Pages

Thursday, January 26, 2017

റിപബ്ലിക് ദിനത്തിലെ ഉപ്പ്മാവ്

ഇന്ന് റിപബ്ലിക് ദിനം. ഇന്ത്യ റിപബ്ലിക് ആയതിന് ശേഷം ഈ ദിനത്തിൽ ഡൽഹിയിൽ ദേശീയപതാക ഉയർത്തുന്നത് രാഷ്ട്രപതിയാണ്. അതേ പോലെ , കേരളത്തിലെ 8 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഈ കർമ്മം നിർവ്വഹിക്കേണ്ടത് ഞാനാണെന്ന് രാവിലെ പ്രിൻസിപ്പാൾ വിളിച്ചപ്പോഴാണ് ഞാൻ പോലും അറിഞ്ഞത്.

കോളെജ് ദിവസങ്ങളിൽ സാധാരണ ഗതിയിൽ എന്റെ പ്രാതൽ സമയം ഒമ്പതര-പത്ത് മണിയാണ്.ഇന്ന് എട്ടരക്ക് പതാക ഉയർത്തേണ്ടതിനാലും കാന്റീൻ അടവായതിനാലും ബ്രേൿഫാസ്റ്റ് റൂമിൽ തെന്നെ തയ്യാറാക്കാൻ തീരുമാനിച്ചു.ആകെ ഉണ്ടാക്കാൻ അറിയുന്നത് പണ്ട് മുതലേ ഉമ്മ ഉണ്ട(യാ)ക്കിത്തരുന്ന ഉപ്പ്മാവ് - അടുക്കളയിൽ തപ്പിയപ്പോൾ പണ്ടാരോ കടംകഥ പറഞ്ഞ പോലെയായി.റവയുണ്ട്,സവാളയില്ല; ഉപ്പുണ്ട്,മുളകില്ല.എങ്കിലും എനിക്ക് കഴിക്കാവുന്ന തരം ഒരു ഉപ്പ്മാവ് ഉണ്ടാക്കാൻ ഇത് ധാരാളം.

ഊർജ്ജ സംരക്ഷണ ക്ലാസ്സിൽ കേട്ടതും ഞാൻ പല ക്ലാസ്സുകളിലും പറയുന്നതുമായ രീതിയിൽ തന്നെ ഉപ്പ്മാവ് ഉണ്ടാക്കാൻ തീരുമാനമായി.ആവശ്യമായ സാധനങ്ങളിൽ അത്യാവശ്യമായതും എന്റെ പക്കൽ ഉള്ളതുമായവ ചട്ടിയിൽ വീഴുന്നതിന്റെ മുൻ‌ഗണനാ ക്രമത്തിൽ ഞാൻ അടുക്കി വച്ചു - സ്റ്റൌവിൽ ചട്ടി , പിന്നെ വെളിച്ചെണ്ണ,കടുക്,വെള്ളം,ഉപ്പ്,മഞ്ഞൾ പൊടി,അവസാനം റവ എന്ന രൂപത്തിൽ ഒരു ക്യൂ നിർത്തി.

മിസിസ് കെ.എം മാത്യു ഉപ്പ്മാവ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല.ഇതുണ്ടാക്കാൻ വലിയ വലിയ കിതാബുകൾ റെഫർ ചെയ്യുകയും വേണ്ട. കോമൺ സെൻസും ക്ഷമയും പിന്നെ ഒറ്റക്കും ആണെങ്കിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു ഭക്ഷണമാണ് ഉപ്പ്മാവ്.

സ്റ്റൌ കത്തിച്ച് ചീനച്ചട്ടി വയ്ക്കുക.അല്പമൊന്ന് ചൂടായാൽ രണ്ട് കുഞ്ഞ് സ്പൂൺ വെളിച്ചെണ്ണ ചട്ടിയിലേക്ക് തന്നെ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി എന്നറിയിക്കുമ്പോൾ കടുക് ഇടുക (അല്പം മാറി നിന്നില്ലെങ്കിൽ കടുക് കണ്ണിന്റെ കപാസിറ്റർ തകർക്കാൻ സാധ്യതയുണ്ട്).കടുകിന്റെ ലീലാവിലാസങ്ങൾ  കഴിഞ്ഞാൽ , നിങ്ങൾ തിന്നാൻ ഉദ്ദേശിക്കുന്ന റവക്കനുസരിച്ചുള്ള  വെള്ളമൊഴിക്കുക (റവയുടെ മൂന്നിരട്ടി വെള്ളം എന്നാണ് എന്റെ കോമൺസെൻസ്). ശീൽക്കാര ശബ്ദം ഉയരും , ഭയപ്പെടരുത് - ഉപ്പ്മാവാണ് റെഡിയാകാൻ പോകുന്നത്. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഉപ്പുണ്ടോ ഇല്ലേ എന്നറിയാൻ ചീന ചട്ടിയിലെ വെള്ളത്തിൽ നിന്ന് അല്പം എടുത്ത് രുചിച്ച് നോക്കുക - സൂക്ഷിക്കണം , വായ പൊള്ളിയാൽ ഉപ്പ് എന്നല്ല ഒരു സാധനത്തിന്റെയും രുചി പിന്നീടറിയില്ല.

