Pages

Sunday, June 05, 2016

വ്യത്യസ്തം ഈ പരിസ്ഥിതി ദിനാചരണം

       ലോകം മുഴുവന്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തില്‍ മുഴുകിയിരിക്കുകയാണ്. പല തരത്തിലുള്ള പരിപാടികളും ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്നു കൊണ്ടിരിക്കുന്നു.ഇത്തവണത്തെ വേനലില്‍ അസഹ്യമായ ചൂട് അനുഭവിച്ച നമ്മുടെ കൊച്ചുകേരളവും ഈ ദിനം സമുചിതം ക്രിയാത്മകമായി ആചരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.’അണ്ണാറക്കണ്ണനും തന്നാലായത്’ എന്നതുപോലെ ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധ നേടുന്നു.

        ഇത് മലപ്പുറം ജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിലെ കളരിയില്‍ അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള അലിവ് ബാലസംഘം.പതിനഞ്ചോളം കുട്ടികള്‍ അടങ്ങിയ ഈ ബാലസംഘം കഴിഞ്ഞ ഒരു മാസമായി ജൂണ്‍ അഞ്ചിനെ ലക്ഷ്യം വച്ച് കര്‍മ്മനിരതരായിരുന്നു.പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ട് ഈ ദിനം കേവലം ആചരിക്കുക എന്നതിനപ്പുറം മറ്റു ചില സന്ദേശങ്ങള്‍ കൂടി ഈ കുട്ടിക്കൂട്ടത്തിന്റെ സ്വന്തം തീരുമാനം മുതിര്‍ന്നവര്‍ക്ക് നല്‍കുന്നു.

        കളരിയില്‍ അയല്‍ക്കൂട്ടത്തിലെ എട്ട് വീടുകളിലേക്ക് ഓരോ വൃക്ഷത്തൈകള്‍ വീതം നല്‍കാനാണ് ബാലസഭാംഗങ്ങള്‍ തീരുമാനിച്ചത്.അതും സാധാരണ തൈകള്‍ക്ക് പകരം ഫലവൃക്ഷത്തൈ.പിന്നീടുള്ള ആലോചനയില്‍ അത് നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്മാവുകളുടെ തൈ ആകട്ടെ എന്ന് തീരുമാനിച്ചു.അന്ന് മുതല്‍ ഈ കുട്ടിക്കൂട്ടം പരിസരത്തുള്ള വീടുകളില്‍ നിന്ന് കോമാങ്ങ,മൂവാണ്ടന്‍,പഞ്ചാരമാങ്ങ തുടങ്ങിയവയുടെ അണ്ടികള്‍ ശേഖരിച്ച് വെണ്ണീറ് തേച്ച് സൂക്ഷിച്ചു വച്ചു.മെയ് രണ്ടാം വാരത്തില്‍ ചെറിയ കവറുകളില്‍ ചാണകപ്പൊടിയും അല്പം മേല്‍മണ്ണും നിറച്ച് അണ്ടി അതില്‍ പാകി.പിന്നീടുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും അല്‍പം വെള്ളമൊഴിച്ചു കൊടുത്തു അതിനെ പരിചരിച്ചു.

