27
വർഷത്തിന് ശേഷം കേരളം ആതിഥേയത്വം വഹിച്ച ദേശീയ
ഗെയിംസിലേക്ക് വെന്യൂ മാനേജറായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷം ഞാൻ ഇവിടെ പങ്കു വച്ചിരുന്നു.ഇന്ത്യൻ
കായിക കുതിപ്പിന്റെ മഹാമേളയിൽ ഏത് വിധത്തിലുള്ള പങ്കാളിത്തവും വലിയൊരു നേട്ടവും അംഗീകാരവും
ആണെന്നതിൽ സംശയമില്ല.പക്ഷേ തുടക്കം മുതലേ കേട്ട പല നാറ്റക്കഥകളും അതിനകത്തേക്ക് കയറിയതോടെ
നേരിട്ട് അനുഭവിക്കാൻ തുടങ്ങിയപ്പോൾ, ഇതായിരുന്നോ കേരളം ആറ്റ്‌നോറ്റ് കാത്തിരുന്ന ഒളിമ്പിക്സ്
മോഡൽ ഗെയിം നടത്തിപ്പ് എന്ന് എപ്പോഴും ചിന്തിക്കേണ്ടി വന്നു.
ഗെയിംസിന്റെ
സുഗമമായ നടത്തിപ്പിനായി ധാരാളം വളണ്ടിയർമാരെ ആവശ്യമുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പേ
തന്നെ നാഷണൽ സർവീസ് സ്കീമിലൂടെ അറിയിപ്പ് കിട്ടിയതനുസരിച്ച് എന്റെ കോളേജിലെ വളണ്ടിയർമാരിൽ
പലരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.അവരുടെ ലിസ്റ്റ് നാലോ അഞ്ചോ തവണ, ആവശ്യപ്പെട്ട
പല മെയിലുകളിലേക്കും അയക്കുകയും ചെയ്തിരുന്നു.എന്നാൽ ഒരു സുപ്രഭാതത്തിൽ അതെല്ലാം മറന്നേക്കൂ
എന്ന് പറഞ്ഞ് വളണ്ടിയർ രെജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.തീർത്തും സ്വതന്ത്രമായി
ആർക്കും നൽകാം എന്നതിനാൽ കോളേജിൽ നിന്ന് എത്ര പേർ ഈ മാർഗ്ഗം സ്വീകരിച്ചു എന്നറിയാൻ
എനിക്ക് യാതൊരു നിർവ്വാഹവും ഇല്ലാതായി.
ഒരു
ദിവസം പെട്ടെന്ന് അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് ഒരു ഫോൺ വന്നു.
“ഹലോ....എഞ്ചിനീയറിംഗ്
കോളേജിലെ ആബിദ് സാറല്ലേ?“
“അതേ....ആരാ...?”
“ഞാൻ
ശബരിമലയിൽ നിന്നാ...”
“ങേ!!“
ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്ത് നിന്നായതിനാൽ ഒന്ന് ഞെട്ടി.
“എന്റെ
പേര് #%^&*, കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ...”
“ങേ!!എന്താണ്
സാർ!!! “ പോലീസ് കമ്മീഷണറുടെ വിളി ആയതിനാൽ ഞാൻ വീണ്ടും ഞെട്ടി.മനുഷ്യജീവികൾ അടുത്തില്ലാത്തതിനാൽ ആരും അത് കണ്ടില്ല.
“ആ....ദേശീയ
ഗെയിംസിൽ ഫെസിലിറ്റേറ്റർ വെന്യൂ മാനേജർ ആയി നിങ്ങളുടെ നമ്പറ് ആണ് എനിക്ക് കിട്ടിയത്....(ആരാണാവോ
എന്റെ നമ്പർ തന്നെ കൊടുത്തത്?)... കോഴിക്കോട് വളണ്ടിയർമാരുടെ എണ്ണം കുറവാണെന്ന് ഇപ്പോൾ
ഗെയിംസ് സെക്രട്ടറിയേറ്റിൽ നിന്നും വിളിച്ച് അറിയിച്ചു....ഞാനിപ്പോൾ ശബരിമല ഡ്യൂട്ടിയിലാ...മറ്റന്നാളേ
കോഴിക്കോട് വരൂ...അപ്പോൾ എല്ലാ കോളേജിലും ഒന്ന് വിളിച്ച് കൂടുതൽ പേരെ എൻറോൾ ചെയ്യിക്കണം...”
“ഓഹ്..കെ....“
എന്റെ ശ്വാസം വീണ്ടും നേരെ വീണു.എനിക്കറിയാവുന്ന പ്രോഗ്രാം ഓഫീസർമാരേയും വളണ്ടിയർമാരേയും
എല്ലാം വിളിച്ച് കാര്യം പറഞ്ഞു.ശേഷം കമ്മീഷണറെയും വിളിച്ച് വിവരം അറിയിച്ചു.
അങ്ങനെ
ഇരിക്കെ ജനുവരി 6ന് വൈകുന്നേരം തിരുവനന്തപുരത്ത്
നിന്നും ഒരു ഫോൺ വരികയും ജനുവരി 8ന് രാവിലെ
ഒമ്പതരക്ക് തിരുവനന്തപുരം ജി.വി.രാജ പവലിയനിൽ നടക്കുന്ന വെന്യൂ മാനേജർമാരുടെ മീറ്റിംഗിൽ
നിർബന്ധമായും പങ്കെടുക്കണം എന്നറിയിക്കുകയും ചെയ്തു.മറുചോദ്യങ്ങൾക്കും വാദങ്ങൾക്കും
ഒന്നും കാത്ത് നിൽക്കാതെ ഫോൺ വിളിച്ച ആൾ പെട്ടെന്ന് ഫോൺ വയ്ക്കുകയും ചെയ്തു.മീറ്റിംഗിൽ
പങ്കെടുക്കാതിരുന്നാൽ ഗെയിംസിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ശങ്ക ഉണ്ടായതിനാൽ
ഞാൻ അന്ന് തന്നെ ഒരു വിധം ടിക്കറ്റ് ഒപ്പിച്ച് തിരുവനന്തപുരത്ത് എത്തി.
2 comments:
“ഹലോ....എഞ്ചിനീയറിംഗ് കോളേജിലെ ആബിദ് സാറല്ലേ?“
“അതേ....ആരാ...?”
“ഞാൻ ശബരിമലയിൽ നിന്നാ...”
:)
Post a Comment
നന്ദി....വീണ്ടും വരിക