Pages

Saturday, December 31, 2016

സേവനത്തിന്റെ ഏഴ് ദിനരാത്രങ്ങള്‍

                 കഴിഞ്ഞ ഏഴ് ദിനരാത്രങ്ങള്‍ മനസ്സില്‍ നിന്നും എന്നെങ്കിലും മായുമോ എന്നറിയില്ല. കാരണം എന്റെ പ്രിയപ്പെട്ട എണ്‍പതിലധികം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം മാനന്തവാടിയിലെ സാധാരക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി സ്കൂളില്‍ ക്യാമ്പ് ചെയ്ത്, വയനാട് ജില്ലയിലെ അശരണരും അഗതികളുമായ നിരവധി പേര്‍ ചികിത്സ തേടി എത്തുന്ന വയനാട് ജില്ലാ ആശുപത്രിയിലെ കേടുപാടായ ഫര്‍ണ്ണീച്ചറുകളും ഉപകരണങ്ങളും മറ്റും റിപ്പയര്‍ ചെയ്യുകയായിരുന്നു ഈ അവധിക്കാലത്തെ ജോലി.
              നാഷണല്‍ സര്‍വീസ് സ്കീമിന്റെ ബാനറില്‍ ഞാന്‍ ഇന്നോളം ചെയ്ത പ്രവര്‍ത്തികളില്‍ ഏറ്റവും സന്തോഷം തരുന്നത് ഈ പ്രവര്‍ത്തനം തന്നെയാണ്.കാരണം 30 ലക്ഷത്തിലധികം രൂപയുടെ ആസ്തിയാണ് ഏഴ് ദിവസം കൊണ്ട് എന്റെ പ്രിയപ്പെട്ട മക്കളും അഞ്ചാറ് പേരടങ്ങുന്ന ടെക്നിക്കല്‍ സ്റ്റാഫും കൂടി പുനര്‍നിര്‍മ്മിച്ചത്.”പുനര്‍ജ്ജനി” എന്ന പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട് ക്യാമ്പ് സമാപിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഒരു രോഗിയുടെ ഹൃദയം തുറന്ന അഭിപ്രായം ഇങ്ങനെ - “എവിടെ നിന്നോ കുറച്ച് കുട്ടികള്‍ വന്ന് കട്ടിലുകള്‍ കുറെ നന്നാക്കി തന്നതിനാല്‍ കിടക്കാന്‍ ഒരു ഇടം കിട്ടി....”
 
 
                 ഇന്ന് മുതല്‍ തൂവെള്ള ബനിയനില്‍ ചെളിപുരണ്ട എന്റെ ആ മക്കളെ ആശുപത്രിയില്‍ കാണില്ല...പക്ഷെ പലരുടെ കണ്ണുകളും ഞങ്ങളെ അവിടെ തിരഞ്ഞുകൊണ്ടെ ഇരിക്കും...കൈ പിടിച്ച് അല്പം നടക്കാന്‍ , ആവശ്യമായ രക്തം കിട്ടാന്‍ , ഒരു നേരത്തെയെങ്കിലും ഭക്ഷണം കിട്ടാന്‍, സര്‍ജറിക്കാവശ്യമായ പണം സ്വരൂപിക്കാന്‍...ഈ ഏഴ് ദിവസം റിപ്പയറിംഗ് ജോലികള്‍ക്കിടയില്‍ ഇതും എന്റെ മക്കള്‍ ചെയ്യുന്നുണ്ടായിരുന്നു.
                2016 കാലയവനികക്കുള്ളിലേക്ക് വലിയുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്.പുതിയ ഒരു വര്‍ഷം പുലരുന്നതിലല്ല, ആദിവാസികള്‍ അടക്കമുള്ള നിരവധി പേരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്താന്‍ സാധിച്ചതില്‍...ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍വിടാന്‍ സഹായിച്ചതില്‍...ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിത ദൌത്യം മനസ്സിലാക്കാന്‍ പറ്റിയതില്‍...
പുതുവത്സരാശംസകള്‍...

5 comments:

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞ് പോയതറിയാത്ത 7 ദിനരാത്രങ്ങള്‍...

© Mubi said...

ഇതിലും വലിയൊരു സന്തോഷമില്ലല്ലോ മാഷേ... വായിച്ചിട്ട് മനസ്സും കണ്ണും നിറഞ്ഞു. പുതുവത്സരാശംസകള്‍ :)

Cv Thankappan said...

ധന്യമാമീ ജീവിതം
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

2016 കാലയവനികക്കുള്ളിലേക്ക്
വലിയുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്.
പുതിയ ഒരു വര്‍ഷം പുലരുന്നതിലല്ല, ആദിവാസികള്‍ അടക്കമുള്ള നിരവധി പേരുടെ മുഖത്ത് സന്തോഷത്തിന്റെ
പുഞ്ചിരി വിടര്‍ത്താന്‍ സാധിച്ചതില്‍...ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍വിടാന്‍ സഹായിച്ചതില്‍..

Areekkodan | അരീക്കോടന്‍ said...

മുബീ...നിരവധി രോഗികളുടെയും കൂട്ടുനില്‍പ്പുകാരുടെയും മുഖത്ത് ആ സന്തോഷാശ്രുക്കള്‍ ഞങ്ങള്‍ ദര്‍ശിച്ചു.

തങ്കപ്പേട്ടാ...ഇനിയും ചെയ്യാന്‍ ഏറെയുണ്ട്

ബിലാത്തിയേട്ടാ...അതെന്നെ.

Post a Comment

നന്ദി....വീണ്ടും വരിക