ഇനിയാണ് ഉപ്പ്മാവിനെ ചമയിച്ചൊരുക്കുന്നത്. ഒരു നുള്ള് എന്ന് വച്ചാൽ ഉണ്ടോ ഇല്ലേ എന്ന് തോന്നുന്ന അത്രയും കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. ഇല്ലെങ്കിൽ പഴനിയിൽ പോയി മൊട്ടയടിച്ചവന്റെ തല പോലെയിരിക്കും ഉപ്പ്മാവിന്റെ കളർ എന്ന് പ്രത്യേകം ഓർമ്മിക്കുക.വെള്ളം മഞ്ഞ കളർ ആയോ ഉപ്പ്മാവ് ട്രിബിൾ മഞ്ഞയായി എന്ന് ഉറപ്പിക്കാം.അങ്ങനെ വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ റവ എടുത്ത് അല്പാല്പം ചേർക്കുകയും നന്നായി ഇളക്കുകയും ചെയ്യുക.എന്ന് വച്ചാൽ വാട്‌സ് ആപ്പും ഉപ്പ്മാവും ഒരുമിച്ച് നടക്കില്ല.നന്നായി ഇളക്കിയില്ലെങ്കിൽ രാവിലെ വച്ച ഉപ്പ്മാവ് വൈകുന്നേരം കൊഴുക്കട്ടയായി തിന്നാം, അല്ല ആരെയെങ്കിലും തീറ്റിക്കാം (ഇതാണ് ഞാൻ മുകളിൽ പറഞ്ഞ ഉമ്മ ഉണ്ടയാക്കി തരുന്ന ഉപ്പ്മാവ്).

അങ്ങനെ വെള്ളം കുറുകി കുറുകി ഇല്ലാതാകുമ്പോൾ ഉപ്പ്മാവ് ഉണ്ടായി.ഇതാണ് ദ്രവ്യ സംരക്ഷണ നിയമം . അതായത് റവ കാൻ നെയിതർ ബീ ക്രിയേറ്റഡ് നോർ ബീ ഡിസ്ട്രോയ്‌ഡ്, ബട് കാൻ ബീ കൺ‌വർട്ടഡ് റ്റു ഉപ്പ്മാ  ഇൻ എ സിമ്പിൾ വേ.നിങ്ങൾ പഠിച്ചത് വേറെയായിരിക്കും , അത് ആ റവ കൊണ്ടുണ്ടാക്കുമ്പോൾ ഇത് ഈ റവ  കൊണ്ടുണ്ടാക്കുമ്പോൾ.


അങ്ങനെ ഞാൻ ഉണ്ടാക്കിയ ഉപ്പ്മാവും തിന്ന് റിപബ്ലിക് ദിനത്തിൽ ദേശീയ പതാകയും ഉയർത്തി ഞാനും ഏക് ദിൻ ക സുൽത്താൻ ആയി.


ഏവർക്കും റിപബ്ലിക് ദിനാശംസകൾ.

4 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ വെള്ളം കുറുകി കുറുകി ഇല്ലാതാകുമ്പോൾ ഉപ്പ്മാവ് ഉണ്ടായി.ഇതാണ് ദ്രവ്യ സംരക്ഷണ നിയമം .

സുധി അറയ്ക്കൽ said...

സത്യത്തിൽ ഉപ്പുമാവിനിത്ര നിറമുണ്ടോ???

Areekkodan | അരീക്കോടന്‍ said...

സുധീ...ഞാൻ ഉപയോഗിക്കുന്നത് വീട്ടിൽ ഉണ്ടാക്കിയ മഞ്ഞൾ പൊടിച്ചതാ.അതുകൊണ്ട് നിറം കൂടും.പിന്നെ എന്റെ ക്യാമറയും അത്യാവശ്യം മഞ്ഞ ചേർത്തു.ഞാൻ തിന്ന ഉപ്പ്മാവ് ജസ്റ്റ് നിറം മാറിയിട്ടേ ഉള്ളായിരുന്നു.

Cv Thankappan said...

എളുപ്പവഴികള്‍......
ആശംസകള്‍ മാഷേ

Post a Comment

നന്ദി....വീണ്ടും വരിക