Pages

Thursday, June 02, 2016

ലൂന മോളും സ്കൂളിലേക്ക്…

അങ്ങനെ വീണ്ടും ഒരു അദ്ധ്യയന വർഷം ആരംഭിച്ചു.രക്ഷിതാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറി മൂന്ന് ലക്ഷത്തില്പരം പിഞ്ചു കുട്ടികൾ സ്കൂളില് ഹരിശ്രീ കുറിക്കുന്നു.സാധാരണ വർഷങ്ങളിലെപ്പോലെ പ്രവേശനോത്സവം എന്ന പഴയതായ പുതിയ രീതി മിക്ക സ്കൂളുകളിലും ഉണ്ട്.സർക്കാറിന് തന്നെ പ്രവേശനോത്സവം നടത്തേണ്ട സമയമായതിനാൽ മുൻ സർക്കാറിനെപ്പോലെ വലിയ പരസ്യങ്ങളൊന്നും കണ്ടില്ല, തിരുവനന്തപുരത്ത് സംസ്ഥാനതല ഉത്ഘാടനം നടത്തുന്നുണ്ട്.
മിക്ക കുട്ടികൾക്കും ഈ ദിവസം ജീവിതത്തിലെ കയ്പേറിയ ദിനങ്ങളിൽ ഒന്നാണ്.അപരിചിതമായ പുതിയ ചുറ്റുപാടിൽ അകപ്പെട്ട് വാവിട്ട് കരയുന്ന കുട്ടികളെ ഈ ദിനങ്ങളിൽ കാണാം.നാളത്തെ പത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഫോട്ടോകളും ഇത്തരം കുട്ടികളുടേതാകും.എന്ന് വച്ചാൽ അടങ്ങി ഒതുങ്ങി ഈ ദിവസം നല്ലൊരു ദിവസമാണെന്ന് മനസ്സിലുറപ്പിച്ച് ഇരിക്കുന്നവൻ മീഡിയയിൽ ഇല്ല.ഇന്നത്തെ ‘ചീത്ത സ്വഭാവക്കാരൻ’ ലോകം മുഴുവൻ പ്രശസ്തനും!!
എൽ.കെ.ജിയിലും യു.കെ.ജിയിലും പോയി പരിചയമുള്ള മിക്ക കുട്ടികൾക്കും ഇന്നത്തെ ദിനം സാധാരണ പോലെയുള്ള ഒരു സ്കൂൾ ദിനം തന്നെയായിരിക്കും.എന്നാലും രണ്ട് മാസം ഇതിൽ നിന്നെല്ലാം വിട്ട് നിന്ന് ആർമാദിച്ച് നടന്ന കാലത്തിന് ഒരു ബ്രേക്ക് വരുന്നതിന്റെ ദു:ഖം മുഖത്ത് പ്രതിഫലിക്കുന്നുണ്ടാകും.ഒന്നാം ക്ലാസ്സിൽ ആദ്യം വരുന്നത് ഒരു പുരുഷ അദ്ധ്യാപകനാണെങ്കിൽ മിക്ക കുട്ടികളിലും ഒരു അദ്ധ്യാപക പേടി കൂടി രൂപപെടാൻ ഇടയായേക്കും.
എന്റെ മൂന്നാമത്തെ മകൾ ലൂനയും ഇന്ന് ഔദ്യോഗികമായി വിദ്യാരംഭം കുറിക്കുകയാണ്.കെ.ജി ക്ലാസ്സുകളിൽ പോയിരുന്ന അതേ സ്കൂളിലെത്തന്നെയാണ് ഒന്നാം ക്ലാസ് പഠനവും ആരംഭിക്കുന്നത്. രണ്ട് മാസത്തെ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുമ്പോൾ ലൂന മോളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു നിറഞ്ഞു നിന്നത്.സാധാരണ ഒന്നാം ക്ലാസ്സിലേക്ക് പോകാൻ ഏറെ കുട്ടികളും മടി കാട്ടി കരയുമ്പോൾ ലൂന മോൾ അവളുടെ ഓട്ടോയും കാത്ത് പുഞ്ചിരിച്ച് നിൽക്കുകയയിരുന്നു,മോളെ മുഖത്തെ സന്തോഷം കണ്ട് അതു വഴി കടന്നുപോയ ഒരാൾ അത് എടുത്ത് പറയുകയും ചെയ്തു. ചേച്ചിമാരെപ്പോലെ പുതിയ ബാഗോ കുടയോ ഇല്ലാതെ ലൂന മോളും സ്കൂളിൽ ഹരിശ്രീ കുറിക്കുന്നു.
സന്തോഷപൂർവ്വം മൂന്ന് മക്കളെയും യാത്രയാക്കി ഞാൻ കോളേജിലേക്ക് തിരിക്കുമ്പോൾ, (കുട്ടികൾ എല്ലാം പരീക്ഷയിലും അവധിയിലും ആണെങ്കിലും കോളേജും ഇന്ന് തുറക്കുന്നു) പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി, വെടിയുണ്ടക്ക് മുന്നിലും പതറാതെ താലിബാനോട് പൊരുതി നിന്ന് നോബൽ പുരസ്കാരത്തിൽ മുത്തമിട്ട മലാല യൂസഫ് സായിയുടെ പ്രവർത്തനവും അന്നാട്ടിലെ കുട്ടികളെയും ഒരു വേള ഓർത്തു പോകുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

