Pages

Saturday, August 15, 2015

സ്വാതന്ത്ര്യദിനവും എന്റെ കുഞ്ഞുമോളും

        
           വ്യാഴാഴ്ച എന്റെ കുഞ്ഞുമോള്‍ ലൂന സ്കൂളില്‍ നിന്ന് തിരിച്ചെത്തിയത് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കുറിപ്പും നെഞ്ചില്‍ കുത്തുന്ന ഒരു കൊടിയും കൊണ്ടാണ്. ഒരു പക്ഷേ സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് സ്കൂളില്‍ നിന്ന് പറഞ്ഞറിഞ്ഞതായിരിക്കും അത് നാളെത്തന്നെയായിരുന്നെങ്കില്‍ എന്ന് ആ കുഞ്ഞുമനസ്സ് ആഗ്രഹിച്ചുപോയത്.

          കുഞ്ഞുമോളുടെ ആവേശം കണ്ട് ഞാന്‍ അവള്‍ക്ക് സ്വാതന്ത്ര്യ സമരത്തിലെ  ചില ഏടുകള്‍ പറഞ്ഞ് കൊടുത്തു.എന്റെ ഉമ്മ വഴി ഞങ്ങള്‍ അറിയുന്ന ഞങ്ങളുടെ പൂര്‍വ്വപിതാക്കളുടെ സമരങ്ങളും “വെള്ളപ്പട്ടാളം” എന്ന ബ്രിട്ടീഷ് പട്ടാളം അവരെ ജയിലില്‍ അടച്ചതും ചിലരെ വെടിവച്ചതും അവള്‍ സാകൂതം കേട്ടിരുന്നു. ആ വെള്ളപ്പട്ടാളത്തെ ഗാന്ധിജിയുടെയും (കേരള ഗവര്‍മെന്റ് കലണ്ടറില്‍ കണ്ട് അവള്‍ക്ക് നല്ല പരിചയമുള്ള മുഖം) മറ്റും നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നും പുറത്താക്കിയ ദിവസമാണ് ആഗസ്ത് 15 എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു.

        അപ്പോള്‍ വെള്ളപ്പട്ടാളം ഇനിയും വരുമോ എന്നായി അവളുടെ ചോദ്യം. ഇപ്പോള്‍ നമുക്ക് നമ്മുടെ പട്ടാളം ഉള്ളതിനാല്‍ അവര്‍ ഇനി വരില്ല എന്ന് ഞാന്‍ പറഞ്ഞു.അവള്‍ക്ക് ഒന്ന് കൂടി വ്യക്തമാകാന്‍ അവളുടെ കൂടെ സ്കൂളിലേക്ക് ഓട്ടോയില്‍ കയറുന്ന സിദയുടെ ഉപ്പ പട്ടാളക്കാരനാണെന്നും ഞാന്‍ പറഞ്ഞു.അപ്പോള്‍ അയാളും വെടി വയ്ക്കുമോ എന്നായി പിന്നെ ചോദ്യം !

           ആറ് വര്‍ഷമായി ഞാന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചുകൊണ്ടിരുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ കൂടെയായിരുന്നു. എന്റെ കോളേജില്‍ പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍  ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനപ്പുലരിയില്‍ ഞാന്‍ വീട്ടിലായിരുന്നു. അങ്ങനെ ഇന്ന് രാവിലെ ഞാന്‍ തന്നെ മോളെ സ്കൂളില്‍ കൊണ്ടാക്കി. മൂവര്‍ണ്ണ കൊടികളും തൊപ്പിയും ആം ബാന്റും റിബ്ബണും എല്ലാം അണിഞ്ഞ് ഉത്സാഹത്തോടെ കുട്ടികള്‍ വന്നിറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ മനം നിറഞ്ഞു.എന്റെ കുട്ടിക്കാലത്ത് ഇത്രയും വര്‍ണ്ണശബളമായ ഒരു  സ്വാതന്ത്ര്യദിനാഘോഷം ഉണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല.വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനാല്‍ ഇന്നും അത് മുടങ്ങരുതെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