        പത്ത് ദിവസം കൊണ്ട് കവറില്‍ നിന്നും പുതുനാമ്പുകള്‍ തല നീട്ടാന്‍ തുടങ്ങിയതോടെ കുട്ടിക്കൂട്ടം സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഇരുപതോളം അണ്ടികള്‍ നട്ടതില്‍ പതിനാറെണ്ണം മുളച്ച് ഇപ്പോള്‍ നാലില പ്രായമായി.അതിനാല്‍ തന്നെ ഓരോ വീട്ടിലും രണ്ട് വീതം തൈകള്‍ നല്‍കാനാണ് ബാലസഭാംഗങ്ങളുടെ പുതിയ തീരുമാനം. 
      എന്റെയും സാമൂഹ്യപ്രവര്‍ത്തകനായ അനിയന്‍ അഫീഫ് തറവട്ടത്തിന്റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ മക്കളായ ആതിഫ ജും‌ല , ഐഷ റെയ്ക, ഐഷ റെയ്ന,അമല്‍ ഹിഷാം,അബിയ്യ ഫാത്തിമ എന്നിവരാണ് തൈകള്‍ പരിചരിക്കുന്നത്.പേപ്പര്‍ പെന്‍  പോലെയുള്ള പരിസ്ഥിതി സൌഹൃദ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനും കുട്ടിക്കൂട്ടം തയ്യാറെടുക്കുന്നതായി ബാലസംഘം സെക്രട്ടറി ആതിഫ ജും‌ല പറയുന്നു.

         ജൂണ്‍ അഞ്ചിന് അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രെസിഡണ്ട് എ.ഡബ്ലിയു അബ്ദുറഹിമാന്‍ അയല്‍ക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം ഫാത്തിമകുട്ടിക്ക് തൈ നല്‍കി ഈ കുട്ടിക്കൂട്ടത്തിന്റെ പ്രകൃതിക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

5 comments:

Areekkodan | അരീക്കോടന്‍ said...

പത്ത് ദിവസം കൊണ്ട് കവറില്‍ നിന്നും പുതുനാമ്പുകള്‍ തല നീട്ടാന്‍ തുടങ്ങിയതോടെ കുട്ടിക്കൂട്ടം സന്തോഷം കൊണ്ട് തുള്ളിച്ചാടി.

© Mubi said...

ബാലസംഘത്തിന് എല്ലാവിധ ആശംസകളും...

Cv Thankappan said...

അപരന് ഉപകാരമായി വരണമെന്നച്ചിന്തയോടെ കര്‍മ്മനിരതരായി രംഗത്തിറങ്ങിയ ബാലസംഘത്തിനും,അതിന്‌ നേതൃത്വം വഹിച്ചവര്‍ക്കും
പ്രോത്സാഹനം നല്കിയവര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍. അവര്‍ക്ക്‌ എല്ലാവിധ നന്മകളും നേരുന്നു.

Bipin said...

അരീക്കോടാ സംഭവം കലക്കി. നാടൻ മാവിൻ തൈ. ആശയം നന്നായി. ( ഞാൻ ഒരു കിളിച്ചുണ്ടൻ മാവിന്റെ തയ്യിനു കുറെ അലഞ്ഞു). അടുത്ത വർഷം ഇതിന്റെ വളർച്ച വിലയിരുത്താനും കുട്ടിക്കൂട്ടതിനോട് പറയണം. ഏതായാലും അരീക്കോടന്റെ ബുദ്ധി ഇതിന്റെ പിറകിലുണ്ട്. (ബുദ്ധി കാരണമാണ് മുടി കൊഴിഞ്ഞത്!)

Areekkodan | അരീക്കോടന്‍ said...

മുബീ...നന്ദി

തങ്കപ്പേട്ടാ...ഈ ചിന്ത ഊട്ടിയുറപ്പിക്കാനാണ് ഇനിയുള്ള കാലത്ത് പരിശ്രമിക്കേണ്ടത്

ബിപിനേട്ടാ...ബുദ്ധികാരണമാണ് മുടി കൊഴിഞ്ഞത് എന്നതിനാല്‍ ഒരു ചികിത്സക്കും പോകുന്നില്ല!പിന്നെ അവര്‍ എല്ലാം പ്ലാന്‍ ചെയ്തതിന് ശേഷമാണ് എന്നോട് പറഞ്ഞത്.പിന്നീട് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നല്‍കി.കുട്ടികളോട് ഓരോ ആഴ്ചയും മോണിറ്ററിംഗ് നടത്താനാണ് ഞാന്‍ പറഞ്ഞത്.

Post a Comment

നന്ദി....വീണ്ടും വരിക