Pages

Thursday, April 30, 2015

ക്രിയാത്മക ചിന്തകളും ജീവിത വിജയവും


നല്ല ഫലങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യർ ആരും ഉണ്ടായിരിക്കില്ല.സ്വന്തം ജോലിയിൽ , ആരോഗ്യം സംരക്ഷിക്കുന്നതിൽ, കുട്ടികളെ പരിപാലിക്കുന്നതിൽ,ജീവിതം നയിക്കുന്നതിൽ തുടങ്ങീ എല്ലാ രംഗത്തും വിജയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.കുട്ടികളുടെ കാര്യത്തിലാണെങ്കിൽ , ഇന്നത്തെ മാതാപിതാക്കൾ  അവരവരുടെ മക്കളുടെ വിജയത്തിനായി മരിക്കാൻ വരെ തയ്യാറാണ് (മക്കൾ മാതാപിതാക്കൾക്ക് തിരിച്ച് കൊടുക്കുന്നത് എന്തൊക്കെയെന്ന് നാം മീഡിയകളിലൂടെ കണ്ട് കൊണ്ടിരിക്കുന്നു !!).

“ക്രിയാത്മക ചിന്തകളും ജീവിത വിജയവും“ എന്ന പുസ്തകത്തിലൂടെ ശ്രീ. നോർമൻ വിൻസെന്റ്  പീൽ എന്ന വിദേശി എഴുത്തുകാരൻ പറഞ്ഞുതരുന്നത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ നിന്നുള്ള ചില പ്രായോഗിക കാര്യങ്ങൾ ആണ്.ജീവിതത്തിൽ വിജയിച്ച അസംഖ്യം ആളുകളുടെ പ്രവർത്തനം നിരീക്ഷിച്ചതിൽ നിന്നും,  ക്രിയാത്മകമായി ചിന്തിക്കുകയും ആ മനോഭാവം വച്ച് പുലർത്തുകയും ചെയ്യുന്നവർക്ക് ജീവിത വിജയവും കൈപിടിയിൽ ഒതുങ്ങുന്നു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

നാല് ചർച്ചുകളിലെ പുരോഹിതനായിരുന്ന ശ്രീ. പീൽ ജീവിത വിജയം നേടാൻ അവശ്യം വേണ്ട ദൈവ വിശ്വാസത്തെ പറ്റി ഇടക്കിടെ വായനക്കാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. വലിയ ലക്ഷ്യങ്ങൾ  പിന്തുടരാനും ആ മാർഗ്ഗത്തിൽ ചരിക്കുമ്പോഴുണ്ടാകുന്ന ചെറിയ ചെറിയ വിജയങ്ങൾ ആസ്വദിക്കാനും ശ്രീ പീൽ ഓർമ്മപ്പെടുത്തുന്നു.’ ചന്ദ്രനിലേക്ക് കുതിക്കുക. ആ ലക്ഷ്യം തെറ്റിപ്പോയാലും നിങ്ങൾക്ക് അപ്പോൾ ഉറപ്പായി നക്ഷത്രലോകത്ത് ഇറങ്ങുവാനാകും’ എന്ന ഓർമ്മപ്പെടുത്തൽ വായനക്കാരെ പ്രചോദിപ്പിക്കും എന്ന് തീർച്ച.

ഒരു വാതിൽ നിങ്ങളുടെ മുന്നിൽ അടയുമ്പോൾ മറ്റൊരു വാതിൽ നിങ്ങൾക്കായി തുറക്കാൻ സജ്ജമായി നിൽക്കുന്നുണ്ടാകും.അതിനാൽ അടഞ്ഞ് കിടക്കുന്ന വാതിൽ നോക്കി അധിക സമയം പാഴാക്കരുത്.കാരണം തുറക്കാനിരിക്കുന്ന വാതിൽ നിങ്ങൾക്ക് കാണാൻ കഴിയാതെ പോകും എന്നും പീൽ നമ്മെ ഓർമ്മപ്പെടുത്തുന്നു.മനുഷ്യന്റെ ഏറ്റവും നല്ല മൂന്നു ഗുരുക്കന്മാരായി പീൽ അവതരിപ്പിക്കുന്നത് കഷ്ടപ്പാട്, വിഷമം , യാതന എന്നിവയെയാണ് ! ഇവയെ സമർത്ഥമായി മനോധൈര്യത്തോടെ നേരിടുന്നവർക്ക് ജീവിത വിജയം സുനിശ്ചിതമാണ്.

നിരവധി ‘കേസ് സ്റ്റഡി‘കളിലൂടെ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ വിജയം കൊയ്യാനുള്ള മാർഗ്ഗങ്ങൾ ശ്രീ.പീൽ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നു.’പോക്കറ്റ് ടെക്നിക്’ എന്ന ലളിതമായ പ്രവർത്തനം മുതൽ നിരവധി സങ്കീർണ്ണമായ കാര്യങ്ങൾ വരെ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.


ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 207 പേജുള്ള ഈ പുസ്തകത്തിന്റെ പഴയ വില (2005)  എൺപത് രൂപയാണ്.പ്രൊഫ.പാലാ.എസ്.കെ നായർ ആണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.എൻ.എസ്.എസ് ലൈബ്രറിയിൽ നിന്ന് യാദൃശ്ചികമായി എന്റെ കണ്ണിൽ പെട്ട ഈ പുസ്തകം എന്റെ വായനക്ക് ശേഷം ഇപ്പോൾ ഭാര്യയും വായിച്ചു കൊണ്ടിരിക്കുന്നു.

8 comments:

Areekkodan | അരീക്കോടന്‍ said...

’പോക്കറ്റ് ടെക്നിക്’ എന്ന ലളിതമായ പ്രവർത്തനം മുതൽ നിരവധി സങ്കീർണ്ണമായ കാര്യങ്ങൾ വരെ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.

ajith said...

വിജയത്തിന് കുറുക്കുവഴികളുമില്ല

സുധി അറയ്ക്കൽ said...

പുസ്തകപരിചയത്തിനു നന്ദി!!!

Sudheer Das said...

ഇത്തരം പുസ്തകങ്ങളും ലേഖനങ്ങളും ചില സാഹചര്യങ്ങളില്‍ ഒരു പുനര്‍ചിന്തനത്തിന് സഹായകമാകും. വായനയ്ക്കു ശേഷം അവയിലെ ഏതെങ്കിലും ഒരു ഭാഗമോ കഥയോ എപ്പോഴെങ്കിലും നമ്മുടെ ചെയ്തികളേയും തീരുമാനങ്ങളേയും ന്യായീകരിക്കുവാന്‍ സഹായിക്കും. തീരുമാനമെടുക്കാന്‍ കഴിയാതൈ ഉഴലുന്ന പല സുഹൃത്തുക്കളേയും പ്രചോദിപ്പിക്കാനും. എന്റെ അനുഭവത്തില്‍ അത്തരം ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്.

കല്ലോലിനി said...

പോസിറ്റീവ് തിങ്കിങ് പുസ്തകങ്ങൾ വായിക്കാനിഷ്ടമാണ്.
ഈ പുസ്തകപരിചയവുമിഷ്ടായി.. മാഷേ..

Joselet Joseph said...

ഇതേ ശ്രേണിയില്‍ പെട്ട നോർമൻ വിൻസെന്റ് പീലിന്റെ ഒന്നിലധികം ബുക്കുകള്‍ ഉണ്ട് എന്ന് തോന്നുന്നു. എന്റെ അനുഭവത്തില്‍ ഇവ നേരമ്പോക്കിനായി വായിക്കേണ്ടവയല്ല. എന്തെങ്കിലും ഒന്നിനായി നമ്മള്‍ ഉള്ളറിഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിലെ ഓരോ വരിയും നമ്മെ പ്രചോദിപ്പിക്കും.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പൻ ചേട്ടാ....നന്ദി

അജിത്തേട്ടാ...അതെന്നെ

സുധി.....വായനക്ക് നന്ദി

സുധീർ ദാസ്....ശരിയാണ്.ഒരു സുഹൃത്ത് ഇത്തരം അവസ്ഥയിൽ എത്തുമ്പോൾ സഹായം നൽകാൻ നാമറിഞ്ഞ ഇത്തരം അറിവുകൾ നമുക്ക് സഹായകമാകും

കല്ലോലിനി.....പല പുസ്തകങ്ങളും വായിക്കുന്നവയിൽ എനിക്കും കൂടുതൽ ഇഷ്ടം തോന്നുന്നത് ഈ പോസിറ്റീവ് തിംകിംഗ് പുസ്തകങ്ങളാണ്.കാരണം അവ നമുക്ക് പല തരത്തിലും പിന്നീട് പ്രയോജനപ്പെടും.

ജോസ്ലെറ്റ്.....അതെ, പീലിന്റെ മറ്റു പുസ്തകങ്ങളെപറ്റി അദ്ദേഹം തന്നെ ഇതിൽ പറയുന്നുണ്ട്.പറഞ്ഞതുപോലെ ഇത് ഒരു മോട്ടിവേഷനൽ പുസ്തകമാണ്.വായന തീർച്ചയായും ഉപകാരപ്പെടും.

Muralee Mukundan , ബിലാത്തിപട്ടണം said...


“ക്രിയാത്മക ചിന്തകളും ജീവിത വിജയവും“ കേശവ മേനോന്റെ “നാം മുന്നോട്ട്’ പോലെ തന്നെ നമ്മെ മുന്നോട്ട് നയിക്കുന്ന ഒരു പുസ്തകമാണ്

Post a Comment

നന്ദി....വീണ്ടും വരിക