സന്തോഷപൂർവ്വം മൂന്ന് മക്കളെയും യാത്രയാക്കി ഞാൻ കോളേജിലേക്ക് തിരിക്കുമ്പോൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി, വെടിയുണ്ടക്ക് മുന്നിലും പതറാതെ താലിബാനോട് പൊരുതി നിന്ന് നോബൽ പുരസ്കാരത്തിൽ മുത്തമിട്ട മലാല യൂസഫ് സായിയുടെ പ്രവർത്തനവും അന്നാട്ടിലെ കുട്ടികളെയും ഒരു വേള ഓർത്തു പോകുന്നു.

© Mubi said...

Every child has the right to education... പല കാരണങ്ങളാല്‍ ഈ അവകാശം നിഷേധിക്കപ്പെടുന്ന എത്രയോ കുരുന്നുകള്‍ :( സ്കൂളില്‍ പോകുന്ന മക്കള്‍ക്കും കോളേജില്‍ പോണ മാഷ്ക്കും പുതിയ അദ്ധ്യയന വര്‍ഷാശംസകള്‍..

സുധി അറയ്ക്കൽ said...

ഒരച്ഛന്റെ നിറഞ്ഞ സന്തോഷം ഇവിടെ കാണാൻ കഴിഞ്ഞു.കുട്ടികൾ ഓടിച്ചാടിക്കളിച്ച്‌ കലപിലശബ്ദമുണ്ടാക്കുന്ന വീട്ടിൽ എന്നാ രസമായിരിക്കും.മൂത്ത ചേച്ചിമാരെപ്പോലെ ചെറിയ ലൂനമോളും മിടുമിടുക്കിയായി വരട്ടെ.എല്ലാരോടും എന്റെ അന്വേഷണം പറയണേ സർ!!!

Cv Thankappan said...

എല്ലായിടത്തും പ്രവേശനോത്സവം ഭംഗിയായി നടന്നു.
കളിയും,ചിരിയും,കാണാന്‍ കഴിഞ്ഞു.
ലൂന മോള്‍ മിടുക്കിക്കുട്ടി തന്നെ.
എല്ലാ നന്മകളും നേരുന്നു.
ആശംസകള്‍ മാഷെ

Bipin said...

പിള്ളാര് പഠിച്ചുവളരട്ടെ. ധാരാളം കളിച്ചും

Areekkodan | അരീക്കോടന്‍ said...

മുബീ...കോളെജില്‍ പോണ മാഷക്ക് ആദ്യമായാ ആശംസകള്‍ ലഭിക്കുന്നത്!!

സുധീ...അതെ, ചേച്ചിമാരെക്കണ്ട് അവള്‍ പഠിക്കും, ഞങ്ങള്‍ പിന്തുണക്കും(ഇന്‍ഷാ അല്ലാഹ്)

തങ്കപ്പേട്ടാ...നന്ദി

ബിപിനേട്ടാ...കളിച്ചും ചിരിച്ചും സ്നേഹിച്ചും സംവദിച്ചും വളരട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക