്ന വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിട്ടും
ഇന്നേവരെ മനസ്സിൽ അനുഭവപ്പെടാത്ത ഒരു വിങ്ങൽ എന്റെ മനസ്സിലൂടെ കടന്നു പോയി.
ഇവിടെയാണ് ഈ പോസ്റ്റ് തുടങ്ങിയ പദം ‘യാദൃശ്ചികത‘
കടന്നുവരുന്നത്.ഗാന്ധിയൻ പ്രദർശനം എന്റെ മനസ്സിൽ ചലനങ്ങളുണ്ടാക്കിയ അതേ ദിവസം ആയിരുന്നു,
ഇന്ത്യൻ ജനതയുടെ മനസ്സിൽ മുഴുവൻ സ്വാതന്ത്ര്യ ചിന്തകളുടെ കൊടുങ്കാറ്റ് ഉയർത്തിക്കൊണ്ട്
ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി തിരിച്ചെത്തിയ ചരിത്ര പ്രസിദ്ധമായ വഴിത്തിരിവിന്
100 വർഷം തികയുന്ന ദിവസം !
6 comments:
ഈ റൂമിന്റെ അവസാനത്തെ ചുമരിലെത്തുമ്പോൾ, എന്റെ മനസ്സിൽ കുടിയേറിയ ആ ചിരിയുടെ ഉടമസ്ഥന്റെ നെഞ്ചിൽ ഏറ്റ മൂന്ന് വെടിയുണ്ടയുടെ പാടുകൾ വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ കൂടി കണ്ടപ്പോൾ തൊണ്ടയിൽ ഒരു ഗദ്ഗദം തടം കെട്ടി.
നൂറുവര്‍ഷം തികയുന്ന ദിവസംതന്നെ പോയി അല്ലേ?!
ആശംസകള്‍ മാഷെ
തികച്ചും യാദൃച്ഛികം...
യാദൃശ്ചികം!!!
തങ്കപ്പൻ ചേട്ടാ....വീട്ടിൽ തിരിച്ചെത്തി അന്നത്തെ പത്രം നോക്കിയപ്പഴാ ഈ വിവരം അറിഞ്ഞത് !
വിനുവേട്ടാ...അതെ
മുബി....അതെന്നെ
യാദൃച്ഛികം.....തന്നെ...!
Post a Comment
നന്ദി....വീണ്ടും വരിക