            അങ്ങനെ  ഈ 69ആം സ്വാതന്ത്ര്യദിനപ്പുലരി ഞാന്‍ എന്റെ കുഞ്ഞുമോളുടെ സ്കൂളിലെ കുട്ടികളുടെ ആഘോഷം കാണാനായി മാറ്റിവച്ചു.കാഴ്ചക്കാരനായി ഞാന്‍ പിന്നില്‍ നില്‍ക്കുന്നത് മനസ്സിലാക്കി സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നെ വേദിയിലേക്കും ക്ഷണിച്ചു.വേദിയിലിരിക്കുന്ന എന്നെ, സദസ്സില്‍ നിന്നും ഇടക്കിടക്ക് നോക്കി പുഞ്ചിരിക്കുന്ന എന്റെ മകളുടെ മുഖത്തെ അഭിമാനം അപ്പോള്‍ ഞാന്‍ ശരിക്കും ദര്‍ശിച്ചു.അവളുടെ ടീച്ചറും എന്റെ സാന്നിദ്ധ്യം എടുത്ത് പറഞ്ഞപ്പോള്‍ അവള്‍ക്ക് ഇരട്ടി സന്തോഷമായി.

           തീര്‍ച്ചയായും മക്കളുടെ ഉയര്‍ച്ചയില്‍ മാതാപിതാക്കള്‍ അഭിമാനിക്കുന്നു. മാതാപിതാക്കളുടെ ഉയര്‍ച്ചയില്‍ മക്കളും അഭിമാനം കൊള്ളുന്നു.കൊടുത്തും വാങ്ങിയും സംവദിച്ചും നമുക്ക് അഭിമാനിതരാകാം.എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. 

12 comments:

Areekkodan | അരീക്കോടന്‍ said...

മൂവര്‍ണ്ണ കൊടികളും തൊപ്പിയും ആം ബാന്റും റിബ്ബണും എല്ലാം അണിഞ്ഞ് ഉത്സാഹത്തോടെ കുട്ടികള്‍ വന്നിറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ മനം നിറഞ്ഞു.എന്റെ കുട്ടിക്കാലത്ത് ഇത്രയും വര്‍ണ്ണശബളമായ ഒരു സ്വാതന്ത്ര്യദിനാഘോഷം ഉണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല.

വിനുവേട്ടന്‍ said...

അഭിമാന മുഹൂർത്തങ്ങൾ...

Joselet Joseph said...

ഒരു ജീവിതായുസിന്റെ സുകൃതം.
നല്ല മക്കളാകുക, മക്കള്‍ക്ക് നല്ല അച്ചനാകുക.
ബാക്കിയൊക്കെ പിന്നാലെ വന്നോളും! ഇല്ലേ മാഷേ...

ajith said...

സ്വാതന്ത്യം തന്നെയമൃതം

Cv Thankappan said...

സ്വാതന്ത്ര്യം തന്നെയമൃതം.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ....അതെ , സ്വാതന്ത്ര്യം കിട്ടിയപ്പോളാണല്ലോ അഭിമാനം ഉണ്ടായത്.

ജോസ്‌ലെറ്റ്....അതെ,ബാക്കിയെല്ലാം ഇതിന്റെ അനന്തരഫലങ്ങള്‍ മാത്രം

അജിത്തേട്ടാ....അതെന്നെ

തങ്കപ്പേട്ടാ....തങ്കം തന്നാലും സ്വാതന്ത്ര്യം വിടരുത് !

വിനോദ് കുട്ടത്ത് said...

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം......

കല്ലോലിനി said...

ശ്ശൊ... വായിച്ച് കണ്ണുനിറഞ്ഞുപോയി..
ആ കുഞ്ഞുമനസ്സില്‍ എന്തൊരാഹ്ലാദമായിരുന്നിരിക്കും..!!!

മനോജ് കുമാർ വി said...

:)

Areekkodan | അരീക്കോടന്‍ said...

വിനോദ്ജി....സത്യം

കല്ലോലിനി.....ആഹ്ലാദിക്കട്ടെ , കുഞ്ഞുമനസ്സുകള്‍ ഇപ്പോഴെങ്കിലും

മനോജ് ...നന്ദി

സുധി അറയ്ക്കൽ said...

അതെ ആഹ്ലാദിക്കട്ടെ!!!

Areekkodan | അരീക്കോടന്‍ said...

അതെ സുധി...

Post a Comment

നന്ദി....വീണ്ടും വരിക